Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

മതപരിവർത്തനവും പുനർമതപരിവർത്തനവും: അർത്ഥം തെറ്റിയ വാക്കുകൾ [Conversion and Re-conversion (Khar Vaapasi): Words with Mistaken Meaning]

ഡോ. ബാബു ചെറിയാൻ

    മതപരിവർത്തന നിരോധനം, പുനർമതപരിവർത്തനം എന്നൊക്കെയുള്ള പദങ്ങൾ ഉയർത്തിപ്പിടിച്ച് ഇപ്പോൾ സംവാദത്തിലേർപ്പെടുന്നവർ പ്രസ്തുത വാക്കുകൾ ഉൾക്കൊള്ളുന്ന പരികൽപ്പനകളോ അവയുടെ അർത്ഥംപോലുമോ തിരിച്ചറിയാതെയാണ് വാദപ്രതിവാദങ്ങളിലേർപ്പെടുന്നത്. 'ഘർ വാപസി' എന്നതിനു തുല്യമായി മാധ്യമങ്ങൾ സൃഷ്ടിച്ച ഒരു പദമാണ് 'പുനർമതപരിവർത്തനം'. എന്നാൽ ഈ പ്രയോഗത്തിനു ചരിത്രപരമായ യാതൊരു പ്രയോഗസാധുതയുമില്ല. മേൽപ്പറഞ്ഞവിധത്തിൽ വെളിവും വെളിച്ചവുമില്ലാത്ത വാദപപ്രതിവാദങ്ങളിലേർപ്പെടുന്നത്, അറിവില്ലായ്മകൊണ്ടോ വസ്തുതകൾ മനപ്പൂർവ്വം മറച്ചുവെക്കാൻ ശ്രമിക്കുന്നതുകൊണ്ടോ ആകാം. മതപരിവർത്തനം, പുനർമതപരിവർത്തനം എന്നീ വാക്കുകളുടെ കാര്യത്തിലുണ്ടായിട്ടുള്ള അതേ വിപര്യയംതന്നെ 'നവോത്ഥാനം', 'ആധുനികത' തുടങ്ങിയ വാക്കുകളുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. നവോത്ഥാനമെന്നാൽ നമുക്കിന്ന് സാമുദായികപരിഷ്‌കരണമാണ്; അതങ്ങനെയാണെന്ന് പണ്ഡിതന്മാരും സമ്മതിച്ചുകഴിഞ്ഞ മട്ടാണ്.
     'ഘർ വാപസി' എന്നാൽ 'വീട്ടിലേക്ക് മടങ്ങുക' എന്ന് പദാർത്ഥം. ഗൃഹാതുരത്വത്തിന്റെ കാൽപ്പനികതയിലുടെ ചരിത്രത്തിന്റെ കാൽപ്പനികതയിൽ കാലത്തെ തളച്ചിടാൻ ലക്ഷ്യമിട്ടിരിക്കുന്നവർ ഇതിൽ മറച്ചുവെച്ചിരിക്കുന്ന പരിപാടിയാകട്ടെ, സനാതന ധർമ്മത്തിലേക്ക്, കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ, ഹിന്ദുമതത്തിലേക്ക് മറ്റു മതസ്ഥരെ പരിവർത്തനംചെയ്യലാണ്.
     എന്താണ് സനാതനധർമ്മം അഥവാ ഹിന്ദുമതം? ചാതുർവർണ്യത്തിലധിഷ്ഠിതമായ ബ്രാഹ്മണിക്കൽ ഹിന്ദുമതമാണ് അത്.
      മതപരിവർത്തനമെന്നാലെന്താണ്? ഒരു വ്യവസ്ഥാപിത മതത്തിൽനിന്ന്, ഉയർന്ന സാമൂഹിക പദവിയോ മറ്റ് ആനുകൂല്യങ്ങളോ നേടുന്നതിനുവേണ്ടി, മറ്റൊരു വ്യവസ്ഥാപിത മതത്തിലേക്ക് പരിവർത്തനം ചെയ്യലാണ് അത്.
