Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ജോസഫ് പീറ്റ്: ജീവിതവും സംഭാവനകളും (Life and Contributions of Joseph Peet)

ഡോ. ബാബു ചെറിയാന്‍

രാജഭാഷയായി തമിഴും ദേവഭാഷയായി സംസ്‌കൃതവും നാടുവാഴ്ച നടത്തുമ്പോള്‍ നാട്ടുകാരുടെ ഭാഷ കേവലം  'മലയാം പേച്ചായി' പ്രാന്തപ്രദേശങ്ങളില്‍ ഒഴിഞ്ഞുമാറി കഴിയുകയായിരുന്നു. 'മലയാളം' എന്ന ദേശവാചിയായ നാമത്തെ 'മലയാണ്മ'യായും 'മലയാളം' എന്ന ഭാഷാനാമമായും വളര്‍ത്തിയെടുത്ത്, മലയാളികളുടെ മാതൃഭാഷയ്ക്ക് നിലയും വിലയും തനതു വ്യക്തിത്വവുമുണ്ടാക്കുന്നതില്‍ എഫ്. സ്പ്രിങ്, ജോസഫ് പീറ്റ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, റിച്ചാര്‍ഡ് കോളിന്‍സ് തുടങ്ങിയ വൈയാകരണന്മാരുടെ മലയാള ഭാഷാവ്യാകരണഗ്രന്ഥങ്ങള്‍ വലിയ പങ്കുവഹിച്ചു. വ്യാകരണം, നിഘണ്ടു എന്നീ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം ആണല്ലോ ഒരു ഭാഷ വികസിത ഭാഷയായി തീരുന്നത്. 'മലയാള ഭാഷയുടെ വ്യാകരണം' എന്ന് ഭാഷാനാമത്തിന് ഊന്നല്‍ നല്‍കിത്തന്നെ സ്വന്തം കൃതിക്കു പേരിട്ട സ്പ്രിങും (Outlines of a Grammar of the Malayalim Language as spoken in the Provinces of North and South Malabar and the Kingdoms of Travancore and Cochin-1839) പീറ്റും (A Grammar of the Malayalim Language as spoken in the Principalities of Travancore and Cochin and the Districts North and South Malabar-1841) ഗുണ്ടര്‍ട്ടും (മലയാള ഭാഷാവ്യാകരണം-1851) കോളിന്‍സും  (A Short Grammar and Analysis of the Malayalim Language-1861)  മാതൃഭാഷയെ പിന്നാമ്പുറത്തു തള്ളിയ ഇതര ഭാഷകളുടെ അധീശത്വത്തില്‍നിന്ന് മോചനം നേടി, കുതിച്ചു മുന്നേറാനുള്ള വഴിയും കഴിവും 'മലയാള'ത്തിനു നല്‍കി. സ്വതന്ത്രവും തനതുവ്യക്തിത്വമുള്ളതുമായ ഭാഷയായി മലയാളത്തെ മനസ്സിലാക്കുകയും അതിന്റെ മൗലിക സവിശേഷതകളെക്കുറിച്ച് ചിന്തിക്കുകയും ചെയ്ത വൈയാകരണനായിരുന്നു ജോസഫ് പീറ്റ്. ഇതരേതരഭിന്നങ്ങളായ ഒട്ടധികം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഒരേസമയം നിര്‍വഹിക്കേണ്ടിയിരുന്ന പീറ്റ് മലയാളഭാഷയുടെ ആത്മാവിനെത്തേടി നടത്തിയ സഞ്ചാരങ്ങളുടെ സാക്ഷ്യപത്രങ്ങളാണ്, അദ്ദേഹത്തിന്റെ മലയാള ഭാഷാവ്യാകരണവും മറ്റു കൃതികളും.

തമസ്‌കരിക്കപ്പെട്ട ബഹുമുഖപ്രതിഭ
1801-ല്‍ ജോസഫ് പീറ്റ് ജനിച്ചു. ഒരു മിഷനറിയായിത്തീരണമെന്നുള്ള താല്‍പ്പര്യത്തില്‍, ഇംഗ്ലണ്ടിലെ സി.എം.എസ്. കോളജില്‍ നോര്‍മന്‍ പിയേഴ്‌സിന്റെ ശിഷ്യനായി പഠിച്ചു. 1833-ല്‍ കോട്ടയത്തെത്തി. 32-ാം വയസ്സില്‍ കോട്ടയം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. കോട്ടയത്തെത്തിയതിനുശേഷമായിരുന്നു പീറ്റിന്റെ വിവാഹം. 1835 ഫെബ്രുവരി 25-ന് അദ്ദേഹം മിസ് എമിലി ഇ. ട്രാഞ്ചലിനെ (Emily E. Tranchell) വിവാഹം ചെയ്തു.
ജോസഫ് പീറ്റ് കോട്ടയം (സി.എം.എസ്.) കോളജിന്റെ പ്രിന്‍സിപ്പലായിരിക്കുമ്പോഴായിരുന്നു,  രണ്ടു ദശാബ്ദക്കാലം മാതൃകാപരവും സുഗമവുമായി പ്രവര്‍ത്തിച്ച സി.എം.എസ്.-മലങ്കര സുറിയാനി സഭ 'എക്യുമിനിക്കല്‍' ദൗത്യത്തിന് ഇടര്‍ച്ച സംഭവിച്ചതും ഇരുകക്ഷികളുംതമ്മില്‍ വേര്‍പിരിഞ്ഞതും. ഈ വേര്‍പിരിയലിന് അന്ന് മലങ്കര സുറിയാനിസഭ മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്യാസിയോസിന്റെ താന്‍പോരിമ നിറഞ്ഞ പ്രവര്‍ത്തനങ്ങളും പീറ്റിന്റെ 'എരിവു സ്വഭാവ'വും ഒരുപോലെ പങ്കുവഹിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചരിത്രത്തില്‍ പലപ്പോഴും കുറ്റാരോപിതനായതും വിചാരണ ചെയ്യപ്പെട്ടതും പീറ്റ്മാത്രമായിരുന്നു. ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പല ഉന്നതമായ വ്യക്തിത്വസവിശേഷതകളും പീറ്റിന് ഉണ്ടായിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് പീറ്റിന്റെ മലയാള ഭാഷാപാണ്ഡിത്യവും ഭാഷാഭിമാനവുമായിരുന്നു. മലയാളഭാഷയില്‍ പാണ്ഡിത്യം നേടിയ ജോസഫ് പീറ്റ് മികച്ച ഒരു ഗ്രന്ഥകര്‍ത്താവും നല്ലൊരു വിവര്‍ത്തകനും വൈയാകരണനുമായിരുന്നു. മലയാള ഭാഷയുടെ തനിമയെയും സ്വത്വത്തെയും മനസ്സിലാക്കാന്‍ ശ്രമിച്ച പീറ്റിന്റെ മികച്ച സംഭാവനകളാണ്, അച്ചടിയിലാദ്യമായി സംവൃതോകാര ചിഹ്നമായി 'ചന്ദ്രക്കല' ഉപയോഗിച്ചതും എ, ഒ ലിപികളും അവയുടെ ഉപലിപികളും നിര്‍ദ്ദേശിച്ചതും.
സംവൃതോകാരത്തിന് ഒരു ചിഹ്നം: മീത്തല്‍ (ചന്ദ്രക്കല)
മലയാളഭാഷയെ സംബന്ധിച്ചിടത്തോളം സംവൃതോകാരം ഒരു വ്യാകരണകാര്യമാണ്. പൂര്‍ണക്രിയയില്‍നിന്ന് അപൂര്‍ണക്രിയയെ വേര്‍തിരിക്കുന്നത് സംവൃതോകാരമാണ് (ഇതിന് കേവലവ്യഞ്ജനത്തെക്കുറിക്കുക തുടങ്ങിയ മറ്റ് ഉപയോഗങ്ങളും ഉണ്ട്). അരയുകാരം, അര്‍ധാച്ച്, അര്‍ധസ്വരം, ഉകാരക്കുറുക്കം എന്നിങ്ങനെ മറ്റു പേരുകളും സംവൃതോകാരത്തിനുണ്ട് (സംവൃതസ്വരമല്ല, കേന്ദ്രസ്വരം: centre vowel ആണെന്നു ഭാഷാശാസ്ത്രം). എന്നാല്‍, സംസ്‌കൃതംകൊണ്ടു കണ്ണുകാണാതായിപ്പോയ പണ്ഡിതന്മാര്‍ ഈ വ്യാകരണകാര്യം തിരിച്ചറിയുകയോ മലയാളഭാഷയുടെ മൗലികമുദ്രകളിലൊന്നാണ് അതെന്ന് അംഗീകരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് അനിവാര്യമായിരുന്നിട്ടുകൂടി സംവൃതോകാരത്തിന് ഒരു ചിഹ്നം/ ലിപി മലയാളത്തിലുണ്ടായില്ല. 'സംസ്‌കൃതത്തില്‍ ഇല്ലാത്തത് എന്തിനാണു മലയാളത്തില്‍' എന്നായിരുന്നു പണ്ഡിതന്മാരുടെ ചോദ്യവും ഭാവവും.
