Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

കോട്ടയ്ക്കകത്തുനിന്ന് കോട്ടയത്തേക്ക് (From Inside the Fort to Kottayam)

ഡോ. ബാബു ചെറിയാൻ

ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം എന്നിങ്ങനെ അഞ്ചു താലൂക്കുകൾ ചേർന്ന ഭൂവിഭാഗമാണ് ഇന്നത്തെ കോട്ടയം ജില്ല. ജില്ലാ ആസ്ഥാനത്തിനും ആസ്ഥാനം ഉൾക്കൊള്ളുന്ന മുനിസിപ്പാലിറ്റിക്കും പേര് കോട്ടയം എന്നുതന്നെ. ജില്ലയിൽ മറ്റു മൂന്നു മുനിസിപ്പാലിറ്റികൾ കൂടിയുണ്ട്- ചങ്ങനാശ്ശേരി, പാലാ, വൈക്കം എന്നിവ.
കോട്ടയത്തിന്റെ പൂർവ്വരാഷ്ട്രം എന്നു വിശേഷിപ്പിക്കാവുന്ന നാട്ടുരാജ്യം തെക്കുംകൂറാണ്. തെക്കുംകൂറിന്റെ പൂർവ്വരാഷ്ട്രം വെമ്പലിനാട് (വേമ്പൊലിനാട്, വെമ്പലനാട്). വെമ്പലിനാട് രണ്ടാം ചേരസാമ്രാജ്യത്തിന്റെ (കുലശേഖര രാജവംശം) ഭാഗമായിരുന്നു. എ.ഡി. 8,9,10  നൂറ്റാണ്ടുകളിൽ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരിച്ചവരാണു രണ്ടാം ചേരരാജാക്കന്മാർ. കുലശേഖരൻ, രാജശേഖരൻ, സ്ഥാണുരവി, ഇന്ദുക്കോതവർമ, ഭാസ്‌കര രവിവർമ തുടങ്ങിയവർ രണ്ടാം ചേരസാമ്രാജ്യ രാജാക്കന്മാരായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി രണ്ടാം ചേരസാമ്രാജ്യത്തെ കോലത്തിരി (കണ്ണൂർ, കാസർഗോഡ് ഭാഗങ്ങൾ) പുറൈ കിഴനാട് (വടക്കേ വയനാട്, ഗൂഡല്ലൂർ), കുറുമ്പ്രനാട് (കൊയിലാണ്ടി, തെക്കൻ വയനാട്), പോളനാട് (കോഴിക്കോട്), ഏറാൾനാട്  (ഏറനാട്), വള്ളുവനാട് (പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ) നെടുപുറയൂർനാട് (തലപ്പിള്ളി, പാലക്കാട്, ചിറ്റൂർ), കാൽക്കരൈനാട്(തൃക്കാക്കര, സമീപസ്ഥലങ്ങൾ), കീഴ്മലൈനാട്( തൊടുപുഴ, മൂവാറ്റുപുഴ), വെമ്പിലിനാട്(വൈക്കം, മീനച്ചിലിന്റെ ചില ഭാഗങ്ങൾ, ഹൈറേഞ്ച് മേഖല, തിരുവല്ല, ചെങ്ങന്നൂർ), ഓടനാട് (കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര), വേണാട് (കൊല്ലം, കൊട്ടാരക്കര, ചിറയിൻകീഴ്) തിരുവനന്തപുരം, നെടുമങ്ങാട്) എന്നിങ്ങനെ വിഭജിച്ചിരുന്നു.
വെമ്പിലിനാട് വടക്ക് പെരിയാർമുതൽ തെക്ക് തൃക്കൊടിത്താനം വരെ വ്യാപിച്ചിരുന്നു. തലസ്ഥാനം വെന്നിമല ആയിരുന്നു. 11-ാം നൂറ്റാണ്ടിൽ രണ്ടാം ചേരസാമ്രാജ്യം തകർന്നു. നാടുകൾ രാജ്യങ്ങളും നാടുവാഴികൾ രാജാക്കന്മാരുമായി. അങ്ങനെയാണ് പോളനാട്, വള്ളുവനാട്, വെമ്പിലിനാട്, വേണാട് എന്നിങ്ങനെ ഓരോ പുഴയ്ക്കും കുന്നിനും അപ്പുറവും ഇപ്പുറവുമായി നാടുനീളെ രാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായത്. തകർന്ന ചേരസാമ്രാജ്യത്തിൽനിന്ന് ഉയർന്നുവന്ന ഒരു രാജ്യമായിരുന്നു വെമ്പിലനാട്. വളരുംതോറും പിളരുന്ന സ്വഭാവം കോട്ടയത്തിന് പണ്ടേ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എ.