     ഇന്ത്യയിലെ (കേരളത്തിലെയും) ആദിവാസികൾ, ഗോത്രവിഭാഗങ്ങൾ, ഈഴവർ, സാംബവർ, ചേരമർ് തുടങ്ങി സാമൂഹികമായി പിന്നാക്കംനിന്ന മറ്റു ജനവിഭാഗങ്ങൾ എന്നിങ്ങനെയുള്ള അസംഖ്യം ഭിന്ന ഭിന്ന ജനവിഭാഗങ്ങളിൽപ്പെട്ടവർ-ഇവരുടെയൊക്കെ മതം എന്തായിരുന്നു? ക്രിസ്തുമതമോ ഹിന്ദുമതമോ അതോ മുസ്ലിംമതമോ? ഇവരാരും ഒരു വ്യവസ്ഥാപിത മതത്തിലും പെട്ടവരായിരുന്നില്ല എന്നത് ഒരു വസ്തുതയും ചരിത്രയാഥാർത്ഥ്യവുമാണ്. ഇവരാരും സനാതനധർമ്മത്തിൽപ്പെട്ടവരോ സനാതനധർമ്മത്തിന്റെ ഉടയവരായ ബ്രാഹ്മണിക്കൽ ഹിന്ദുമതം രൂപപ്പെടുത്തിയ നാലു വർണങ്ങളിൽപ്പെട്ടവരോ ആയിരുന്നില്ല. മതമില്ലാതിരുന്ന ഇവരെ 'ലോ കാസ്റ്റ്' എന്നു വിളിച്ചത്, സ്വയം 'ഹൈ കാസ്റ്റ'് എന്നു തെറ്റിദ്ധരിച്ചവരാണ്. സത്യത്തിൽ അവർ 'നോ കാസ്റ്റ്' ആയിരുന്നു. ഒരു മതവുമില്ലാതിരുന്ന, അതേസമയം ബ്രാഹ്മണിക്കൽ ഹിന്ദുമതം അടിച്ചേൽപ്പിച്ച ജാതിവ്യവസ്ഥയുടെ ഫലമായി, (വീട്ടുകാരും നാട്ടുകാരുമായിരുന്നിട്ടും) എല്ലാ സാമൂഹിക അവകാശങ്ങളിൽനിന്നും ആട്ടിയകറ്റപ്പെട്ട, ഇത്തരം ജനവിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്കു ചേർക്കുകയാണു ക്രിസ്ത്യൻ മിഷനറിമാർ ചെയ്തത്. അത് മതപരിവർത്തനമായിരുന്നില്ല. 'മതാരോഹണം' ആയിരുന്നു (കടപ്പാട്: പ്രൊഫ. ടി എം. യേശുദാസന്റെ ബലിയാടുകളുടെ വംശാവലി). അതുകൊണ്ട്, പുനർമതപരിവർത്തനം എന്നു പറയുന്നത് യാഥാർത്ഥ്യബോധമോ ചരിത്രബോധമോ തീരെയില്ലാത്തതുകൊണ്ടാണ്. മതാരോഹകർ മറ്റൊരു മതത്തിൽ ചേരുന്നത് പുനർമതപരിവർത്തനമല്ല, മതപരിവർത്തനമാണ്. എന്തെങ്കിലും നേട്ടം ഉറപ്പുനൽകി, വീട്ടലേക്കെന്നു പറഞ്ഞ് വിളിച്ചിറക്കിക്കൊണ്ടുപോയി സ്വത്വഹനനം ചെയ്യുന്നതും ചാതുർവർണ്യാധിഷ്ഠിതമായ ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിൽ ചേർക്കാൻ ശ്രമിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമുള്ള മതാരോഹണമല്ല; നിർബന്ധിത മതപരിവർത്തനമാണ്. 'സാമുദായികപരിഷ്‌കരണ' ഉദ്യമങ്ങളെ 'നവോത്ഥാന'മായി വിശേഷിപ്പിക്കുന്ന വിജ്ഞാനവിശേഷംകൊണ്ടും കാഴ്ചക്കുറവുകൊണ്ടും 'മതാരോഹണ'ത്തെ 'മതപരിവർത്തന'മായി തെറ്റിപ്പറഞ്ഞ് ആടിനെ പട്ടിയാക്കരുത്. മതാരോഹണം ക്രിസ്തുമതത്തിലേക്കോ ഹിന്ദുമതമതത്തിലേക്കോ മുസ്ലിംമതത്തിലേക്കോ മറ്റെവിടേക്കെങ്കിലുമോ ആകട്ടെ, തടയേണ്ട കാര്യം ആർക്കുമില്ല. മറിച്ച്, മതപരിവർത്തനം സ്വമേധയാ അല്ലെങ്കിൽ തടയേണ്ടതാണ്. എന്നാൽ ആരെങ്കിലും മതരഹിതനായി ജീവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള സ്വാതന്ത്ര്യവും നൽകണം.