മലയാളത്തില്‍ വിവൃതോകാരംപോലെതന്നെ വേറിട്ട്, സ്വതന്ത്രമായി പരിഗണിക്കേണ്ട ഒന്നാണ് സംവൃതോകാരവും എന്ന ഭാഷാബോധം ലീലാതിലകകാരന്‍മുതലുള്ള ചില പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. അത് മാത്രകുറവുള്ള സ്വരമാണെന്നു ലീലാതിലകം ചൂണ്ടിക്കാട്ടിയിട്ടുണ്ട് (നോക്കുക: സൂത്രം വാദര്‍ധമാത്രോകാര:). എന്നാല്‍, അതിന് ഒരു ചിഹ്നം/ ലിപി വേണണെന്ന് പണ്ഡിതന്മാര്‍ ചിന്തിച്ചില്ല. സംവൃതോകാരത്തിന് ചിഹ്നം/ ലിപി ഉണ്ടായിരിക്കേണ്ടതാണെന്നു ചിന്തിക്കുകയും ആദ്യമായി അച്ചടിയില്‍ അതിന് പുതിയ ഒരു ലിപി പ്രയോഗിക്കുകയും ചെയ്ത വൈയാകരണന്‍ ജോസഫ് പീറ്റ് ആണ്. അദ്ദേഹം തന്റെ വ്യാകരണ ഗ്രന്ഥത്തില്‍ (A grammar of the Malayalim language as spoken in the Principalities of Travancore and cochin and the Districts  North and South Malabar-1841) സംവൃതോകാരത്തില്‍ അവസാനിക്കുന്ന മലയാളം വാക്കുകളുടെ ഉച്ചാരണം ഇംഗ്ലീഷ് ലിപിയില്‍ നല്‍കിയിരിക്കുന്നിടത്ത്, സംവൃതോകാരത്തിന്റെ ഉച്ചാരണം സൂചിപ്പിക്കുന്നതിന് (സംവൃതമായി ഉച്ചരിക്കേണ്ട അക്ഷരത്തിനുമുകളില്‍) 'ബ്രീവ്' ചിഹ്നം ( ്) ഉപയോഗിച്ചു. സ്വരത്തിന്റെ മാത്രകുറവാണെന്ന് കാണിക്കാന്‍ ലാറ്റിന്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ബ്രീവ് ( ്). ജോസഫ് പീറ്റ് മലയാളത്തിലെ സംവൃതോകാരത്തിന്റെ ഉച്ചാരണം വ്യക്തമാക്കാന്‍ ഇംഗ്ലീഷ് ട്രാന്‍സ്‌ലിറ്ററേഷനിലെ അവസാന അക്ഷരത്തിനു മുകളില്‍ ഉപയോഗിച്ച ബ്രീവ് (ഉദാ. Bßmh Altmava ്) അതേപോലെ മലയാള ലിപിയിലേക്കു സംക്രമിക്കുന്നതാണ് പിന്നീടു കാണുന്നതെന്നും അതിനു നേതൃത്വം കൊടുത്തത് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആണെന്നും ഷിജു അലക്‌സ്, സിബു സി.ജെ., സുനില്‍ വി. എസ്. എന്നിവര്‍ ചേര്‍ന്ന് എഴുതിയ 'ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും' എന്ന ലേഖനം ('മലയാളം റിസേര്‍ച്ച് ജേണല്‍' 7:2 മെയ്-ഓഗസ്റ്റ് 2014:2379) ചൂണ്ടിക്കാട്ടുന്നു.
1841-ല്‍ ജോസഫ് പീറ്റ് സംവൃതോകാരത്തിന്റെ ഉച്ചാരണം സൂചിപ്പിക്കാന്‍ ബ്രീവ് ചിഹ്നം ( v) ഉപയോഗിച്ചെങ്കിലും ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അല്‍പ്പം വൈകിമാത്രമേ അതു പ്രയോഗത്തില്‍ വരുത്തിയുള്ളു. 1845-ല്‍ പ്രസിദ്ധപ്പെടുത്തിയ പഴഞ്ചൊല്‍മാലയില്‍ അദ്ദേഹം ചന്ദ്രക്കല ഉപയോഗിച്ചില്ല. എന്നാല്‍ 1847-ല്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ സുവിശേഷകഥകള്‍ എന്ന കൃതിയില്‍, മലയാളപദങ്ങളില്‍  സംവൃതോകാരത്തിന്റെ ഉച്ചാരണംകുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ബ്രീവ് ( ്) ചുരുക്കമായെങ്കിലും ഉപയോഗിച്ചു (ഇതേകൃതിയില്‍ത്തന്നെ സംവൃതോകാരത്തിനുവേണ്ടി പഴയ രീതിയില്‍ ഉകാരവും അകാരവും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്). ചിഹ്നം ഇല്ലാതിരുന്നതിനാല്‍ സംവൃതോകാരത്തില്‍ അവസാനിക്കേണ്ട വാക്കുകള്‍ ഒന്നുകില്‍ അകാരത്തിലോ ('പട്ട്' എന്നതിനു പകരം 'പട്ട') അല്ലെങ്കില്‍ ഉകാരത്തിലോ ('പട്ട്' എന്നതിനു പകരം'പട്ടു') വികൃതമായി എഴുതിപ്പോന്നു. പീറ്റ് 1860-ല്‍ മലയാളവ്യാകരണത്തിന്റെ രണ്ടാംപതിപ്പ് പ്രസിദ്ധപ്പെടുത്തി. അതില്‍, പക്ഷേ, അദ്ദേഹം ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല (എന്നാല്‍, ചന്ദ്രക്കലപോലെതന്നെ മലയാളത്തിലെ പുതിയ ഉല്‍പ്പന്നങ്ങളായ ഏ, ഓ എന്നിവയും അവയുടെ ഉപലിപികളും ആദ്യന്തം ഉപയോഗിച്ചിട്ടുണ്ടുതാനും).
സംവൃതോകാരത്തില്‍ അവസാനിക്കുന്ന മലയാളപദങ്ങളുടെ ഇംഗ്ലീഷ് ട്രാന്‍സ്‌ലിറ്ററേഷനില്‍, സംവൃതോകാര ചിഹ്നമായി ബ്രീവ് ( ്) ഉപയോഗിച്ച പീറ്റ് മലയാളപദങ്ങളിലെ സംവൃതോകാരത്തെ സൂചിപ്പിക്കാന്‍ അത് ഉപയോഗിക്കാതിരുന്നത് പണ്ഡിതവിമര്‍ശനം ഒഴിവാക്കുന്നതിനുവേണ്ടിയാകാം. കടുത്ത യാഥാസ്ഥിതികതയും മുഴുത്ത സംസ്‌കൃതഭ്രാന്തും ബാധിച്ചിരുന്ന കേരളത്തില്‍ മാതൃഭാഷയായ മലയാളത്തിന് അനിവാര്യമായ ലിപിപരിഷ്‌കാരം നടത്തുന്നതുപോലും ശ്രമകരമായിരുന്നു. തന്മൂലം ഗുണ്ടര്‍ട്ട് തുടക്കത്തില്‍ സുവിശേഷകഥകളിലും ഭാഗികമായേ ചന്ദ്രക്കല ഉപയോഗിച്ചുള്ളു. ആദ്യം കുറച്ചു പദങ്ങളില്‍മാത്രം പുതിയ ചിഹ്നം/ ലിപി ചേര്‍ത്ത്, കടുത്ത എതിര്‍പ്പുണ്ടായപ്പോള്‍ തല്‍ക്കാലത്തേക്കു പിന്‍വലിച്ച്, പിന്നെയും കുറെ കുറെ വാക്കുകളില്‍ അവ ചേര്‍ത്ത്, പിന്നെപ്പിന്നെ എണ്ണം വര്‍ധിപ്പിച്ച്, ഒടുവില്‍ പൂര്‍ണമായും എന്നിങ്ങനെ 'ജ്ഞാനനിക്ഷേപ'ത്തില്‍ ഏ, ഓ ലിപി പരിഷ്‌കരിച്ചു നടപ്പിലാക്കിയതും ഇതേമട്ടിലായിരുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക്: 'ജ്ഞാനനിക്ഷേപം ഭാഷയുടെയും അച്ചടിയുടെയും പശ്ചാത്തലത്തില്‍' എന്ന അധ്യായം, ജ്ഞാനനിക്ഷേപം പഠനവും പാഠവും, ബാബു ചെറിയാന്‍, ജേക്കബ് ഐസക്ക് കാളിമഠം, തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്).
സംസ്‌കൃതത്തിന്റെ ദുഃസ്വാധീനത്തിള്‍പ്പെട്ട മലയാളത്തില്‍ ലിപിപരിഷ്‌കരണത്തിന്റെ പല ഘട്ടങ്ങളിലും ഇത്തരം 'മെല്ലെപ്പോക്കുകള്‍' വേണ്ടിവന്നിട്ടുണ്ട്. പാശ്ചാത്യ കോളനീകരണത്തിന്റെ ഇനിയുമൊഴിയാത്ത പ്രേതബാധയെക്കുറിച്ച് പരാതിപ്പെടുന്നതിനിടയില്‍ അതിനുംമുമ്പേ കേരളസമൂഹത്തെ ബാധിച്ച 'ബ്രാഹ്മണിക്കല്‍ ഹിന്ദുവിസ'ത്തിന്റെ ഒഴിയാബാധകളെക്കുറിച്ചു മറക്കുന്നതും ശരിയല്ല. പരിഷ്‌കരണങ്ങളും തിരുത്തലുകളുമില്ലാതെ ഒരു സമൂഹത്തിന്, അത് ഒരു ഭാഷണസമൂഹമാണെങ്കില്‍കൂടി, ചലനാത്മകമാകാനോ മുമ്പോട്ടു പോകാനോ കഴിയുകയില്ല.
വടക്ക്, തലശ്ശേരിയില്‍നിന്ന് തെക്കോട്ടു ചന്ദ്രക്കല അച്ചടിയില്‍ വ്യാപകമാകുകയും അങ്ങനെ കേരളമൊട്ടാകെ ചന്ദ്രക്കല ഉപയോഗിക്കുകയും ചെയ്തു. തെക്കന്‍ കേരളത്തില്‍ 1867-നു മുമ്പായി സംവൃതോകാരത്തെക്കുറിക്കാന്‍ വിവൃതോകാരത്തിനുമീതേ ചന്ദ്രക്കലയിടുന്ന രീതി (ു്) ഉണ്ടായി എന്ന് ഷിജു അലക്‌സും മറ്റുള്ളവരും (അവിടെത്തന്നെ) ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സംവൃതോകാരത്തെക്കുറിക്കുന്നതിനും കേവല വ്യഞ്ജനത്തെക്കുറിക്കുന്നതിനും പൊതുവേ ചന്ദ്രക്കലതന്നെയാണ് ഉപയോഗിക്കുന്നത്. ബെഞ്ചമിന്‍ ബെയിലി 1824-ല്‍ പ്രസിദ്ധപ്പെടുത്തിയ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന കൃതിയില്‍ കേവലവ്യഞ്ജനത്തെക്കുറിക്കാന്‍ അക്ഷരത്തിനുമുകളില്‍ ഒരു 'കുറിയ വര' (ഗോപി) ഉപയോഗിച്ചു (ഉദാ. സൗഥ്പാര്‍ക്ക-സൗഥ്പാര്‍ക്ക്). കേവല വ്യഞ്ജനത്തെക്കുറിക്കാന്‍/ വ്യഞ്ജനം പിരിച്ചെഴുതാന്‍ അക്ഷരത്തിനുമുകളില്‍ കുത്ത് ഇടുന്ന തമിഴ്‌രീതി ആയിരുന്നിരിക്കാം, ഇതിനു ബെയിലിക്കു മാതൃക.
