Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

സി.എം.എസ് കോളജ്: ആധുനികതയുടെ പ്രകാശഗോപുരത്തിന് 200 വയസ്സ് (C.M.S. College: Light House of Modernity @ 200)

ഡോ. ബാബു ചെറിയാന്‍

ഇന്ത്യയിലെ ആദ്യത്തെ കോളജായ കോട്ടയം സി.എം.എസ് കോളജിന് 200 വയസ്സ്.
1815 മാര്‍ച്ചില്‍ ഏകദേശം ഇരുപത്തിയഞ്ചു കുട്ടികളെയുമായി ആധ്യയനമാരംഭിച്ച കോളജില്‍ ഇന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍.
'ഇംഗ്ലീഷ് വിദ്യാഭ്യാസ'മെന്നു വിളിപ്പേരുള്ള 'ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം' ഈ രാജ്യത്തു തുടങ്ങുന്നതിനും ഒരു വിഷയമെന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷ ആദ്യമായി പഠിച്ചു തുടങ്ങുന്നതിനും കാലം ഉപകരണമാക്കിയത് ഈ കോളജിനെ ആണെന്നുള്ളത്, ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നിരിക്കാം.പ്രാചീന ജാതി-അടിമത്ത ജാതി-അടിമത്ത-ജന്മി നാടുവാഴിച്ച സാമൂഹിക വ്യവസ്ഥയില്‍ നിന്ന് ആധുനികതയിലേക്കു മാറാന്‍ നാടിനു പ്രചോദനമായിത്തീര്‍ന്ന ഈ ഉന്നതവിദ്യാഭ്യാസ കേന്ദ്രം നാട്ടു തലമുറകളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കു നടത്തി.
തിരുവിതാംകൂര്‍ രാജ്യത്തെ ദിവാനും (1811-1814) ബ്രിട്ടീഷ് റസിഡണ്ടും (1810-1819)  സി.എം.    എസ്. കോളജിന്റെ സ്ഥാപകനുമായിരുന്ന ജോണ്‍ മണ്‍റോ കോളജിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച 1813 മുതല്‍ എല്ലാ എഴുത്തുകുത്തുകളിലും ഈ സ്ഥാപനത്തെ 'കോട്ടയം കോളജ്' എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. അക്കാലംവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പുതിയതരം വിദ്യാഭ്യാസസ്ഥാപനത്തെ നാട്ടുകള്‍ 'പടിത്തവീട്' 'പടിത്തപ്പുര' എന്നൊക്കെ നാവിനു വഴങ്ങുന്ന പേരുകള്‍ വിളിച്ചു. അഭ്യസ്ത വിദ്യരായ ചിലര്‍ 'കോട്ടയം കോളജിനെ എളുപ്പത്തില്‍ സെമിനാരി' എന്നു വിളിച്ചു പോന്നു.  'കോട്ടയം കോളജ്' കോട്ടയം പട്ടണത്തിന്റെ ഉല്പത്തി വികാസത്തില്‍ തുടങ്ങി രാജ്യത്തെ ഭരണ രഥ്യകളില്‍ വരെ സ്വാധീനം ചെലുത്തി ആധുനിക മലയാശ ഗദ്യഭാഷയുടെ ഗദ്യസാഹിത്യത്തിന്റെയും വികാസം മുതല്‍ സ്വദേശം വിദേശങ്ഹളിലെ ഇന്ത്യയുടെ രാഷ്ടതന്ത്രജ്ഞതയില്‍ വരെ ഈ കോളജിന്‍രെ കരസ്പര്‍ശം പതിഞ്ഞു കിടക്കുന്നു. സായിപ്പ് 'കോട്യം കോളജ്' എന്ന് ഉച്ചരിക്കുകയും എഴുതുകയും ചെയ്തിരുന്ന 'കോട്ടയം കോളജ്' കേവലമൊരു കോളജ് അല്ല, നാടിന്റെ ഗതി നിര്‍ബന്ധിച്ചിരുന്ന ഒരു മഹദ് പ്രസ്ഥാനമായിരുന്നു.