ഡി. 1110 ൽ വെമ്പിലി രാജവംശം രണ്ടു തായ്‌വഴികളായി പിരിഞ്ഞ് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി. വെന്നിമല ആസ്ഥാനമായി തെക്കുംകൂർ നിലവിൽവന്നു. തെക്കുംകൂർ രൂപപ്പെട്ടതിനുശേഷം നന്റുഴൈനാട്, മുഞ്ഞനാട് എന്നിവയുടെ അതിരുകൾ മാറി. തെക്കുംകൂർ കോട്ടയം-ഏറ്റുമാനൂർ ഉൾപ്പെട്ട മുഞ്ഞനാട് കീഴടക്കി. നന്റുഴൈനാടിന്റെ ഭാഗമായിരുന്ന ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവയും തെക്കുംകൂർ കീഴടക്കി. രാജ്യം ഏറ്റവും വിസ്തൃതമായിരുന്ന കാലത്ത് കിഴക്ക് ഇല്ലിക്കൽ മല മുതൽ പടിഞ്ഞാറ് വേമ്പനാട്ടുകായൽ വരെയും തെക്ക് കൈപ്പട്ടൂർ കടവു തുടങ്ങി വടക്ക് കാണക്കാരിക്കുന്നുവരെയും വ്യാപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി താലൂക്കുകളും. ഇടുക്കി ജില്ലയും മീനച്ചിൽ താലൂക്കിന്റെ ചില ഭാഗങ്ങളും ചെങ്ങന്നൂർ, തിരുവല്ല എന്നീ താലൂക്കൂകളും തെക്കുംകൂർ രാജവംശത്തിന് കൊച്ചിയുടെ മേൽക്കോയ്മയ്‌ക്കെതിരെയും വടക്കുംകൂറിനെതിരെയും നിരന്തരം പോരാടേണ്ടിവന്നു. എ.ഡി. 14,15,16 നൂറ്റാണ്ടുകളിൽ കൊച്ചിയുടെയും വടക്കുംകൂറിന്റെയും മാത്രമല്ല കിഴക്കുനിന്ന് പാണ്ഡ്യരാജാക്കന്മാരുടെയും മലവർഗ്ഗക്കാരുടെയും ആക്രമണം ശക്തമായി. വിജയനഗര രാജ്യവും ആക്രമണം നടത്തി. ഇതൊക്കെ കാരണമായി ഉൾപ്രദേശമായതിനാൽ കുറേക്കൂടി സുരക്ഷിതമായ തളിയക്കോട്ട (തളിക്കോട്ട) എന്നിടത്തേക്ക് ആസ്ഥാനം മാറ്റി. തളിക്കോട്ടയിലെ കൊട്ടാരത്തോടുചേർന്ന് ക്ഷേത്രവും തലസ്ഥാന നഗരവും ക്രമേണ രൂപപ്പെട്ടു. അയ്മനം, ഒളശ്ശ, താഴത്തങ്ങാടി എന്നിവിടങ്ങളിലെ സമീപവാസികൾ കോട്ടയ്ക്കുള്ളിലെ ആസ്ഥാനത്തെ കോട്ടയകം എന്നു വിളിച്ചുതുടങ്ങി. ക്രമേണ കോട്ടയകം കോട്ടയം ആയി. (കോട്ടയം എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പൊതുവേ സ്വീകാര്യമായ അഭിപ്രായം ഇതാണ്.
തെക്കുംകൂർ രാജാവ് സ്ഥാനഭ്രഷ്ടനായ ചെമ്പകശ്ശേരി രാജാവിന് അഭയം നൽകുകയും കോട്ടയത്തിനടുത്ത് കുടമാളൂരിൽ പ്രസ്തുത രാജവംശത്തെ അധിവസിപ്പിക്കുകയും ചെയ്തു. ഇത് വേണാട്ടു രാജാവായ മാർത്താണ്ഡവർമ്മയെ പ്രകോപിപ്പിച്ചു.
എ.ഡി. 1750-ൽ മാർത്താണ്ഡവർമ്മ തെക്കുംകൂറിനെ ആക്രമിക്കുമ്പോൾ തളീക്കോട്ടയ്ക്കു പുറമേ ചങ്ങനാശ്ശേരിയും തെക്കുംകൂർ ആസ്ഥാനമായി ഉപയോഗിച്ചിരുന്നുവെന്നും അവിടെയും ഒരു കൊട്ടാരം ഉണ്ടായിരുന്നുവെന്നും ചെങ്ങന്നൂർ, ആറന്മുള വരെയുള്ള പ്രദേശങ്ങൾ തെക്കുംകൂറിന്റെ അധീനതയിലായിരുന്നുവെന്നും മനസ്സിലാക്കാം. കൊ.വ. 917 (എ.ഡി. 