ഏതായാലും കേരളത്തില്‍ 'ബ്രാഹ്മണിക്കല്‍ ഹിന്ദുവിസ'ത്തിന്/ ആര്യാധിനിവേശത്തിനുമുമ്പ് മലയാളഭാഷയില്‍ കേവല വ്യഞ്ജനത്തെക്കുറിക്കുന്നതിന് വ്യഞ്ജനത്തിനു നെടുകെ വെട്ട്/ മുകളില്‍ കുത്ത് (കുഞ്ഞുവട്ടം) ഇടുന്ന സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് പ്രാചീന ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. പ്രാചീനമലയാള ലിപിവ്യവസ്ഥയില്‍ എ-ഒ ദീര്‍ഘാക്ഷരങ്ങളുടെ കാര്യത്തിലും ലിപിദാരിദ്രം ഉണ്ടായിരുന്നില്ല. സംസ്‌കൃതാധിപത്യമാണ് മലയാളത്തിന്റെ സ്വത്വചിഹ്നങ്ങളെ ഇല്ലായ്മ വരുത്തിയത്.
ചുരുക്കത്തില്‍, ജോസഫ് പീറ്റ് അദ്ദേഹത്തിന്റെ വ്യാകരണകൃതിയില്‍ ഉപയോഗിച്ച ബ്രീവ് ( v) ചിഹ്നമാണ്, സംവൃതോകാരചിഹ്നമായ ചന്ദ്രക്കലയായി മലയാളത്തില്‍ പ്രചരിച്ചത്.    
ഏ, ഓ ലിപികളും ഉപലിപികളും
കേരളം 'ബ്രാഹ്മണിക്കല്‍ ഹിന്ദുവിസ'ത്തിന്റെ സ്വാധീനത്തില്‍ അമരുകയും പ്രാചീന മലയാളലിപികളുടെ പ്രയോഗം ഇല്ലാതായി ഗ്രന്ഥലിപി പ്രചരിക്കുകയും ചെയ്തതിനുശേഷം മലയാളത്തില്‍ ഏ-ഓ ലിപികളും അവയുടെ ഉപലിപികളും എഴുത്തില്‍ ഉണ്ടായിരുന്നില്ല. സംസ്‌കൃതത്തില്‍ ഇല്ലാത്തതൊന്നും മലയാളത്തിലും വേണ്ട എന്ന പാണ്ഡിത്യഗര്‍വുതന്നെയായിരുന്നു ഇതിനു കാരണം. പക്ഷേ, ഇവയും മലയാളത്തിന്റെ സ്വത്വമുദ്രകളായിരുന്നു. രാജാവിനെ 'കൊട്ട'യില്‍ കയറ്റിയാലും വേണ്ടില്ല, 'കോട്ട' എന്നെഴുതാന്‍ പാടില്ല! 'പട്ട്' എന്നോ 'പാട്ട്' എന്നോ എഴുതാന്‍ നിര്‍വാഹമില്ല-പകരം 'പട്ട' 'പാട്ട' എന്നൊക്കെയാകാം. അതല്ലെങ്കില്‍ 'പട്ടു', 'പാട്ടു' എന്നൊക്കെയാകാം! ഇങ്ങനെ സംവൃതോകാരചിഹ്നവും ഏ, ഓ ലിപികളും ഇല്ലാതെ പോയതിനാല്‍ തലയും വാലുമില്ലാതെ, മുടന്തുപിടിച്ചൊരു ഭാഷയായാണ് മലയാളം വളരെക്കാലം കഴിഞ്ഞുപോന്നത്. ജോസഫ് പീറ്റ് ഈ ഭാഷാവൈകല്യം മനസ്സിലാക്കുകയും അതിനൊരു പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു, 1841-ല്‍ തന്റെ വ്യാകരണ കൃതിയില്‍.
ജോസഫ് പീറ്റ് അദ്ദേഹത്തിന്റെ വ്യാകരണപുസ്തകത്തിന്റെ പ്രാരംഭത്തില്‍ 'അക്ഷരമാല' എന്ന ഉപശീര്‍ഷകത്തിന്‍ കീഴെ, മലയാളം അക്ഷരങ്ങള്‍ അന്‍പത്തിമൂന്ന്; സ്വരം പതിനാറ് എന്നു പട്ടികപ്പെടുത്തുന്നതില്‍ ഏ, ഓ എന്നീ ലിപികള്‍ നാട്ടുനടപ്പുപ്രകാരം ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഖണ്ഡം 13-ല്‍ സ്വരങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ 'എ' യുടെ ഉപലിപിയെക്കുറിച്ച് (-െ) ഇങ്ങനെ പറയുന്നു. 'This substitute for F, called Pulli, is prefixed to consonants, and pronounced short or long, as usage has fixed the sound of the word of which it makes a part; വtu െമെത്ത bed, ചെതം loss.
മേല്‍പ്പടി വിവരണത്തിന് ജോസഫ് പീറ്റ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പിലാണ് വൈയാകരണന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടമാക്കുന്നത്:
'In an ancient Malayalim Alphabet, now nearly obselete, of peculiar character, and used for writing title deeds and grants of land, there are two characters to distinguish the short and long F; and it would tend to make this language more definite, and be of great assistance to learners; if something to answer the same purpose could be introduced into the present alphabet. To adopt the old Malayalim character would require a change in the consonant to which the medial character must be annexed; but as this would not be desirable, perhaps the introduction on of the following character t, used as the medial of long F in Tamil would be the least objectonable; thus sa-¯, tN-Xw. For this initial, I propose this character G: thus F-® Oil, G-j-Wn Malice, Back biting'' (Introduction to the first edition, pp. 8, 9). ഇതോടൊപ്പം അ, ഇ എന്നീ സ്വരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന സന്ധ്യക്ഷരമാണ് ഏ എന്നും ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അതിനൊപ്പം നല്‍കുന്ന ഉദാഹരണം രേഖപ്പെടുത്തിയിട്ടുള്ളത് 'തഥെതി ളൃീാ തഥ മിറ ഇതി'' എന്നുള്ളതാണ്; 'തഥേതി' എന്നല്ല. പുതിയ രൂപത്തിനു/ ലിപിക്കുവേണ്ടി വാദിക്കുമ്പോഴും പഴയരൂപംതന്നെ പീറ്റ് അച്ചടിച്ചത് പ്രയോഗത്തിലും പ്രചാരത്തിലുമുള്ളത് അത് ആയതുകൊണ്ടാണ്; ശീലംകൊണ്ടുള്ള വായനരീതിയെ പുതിയ ലിപി ബാധിച്ചേക്കുമെന്നുള്ളതുകൊണ്ടാണ്.
ഒകാരത്തെ സംബന്ധിച്ച്, 'The language, with respect to this letter, is also defective in having but one character to express the short and long O' എന്നാണ് ജോസഫ് പീറ്റ് പറയുന്നത്. അദ്ദേഹം തുടരുന്നു: 'Perhaps the following marks would be found as convenient as any to mark the distinction; for the intial and medial short o H & sþm, as in the table: for the long intial Hm, which is used by some few writers, for the long medial and final tþm: thus short initial and medial, H-«-Iw Camel: sIm-¼ Branch. Long initial and medial, Hm-I (S?) Drain : tIm-]w Wrath.'
തുടര്‍ന്ന് അ, ഉ എന്നീ സ്വരങ്ങളുടെ സന്ധ്യക്ഷരമാണ് 'ഓ' എന്നു പറയുകയും 'as പരൊപകാരം; from പര and ഉപകാരം'' എന്നു ഉദാഹരിക്കുകയും ചെയ്യുന്നു; പരോപകാരം എന്നല്ല.
ചുരുക്കത്തില്‍ ജോസഫ് പീറ്റിന് വര്‍ണങ്ങളെയും അവയുടെ ധ്വനിമൂല്യത്തെയുംകുറിച്ച് കൃത്യമായ ധാരണയുണ്ട്, ലിപിദാരിദ്ര്യം പരിഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളും ഉണ്ട്. പക്ഷേ, പ്രയോഗിക്കുന്നില്ല.
എന്നാല്‍ 1860-ലെ രണ്ടാംപതിപ്പിലെത്തുമ്പോള്‍ കാര്യങ്ങള്‍ ആകെ മാറി: മലയാളം അക്ഷരങ്ങള്‍ അന്‍പത്തി ആറ് എണ്ണമെന്നും അതില്‍ പതിനെട്ട് സ്വരങ്ങള്‍ എന്നും പീറ്റ് പറയുന്നു. എ, ഏ, ഒ, ഓ എന്നിവ പ്രത്യേക സ്വരങ്ങളായി നല്‍കിയിട്ടുമുണ്ട്. പക്ഷേ അതിനുമുമ്പുതന്നെ മലയാളം അച്ചടിയില്‍ ഏ-ഓ സ്വരങ്ങളും അവയുടെ ഉപലിപികളും പ്രചരിച്ചിരുന്നു. 1841-ലെ പീറ്റ്ഗ്രാമറിനുശേഷം ഉണ്ടായ പ്രധാനപ്പെട്ട കൃതി ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1846) ആണ്. അതില്‍ എ-ഒ ഹ്രസ്വാക്ഷരങ്ങളെയും ദീര്‍ഘാക്ഷരങ്ങളെയും പ്രത്യേകം പ്രത്യേകം ലേഖകങ്ങളായി ചേര്‍ത്തിട്ടുണ്ടെങ്കിലും ലിപിയില്‍ ഹ്രസ്വ-ദീര്‍ഘവ്യത്യാസമില്ല; രണ്ടിനും ലിപി ഒന്നുതന്നെ.