      തലമുറകളായി ക്രിസ്ത്യൻ-മുസ്ലിം വിശ്വാസത്തിൽ കഴിഞ്ഞുപോന്നവർ രണ്ടുമൂന്നു ദിവസംകൊണ്ട്, പുരാണേതിഹാസങ്ങളും വേദോപനിഷത്തുകളും പഠിച്ച്, മനസ്സിലാക്കി, ഹിന്ദുമതത്തിലേക്ക് സ്വമേധയാ ചേരുന്നു എന്നു പറയുന്നത് സത്യമല്ല. ഗോത്രവർഗ്ഗജനങ്ങളും ആദിവാസികളും മറ്റു പിന്നാക്കജനവിഭാഗങ്ങളും, അവർ ഏതു മതത്തിലോ രാഷ്ട്രീയ പാർട്ടിയിലോ ഏതു പ്രദേശത്തോപെട്ടവരാകട്ടെ, അവർ ഗോത്രവർഗ്ഗജനങ്ങളും ആദിവാസികളും മറ്റു പിന്നാക്കജനവിഭാഗങ്ങളുംതന്നെയാണ്. ജോലിസംവരണംപോലെയുള്ള അവകാശങ്ങൾ, അവർ ഏതു വിഭാഗത്തിലായിരുന്നാലും, എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാകുമ്പോഴാണ്, തുല്യനീതി ഉണ്ടാകുന്നത്. അല്ലെങ്കിൽത്തന്നെ, നിലവിൽ  അത്തരം സംവരണാനുകൂല്യങ്ങളൊന്നുമില്ലാത്ത ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ സംവരണാനുകൂല്യങ്ങൾ ലഭിക്കുമെന്നുള്ളത്, നീതിരഹിതമാണെന്നുമാത്രമല്ല, നിയമവിരുദ്ധവും  യുക്തിരഹിതവുമാണ്. ഹിന്ദുമതത്തിന് സംവരണാനുകൂല്യങ്ങൾ ഉള്ളതായി അറിവില്ലല്ലോ.  