1742) ഒടുവിൽ കായങ്കുളവും തിരുവനന്തപുരവും തമ്മിൽ മാന്നാറിൽവെച്ചുണ്ടായ സന്ധിയെത്തുടർന്ന്, മാർത്താണ്ഡവർമ്മ മഹാരാജാവ് കായങ്കുളത്തെ സഹായിച്ചിരുന്ന കോട്ടയം, വടക്കുംകൂർ എന്നീ രാജ്യങ്ങൾക്കെതിരായി സൈന്യങ്ങളെ നയിക്കുവാൻ തന്റെ അനന്തരവകാശിയായ രാജകുമാരനെ (പിൽക്കാലത്ത് രാമവർമ്മ രാജാവ്) അങ്ങോട്ടയച്ചു. കോട്ടയത്തെ കോട്ട തകർക്കുവാനും വടക്കുംകൂർ രാജാവിനെ കോഴിക്കോട്ടേക്കു പലായനം ചെയ്യിക്കുവാനും രാജകുമാരനു കഴിഞ്ഞു. കോട്ടയത്തുണ്ടായ നാശകരമായ ഏറ്റുമുട്ടലിന്റെ ഫലമായാകാം, തെക്കുംകൂർ രാജാവ് ചങ്ങനാശ്ശേരിയിലേക്കു പിൻവാങ്ങി. മാർത്താണ്ഡവർമ്മ കായങ്കുളവും അമ്പലപ്പുഴയും കീഴടക്കിക്കഴിഞ്ഞ് തെക്കുംകൂറിനെ നോട്ടമിട്ടു. കായങ്കുളം-അമ്പലപ്പുഴ-തെക്കുകൂർ രാജാക്കന്മാർ തമ്മിൽ മുമ്പേതന്നെ ഒരുസൈനിക സഖ്യം നിലവിലുണ്ടായിരുന്നതിനാൽ തെക്കുംകൂറിന് തിരുവിതാംകൂറിനോട് നല്ല ശത്രുതയുമുണ്ടായിരുന്നു. എന്നാൽ തെക്കുംകൂർ രാജാവിന്റെ സഹോദരനും അനന്തരാവകാശിയുമായിരുന്ന ഇളയ രാജാവ് ദീർഘദർശിത്വവും കാര്യബോധമുള്ളവനുമായിരുന്നു. കായങ്കുളവും അമ്പലപ്പുഴയും വീണതോടെ അതുതന്നെയാണ് തെക്കുംകൂറിനും സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് തിരുവിതാംകൂറുമായി സമാധാനം സ്ഥാപിച്ച്, സന്ധിയുണ്ടാക്കി സാമന്തനായി കഴിയുവാൻ തെക്കുംകൂർ ഇളയരാജാവ് ജ്യേഷ്ഠനെ ഉപദേശിച്ചു. പക്ഷേ രാജാവ് അത് കൈക്കൊണ്ടില്ലെന്നു മാത്രമല്ല, അനുജനോട് കലഹിക്കുകയും ചെയ്തു. അതിനെത്തുടർന്ന് ഇളയരാജാവ് തിരുവനന്തപുരത്തേക്കു പോകുകയും മഹാരാജാവിനെക്കണ്ട് സംഭവിച്ചതെല്ലാം ധരിപ്പിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയരാജാവിനെ സാമന്തനായി അംഗീകരിച്ചു.
തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് പി. ശങ്കുണ്ണി മേനോൻ തിരുവിതാംകൂർ ചരിത്രത്തിൽ ഇങ്ങനെ വിവരിക്കുന്നു: ഇളയരാജാവിന്റെ ഈ പ്രവൃത്തിയിൽ അരിശംപൂണ്ട ചങ്ങനാശ്ശേരി രാജാവ് തന്റെ സഹോദരനെ മടക്കിയയയ്ക്കുവാനാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്തേക്കെഴുതി. മഹാരാജാവ് ഈ അഭ്യർത്ഥന നിരസിച്ചതോടുകൂടി മറ്റുളള മാർഗ്ഗങ്ങളാണ് അദ്ദേഹം അവലംബിച്ചത്. മാതാവ് ആസന്നനിലയിൽ കിടക്കുന്നുവെന്ന കിംവദന്തി അദ്ദേഹം പരത്തി. മരണശയ്യയിൽനിന്ന് അമ്മ ആവശ്യപ്പെടുന്ന മട്ടിൽ ഒരു സന്ദേശം ഇളയരാജാവിന് തിരുവനന്തപുരത്തേക്കു കൊടുത്തയച്ചു. ഈ വാർത്ത ഇളയരാജാവിനു കിട്ടിയപ്പോൾ സ്വദേശത്തേക്കു മടങ്ങിക്കൊള്ളുവാനാണ് മഹാരാജാവ് പറഞ്ഞത്. മഹാരാജാവിന്റെ വക ഒട്ടേറെ പാരിതോഷികങ്ങളുമായി ഇളയരാജാവ് ചങ്ങനാശ്ശേരിയിലെത്തി. രാജകുമാരന്റെ സംശയം യഥാർത്ഥമായിരുന്നു. ചങ്ങനാശ്ശേരിയിലെത്തുന്നതോടുകൂടി ഇദ്ദേഹത്തെ പിടികൂടി വധിക്കുവാനും പാമ്പു കടിച്ച് ദുർമരണമടഞ്ഞെന്നു പ്രചരിപ്പിക്കുവാനും രാജാവ് തന്റെ കിങ്കരന്മാരെ ഏർപ്പാടാക്കിയിരുന്നു. ആസൂത്രിതമായ ഈ പദ്ധതി അവർ നടപ്പാക്കുകതന്നെ ചെയ്തു.