1846-ല്‍ത്തന്നെ കോട്ടയം സി.എം.എസ്. പ്രസ്സില്‍ അച്ചടിച്ച മതവിചാരണ (മൂലഗ്രന്ഥകാരന്‍: ഹെര്‍മന്‍ മോഗ്ലിങ്, പരിഭാഷ: ജോസഫ് പീറ്റ്)എന്ന ഗ്രന്ഥത്തില്‍ എ, ഏ ലിപികളും അവയുടെ ഉപലിപികളും അച്ചടിച്ചിട്ടുണ്ട്. പക്ഷേ, അതേവര്‍ഷം തലശ്ശേരി ബാസല്‍മിഷന്‍ പ്രസ്സില്‍അച്ചടിച്ച കൃതിയില്‍ ഏ-ഓ ലിപികളോ അവയുടെ ഉപലിപികളോ ഇല്ല. ജോണ്‍ ഹോക്‌സ്‌വര്‍ത്ത് സ്ഥാപകനും സ്ഥാപകപത്രാധിപരുമായി (ബെഞ്ചമിന്‍ ബെയിലി എന്നുള്ള ധാരണ ശരിയല്ല), 1848 വൃശ്ചികംമുതല്‍ സി.എം.എസ്. പ്രസ്സില്‍ അച്ചടിച്ചു പ്രസാധനം ചെയ്ത 'ജ്ഞാനനിക്ഷേപ'ത്തില്‍ എ-ഒ ദീര്‍ഘലിപികളും ഉപലിപികളും നടപ്പിലാക്കിയത്, മുമ്പു സൂചിപ്പിച്ചതുപോലെ, ഒരു ദീര്‍ഘകാല പദ്ധതിയുടെ അടിസ്ഥാനത്തിലാണ് (കൂടുതല്‍ വിവരങ്ങള്‍ക്ക് 'ജ്ഞാനനിക്ഷേപം ഭാഷയുടെയും അച്ചടിയുടെയും പശ്ചാത്തലത്തില്‍' എന്ന അധ്യായത്തിലെ 'ഏ, ഓ എന്നീ സ്വരങ്ങളും ജ്ഞാനനിക്ഷേപവും' എന്ന ഉപശീര്‍ഷകത്തില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുക. ജ്ഞാനനിക്ഷേപം പഠനവും പാഠവും; ബാബു ചെറിയാന്‍, ജേക്കബ് ഐസക്ക് കാളിമഠം; തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്).
ചുരുക്കത്തില്‍ മലയാളം അക്ഷരമാലയുടെ ന്യൂനത പരിഹരിക്കുന്നതിന് ജോസഫ് പീറ്റ് നിര്‍ദേശിച്ച ഏ, ഓ ലിപികളും അവയുടെ ഉപലിപികളും അച്ചടിയിലൂടെ പ്രചരിപ്പിച്ചത് ബെഞ്ചമിന്‍ ബെയിലിയുടെ നേതൃത്വത്തില്‍ കോട്ടയം സി.എം.എസ്. പ്രസ്സ് ആയിരുന്നു.
മുന്‍ഷിമാര്‍ നിര്‍ബന്ധിക്കുന്നു, എങ്കിലും 'ഭാര്യ'മതി
മലയാളഭാഷയെ സംബന്ധിക്കുന്ന മറ്റ് പലപല നിരീക്ഷണങ്ങളും ജോസഫ് പീറ്റ് അവതരിപ്പിക്കുന്നുണ്ട്. സംസ്‌കൃതവ്യുല്‍പ്പത്തിയുള്ള മുന്‍ഷിമാര്‍ സംസ്‌കൃതത്തിലേതുപോലെതന്നെ മലയാളത്തിലും സ്ത്രീലിംഗം ആകാരാന്തമാകണമെന്നും അങ്ങനെ 'ഭാര്യാ' എന്നുതന്നെയാകണം രൂപമെന്നും നിര്‍ബന്ധം പിടിക്കുന്നു. എങ്കിലും മലയാളരീതിയില്‍ ഭാര്യ എന്നു മതി-പീറ്റ് എഴുതുന്നു.
കളരികളില്‍ മുന്‍ഷിമാര്‍ പഠിപ്പിക്കുന്ന ഭാഷ സംസ്‌കൃതപദങ്ങളുടെയും പ്രയോഗങ്ങളുടെയുംകൂടെ തമിഴും പിന്നെ മലയാളവും ചേര്‍ക്കുന്ന ഒരു മിശ്രിതമാണെന്നും അത് പഠിക്കുന്ന വിദ്യാര്‍ഥിക്കും പഠിപ്പിക്കുന്ന മുന്‍ഷിക്കും (ആശാനും) അല്ലാതെ മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ലെന്നും പീറ്റ് നിരീക്ഷിക്കുന്നതില്‍നിന്ന് മലയാളത്തിന്റെ പതിതാവസ്ഥ വ്യക്തമാകും. മലയാളത്തിന്റെ സ്വത്വമുദ്രകളും ഭാഷാപരമായ വിഭവങ്ങളും തിരിച്ചറിയുന്ന ഒരാള്‍ക്കുമാത്രമേ ഇത്തരം സൂക്ഷ്മനിരീക്ഷണത്തിലെത്താന്‍ കഴിയൂ.
മലയാളം വ്യാകരണകൃതികള്‍: പീറ്റിന്റെയും അതിനുമുമ്പ്
ഉണ്ടായവയും
ജോസഫ് പീറ്റിന്റെ വ്യാകരണം എഴുതപ്പെട്ട നൂറ്റാണ്ടില്‍ മണിപ്രവാള ലക്ഷണഗ്രന്ഥമായ ലീലാതിലകം പ്രസിദ്ധമായിരുന്നില്ല. അതുകൊണ്ട് ഈ വൈജ്ഞാനിക വിഷയത്തില്‍ തനിക്കുമുമ്പ് ഉണ്ടായിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ പീറ്റ് ലീലാതിലകം പരാമര്‍ശിക്കുന്നില്ല. റോബര്‍ട്ട് ഡ്രമണ്ട് (ഏൃമാാമൃ ീള വേല ങമഹമയമൃ ഘമിഴൗമഴല1799) എഫ്. സ്പ്രിങ് (Outlines of a Grammar of the Malayalim Language as Spoken in the Provinces of North and South Malabar and the Kingdoms of Travancore and Cochin-1839) എന്നിവരുടെ വ്യാകരണ പുസ്തകങ്ങളെക്കുറിച്ചു വിശദീകരിച്ചതിനുശേഷം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ ആദ്യസമ്പൂര്‍ണ വ്യാകരണമാണ് ('The first full grammar ever published') തന്റേതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുകയും ചെയ്യുന്നു. '...but with the exception of a work entitled 'outlines of a Grammar of the Malayalim Language', printed while these sheets were being prepared for the press; the only attempt at publishing a Malayalim Grammar was made, as long since as the year 1799, from notes presented to the compiler by a Romish Bishop.
That work, which has long been out of print, was from the nature of the circumstances under which it was published, necessarily defective, for without detracting from the merits either of the author or compiler; the notes, judging from the printed copy, merely contained a sketch of Grammar. The first essay, apparently, of a tyro in the language: and from the statements of the compiler in the preface; it would appear, that owing to sickness, the work had to pass through several hands, some of those employed in it being totally unacquainted (as the work itself proves) with the Malayalim Language' (Preface to the I Edn., P. viii) തന്റെ കൃതിയാണ് ആദ്യസമ്പൂര്‍ണ മലയാളവ്യാകരണമെന്ന്, എന്തുകൊണ്ട് അവകാശപ്പെടുന്നു എന്നുള്ളതിന് പീറ്റ് നല്‍കുന്ന വിശദീകരണം കൂടിയാണ്, ഇത്.
പീറ്റിന്റെ മലയാളവ്യാകരണം ഒന്നും രണ്ടും പതിപ്പുകള്‍
ജോസഫ് പീറ്റിന്റെ വ്യാകരണത്തിന് 1860-ല്‍ രണ്ടാംപതിപ്പ് ഉണ്ടായി. പേരില്‍ വരുത്തിയ മാറ്റവും ഏ (-േ), ഓ (-ോ) ലിപികളുടെ ഉപയോഗവും ഒഴിച്ചുനിര്‍ത്തിയാല്‍ ഒന്നും രണ്ടും പതിപ്പുകള്‍തമ്മില്‍ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഏ, ഓ ലിപികള്‍ ആദ്യന്തം ഉപയോഗിച്ചു, എന്നാല്‍ ചന്ദ്രക്കല ഉപയോഗിച്ചതേ ഇല്ല.
സാമ്പത്തിക കാര്യങ്ങളാല്‍ പുസ്തകത്തിന്റെ വലുപ്പം കുറയ്ക്കുക എന്നൊരു പ്രധാന ഉദ്ദേശ്യം രണ്ടാംപതിപ്പിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നതായി ജോസഫ് പീറ്റ് ചൂണ്ടിക്കാട്ടുന്നു (ഒന്നാംപതിപ്പിന്റെ പ്രസാധനത്തിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സഹായം ലഭിച്ചെങ്കിലും രണ്ടാംപതിപ്പിന്റെ കാര്യത്തില്‍ അത് ഉണ്ടായില്ലെന്നു കരുതണം). ഇതിനായി രണ്ടാംപതിപ്പില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തി. ഒന്ന്, ആദ്യപതിപ്പില്‍ ഉണ്ടായിരുന്ന വിശദമായ ആമുഖം (ജൃലളമരല) രണ്ടാംപതിപ്പില്‍ ഒഴിവാക്കി; രണ്ട്, പോയിന്റ് സൈസ് കുറവുള്ള (ചെറിയ) മലയാളം അച്ചുകള്‍ ഉപയോഗിച്ചു.
ഒന്നാംപതിപ്പില്‍ പുസ്തകത്തിന്റെ പേര് A grammar of the Malayalim Language as Spoken in the Principalities of Travancore and Cochin and the Districts North and South Malabar എന്നായിരുന്നു. രണ്ടാംപതിപ്പില്‍ അത് A grammar of the Malayalim Language  എന്ന് ഔചിത്യപൂര്‍വം ചുരുക്കി. ഒന്നാംപതിപ്പിലെ ഗ്രന്ഥനാമത്തില്‍ മലയാളികളുടെ േദശങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കി; രണ്ടാംപതിപ്പിലാകട്ടെ ആ ദേശ/ ദേശീയഭേദങ്ങള്‍ ഒഴിവാക്കി, മലയാളഭാഷയ്ക്ക് ഊന്നല്‍ നല്‍കി. തുടക്കത്തില്‍ ദേശവാചിയായിരുന്നു 'മലയാളം' എന്ന പദം; പിന്നീടത് ഭാഷാനാമമായിത്തീരുകയായിരുന്നു എന്നാണല്ലോ ചരിത്രം.
മലയാളം അച്ചുകളുടെ വലുപ്പം (ഫോണ്ട് സൈസ്) കുറച്ചതുകൊണ്ട്, ഒന്നാംപതിപ്പിനെക്കാള്‍ മുപ്പത്തി ഒന്ന് പേജ് രണ്ടാംപതിപ്പില്‍ കുറഞ്ഞു. 'ന' കാരത്തെക്കുറിച്ച് (ദന്ത്യ-വര്‍ത്സ്യനകാരഭേദം) വിശദമാക്കുന്ന പത്താംകാരികമാത്രം രണ്ടാംപതിപ്പില്‍ ഒഴിവാക്കി. തന്മൂലം ആദ്യപതിപ്പില്‍ 233 കാരികകള്‍ ഉണ്ടായിരുന്നത് രണ്ടാംപതിപ്പില്‍ 232 കാരികളായി കുറഞ്ഞു.