ഇന്ത്യയില്‍ ആദ്യയൂണിവേഴ്‌സിറ്റികള്‍ ഉണ്ടാകുന്നതിന് നാല്പത്തിരണ്ടു വര്‍ഷം മുമ്പു സ്ഥാപിക്കപ്പെട്ടതാണു 'കോട്ടയം കോളജ്'. ദിവാന്‍ ജോണ്‍ മണ്‍റോ ഈ കോളജ് സ്ഥാപിച്ചതിന് വ്യക്തമായ രണ്ട് ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു: ഒന്ന്, തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി യുവാക്കള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുക, വിദ്യാസമ്പന്നരായ സുറിയാനി യുവാക്കളെ പുരോഹിതന്മാരാക്കുക വഴി വിദ്യാഭ്യാസമുള്ള പുരോഹിതന്മാരുടെ നേതൃത്വം പ്രാദേശിക സഭയുണ്ടാക്കുക, ഇതിലുപരിയായി സര്‍ക്കാര്‍ യോഗങ്ങളിലും മറ്റും നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവരെ ആ സമൂഹത്തില്‍ നിന്ന് സൃഷ്ടിച്ചെടുക്കുകയും അവര്‍ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കു പരിഹാരം കാണുകയും ചെയ്യുക. രണ്ട്, തിരുവിതാംകൂര്‍ സര്‍ക്കാരിലെ എല്ലാ വകുപ്പുകളിലേക്കും നിയമിക്കപ്പെടുന്നതിനുള്ള വിദ്യാസമ്പന്നരായ യുവാക്കളെ കോളജില്‍ പരിശീലിപ്പിച്ചെടുക്കുക. ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭത്തില്‍ യൂറോപ്പിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇങ്ങനെ മതപരവും മതേതരവുമായ രണ്ടു ഉദ്ദേശ്യങ്ങളോടു കൂടിയവയായിരുന്നു. പ്രസ്തുത യൂറോപ്യന്‍ രീതിയില്‍ 'കോളേജിയോ സെമിനാരിയോ' എന്ന നിലയിലാണ് 'കോട്ടയം കോളജി'ന്റെയും ആരംഭം.
ഒരു പുതുവിദ്യാഭ്യാസ സ്ഥാപനമായി 'കോട്ടയം കോളജി'നെ കണ്ട ദിവാന്‍ ജോണ്‍ മണ്‍റോയ്ക്ക്, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. രാജ്യത്തെ പരമോന്നതപദവികളായ 'ദിവാന്‍', 'റസിഡണ്ട്' എന്നിവ രണ്ടും മണ്‍റോയില്‍ കേന്ദ്രീകരിച്ചതിനാല്‍, തിരുവിതാംകൂര്‍ രാജ്ഞിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ആവശ്യമായ സഹായങ്ങള്‍ തുടക്കത്തിലും പിന്നീടും ലഭ്യമാക്കുന്നതിനു മണ്‍റോയ്ക്കു പ്രയാസമുണ്ടായിരുന്നില്ല. * ജോണ്‍ മണ്‍റോ തിരുവിതാംകൂറിലെത്തുകയും മുന്‍പറഞ്ഞ രാഷ്ട്രീയ സാഹചര്യം ഒത്തുവരികയും ചെയ്യുന്നില്ലെങ്കില്‍, ഏറെ യാഥാസ്ഥിതികവും ജാതി-അടിമത്ത ജന്മിത്ത നാടുവാഴിച്ച വ്യവസ്ഥ രൂപം മൂലവും ആയിരുന്ന തിരുവിതാംകൂറില്‍ 'ഇംഗ്ലീഷ്' മട്ടിലുള്ള ഒരു കോളജ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഉണ്ടാകുമായിരുന്നില്ല. തിരുവിതാംകൂര്‍ ഭരണവ്യവസ്ഥയെ അടിമുടി ആധുനീകരിച്ച മണ്‍റോയ്ക്ക്, സര്‍ക്കാര്‍ പദവികളിലും തസ്തികകളിലും നിയമിക്കുന്നതിന് വിദ്യാസമ്പന്നരായ ധാരാളം പേരെ ആവശ്യമുണ്ടായിരുന്നു താനും. കോളജ് നിര്‍മ്മിക്കുന്നതിന് ഗോവിന്ദപുരം കരയില്‍ മീനച്ചിലാറിന്റെ തീരത്ത് പതിനാറ് ഏക്കര്‍ സ്ഥലം, കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പണവും തടി മുതലായ  വസ്തുക്കളും, പലപ്പോഴായി നല്‍കിയ പലവിധ ഗ്രാന്റുകള്‍, കോളജിന്റെ നിത്യനിദാനച്ചെലവുകള്‍ക്കായി കൊല്ലത്തിനടുത്ത് കല്ലടയാറിന്റെ തീരത്തു നല്‍കിയ ഏകദേശം 2000 ഏറ്ററോളം ഭൂമി (ഏഴുമൈല്‍ ചുറ്റളവുണ്ടായിരുന്നു ഈ സ്ഥലത്തിന്. മണ്‍റോയോടുള്ള ആദരസൂചകമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ സ്ഥലത്തിന് 'മണ്‍റോ തുരുത്ത്' എന്നു പേരു നല്‍കി. 