ഈ ദുഃഖവാർത്ത ശ്രവിച്ച മാത്രയിൽ തെക്കുംകൂർ (ചങ്ങനാശ്ശേരി) രാജ്യത്തേക്കു പുറപ്പെടുവാൻ സൈന്യത്തെ തയ്യാറാക്കുന്നതിന് രാമയ്യന് കല്പന കൊടുക്കുകയാണു മഹാരാജാവ് ചെയ്തത്. ഈ ആവശ്യത്തിനായി കൽക്കുളം, ഇരണിയൽ, വിളവങ്കോട്, കായംകുളം തുടങ്ങിയിടങ്ങളിൽനിന്നും നായർഭടന്മാരെ സൈന്യത്തിൽ പുതുതായി എടുത്തിരുന്നു. തന്റെ സൈന്യവുമായി ആറന്മുളയെത്തിയ രാമയ്യൻ കണ്ടത് കുറെ തെലുങ്ക് ബ്രഹ്മണർ സൈന്യത്തിന്റെ മുമ്പിൽ കൂട്ടംകൂട്ടമായി കിടന്ന് വഴി തടസ്സപ്പെടുത്തുന്നതാണ്. തിരുവിതാംകൂർ രാജാവ് ബ്രഹ്മഹത്യ ചെയ്യുകയില്ലെന്നും ബ്രാഹ്മണരെ ദ്രോഹിക്കുകയില്ലെന്നുമുള്ള വിശ്വാസത്തിലാണ് ഇതു ചെയ്തത്. ഇവരത്രയും ചങ്ങനാശ്ശേരി രാജാവിന്റെ ആശ്രിതരായിരുന്നു. ബ്രാഹ്മണനായ രാമയ്യൻ ഈ ബ്രാഹ്മണരോട് രാഷ്ട്രീയകാര്യങ്ങളിലിടപെടാതെ മതകാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി സമയം വിനിയോഗിക്കുവാൻ ഉപദേശിക്കുകയാണ് ആദ്യം ചെയ്തത്. അനാവശ്യമായി അവരുടെ  ജീവിതം ഇങ്ങനെ തുലയ്ക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ഇവയൊന്നും തീരെ വകവെക്കാത്ത ഈ ബ്രാഹ്മണർ കല്ലും മണ്ണും വാരി സൈന്യത്തിന്റെ നേർക്കെറിയുകയും തിരുവിതാംകൂർ രാജാവിനെയും സൈന്യത്തെയും ഉറക്കെ ശപിക്കുകയും ചെയ്തു. ഇത്രയുമായപ്പോൾ ക്യാപ്റ്റൻ ഡിലനോയിയോട് തന്റെ പ്രവർത്തനം നടത്തുവാൻ ദളവ ആജ്ഞാപിച്ചു. ഡിലനോയി തന്റെ ക്രൈസ്തവ-മുസ്ലിം സൈന്യത്തിലൊരുഭാഗത്തെയും മുക്കുവന്മാരിൽ ചിലരെയുംകൂട്ടി ഇവരെ വഴിയിൽനിന്നും ഓടിക്കുവാനുള്ള ശ്രമം നടത്തി. ഈ ബ്രഹ്മണരുണ്ടാക്കിയ തടസ്സം മൂലം ആറന്മുളയിലായിരുന്ന അശക്തനും ഭീരുവുമായ രാജാവിന് അവിടെനിന്നും ഓടി രക്ഷപെടാനുള്ള സമയം കിട്ടി. ഏതായാലും കൊല്ലവർഷം 925 ചിങ്ങമാസം 28-ന് (1750 സെപ്റ്റംബർ 11) രാമയ്യൻ ദളവ തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി കൈവശപ്പെടുത്തി. അങ്ങനെ ഭൂപടത്തിൽനിന്ന് തെക്കുംകൂർ എന്നന്നേക്കുമായി മാഞ്ഞു; അത് തിരുവിതാംകൂറിന്റെ ഭാഗമായി. തെക്കുംകൂറിനെത്തുടർന്ന് വടക്കുംകൂർ (കുമരകം വടക്കുംകൂറിലുൾപ്പെട്ടതായിരുന്നു), ഞാവക്കാട്ട് കർത്താക്കന്മാരുടെ വകയായിരുന്ന മീനച്ചിൽ, പാണ്ഡ്യരാജവംശത്തിൽ വേരുകളുള്ള പൂഞ്ഞാർ എന്നിവയും തിരുവിതാംകൂറിന്റെ ഭാഗമായി.
മാർത്താണ്ഡവർമ്മ വെട്ടിപ്പിടിച്ച നാട്ടുരാജ്യങ്ങളെ ഭരണപരമായി ഉറപ്പിച്ചെടുത്തത് അനന്തരാവകാശിയായ ധർമ്മരാജാ കാർത്തികതിരുന്നാൾ രാമവർമ്മ(എ.ഡി. 1758-1798)യായിരുന്നു. സൈന്യാധിപതി ഡിലനോയിയും ദളവാ മാർത്താണ്ഡൻ പിള്ളയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. രാജ്യത്തെ രണ്ടു 'മുഖ'ങ്ങളാക്കി തിരിച്ചു. ഇപ്പോഴത്തെ കോട്ടയം ജില്ല ഇതിലൊന്നായിരുന്ന 'വടക്കേമുഖ'ത്തിൽ ഉൾപ്പെട്ടതായിരുന്നു. ആസ്ഥാനം-ചേർത്തല. ഓരോ മുഖത്തിനും അധികാരി 'വലിയസർവാധികാര്യക്കാരൻ.' അവർക്കു കീഴിൽ പത്തുവീതം 'സർവാധി കാര്യക്കാരൻന്മാർ'; അതിനുകീഴെ മണ്ടവത്തും വാതിലുകളും (ഇപ്പോഴത്തെ താലൂക്കിനു തുല്യം) കാര്യക്കാരന്മാരും; അതിനു താഴെ 'പ്രവൃത്തി'കളും പാർവത്യകാരന്മാരും; പിന്നെ ചന്ദ്രക്കാരന്മാരും അവർക്കു കീഴിൽ തുറക്കാരന്മാരും.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡന്റും ദിവാനുമായിരുന്ന കേണൽ ജോൺ മൺറോ 1813-ൽ തളിക്കോട്ടയിൽനിന്ന് വടക്കുകിഴക്കുമാറി മീനച്ചിലാറിന്റെ തീരത്ത് 'ഗോവിന്ദപുരം' എന്ന സ്ഥലത്ത് 'കോട്ടയം കോളജ്' സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ഏകദേശം മധ്യഭാഗത്തായിരിക്കണം കോളജ് എന്നുള്ള അദ്ദേഹത്തിന്റെ നിശ്ചയമാണ് കോട്ടയത്തു കോളജ് സ്ഥാപിക്കുന്നതിനു കാരണമായിത്തീർന്നത്. മലങ്കര സുറിയാനി സഭയ്‌ലെ ഒരു മൽപ്പാനായിരുന്നയായിരുന്ന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാനെയായിരുന്നു മൺറോ കോളജ് സ്ഥാപിക്കലിനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചത.് റാണി ലക്ഷ്മീഭായി മൺറോയുടെ താല്പര്യപ്രകാരം കോളജിനുള്ള സ്ഥലവും കെട്ടിടം നിർമ്മിക്കാനുള്ള തടിയും 500 രൂപയും നൽകി. റസിഡന്റ് കേണൽ കോളിൻ മെക്കാളെ 1808 ൽ പുത്തൻകൂർ സുറിയാനിക്കാരുടെ പേരിൽ 10,500 രൂപ ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ നാലു വർഷത്തെ പലിശയായ 3,360 രൂപ കൊണ്ടാണ് കോളജിന്റെ പണി ആരംഭിച്ചത്. നാലുകെട്ടിന്റെ മാതൃകയിൽ രണ്ടുഭാഗത്ത് ഇരുനിലകളും മറ്റു ഭാഗങ്ങളിൽ മൂന്നു നിലകളുമുള്ള കൂറ്റൻ കെട്ടിടമായിരുന്നു അത്. പഠനവും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും താമസവും അവിടെത്തന്നെയായിരുന്നു. സുറിയാനി വൈദികരുടെ വിദ്യാഭ്യാസത്തിനൊപ്പം എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും പൊതുവിദ്യാഭ്യാസത്തിനുകൂടി ലക്ഷ്യമിട്ടാണ് കോട്ടയം കോളജ് സ്ഥാപിച്ചത്.
കോട്ടയം കോളജിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതിന് പാശ്ചാത്യവിദ്യാഭ്യാസവുമായി ബന്ധമുള്ളവർ കോട്ടയം കോളജിന്റെ അക്കാദമിക ചുമതല വഹിക്കണമെന്നു ചിന്തിച്ച ജോൺ മൺറോ ഈ ആവശ്യം ചർച്ച് മിഷനറി സൊസൈറ്റിയെ എഴുതി അറിയിച്ചു. മൺറോയുടെ ആവശ്യത്തോടു യോജിച്ച സി.എം.എസ്. ചില മിഷനറിമാരെ തിരുവിതാംകൂറിലേക്കയയ്ക്കുവാൻ നടപടി സ്വീകരിച്ചു. അതിന്റെ ഫലമായി 1816 മെയ് 8-ന് തോമസ് നോർട്ടൻ കേരളത്തിലെത്തി. അദ്ദേഹം കോട്ടയത്തെത്തി കോളജിന്റെ കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും സ്ഥിരതാമസമാക്കിയത് ആലപ്പുഴ തന്നെയായിരുന്നു. അതുകൊണ്ട് കോട്ടയത്തു സ്ഥിരമായി താമസിച്ച്, കോളജിന്റെ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിന് ഒരാൾ ഉണ്ടാകണമെന്ന് മൺറോ കരുതി. മൺറോയുടെ ഈ താല്പര്യപ്രകാരം ബെഞ്ചമിൻ ബെയിലി 1817 മാർച്ച് 25-ന് കോട്ടയം കോളജിലെത്തി; കോളജിന്റെ സൂപ്രണ്ട് (പ്രിൻസിപ്പൽ) പദവി ഏറ്റെടുത്തു. ബെയിലിക്കു പിന്നാലെ ജോസഫ് ഫെൻ, ഹെൻറി ബേക്കർ എന്നീ മിഷനറിമാരും കോട്ടയത്തെത്തി. അങ്ങനെ കോട്ടയം കോളജ് സജീവമായി.
1821-ൽ ബെഞ്ചമിൻ ബെയിലി മീനച്ചിലാറിന്റെ തീരത്തുതന്നെ, ചുങ്കത്തിനു സമീപമായി സി.എം.എസ്. പ്രസ്സ് സ്ഥാപിച്ചു. കേരളത്തിലെ ആദ്യ മലയാളംഅച്ചടി ശാലയായിരുന്നു അത്. പ്രസ്സിന് ആവശ്യമായ മലയാളം ആണിയച്ചുകൾ വാർത്തു നൽകിയത് മദ്രാസ് ഫോർട്ട് സെന്റ് ജോർജ് കോളജിലെ ടൈപ്പ് ഫൗണ്ടറിയിലായിരുന്നു. ആ അച്ചുകൾ എണ്ണത്തിലും രൂപത്തിലും 'വികല'മായിരുന്നതുകൊണ്ട്, ബെയിലി കോട്ടയത്ത് ഉരുണ്ടവടിവുള്ള അച്ചുകൾ സ്വന്തമായി വാർത്തെടുത്തു. ഫോർട്ട് സെന്റ് ജോർജ് ടൈപ്പ് ഉപയോഗിച്ച് ബെയിലി തുടക്കത്തിൽ ചില മുദ്രണസാമഗ്രികൾ അച്ചടിക്കുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, കേരളത്തിൽ അച്ചടിച്ച ആദ്യമലയാള പുസ്തകമായ 'ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' (1824) ആയിരുന്നു. പിന്നീട് ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്‌കൃതം, ലാറ്റിൻ, സുറിയാനിതുടങ്ങി പല ഭാഷകളിലായി മതപരവും മതേതരവുമായ നൂറുകണക്കിനു പുസ്തകങ്ങൾ അച്ചടിച്ചു. പ്രവർത്തനത്തിന്റെ ആദ്യദശാബ്ദത്തിൽത്തന്നെ സി.എം.എസ്. പ്രസ്സ് മലയാള പുസ്തകപ്രസാധനത്തിന്റെ പ്രമുഖ കേന്ദ്രമായിത്തീർന്നു.