ടൈപ്പൊഗ്രാഫി സംബന്ധിച്ച് ചൂണ്ടിക്കാട്ടാനുള്ള മറ്റൊരു കാര്യം ഈ എന്ന ലിപിയുടെ പഴയരൂപവും (ംരം) പുതിയരൂപവും (ഈ) ഇടകലര്‍ത്തി ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. മലയാളം അച്ചുകള്‍ ചെറുതാക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ (താക്കോല്‍വാക്കുകളും മറ്റും) ആദ്യപതിപ്പിലേതുപോലെ വലിയ അച്ചുകള്‍തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫോണ്ട് ഒന്നാംപതിപ്പില്‍ത്തന്നെ സാമാന്യം ചെറുതായിരുന്നു, തന്മൂലമാകാം രണ്ടാംപതിപ്പില്‍ വലുപ്പത്തിനു മാറ്റമില്ല.
ഒന്നാംപതിപ്പില്‍ ''ഒരു സമയത്ത ഒരു സിംഹം ഒരു കാട്ടില്‍ചെന്ന അവിടെ ഉള്ള മൃഗങ്ങളെ...'' എന്ന മട്ടില്‍ എഴുതിയത് രണ്ടാംപതിപ്പിലെത്തുമ്പോള്‍ ''ഒരിക്കല്‍ ഒരു സിംഹം കാട്ടില്‍ ചെന്ന അവിടെ ഉള്ള മൃഗങ്ങളെ...'' എന്ന തരത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയും വിധം അവിടിവിടെ ഭാഷാപരമായ ചില ചെത്തിമിനുക്കലുകളും നടത്തിയിട്ടുണ്ട്.
പീറ്റിന്റെ വ്യാകരണകൃതിക്ക് സര്‍ക്കാര്‍ സഹായം
പീറ്റിന്റെ മലയാള വ്യാകരണം ആദ്യപതിപ്പിന് തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് 1016 മിഥുനമാസം 27-നു തിരുവിതാംകൂര്‍ രാജാവു പുറപ്പെടുവിച്ച നീട്ടുപ്രകാരം ആകെ ആയിരം രൂപ അനുവദിക്കുന്നതായും അതില്‍ 500 രൂപാ അപ്പോള്‍തന്നെയും ബാക്കി 500 രൂപ പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞും നല്‍കുന്നതിനു നിര്‍ദേശിക്കുന്നു. സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് (1829-1847) നല്‍കിയ പ്രോത്സാഹനത്തോടുള്ള കൃതജ്ഞതാസൂചകമായി ജോസഫ് പീറ്റ് മലയാളവ്യാകരണത്തിന്റെ ആദ്യപതിപ്പ് മഹാരാജാവിനു സമര്‍പ്പിച്ചു.

ആത്മാര്‍ത്ഥത, വിശ്വസ്തത, കഠിനാധ്വാനം
ആത്മാര്‍ത്ഥത, വിശ്വസ്തത, കഠിനാധ്വാനം -ഇവമൂന്നുമായിരുന്നു പീറ്റിന്റെ വ്യക്തിത്വ സവിശേഷതകള്‍. തന്റെ നിലപാടുകളോടും വിശ്വാസത്തോടും പ്രവൃത്തികളോടും അദ്ദേഹം തികഞ്ഞ വിശ്വസ്തത പുലര്‍ത്തി. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനങ്ങളെ സഫലമാക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴി വിട്ടുവീഴ്ചയില്ലാത്ത അധ്വാനത്തിന്റേതായിരുന്നു.
ജോസഫ് പീറ്റ് ഗൗരവവും ശ്രദ്ധയുമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു. 'അറിവിന്റെ കൂട്ടുകാരനും സഹചാരിയുമായിരുന്നു അദ്ദേഹം. കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ ഇംഗ്ലീഷ്ഭാഷയും സാഹിത്യവും തിയോളജിയുംമാത്രമല്ല രസതന്ത്രവും ഗണിതശാസ്ത്രത്തിലെ പുത്തന്‍ അറിവുകളും പീറ്റ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി. മാവേലിക്കരെ ആയിരിക്കുമ്പോഴും കോട്ടയം കോളജിലെ ഒരു സ്ഥിരം പരീക്ഷകനായിരുന്നു പീറ്റ്. മിഷന്‍സ്‌കൂളുകളിലും അദ്ദേഹം പരീക്ഷകനായി സേവനമനുഷ്ഠിച്ചു. ഭൂമിശാസ്ത്രവും വ്യാകരണവും സാമൂഹിക വിജ്ഞാനവും പീറ്റിന് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു.
കഠിനാധ്വാനം ചെയ്യാന്‍ ഒരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. കോട്ടയം മിഷനില്‍ പീറ്റ് ഒറ്റക്കായ സന്ദര്‍ഭമുണ്ട്. അന്ന് കോളജിന്റെയും മിഷന്റെയും പ്രസ്സിന്റെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റയ്ക്ക് നേതൃത്വം നല്‍കി. മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കുംവേണ്ടി ഏതറ്റംവരെയും പോരാടാന്‍ സന്നദ്ധതയുള്ള ഒരു മനുഷ്യസ്‌നേഹിയായിരുന്നു ജോസഫ് പീറ്റ്. കൃത്യനിഷ്ഠ, ആര്‍ജവം എന്നിവ പീറ്റിന്റെ സവിശേഷ സ്വഭാവങ്ങളായിരുന്നു.
കോട്ടയം കോളജ് പഴയ ക്യാമ്പസില്‍നിന്ന് പുതിയ ക്യാമ്പസിലേക്കു മാറ്റി സ്ഥാപിക്കുക എന്ന ശ്രമകരവും ചരിത്രപരവുമായ ദൗത്യംപൂര്‍ത്തിയാക്കിയതിനുശേഷം ജോസഫ് പീറ്റ് സ്വയം തിരഞ്ഞെടുത്ത പുതിയ മിഷന്‍ഫീല്‍ഡായ മാവേലിക്കരയിലേക്കു പോകുകയാണുണ്ടായത്. 1838 നവംബര്‍ 8-ന് പീറ്റും കുടുംബവൂം മാവേലിക്കരയില്‍ താമസമാക്കി.
ഡബ്ലിയു.എസ്. ഹണ്ട് ജോസഫ് പീറ്റിനെക്കുറിച്ച് എഴുതിയിട്ടുള്ളത് ശ്രദ്ധേയമാണ്.
'It will be remembered that he had been stationed at the college since his arrival in the country in 1833. A man of his fervent and fiery spirit must have chafed, as much as Ridsdale did, under the 'restrictions' imposed upon the Kottayam missionaries and, indeed, it is not difficult to see from passages in his journals that such was the case. In the committee's minutes are more than one reference to his 'want of discretion'. He had not the prudence of a Bailey (i.e., Benjamine Bailey, one of the Kottayam trio missionaries) or the patience of a Baker(i.e., Henry Baker Senior, one among the Kottayam trio missionaries). It must have been therefore, with a certain joyousness that he handed over the charge of the College to Humphrey, packed up his goods and went south and set up for himself, so to speak, in Mavelikara. He had visited the town once or twice before during the vacations, when his vigorous nature had found an outlet in itineration. There as well as in other places visited, he had stirred up a good deal of opposition, from christimas as well as non-christimas, by what he called 'speaking the pure truth in love', which was really, we are inclined to think, speaking it in a highly provocative way. He himself tells us how, on one occasion, when he appeared in a certain Syrian church, the people 'fled from me as from a tiger'. That, he explains, was because it was a fast-day and they had been purified and feared that he might touch them. But there sems always to have been something lion-like in his appearence and manner. During one of his visits to Mavelikara he had acquired a piece of land and put up a little house and it was in that house that he took up his abode and began his great work. He lived at Mavelikara until his death in 1865 with only two furloughs in all that time.' പീറ്റും കുടുംബവും ആദ്യമായി ഫര്‍ലോയില്‍ പോയത് 1845 ഡിസംബര്‍ 30-ന് ആയിരുന്നു. രണ്ടാമത്തെ ഫര്‍ലോ 1864-ലും.

ജോസഫ് പീറ്റിന്റെ തത്ത്വശാസ്ത്രം
എന്തായിരുന്നു ജോസഫ് പീറ്റിന്റെ തത്ത്വശാസ്ത്രം? തനിക്ക് ശരിയെന്നു തോന്നുന്ന വിശ്വാസത്തോടു പുലര്‍ത്തുന്ന അചഞ്ചലമായ കൂറ്. അതിനുവേണ്ടി ജീവിക്കുകയും മരിക്കേണ്ടിവന്നാല്‍ മരിക്കുകയും ചെയ്യുക എന്നല്ലാതെ, അതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് അദ്ദേഹം തയ്യാറായിരുന്നില്ല. ബപ്തീസ്മയ്കുശേഷം കൊര്‍ന്നല്യോസിനെ (ഇീൃിലഹശൗ)െ ഹിന്ദു അനുഷ്ഠാനനാടകത്തില്‍ അഭിനയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു തന്നെ സമീപിച്ച രാജാവിനോടുള്ള പ്രതികരണം പീറ്റിന്റെ ഈ തത്ത്വശാസ്ത്രത്തിനു നല്ല ഉദാഹരണമാണ്. മറ്റൊരു കാര്യം, പീറ്റിന് മാവേലിക്കരയിലുണ്ടായ കടുത്ത ശത്രുതയ്ക്ക് ആധാരം ഈ സംഭവമായിരുന്നുവെന്നുള്ളതാണ്. പ്രസ്തുത സംഭവം ഡബ്ലിയു.എസ്. ഹണ്ട് ഇങ്ങനെ വിവരിക്കുന്നു:
'Some time after his baptism the Rajah again interviewed Cornelius. This time he plied him with blandishments and cajolery. A Hindu festival was drawing near when certain religious dramas were performed, in which, before his conversion, Cornelius had been accustomed to play the leading parts. That, probably, had been an hereditary office, appertaining to his caste, and no one else could properly enact these parts. The Rajah promised to wink at his offence in becoming a Christian and to protect him from the consequences if he would but act as usual. Cornelius replied that it was impossible for him, a christian, to do so, but eventually referred the Rajah to the missionary. Accordingly, a few days later, the former, accompanied by a Brahman, did Mr. Peet the honour of calling upon him. He invited him to witness the drama, or, at any rate, to tell Cornelius to come. Of course, he declined for himself, and said that, if Cornelius were really a Christian in heart, he must do the same. 'Why?' A long conversation ensued in which the missionary showed that it was impossible for him or Cornelius or any christian to attend a drama designed to glorify the Hindu gods and one which it was a religious duty of Hindus to attend.'