    ക്രിസ്ത്യൻ മിഷനറിമാർ, വിശിഷ്യ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ, മതവും സാമൂഹികാവകാശങ്ങളും ഇല്ലാതിരുന്നവരെ ക്രിസ്തുമതത്തിൽ ചേർത്തത്, ഒരു രാത്രികൊണ്ടോ ഒരു പകൽകൊണ്ടോ ആയിരുന്നില്ല എന്നത്, അന്നത്തെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും; മാസങ്ങളോളം അവരെ ക്രൈസ്തവധർമ്മം പഠിപ്പിച്ചതിനുശേഷംമാത്രമായിരുന്നു, അവരെ ക്രിസ്തുമാർഗ്ഗത്തിൽ ചേർത്തിരുന്നത്. യൂറോപ്യൻ ആധുനികതയുടെ വെള്ളിവെളിച്ചം മനസ്സിൽ പേറിവന്ന മിഷനറിമാർ ആധുനികതയുടെ ആത്മാവായ 'തുല്യപൗരത്വത്തി'ന്റെ സംസ്ഥാപനത്തിനും എല്ലാ മനുഷ്യർക്കും സാമൂഹികനീതി ഉറപ്പാക്കുന്നതിനുമാണ് പരിശ്രമിച്ചത്. പ്രസ്തുത മിഷനറിമാരുടെ സഹയാത്രികരും പിന്തുടർച്ചക്കാരുമായിരുന്ന തദ്ദേശിയരിൽ ചിലരെങ്കിലും, (അവർ ജാതിവ്യവസ്ഥയുടെ ഓഹരിക്കാരായിപ്പോയതുകൊണ്ടുതന്നെ) ജാതിവ്യവസ്ഥക്കെതിരായ നിലപാടുകളിൽ മിഷനറിമാരുടെ അതേ ആർജ്ജവം പുലർത്തുന്നതിൽ പരാജയപ്പെട്ടുവോ എന്ന് ആത്മവിമർശനത്തോടെ പരിശോധിക്കേണ്ടതാണ്. കേരളത്തിൽ, ഒരു സമുദായമാകെ ക്രിസ്തുമതത്തിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ, മാനസാന്തരം സമുദായത്തിനല്ല, വ്യക്തി വ്യക്തിയായുണ്ടാകേണ്ടതാണെന്നുപറഞ്ഞ്, ഒരു ബിഷപ്പ് അവരെ നിരുത്സാഹപ്പെടുത്തി, മടക്കി അയച്ചത്, സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്.
     ക്രിസ്ത്യൻ മിഷനറിമാർ, വ്യവസ്ഥാപിതമതവിശ്വാസത്തിലേതിലും ഉൾപ്പെടാത്തവരെ, ക്രിസ്തുമതത്തിലേക്കു ചേർത്ത സന്ദർഭത്തിൽ നിലവിലിരുന്ന സാമൂഹിക സാഹചര്യവും അക്കാലത്തെ സാമൂഹിക ബന്ധങ്ങളും മറക്കരുത്. ആധുനികതയുടെയും ജനാധിപത്യത്തിന്റെയും നന്മകൾ ഭാഗികമായെങ്കിലും അനുഭവിക്കുന്ന നമ്മെ സംബന്ധിടത്തോളം കേട്ടാൽ വിശ്വസിക്കാൻപോലും വയ്യാത്തവിധം, മൃഗങ്ങളെ വിൽക്കുന്നതുപോലെ, സഹജീവികളെ കരണമെഴുതി വിറ്റിരുന്ന ഒരു സാമൂഹിക സാഹചര്യമാണ് അന്നു കേരളത്തിൽ (ഇൻഡ്യയിലും) നിലവിലിരുന്നത്. തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചുകൊണ്ടുള്ള രാജകീയവിളംബരമുണ്ടാകുന്നത് 1855-ൽ ആയിരുന്നു. അതിന് 20 വർഷംമുമ്പ്, 1835 മാർച്ച് 8-ന്, മൺറോ ഐലൻഡിന്റെ ട്രസ്റ്റിമാരായിരുന്ന ബെഞ്ചമിൻ ബെയിലിയും ജോസഫ് പീറ്റും, മൺറോ ഐലൻഡിലെ ഓരോ അടിമക്കുടിയിലും കയറി, ഇനി മേലാൽ മൺറോ ഐലൻഡിലെ മുഴുവൻ അടിമകളും സ്വതന്ത്രരായിരിക്കുമെന്നുള്ള രേഖ, ഓരോ കുടുംബനാഥനും നൽകി. മിഷനറിമാരുടെ പലവിധ പ്രവർത്തനങ്ങളിലൊന്നായി, ലഘൂകരിച്ച്, കണക്കെഴുതിത്തള്ളാവുന്ന ഒന്നായിരുന്നില്ല ഇത്. കേരളത്തിൽ സംഘ-ബൗദ്ധകാലങ്ങൾക്കുശേഷം സ്വാധീനമുറപ്പിച്ച ബ്രാഹ്മണിക്കൽ ഹിന്ദുമതം അനവധി നൂറ്റാണ്ടുകൾകൊണ്ട് സ്ഥാപിച്ചെടുത്ത ചാതുർവർണ്യവ്യവസ്ഥിതിയും ജന്മിത്വവും കൂട്ടുചേർന്നു രൂപപ്പെടുത്തിയ  അടിമത്തവ്യവസ്ഥയുടെ തലയ്കു നൽകിയ ആദ്യപ്രഹരമായിരുന്നു അത്. എന്തിനും ഏതിനും ഒരു തുടക്കം വേണം. കേരളത്തിൽ ഫ്യൂഡലിസത്തിന്റെയും ജന്മിത്തവ്യവസ്ഥിതിയിലെ സാമൂഹികബന്ധമായ അടിമ-ഉടമബന്ധത്തിന്റെയും തകർച്ചയ്കു തുടക്കംകുറിച്ചത്, ആ പ്രഹരമായിരുന്നു. ഇന്ന് ഇൻഡ്യയുടെ പല ഭാഗത്തും, വ്യവസ്ഥാപിത മതങ്ങങ്ങളിലൊന്നും ഉൾപ്പെടാത്തവരും പ്രാന്തവൽക്കരിക്കപ്പെട്ടവരും പിന്നാക്കം തള്ളപ്പെട്ടവരുമായ ധാരാളം ജനവിഭാഗങ്ങളുണ്ട്. സത്യസന്ധതയും ആത്മാർത്ഥതയുമുണ്ടെങ്കിൽ, സഹായവും പരിഗണനയും ആവശ്യമുള്ള ഇത്തരം ജനവിഭാഗങ്ങളെ തുല്യപൗരത്വമുള്ളവരായി ജീവിക്കാൻ അനുവദിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളിലാണ്, ഈ ജനാധിപത്യയുഗത്തിൽ എല്ലാവരും ഏർപ്പെടേണ്ടത്; പകയും വിദ്വേഷവും ഉണ്ടാക്കുകയല്ല വേണ്ടത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, മിക്ക മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മതങ്ങളും ആ 'കൂലിയില്ലാപ്പണി' ഏറ്റെടുക്കാൻ തയ്യാറാകാതെവരുമ്പോൾ, അത്തരം ശൂന്യസ്ഥലികളിൽ നിറയുന്നത് മാവോയിസ്റ്റുകളെപ്പോലുള്ള തീവ്രവാദികളും മറ്റു സാമൂഹിക വിരുദ്ധരുമാണ്; ചുരുക്കം ചിലയിടങ്ങളിൽ ദുർബലരായ ചില സന്നദ്ധസംഘടനകളും. അതുകൊണ്ടുതന്നെ, ആധുനിക സമൂഹം മാവോയിസ്റ്റുകളെ വേട്ടയാടുന്നതിനുമുമ്പ് മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ വേട്ടയാടണം. രോഗലക്ഷണത്തെയല്ല ചികിത്സിക്കേണ്ടത്; രോഗത്തെ ചികിത്സിക്കുന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിശാസ്ത്രം.