സുറിയാനി സഭയ്ക്കുള്ള 'സഹായക മിഷൻ' (ങശശൈീി ീള വലഹു) എന്ന നിലയിലാണ് സി.എം.എസ്. തുടക്കം മുതൽ പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ പ്രിൻസിപ്പലായിരുന്ന ജോസഫ് പീറ്റിനെപ്പോലുള്ള ചിലരുടെ ഇടപെടലും യാതൊരു നവീകരണത്തിലും താൽപ്പര്യമില്ലാതിരുന്ന ചില മതാധികാരികളും മറ്റും സുറിയാനി സഭയും സി.എം.എസും തമ്മിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നുപോന്ന സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തി. 1836 ജനുവരി 16ന് മാവേലിക്കരയിൽ കൂടിയ സുന്നഹദോസ് തീരുമാനപ്രകാരം (മാവേലിക്കര പടിയോല) സി.എം.എസുമായുള്ള ബന്ധം വിച്ഛേദിക്കുവാൻ തീരുമാനിച്ചു. തുടർന്ന്, കോട്ടയം കോളജിൽനിന്ന് സുറിയാനി വിദ്യാർത്ഥികളെ പിൻവലിക്കാൻ തീരുമാനിച്ചു. പഴയ സ്ഥലത്ത് തുടരാൻ ബുദ്ധിമുട്ടുള്ളതിനാൽ പുതിയ ഒരു സ്ഥലത്തേക്ക് കോളജ് മാറ്റി സ്ഥാപിക്കാൻ പ്രിൻസിപ്പൽ ജോസഫ് പീറ്റ് തീരുമാനിച്ചു. താൻ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതിവിശാലമായ ക്യാമ്പസ്സാണു പീറ്റ് തിരഞ്ഞെടുത്തത്. (ഇപ്പോൾ കോട്ടയം സി.എം.എസ്. കോളജ് സ്ഥിതി ചെയ്യുന്ന ക്യാമ്പസ്; അതിലെ 'പ്രിൻസിപ്പൽസ് ബംഗ്ലാവാ'യിരുന്നു പീറ്റിന്റെ ഔദ്യോഗിക വസതി. ഇത് ബെയിലിക്കുശേഷം കോളജിന്റെ പ്രിൻസിപ്പലായിരുന്ന ജോസഫ് ഫെൻ പണികഴിപ്പിച്ചതായിരുന്നു. ഫെൻ മുതലുള്ള മുഴുവൻ പ്രിൻസിപ്പൽമാരും ഈ വസതിയിൽത്തന്നെ താമസിക്കുവാൻ ജാഗ്രത കാട്ടിയിരുന്നു.) അറുപതേക്കറോളം വിസ്തൃതിയുണ്ടായിരുന്ന അവിടെ ഒരു താൽക്കാലിക ഓല ഷെഡ്ഡുണ്ടാക്കി, കോളജ് അങ്ങോട്ടു മാറ്റി.
മീനച്ചിലാറിന്റെ തീരത്തുകൂടി കോട്ടയം കിഴക്കോട്ടു വളരുന്ന കാഴ്ചയാണ് 16,17,18,19 നൂറ്റാണ്ടുകളിൽ കാണാൻ കഴിയുന്നത്. തളിക്കോട്ടയിലെ കോട്ടയ്ക്കകം 'കോട്ടയ'മായി. താഴത്തങ്ങാടി വ്യാപാരകേന്ദ്രമായി വളർന്നു. തളിക്കോട്ടയ്ക്കുതാഴെ ആയിരം വർഷത്തോളം പഴക്കമുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. ഗോവിന്ദപുരത്തിനും തളീക്കോട്ടയ്ക്കും ഇടയിലായി മീനച്ചിലാറിന്റെ തീരത്തുതന്നെ 16-ാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളി; അതോടുചേർന്ന് തെക്കുംകൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് അവിടേക്കു കുടിയേറിയ ക്രിസ്ത്യൻ സമൂഹം. മീനച്ചിലാറിന്റെ തീരത്ത് ഗോവിന്ദപുരത്ത് കോട്ടയം കോളജ്. അതിനും കിഴക്കുമാറി, മീനച്ചിലാറിന്റെ തീരത്തുതന്നെ സി.എം.എസ്. പ്രസ്സ്. സി.എം.എസ്. പ്രസ്സിനു തെക്കുഭാഗത്തായി ബെയിലി നിർമ്മിച്ച കത്തീഡ്രൽ പള്ളിയുടെ പണി 1842 -ൽ പൂർത്തിയായി. സി.എം.എസ്. പ്രസ്സ് സ്ഥാപിക്കപ്പെട്ട 'ബെയിലിക്കുന്നി'ന് കിഴക്കുമാറി കോട്ടയം കോളജിന്റെ പുതിയ ക്യാമ്പസ്.
തളിക്കോട്ടയും കോട്ടയ്ക്കകവും കേന്ദ്രമായി വികസിച്ച കോട്ടയം, കോളജും പ്രസ്സും കത്തീഡ്രലുമൊക്കെയായി കിഴക്കോട്ടു വളരുമ്പോഴും ഒരു പട്ടണമായിരുന്നില്ല, ഗ്രാമം ആയിരുന്നു. എന്നാൽ തൊട്ടടുത്ത ആലപ്പുഴയാകട്ടെ വിവിധ മതക്കാരും സമുദായക്കാരും ദേശക്കാരും ഇടകലർന്ന് പരസ്പര സമ്പർക്കത്തിൽ വസിക്കുന്ന ഒരു തുറമുഖ പട്ടണമായിരുന്നു. ആയിരത്തി എണ്ണൂറ്റിപത്തുകളിൽ ഇരുസ്ഥലങ്ങളും തമ്മിലുണ്ടായിരുന്ന ഭേദം 'മിഷനറി രജിസ്റ്ററിൽ' ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''കന്യാകുമാരിയിൽനിന്ന് 120 മൈലും കൊല്ലത്തുനിന്ന് 60 മൈലും വടക്കുമാറി കൊച്ചിയിൽനിന്ന് 40 മൈൽ ദൂരത്തിൽ, മലബാറിന്റെ തീരദേശത്തു കിടക്കുന്ന വലിയൊരു പട്ടണമാണ്'' ആലപ്പുഴ. തദ്ദേശീയ ജനവിഭാഗങ്ങളെകൂടാതെ മൂറുകൾ (വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറബി-നീഗ്രോ സങ്കരവർഗ്ഗം) തുടങ്ങിയവരും അവിടെ താമസിച്ചിരുന്നു. വ്യാപാരത്തിന് പല രാജ്യങ്ങളിൽനിന്ന് വന്ന്, വീടുവെച്ച് താമസിക്കുന്നവർ വേറെ. ഇവരെല്ലാംകൂടി 13,000 പേർ ആലപ്പുഴയിൽ താമസിക്കുന്നു. എന്നാൽ കോട്ടയമാകട്ടെ, ആലപ്പുഴയിൽനിന്ന് പതിനെട്ടു മൈൽ മാറി മലബാർ തീരത്തു കിടക്കുന്നതും ഏകദേശം 300 ആൾക്കാർ മാത്രം താമസിക്കുന്നതുമായ ഒരു ഗ്രാമമാണ്. ഇത് പുതിയ സിറിയൻ കോളജിന് (കോട്ടയം കോളജ്) വളരെ അടുത്ത്  ആണ്.
പിൽക്കാലത്ത് കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായിത്തീർന്ന തിരുനക്കര അന്ന്, പരിമിതമായ മനുഷ്യവിഹാരം മാത്രമുണ്ടായിരുന്ന സ്ഥലമാണ്. തെക്കുംകൂർ രാജാക്കന്മാർ നിർമ്മിച്ച തിരുനക്കര ക്ഷേത്രം, ക്ഷേത്രത്തോടു ബന്ധപ്പെട്ട ചില വാസസ്ഥലങ്ങൾ, സംസ്‌കൃതവിദ്യാകേന്ദ്രംകൂടിയായിരുന്ന സ്വാമിയാർ മഠം- ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. തെക്കുംകൂർ രാജാക്കന്മാർ വസ്ത്രം നെയ്യുന്നതിനായി കൊണ്ടുവന്നു പാർപ്പിച്ച ചാലിയന്മാർ തിരുനക്കരയുടെ വടക്കേ കുന്നിലുണ്ടായിരുന്നു; പിന്നീട് ആ പ്രദേശം ചാലുകുന്നായി.