സാമൂഹികനീതിക്കുവേണ്ടി
വിദ്യാഭ്യാസം, സുവിശേഷം, കൃഷി, ഭാഷ, സാഹിത്യം, വാണിജ്യം തുടങ്ങി വിവിധ മേഖലകളുടെ പുരോഗതിക്കും വികസനത്തിനുംവേണ്ടി അപൂര്‍വപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച ബഹുമുഖ പ്രതിഭയായിരുന്നു ജോസഫ് പീറ്റ്. എങ്കിലും അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവെച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹികനീതിക്കുവേണ്ടി ഉള്ളവയായിരുന്നു. ഒരു ഇംഗ്ലണ്ടുകാരന്‍ എന്ന നിലയില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനു പ്രേരകമായിത്തീര്‍ന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഒന്ന്, ആധുനികതയും തല്‍ഫലമായ നവോത്ഥാനവും സൃഷ്ടിച്ച മാനവികദര്‍ശനം, രണ്ട്, അടിമത്തത്തിനെതിരേ പോരാടി വിജയിച്ച വില്‍ബര്‍ ഫോഴ്‌സിനെപ്പോലുള്ള മാതൃകാപുരുഷന്മാരുടെ സ്വാധീനം; ''ക്രിസ്തു സ്വതന്ത്രരാക്കിയവരെ അടിമകളാക്കാന്‍ ആര്‍ക്ക് അവകാശം?'' എന്നുള്ള വില്‍ബര്‍ഫോഴ്‌സിന്റെ പ്രഖ്യാതമായ ചോദ്യം. മൂന്ന്, ''സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചുനില്‍പ്പിന്‍, അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത്'' (ബൈബിള്‍, ഗലാത്യര്‍ 5:1) എന്ന ബൈബിള്‍ ദര്‍ശനം.
തിരുവിതാംകൂറിലെത്തിയ എല്‍.എം.എസ്.-സി.എം.എസ്. മിഷനറിമാരെ അടിമത്തവും ജാതിവ്യവസ്ഥയും തുടക്കംമുതല്‍ വ്യാകുലപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തിരുന്നു. രൂഢമൂലമായിരുന്ന പ്രസ്തുത ആചാരങ്ങള്‍ക്കെതിരേ തുടക്കത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കിലും അതിനെതിരേ ചില കാര്യങ്ങള്‍ ചെയ്യണമെന്നുള്ള ചിന്ത മിഷണറിമാര്‍ക്ക് എന്നുമുണ്ടായിരുന്നു. ചങ്ങലയ്ക്കിട്ട മനുഷ്യരുടെ അധ്വാനം ആയിരത്താണ്ടുകളായി ആചാരത്തിന്റെ മറവില്‍ ചൂഷണം ചെയ്തിരുന്ന നാടുവാഴികളും ജന്മിമാരും പ്രസ്തുത ആചാരത്തിനു മാറ്റമുണ്ടാകുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും തയ്യാറായിരുന്നില്ല. അത്തരമൊരു സാമൂഹിക സാഹചര്യം നിലനില്‍ക്കുമ്പോഴാണ്, 1835 മാര്‍ച്ച് 8-ന് വിപ്ലവകരമെന്നോ കാലാതിവര്‍ത്തിയെന്നോ പറയാവുന്ന ഒരു അടിമവിമോചനത്തിന് ബെഞ്ചമിന്‍ ബെയിലിയ്‌ക്കൊപ്പംചേര്‍ന്ന് ജോസഫ് പീറ്റ് തയ്യാറായത്.
തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാര്‍ കോട്ടയം കോളജിന്റെ നിത്യനിദാനച്ചെലവുകള്‍ക്കായി മണ്‍റോത്തുരുത്ത് ദാനംചെയ്തപ്പോള്‍, അവിടെയുണ്ടായിരുന്ന അടിമകളുടെ ഉടമസ്ഥാവകാശംകൂടി, കോളജിനു കൈമാറിയിരുന്നു. ബെഞ്ചമിന്‍ ബെയിലിയും ജോസഫ് പീറ്റുംകൂടി, മണ്‍റോത്തുരുത്തിന്റെ ട്രസ്റ്റിമാര്‍ എന്ന നിലയില്‍ ഒരു അടിമവിമോചന വിളംബരം അച്ചടിച്ച് ഒപ്പുവെച്ചു.
''We the undersigned, acting as trustees of Munro Island, do hereby declare that......... who has hitherto been a slave of the soil, is from this time liberated by us and made a free man, and that his wife and offspring are wholly and for ever free and are regarded by us only as hired servants and that no one has any right to bring them into servitude again. At the same time we declare that we do not consider ourselves as released from any just claim which he or his wife or offspring may have upon us according to custom, privilege or law in consequence of their having been slaves.'
8th March, 1835.                                                                                                                                   Benj. Bailey,
                                                                                                                                                                   Josh Peet.

ജോസഫ് പീറ്റ് ഈ വിളംബരത്തിന്റെ പകര്‍പ്പ് മണ്‍റോത്തുരുത്തിലെ ഓരോ അടിമക്കുടിയിലുമെത്തി, കുടുംബനാഥനു നല്‍കി. പില്‍ക്കാലത്ത് അധികമാരും അറിയാതെ പോയ ഈ അടിമവിമോചനം കേരളചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. ഇതിന് എട്ടുവര്‍ഷത്തിനുശേഷം, 1843, ല്‍ ബ്രിട്ടീഷ് ഇന്‍ഡ്യയിലും രണ്ടു ദശാബ്ദത്തിനുശേഷം, 1855 ല്‍ തിരുവിതാംകൂറിലും അടിമത്തം നിരോധിച്ചു.
പീറ്റ് എല്ലായിപ്പോഴും നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് ഒപ്പമായിരുന്നു. നീതികേടിന്റെ ഇര ആരുതന്നെ ആയാലും ശരി, മറ്റുള്ളവരെപ്പോലെ, അതു കണ്ടില്ലെന്നു ഭാവിച്ച്, കണ്ണുമടച്ചു കടന്നുപോകാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. സഹജീവികളെ നൊമ്പരപ്പെടുത്തുന്ന പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരേ വ്യവസ്ഥാപിതവും ക്രൈസ്തവവുമായ പോരാട്ടത്തിനുവേണ്ടി അദ്ദേഹം ജീവിതത്തിന്റെ നല്ലൊരുപങ്കു മാറ്റിവെച്ചു. ആരോടാണു പോരാട്ടം, ശത്രു എത്ര വലിയവനാണ്, എത്രകാലം പൊരുതേണ്ടിവരും ഇതൊന്നും അദ്ദേഹത്തിനു പരിഗണനാവിഷയങ്ങളേ ആയിരുന്നില്ല.
മാനവികതയ്ക്ക് അടിസ്ഥാനം ആധുനികതയുടെ താത്ത്വികാടിത്തറതന്നെയാണ്-'തുല്യപൗരത്വം' (ലൂൗമഹ രശശ്വേലിവെശു). പീറ്റിന്റെ സാമൂഹികവീക്ഷണത്തില്‍ മനുഷ്യന്റെ സ്ഥാനം കേന്ദ്രത്തിലായിരുന്നു; പ്രാന്തവല്‍ക്കരിക്കപ്പെട്ടവരോ പ്രാന്തവല്‍ക്കരിക്കപ്പെടേണ്ടവരോ അല്ല, മനുഷ്യര്‍. എല്ലാ മനുഷ്യരും തുല്യരാണെന്നുള്ള വെളിച്ചത്തിനുമുമ്പില്‍ അടിമത്തം, ജാതിചിന്ത, വിവേചനം എന്നിങ്ങനെയുള്ള തമശ്ശക്തികള്‍ക്കു സ്ഥാനമില്ല.