1926-ല്‍ കോളജിന്റെ അപേക്ഷപ്രകാരം സ്ഥലം തിരുവിതാംകൂര്‍ സര്‍ക്കാര്‍ തിരികെ എടുക്കുകയും പകരം  പ്രതിവര്‍ഷം 5000 രൂപ ഗ്രാന്റായി 'കോട്ടയം കോളജി'നു നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു.) തുടങ്ങി ദിവാന്‍ മണ്‍റോ കോളജിനു ലഭ്യമാക്കിയ സഹായങ്ങള്‍ അനവധിയാണ്. പില്‍ക്കാലത്തും സ്വാതിതിരുനാള്‍ രാമവര്‍മ്മ (1829-1847), വിശാഖം തിരുനാള്‍ രാമവര്‍മ്മ (1880-1885), ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885-1924) തുടങ്ങിയ മഹാരാജാക്കന്മാര്‍ പല പ്രാവശ്യം കോളജ് സന്ദര്‍ശിക്കുകയും പലവിധ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ആരംഭം മുതല്‍ സി.എം.എസ്, കോളജും അതിന്റെ സാരഥ്യം വഹിച്ച സി.എം.എസ്. മിഷനറിമാരും വിദ്യാഭ്യാസത്തില്‍മാത്രമല്ല, സാമൂഹിക-സാമ്പത്തിക മേഖലകളിലും പകരം വെക്കാനാകാത്ത പ്രവര്‍ത്തനങ്ങല്‍ കാഴ്ചവെച്ചു. കോളജിന്റെ ആദ്യയൂറോപ്യന്‍ പ്രിന്‍സിപ്പലായിരുന്ന ബെഞ്ചമിന്‍ ബെയിലിയാണ് ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിലേതുപോലെ, വിവിധ വിഷയാധിഷ്ഠിതമായി  'കോട്ടയം കോളജി'ലെ പാഠ്യക്രമം പുനസ്സംഘടിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷാപഠനം ഒരു അക്കാദമിക വിഷയമായി കേരളത്തില്‍ -ഇന്‍ഡ്യയിലും-ആരംഭിച്ചതും ബെയിലിയാണ്. 1817 മാര്‍ച്ച് 25 ന്  'കോട്ടയം കോളജി'ലെത്തി കോളജിന്റെ ചുമതലയേറ്റെടുത്ത ബെയിലി രണ്ടുമാസംകൊണ്ട് ഈ രണ്ടുകാര്യങ്ങളും നടപ്പാക്കി. പക്ഷേ മലയാളികള്‍ക്ക് ഇന്ന് ബെയിലി സുപരിചിതനായിരിക്കുന്നത് വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ അപൂര്‍വ്വ സംഭാവനകളുടെ പേരില്‍ അല്ല, കേരളത്തില്‍ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും പ്രരംഭം കുറിച്ചയാള്‍; 'മധ്യമാര്‍ഗഗദ്യരീതി' എന്നു പേരുള്ളതും ഗ്രന്ഥരചനാ സമര്‍ത്ഥവുമായ മലയാള ഗദ്യഭാഷ രൂപപ്പെടുത്തി, ആധുനിക അച്ചടിവിദ്യയുടെ സഹായത്തോടെ ഗദ്യഭാഷ പ്രസ്തുത ഗദ്യഭാഷയുടെ വികാസത്തെ സഹായിച്ച ഭാഷാപ്രണയി; മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണവും ശാസ്ത്രീയവുമായ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും രചിച്ച ആള്‍; സമ്പൂര്‍ണ ബൈബിള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ആദ്യത്തെ ആള്‍ എന്നീ നിലകളിലാണ്.
ബെഞ്ചമിന്‍ ബെയിലിക്കു പിന്നാലെ കോളജിന്റെ സാരഥ്യമേറ്റെടുന്ന ജോസഫ് ഫെന്‍ മികച്ച ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. അദ്ദേഹം പ്രിന്‍സിപ്പലായിരിക്കെ ജ്യോതിശാസ്ത്രം, ഗണ്യശാസ്ത്രം, സാഹിത്യം, ഹിസ്റ്ററി, തിയോളജി, ആധുനികശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള 2250 മികച്ച പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ടാക്കി. ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിന്‍, ഗ്രീക്ക്, സിറിയക്ക്, ഹീബ്രു, മലയാളം, ജര്‍മ്മന്‍, പേര്‍ഷ്യന്‍ അറബിക് ഭാഷകളിലുള്ളതായിരുന്നു ഈ പുസ്തകങ്ങല്‍. ലൈബ്രറിക്കു പുറമേ മികച്ച ഒരു ലബോറട്ടറിയുണ്ടായിരുന്നു. ഗ്ലോബുകള്‍, ടെലിസ്‌കോപ്പ്, ഇലക്ട്രിഫൈയിങ്ങ് മെഷീന്‍, എയര്‍ പമ്പ്, മാന്ത്രിക റാന്തല്‍, മൈക്രോസ്‌കോപ്പ് തുടങ്ങിയ ഏറ്റവും പുതിയ ഉപകരണങ്ങളാണ് ലാബില്‍ ഉണ്ടായിരുന്നത്.