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടു മുമ്പുവരെ സമീപപ്രദേശങ്ങളിൽനിന്നുപോലും കോട്ടയത്തെത്താൻ പൊതുവഴികളുണ്ടായിരുന്നില്ല. ഗതാഗതം ജലമാർഗേണയായിരുന്നു. അല്ലെങ്കിൽ ഒറ്റയടിപ്പാതകളിലൂടെ കാൽനടയായോ കുതിരപ്പുറത്തോ സഞ്ചരിക്കണം. മീനച്ചിലാറിന്റെ ഓരംപറ്റി കോട്ടയം വളർന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. വടക്കുമീനച്ചിലാറുപോലെ തെക്ക് കൊടൂരാറ് ഉണ്ടെങ്കിലും കൊടൂരാറിന്റെ ഇരുവശത്തും ദീർഘദൂരം ചതുപ്പുകളായതുകൊണ്ട് ഇന്നും അവിടം വിജനമായിത്തന്നെ അവശേഷിക്കുന്നു. 'കൊളംബിലേക്കുള്ള യാത്രാവിവരണം' എഴുതിയ കാരുചിറ ഗീവർഗീസ് ശെമ്മാശൻ 1892ൽ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു സഞ്ചരിച്ചത് വള്ളത്തിലായിരുന്നു. കോട്ടയം-ചങ്ങനാശ്ശേരി റോഡ് ഉണ്ടായത് 1874 ൽ ആണ്. വെണ്ണിമലയും തളീക്കോട്ടയുംപോലെ തെക്കുംകൂറിന്റെ മറ്റൊരു ആസ്ഥാനമായിരുന്നു ചങ്ങനാശ്ശേരി എന്നുള്ളത് ഓർമ്മിക്കാവുന്നതാണ്. 1875-78 വർഷങ്ങളിൽ കോട്ടയം- ആലുവാ റോഡും 1879-80 ൽ കോട്ടയം -കുമളി റോഡും ഉണ്ടായി. ചങ്ങനാശ്ശേരിയിൽനിന്ന് കോടിമതയെത്തുന്ന റോഡിന്റെ തുടർച്ചയായി കോട്ടയം-കുമളി റോഡ് തിരുനക്കരനിന്ന് കിഴക്കോട്ട്; ആലുവാ റോഡ് തിരുനക്കരയെത്തി, അതിനോട് യോജിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ റോഡ് ഗതാഗതം കാര്യക്ഷമമായതോടെ തിരുനക്കരയ്ക്കു പ്രാധാന്യം ലഭിച്ചു; തിരുനക്കരയോളം കോട്ടയം വളർന്നു.
കോട്ടയം എന്ന പേരിൽ ഒരു ഭരണവിഭാഗം ആദ്യമായി നിലവിൽ വന്നത് 1860 ലാണ്. അതിനുമുമ്പ് രണ്ടു 'മുഖ'ങ്ങളായി വിഭജിക്കപ്പെട്ടിരുന്ന തിരുവിതാംകൂറിനെ നാലു ഡിവിഷനുകളായി വിഭജിച്ചു. പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, കോട്ടയം. ഇതിൽ കോട്ടയം ഡിവിഷൻ വിസ്തീർണ്ണത്തിൽ ഒന്നാമതായിരുന്നു. 8,518 ച.കി.മീ. ആയിരുന്നു വിസ്തൃതി. 'ഏലമലപ്രദേശം' എന്നറിയപ്പെട്ടിരുന്ന ഹൈറേഞ്ച് കോട്ടയം ഡിവിഷനിലായിരുന്നു. 1909ൽ അഞ്ചാമതു ഡിവിഷനായി ദേവികുളം രൂപീകരിച്ചപ്പോൾ കോട്ടയം ചെറുതായി. 1911-21 കാലയളവിൽ തിരുവിതാംകൂറിലെ ഡിവിഷനുകളെ പുനർനിർണ്ണയിച്ചു. പത്മനാഭപുരവും തിരുവനന്തപുരവും ചേർത്ത് ഒരു ഡിവിഷനാക്കി-തിരുവനന്തപുരം കോട്ടയം  ഡിവിഷനിൽനിന്നു മൂന്നു വില്ലേജുകളെ കൊല്ലം ഡിവിഷനിൽ ചേർക്കുകയും ദേവികുളം ഡിവിഷനിലെ ആറു വില്ലേജുകൾ കോട്ടയത്തോടു ചേർക്കുകയും ചെയ്തു. ഈ ഡിവിഷനുകൾ ദിവാൻ പേഷ്‌ക്കാർമാരുടെ കീഴിലായിരുന്നു.
1949 ജൂലൈ 1-ന് തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തോടുകൂടി കോട്ടയത്തിന്റെ ഭാഗമായിരുന്ന കുന്നത്തുനാട്, പറവൂർ എന്നീ താലൂക്കുകൾ മുൻ കൊച്ചീ രാജ്യത്തിലെ ചില താലൂക്കുകളോടു ചേർത്ത് തൃശ്ശൂർ ജില്ല ഉണ്ടാക്കി. ഡിവിഷൻ എന്ന പേരുമാറ്റി ജില്ല എന്നാക്കി. അതോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവയ്‌ക്കൊപ്പം കോട്ടയവും ജില്ലാപദവിയിലെത്തി. മലബാർ പ്രദേശത്തെ കണ്ണൂർ, പാലക്കാട്, കോഴിക്കോട് എന്നിവകൂടിചേർത്ത് ഏഴു ജില്ലകളോടുകൂടി 1956 ൽ ഐക്യകേരളം പിറന്നു. 1957 ഓഗസ്റ്റ് 7-ന് ആലപ്പുഴ ജില്ല പിറന്നപ്പോൾ കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാട് കോട്ടയത്തുനിന്ന് മാറ്റി, ആലപ്പുഴയോടു ചേർത്തു. 1958 ഓഗസ്റ്റ് 1-ന് എറണാകുളം ജില്ല രൂപീകൃതമായപ്പോൾ മൂവാറ്റുപുഴ, തൊടുപുഴ എന്നീ താലൂക്കുകൾ കോട്ടയത്തിനു നഷ്ടമായി. 1972 ജനുവരി 26-ന് ഇടുക്കി ജില്ല രൂപീകരിച്ചപ്പോൾ കോട്ടയത്തിനു നഷ്ടമായത് മൂന്നു താലൂക്കുകൾ- ദേവികുളം, ഉടുമ്പൻചോല, പീരുമേട്.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.