ഡോ. അശോക് അലക്‌സ് ഫിലിപ്പ് അദ്ദേഹത്തിന്റെ റവ. ജോസഫ് പീറ്റ് സാക്ഷ്യവും നവീകരണവും എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഇനിപ്പറയുന്ന സംഭവം: ഒരിക്കല്‍ ഈഴവസമുദായത്തില്‍പ്പെട്ടതും റവ. പീറ്റിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതുമായ ഒരു വ്യക്തി കാര്‍ഷികവിഭവങ്ങളുമായി മാവേലിക്കരയിലെ പൊതുനിരത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. രാജാവിന്റെ ചില അനുചരന്മാര്‍ വരുന്നുവെന്നുള്ള ശബ്ദങ്ങളും ആരവങ്ങളും തലച്ചുമടുമായി പോയ ആ പാവം മനുഷ്യന്‍ ശ്രദ്ധിച്ചില്ല. തീണ്ടലും തൊടീലും മറ്റ് അനാചാരങ്ങളും നിലനിന്നിരുന്ന അക്കാലത്ത് വഴിമാറിക്കൊടുക്കാതിരുന്നതിന് മാവേലിക്കര രാജാവിന്റെ അനുചരന്മാര്‍ ആ കര്‍ഷകനെ കഠിനമായി മര്‍ദിച്ചു. തന്റെ സുഹൃത്തായ കര്‍ഷകനുവേണ്ടി റവ. പീറ്റ് കച്ചേരിയില്‍ ഹാജരായി. പ്രാദേശികരാജാവും തഹസിര്‍ദാറും മറ്റു പല സമ്മര്‍ദതന്ത്രങ്ങളും പ്രലോഭനവാഗ്ദാനങ്ങളും പ്രയോഗിച്ചെങ്കിലും പീറ്റ് ഒന്നിനും വഴങ്ങിക്കൊടുത്തില്ല. നീതികേടിനു ശിക്ഷകിട്ടണമെന്നതില്‍ ഉറച്ചുനിന്നു. ഒടുവില്‍ തഹസിര്‍ദാര്‍ മാവേലിക്കരരാജാവിന് ഒരു രൂപ പിഴയിടുകയും ചെയ്തു (പു. 94) എന്ന് ഗ്രന്ഥകര്‍ത്താവ് എഴുതിയിരിക്കുന്നു. (പ്രസാ. ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിഫോം, ന്യൂഡല്‍ഹി)

ആത്മാര്‍ത്ഥതയും വിശ്വസ്തതയും
മാവേലിക്കരയിലെത്തി താമസമാരംഭിച്ച പീറ്റ് ഊര്‍ജസ്വലമായ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യമേതന്നെ അദ്ദേഹം ഒരു പള്ളി സ്ഥാപിച്ചു. 1839 മെയ് 22-ന് ആ ദേവാലയം ആരാധനയ്ക്കായി തുറന്നു. പ്രബല ക്ഷേത്രങ്ങളുടെ സാന്നിധ്യം, പഴയ ഒരു നാട്ടുരാജ്യത്തിന്റെ ആസ്ഥാനം, യാഥാസ്ഥിതിക ഹിന്ദുവിശ്വാസങ്ങളും ആചാരങ്ങളും ദൃഢമായിരിക്കുന്ന ഭൂപ്രദേശം, സുറിയാനി ക്രിസ്ത്യാനികളുടെ പ്രബല കേന്ദ്രങ്ങളിലൊന്ന്-ഇങ്ങനെ പല നിലകളില്‍ സവിശേഷതകളുണ്ടായിരുന്ന മാവേലിക്കര, പീറ്റിനെപ്പോലെ ചിന്തയിലും പ്രവൃത്തിയിലും അഗ്നിയുള്ള ഒരു മിഷനറിയ്ക്കു പ്രവര്‍ത്തിക്കുവാന്‍ പറ്റിയ ഇടമായിരുന്നില്ല. എന്നാല്‍ ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുതന്നെയാണു പീറ്റ് മാവേലിക്കര തിരഞ്ഞെടുത്തത്. സ്വാഭാവികമായും തുടക്കംമുതലേ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
സാമൂഹികനീതി സ്ഥാപിച്ചെടുക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള പോരാട്ടങ്ങളില്‍ ഒരിക്കലും അനര്‍ഹമായ അധികാരങ്ങളുടെ സഹായം പീറ്റ് തേടിയില്ല. കൊര്‍ന്നല്യോസ് പ്രശ്‌നം മുമ്പേ പ്രതിപാദിച്ചല്ലോ. ക്ഷുഭിതരായിത്തീര്‍ന്ന പ്രാദേശിക രാജാവും (ഘീരമഹ ഞമഷമവ) സവര്‍ണമേധാവികളും കൊര്‍ന്നല്യോസിനെ മര്‍ദിച്ച്, അവശനാക്കി, മരിക്കുമെന്നുറപ്പായപ്പോള്‍ ഒരുകുളത്തില്‍ തള്ളി, വസ്തുവകകള്‍ നശിപ്പിച്ചു. തഹഹസീല്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കു പരാതിനല്‍കി, നീതിക്കുവേണ്ടി കാത്തിരിക്കുകയാണ് പീറ്റ് ചെയ്തത്. പീറ്റ് പണിത ആറാട്ടുകടവ് പള്ളിയുടെ ഭിത്തി ആറാട്ടുവഴിയോട് അടുത്തുപോയി എന്നാരോപിച്ച് അതു പൊളിക്കണമെന്ന് ആവശ്യപ്പെട്ടായി മറുപക്ഷത്തിന്റെ അടുത്ത നീക്കം. അന്വേഷണത്തിനും വിചാരണയ്ക്കുമായി വന്ന ദിവാന്‍ജിയെ ആരോപണത്തിന്റെ വാസ്തവമില്ലായ്മ ബോധ്യപ്പെടുത്താന്‍ പീറ്റിനു സാധിച്ചു. അതിനു പിന്നാലെ, ക്ഷേത്രത്തിനു സമീപത്തുകൂടി പോയിരുന്ന പൊതുവഴി സവര്‍ണര്‍ വേലികെട്ടി അടച്ചു.
പീറ്റ് അതിനെതിരേ തഹസില്‍ദാര്‍മുതലുള്ളവര്‍ക്കു പരാതി നല്‍കി. പ്രാദേശിക രാജാവിന്റെ കിങ്കരനും അസിസ്റ്റന്റ് ദിവാന്റെ ബന്ധുവുമായ തസില്‍ദാര്‍ പരാതി പരിഗണിച്ചില്ല. പിന്നീട് ദിവാന് പരാതി നല്‍കി. അതും ഫലപ്പെടാതെ വന്നപ്പോള്‍ റസിഡന്റിനു പരാതിനല്‍കി. വേലി നീക്കംചെയ്ത് വഴി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കണമെന്നു നിര്‍ദേശിച്ച് ഒന്നിനുപുറകെ ഒന്നായി അഞ്ചു കല്‍പ്പനകള്‍ തഹസില്‍ദാര്‍ക്കു ലഭിച്ചു.
തഹസില്‍ദാറും പ്രാദേശിക രാജാവുംകൂടി കല്‍പ്പനകള്‍ തള്ളിക്കളഞ്ഞു. മാത്രമല്ല പീറ്റിനെയും കുടുംബാംഗങ്ങളെയും പുതുവിശ്വാസികളെയും പലവിധത്തില്‍ പീഡിപ്പിച്ചു. കള്ളക്കേസുകളില്‍ കുടുക്കി. പക്ഷേ പീറ്റ് പിന്മാറിയില്ല. ഒടുവില്‍ വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പീറ്റിന്റെ പോരാട്ടം വിജയിച്ചു.
അധികാരികളെക്കൊണ്ടു തുറപ്പിച്ച പൊതുവഴിയിലൂടെ ജോസഫ് പീറ്റിനൊപ്പം നടന്നുപോയ അധഃകൃതരെ തമ്പുരാനും സംഘവും തടഞ്ഞു. തടഞ്ഞതമ്പുരാനെ പീറ്റ് തള്ളിമാറ്റി, തന്റെ സഹചാരികളുടെ മാര്‍ഗതടസ്സം നീക്കി. തമ്പുരാന്‍ ഓടയില്‍ വീണതുകണ്ടപ്പോള്‍ സംഘം സായിപ്പിന്റെ മുമ്പില്‍നിന്ന് ഓടിമാറിയത്രേ. പീറ്റ് ഒന്നും സംഭവിക്കാത്തമട്ടില്‍, ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം നടന്നുപോയി.
പീറ്റിനോടുള്ള ശത്രുത രൂക്ഷമായിരിക്കെ അദ്ദേഹത്തെ വിഷംകൊടുത്തു കൊല്ലാനും കല്ലെറിഞ്ഞു കൊല്ലാനുമൊക്കെ ശത്രുക്കള്‍ പരിപാടിയിട്ടു. വള്ളവും തുഴയും മാറ്റിക്കളയുക, കുഞ്ഞുങ്ങളെയും ഭാര്യയെും ശകാരിക്കുക, കത്തുമായി കൊല്ലത്തിനുവിടുന്ന (അന്നത്തെ ഏറ്റവുമടുത്ത പോസ്റ്റല്‍ ടൗണ്‍) സഹായിയെ തടഞ്ഞു പിന്തിരിപ്പിക്കുക, പുതുക്രിസ്ത്യാനികളുടെ വീടും സ്ഥലവും മറ്റും അവിഹിതമായി കൈയേറുക, ... എന്നിങ്ങനെ പീറ്റിനു നേരിടേണ്ടിവന്നതുപോലുള്ള പീഡകള്‍ മറ്റൊരു മിഷനറിക്കും അക്കാലത്തുണ്ടായിട്ടില്ല. മാവേലിക്കര മസൂരിരോഗം വ്യാപകമായപ്പോള്‍, അതു ദേവിയുടെ/ കാളിയുടെ കോപമാണെന്നു അന്ധമായി വിശ്വസിച്ച് യാഥാസ്ഥിതികര്‍ പീറ്റിനെ പേടിപ്പിച്ച് ഓടിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമായി മരണാസന്നരായ രോഗികളെ പീറ്റിന്റെ ബംഗ്ലാവിനടുത്ത് ഉപേക്ഷിക്കുക പതിവായിരുന്നു. എന്നാല്‍ യാതൊരു ഭയവും ആശങ്കയുമില്ലാതെ പീറ്റ് ഉപേക്ഷിക്കപ്പെട്ട ആ രോഗികളെ ശുശ്രൂഷിക്കാകുന്നിടത്തോളം ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തില്‍ മതിപ്പും മനസ്സലിവും തോന്നിയ ഒരാള്‍ മിഷന്‍ ബംഗ്ലാവിനടുത്തുള്ള ഒരു പറമ്പ് നാമമാത്രമായ വിലവാങ്ങി പീറ്റിന് എഴുതിക്കൊടുത്തു. അതാണ് പില്‍ക്കാലത്ത് പള്ളിയോടു ചേര്‍ന്നുള്ള ശ്മശാനഭൂമിയായി ഉപയോഗിച്ചുവരുന്നത്.
യഥാര്‍ത്ഥ നന്മയും മഹത്വവും തിരിച്ചറിയുന്ന ഒരു കാലം വരുകതന്നെ ചെയ്യും. അപ്പോള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലാകും. മാവേലിക്കരയിലെയും സമീപനാടുകളിലെയും ജനങ്ങള്‍ക്ക് പീറ്റിന്റെ മഹത്വം മനസ്സിലാക്കാന്‍ അധികകാലം വേണ്ടിവന്നില്ല. വെറും ഏഴുവര്‍ഷമേ വേണ്ടിവന്നുള്ളു. ആദ്യഫര്‍ലോയില്‍, 1845-ല്‍ ഇംഗ്ലണ്ടിലേക്കു പോയ പീറ്റിനും കുടുംബത്തിനും ലഭിച്ച യാത്രയയപ്പ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ആ സന്ദര്‍ഭത്തിലെ ചില അനുഭവങ്ങള്‍ ഡബ്ലിയു.എസ്. ഹണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു:
'A very large number of his Syrian, but chiefly of his Hindu, neighbours followed him and Mrs. Peet to the boat, and, with tears and good wishes, bade them farewell. Mr. Peet, at the Rajah's own request, paid him a visit and was received with every mark of kindness and respect; yet, a few years before, so low and unworthy had he been considered, that the Rajah had actually made a hole in the wall of his garden when this missionary went to visit him, lest the proper entrance should be defiled.'