     ഇരുന്നൂറു ദിവസം നിൽപ്പുസമരം നടത്തിയ ആദിവാസികളെ ഓർമ്മിക്കുന്നു. അവരുടെ മതമേതാണ്?് അവരും മനുഷ്യരാണെന്നും അവർക്കും ഈ ജനാധിപത്യരാജ്യത്ത് മറ്റു പൗരന്മാരെപ്പോലെ ജീവിക്കാൻ അവകാശമുണ്ടെന്നും പറയാൻ വടക്കുനിന്നൊരു മേധാ പട്കർ വരേണ്ടിവന്നു. വലിയ ധർമ്മങ്ങളെക്കുറിച്ച്  അഭിമാനിക്കുകയും അധർമ്മങ്ങളെക്കുറിച്ച് വേദനിക്കുകയുമൊക്കെച്ചെയ്യുന്ന നമ്മൾ ആര്യാധിനിവേശംമുതൽ ആംഗ്‌ളേയാധിനിവേശംവരെയുള്ള ചരിത്രം പഠിക്കാനുള്ള വിനയം കാട്ടണം. അതിനൊക്കെമുമ്പും ഇൻഡ്യയിൽ മനുഷ്യരുണ്ടായിരുന്നുവെന്നും മനസ്സിലാക്കണം. സംഘകാലംതൊട്ടുള്ള ചരിത്രമെങ്കിലും അറിയാൻ ശ്രമിക്കുന്നതു നന്നാണ്. അതു പ്രയാസമെങ്കിൽ രണ്ടു നൂറ്റണ്ടുമുമ്പത്തെ കേരളത്തിന്റെ സാമൂഹികജവിതത്തെക്കുറിച്ചെങ്കിലും അറിയാൻ ശ്രമിക്കണം. അറുപതു വയസ്സുള്ള ഒരാൾ ലോകത്തിന് നാൽപ്പത്തിയഞ്ചു വർഷത്തിന്റെ ചരിത്രമേയുള്ളു എന്നു കരുതിയാൽ എന്തുചെയ്യും? ഇപ്പോൾ പലരുടെയും ചരിത്രവിചാരം അത്തരത്തിലാണ്. ചരിത്രം പഠിച്ചതുകൊണ്ടുമാത്രമായില്ല. ഓരോ കാലത്തെയും മനുഷ്യരെയും അവരുടെ സാമൂഹികജീവിതത്തെയും സ്പർശിച്ചറിയുന്ന ചരിത്രപഠനമാണ് വേണ്ടത്. ഏത് അധിനിവേശത്തിനും എല്ലാത്തരം അധികാര രുപങ്ങൾക്കും കുറെ ഗുണങ്ങളും ഏറെ ദോഷങ്ങളും ഉണ്ട്. മറ്റുള്ളവർക്കൊപ്പം ഭക്ഷിക്കാനോ പൊതുവഴിയിലൂടെ നടക്കാനോ പൊതുകിണറ്റിൽനിന്നു വെള്ളമെടുക്കാനോ അവകാശമില്ലാത്ത ധാരാളം മനുഷ്യർ 'ആധുനിക', 'ജനാധിപത്യ' ഇൻഡ്യയിലുണ്ട്. ആ മാനവരെ സേവിക്കാൻ ഉത്സാഹിക്കണം. അവരെ 'തുല്യപൗരന്മാരാ'യി അംഗീകരിക്കാനും അംഗീകരിപ്പിക്കാനും തയ്യാറാകണം. അവർക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം തുടങ്ങിയവ നൽകാം. എല്ലാവരെയും സർക്കാർ ജോലിക്കാരാക്കുന്നതിനുമുമ്പ്, എല്ലാവർക്കും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും നൽകാൻ നമുക്ക് യത്‌നിക്കാം.  
     ഒടുവിൽ ഒരു സംശയംകൂടി: 'വീട്ടിലേക്കു മടങ്ങുക'-ഏതു വീട്ടിലേക്കാണു മടങ്ങേണ്ടത്? കേരളം ആധുനികമായിത്തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിൽപ്പോലും, മൃഗങ്ങളെയെന്നപോലെ മനുഷ്യരെ കരണമെഴുതി വിറ്റ ചാതുർവർണ്യത്തമ്പുരാക്കന്മാർ 'നരബലി' നൽകി ഉറപ്പിച്ചെടുത്ത അടിമത്തവ്യവസ്ഥയിലെ 'അടിമവീടുകളി'ലേക്കോ? അവിടെനിന്നായിരുന്നു അവർ, മറെറാരു വീട്ടിലേക്കു 'കയറി'പ്പോയത്.
                                                                                          (ജ്ഞാനനിക്ഷേപം)          

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.