തിരുവിതാംകൂര്‍-കൊച്ചി ആംഗ്ലേയസഭാ ചരിത്രകാരനായ വി.ടി. ഡേവിഡ് പീറ്റിനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: അദ്ദേഹം സ്വജനങ്ങള്‍ക്കു പിതാവും യജമാനനും സംരക്ഷകനുമായിരുന്നു. അവരെ ഇരുമ്പുദണ്ഡുകൊണ്ടു  ഭരിച്ചെങ്കില്‍ ആ കരങ്ങള്‍ക്കൊണ്ടുതന്നെ തഴികീട്ടുമുണ്ട്. വാഗ്ദാനലംഘനം ചെയ്തിട്ടുള്ളവരെ മരത്തേല്‍ക്കെട്ടി അടിച്ചിട്ടുണ്ടെങ്കില്‍ ആപത്തിലകപ്പെട്ടു പ്രാണഭീതിയോടെ വരുന്ന ഏതൊരു സഭാംഗത്തിനും അര്‍ദ്ധരാത്രിക്കുപോലും കിടക്കമുറിയുടെ കതകില്‍മുട്ടി സങ്കടമറിയിക്കാന്‍ ദാക്ഷിണ്യഭാവവും പ്രദര്‍ശിപ്പിച്ചിരുന്നു. എത്രതന്നെ ബ്രതിബന്ധങ്ങള്‍ ഉണ്ടായാലും വാഗ്ദാനം അനുസരിച്ചു പ്രവര്‍ത്തിപ്പാന്‍ പീറ്റു സായിപ്പ് സര്‍വ്വദാ സന്നദ്ധനായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഒരാള്‍ തക്കസമയം കായലോരത്തു ചെന്നാല്‍ സായിപ്പിന്റെ വരവുകാത്ത് നിന്ന് തെല്ലും മുഷിയേണ്ടതായി വരികയില്ല.

ഭാഷാസാഹിത്യം
ജോസഫ് പീറ്റിന്റെ ഇംഗ്ലീഷും മലയാളവും ഒരുപോലെ സാഹിത്യ ഭംഗിയുള്ളതായിരുന്നു. 1841ല്‍ കോട്ടയം സി.എം.എസ്. പ്രസ്സില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയ അ ഏൃമാാമൃ ീള വേല ങമഹമ്യമഹശാ ഘമിഴൗമഴല ടുീസലി ശി വേല ജൃശിരശുമഹശശേല െീള ഠൃമ്മിരീൃല മിറ ഇീരവശി മിറ ഉശേെൃശര േീള ചീൃവേ മിറ ടീൗവേ ങമഹമയമൃ  എന്ന മലയാളഭാഷാവ്യാകരണം പീറ്റിന്റെ മികച്ച ഗ്രന്ഥമാണ്.
പീറ്റ് തര്‍ജമചെയ്ത് പ്രസിദ്ധപ്പെടുത്തിയ നോവലാണ് ഫുല്‍മേനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ. ഇട്ട്യേര ഈപ്പന്റെ പേരും ഇതേ നോവലിന്റെ തര്‍ജമയോടു ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട്. ഈ വിവര്‍ത്തനം ഇരുവരും ചേര്‍ന്നു നിര്‍വഹിച്ചോ അതുമല്ലെങ്കില്‍ രണ്ടു സ്വതന്ത്രവിവര്‍ത്തനങ്ങളാണോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്.
ഭാഷാസാഹിത്യ കൃതികള്‍ക്കുപുറമേ വൈജ്ഞാനിക രചനകളിലും പീറ്റിനു താല്‍പ്പര്യമുണ്ടായിരുന്നു. 1860-ല്‍ എം.സി.എം. ആറില്‍ പീറ്റ് പ്രസ്ദ്ധപ്പെടുത്തിയ തിരുവിതാംകൂറിലെ അടിമകള്‍ എന്ന ലേഖനം ഇതിനുദാഹരണമാണ്. മതവിചാരണയാണു ജോസഫ് പീറ്റിന്റെ മറ്റൊരു കൃതി. ഹെര്‍മന്‍ മോഗ്ലിങ് കന്നഡയിലെഴുതിയ കൃതിയുടെ പരിഭാഷ, 1846-ല്‍ സി.എം.എസ്. പ്രസ്സില്‍നിന്ന് പ്രസിദ്ധപ്പെടുത്തി. 1853-ല്‍ പ്രസിദ്ധപ്പെടുത്തിയ ഭൂമിശാസ്ത്രം എന്ന പുസ്തകവും പീറ്റിന്റേതാണ്. ബൈബിള്‍ പരിഷ്‌കരണത്തിനുവേണ്ടിയുള്ള കമ്മറ്റിയില്‍ പീറ്റ് അംഗമായിരുന്നു.

തീഷ്ണതയുള്ള പ്രസംഗകനും സംഗീതജ്ഞനും നല്ല ഗായകനുമായിരുന്നു പീറ്റ്.

വിസ്തൃതമായ 'വയലേലകളി'ല്‍ 'വേലക്കാരു'ടെ കുറവ് അറിയിക്കാതെ
ദ്വിതീയാകരങ്ങളില്‍നിന്നും തലമുറതലമുറകളായി കൈമാറിപ്പോരുന്ന ഓര്‍മകളില്‍നിന്നും ജോസഫ് പീറ്റിനെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങള്‍ അതിവിപുലമാണ്. അവ പ്രഥമാകാരങ്ങള്‍ മുന്‍നിര്‍ത്തി, ഗവേഷണോത്സുകതയോടെ പഠിക്കാന്‍ സാധിച്ചാല്‍, ഇന്നുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതിനെക്കാള്‍ ഒട്ടധികം കാര്യങ്ങള്‍ പുതുതായി അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ കഴിയും. അത്തരമൊരു വിപുലപഠനത്തിലൂടെമാത്രമേ, വിദ്യാഭ്യാസ-കാര്‍ഷിക-വാണിജ്യ-സാമൂഹിക പരിഷ്‌കരണ മേഖലകളില്‍ ഇടതടവില്ലാതെ പ്രവര്‍ത്തിച്ച പീറ്റിന്റെ പ്രവര്‍ത്തന ബാഹുല്യം തിരിച്ചറിയാന്‍ കഴിയൂ.
മിഷനറിയായി തിരുവിതാംകൂറിലെത്തുംമുമ്പ് ഇംഗ്ലണ്ടിലെ പ്രമുഖ പൊതുപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജോസഫ് പീറ്റ് ഇവിടെ എത്തിയതിനുശേഷവും അത്തരം സൗഹൃദങ്ങള്‍ പുലര്‍ത്തുന്നതില്‍ ജാഗരൂകനായിരുന്നു. ''ഇക്കണ്ട, ശങ്കരന്‍, ചാത്തുമേനോന്‍, കേളു, പോത്ത, തുറയില്‍ പണിക്കര്‍, ചാണ്ടപ്പിള്ള, ചോന (യോഹന്നാന്‍) തുടങ്ങിയ തദ്ദേശീയരും ഹോക്‌സ് വര്‍ത്ത്, വുഡ്‌കോക്ക് തുടങ്ങിയ വിദേശികളും റവ. പീറ്റിന്റെ പ്രവര്‍ത്തന രീതികളില്‍ ആകൃഷ്ടരായവരാണ്. ഫസല്‍ എന്ന മുസ്ലിം പണ്ഡിതനുമായി റവ. പീറ്റ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരില്‍നിന്ന് നാലില്‍ അധികം തവണ റവ. പീറ്റിനെ മാവേലിക്കരയില്‍ വന്ന് കണ്ടതായി രേഖകളില്‍ കാണുന്നു (ഡോ. അശോക് അലക്‌സ് ഫിലിപ്പിന്റെ മുന്‍പരാമര്‍ശിച്ച പുസ്തകം, പു. 25). ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ജെയിംസ് റോസ്, ജോണ്‍ മര്‍ഫി, ഡേവിഡ് ഫിലിപ്പ്, ജോണ്‍ സ്മിത്ത്, എഡ്മന്റണ്‍, റിച്ചാര്‍ഡ്‌സ്, ഡോ. നോര്‍മന്‍ ഫോയല്‍, ബൊര്‍ലിങ്ടണ്‍, ആലി വെബ്‌സ്റ്റര്‍ തുടങ്ങിയവരുമായും ജോസഫ് പീറ്റ് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നു മനസ്സിലാക്കാം.
ജോസഫ് പീറ്റ് മൂന്നുതവണ വിവാഹം കഴിച്ചിരുന്നു. ''1847 ഓഗസ്റ്റ് 9-ന് പീറ്റിന്റെ ഭാര്യ ബിലാത്തിയില്‍ മരിച്ചു. രണ്ടുമക്കള്‍ക്ക് കഠിനമായ ജ്വരം ബാധിക്കുകയും അവരില്‍ മൂത്തമകന്‍ മരിക്കുകയും ചെയ്തു'' എന്നിങ്ങനെ 'മലയാള മിത്ര'ത്തില്‍ കാണുന്നു. എമിലി ഇ. പീറ്റിനെക്കുറിച്ചാണ് ഈ പരാമര്‍ശം. മാവേലിക്കര സി.എസ്.ഐ. ക്രൈസ്റ്റ് ചര്‍ച്ച്  കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്മാരക ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''1847 ഓഗസ്റ്റ് 9 ന് മരിച്ച എമിലി ഇ. പീറ്റിന്റെ സ്മരണയ്ക്ക്. അവരുടെ മൂന്നു മക്കളായ ജോസഫ്, മേരി, എലീസ എന്നിവരുടെകൂടി ഓര്‍രയ്ക്കുവേണ്ടി.''
1854 ഏപ്രില്‍ 18-ന് പീറ്റു സായിപ്പിന്റെ രണ്ടാമത്തെ മദാമ്മ ഊട്ടിയില്‍ അന്തതരിച്ചതായി ചില രേഖകളില്‍ കാണുന്നു, ഇവരുടെ വിവാഹം എന്നായിരുന്നുവെന്ന് അറിയാന്‍ കഴിയുന്നില്ല. 1855 ഏപ്രില്‍ 9-ന് മിസ് എം.എ. ഹാന്‍ഡ്‌സ്ഫഡിനെ (ഒമിറളെീൃറ) വിവാഹം കഴിച്ചു. ഇവരുടെ മരണത്തെക്കുറിച്ചും അറിയാന്‍ കഴിയുന്നില്ല. ജോസഫ് പീറ്റ് 1865 ഓഗസ്റ്റ് 11-ന,് അറുപത്തി നാലാംവയസ്സില്‍, അന്തരിച്ചു.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.