ജോസഫ് ഫെന്നിനുശേഷം ജെ. ഡബ്ലിയു. ചോറന്‍ (1926), ജെ.ബി. മോര്‍വുഡ് (1830), ജോസഫ് പീറ്റ് (1833-1838) എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനമനുഷ്ഠിച്ചു. കോളജിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു കാലമായിരുന്നു പീറ്റിന്റെ ഭരണകാലം. കോളജ് മീനച്ചിലാറിന്റെ തീരത്തു നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കുമാറി  ഇപ്പോള്‍ സ്ഥിതിചെയ്യുന്ന (അണ്ണാന്‍ കുന്ന്) ക്യാമ്പസിലേക്കു മാറ്റിയത് അദ്ദേഹമായിരുന്നു -1938 മമെയ്-ജൂണില്‍. ജോസഫ് ഫെന്നിന്റെ കാലം മുതല്‍ ഇന്നു വരെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ ബംഗ്ലാവ് - പ്രിസിപ്പല്‍സ് ബംഗ്ലാവ്-സല്ഥിതി ചെയ്തിരുന്നത് അണ്ണാന്‍കുന്നിലായിരുന്നു. ജോസഫ് ഫെന്‍ പണിത സ്ഥലത്തുതന്നെയാണ് സി.എം.എസ് കോളജിലെ അതിമനോഹരമായ പ്രിന്‍സിപ്പല്‍സ് ബംഗ്ലാവ് ഇപ്പോഴും ഉള്ളത്. ഇടയ്ക്ക് രണ്ടുപ്രാവശ്യം പുതുക്കിപ്പണിയലും നവീകരിക്കലുമുണ്ടായി എന്നുമാത്രം.
പീറ്റ് പുതിയ ക്യാമ്പസില്‍, താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു കോളജ് പ്രവര്‍ത്തിപ്പിച്ചതെങ്കിലും ഒരു ദിവസംപോലും ക്ലാസ്സ് മുടങ്ങുകയുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഫര്‍ണിച്ചര്‍, ലൈബ്രറി, എല്ലാം ഒറ്റദിവസം കൊണ്ട് പുതിയ ക്യാമ്പസിലേക്കു മാറ്റി, അവിടെ ക്ലാസ് നടത്തി. 1939 ജൂലൈയില്‍ ഹെന്റിബേക്കര്‍ പുതിയ ക്യാമ്പസില്‍, കോളജിനു വേണ്ടിയുള്ള അഞ്ച് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കോളജ് പുതിയ ക്യാമ്പസിലേക്കു മാറ്റിയതോടെ പഴയ ക്യാമ്പസ് പ്രവര്‍ത്തനരഹീതമായി. പീറ്റ് മലയാളഭാഷയില്‍മാത്രമല്ല, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങി പല വിഷയങ്ങളിലും പണ്ഡിതനായിരുന്നു.  അദ്ദേഹത്തിന്റെ മലയാളം ഗ്രാമര്‍. ഭൂമി ശാസ്ത്രം, ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥാ തുടങ്ങിയ കൃതികള്‍ പ്രഖ്യാതങ്ങളാണ്. സംവൃതോകാരം സൂചിപ്പിക്കുന്നതിനായി ലാറ്റിറ്റിലെ 'ബ്രീവ്' മാതൃകയാക്കി, ചന്ദ്രക്കല മലയാളത്തില്‍ ഉപയോഗിച്ചുതുടങ്ങിയത് പീറ്റ് ആയിരുന്നു. മലയാളം അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച ഒരു പരിഷ്‌കാരമായിരുന്നു ഇത് ('ഏ','ഓ', എന്നീ സ്വരങ്ങളുടെ ഉപലിപികള്‍ ആദ്യമായി ഉപയോഗിച്ചത് ബെയിലിയുടെ സി.എം.എസ്. പ്രസ്സിലായിരുന്നുവെന്നും അതിനു തുടക്കമിട്ടത് ജോണ്‍ ഹോക്‌സ് വര്‍ത്ത് സ്ഥാപകപത്രാധിപരായുള്ള 'ജ്ഞാനനിക്ഷേപ'ത്തിലായിരുന്നുവെന്നുള്ളതും ഇക്കൂടെ ഓര്‍ക്കാം).
കോട്ടയം സി.എം.എസ്. കോളജിന്റെ പഴയ ക്യാമ്പസിനെ  'പഴയ  സെമിനാരി' എന്നും ക്യാമ്പസ് മാറിയ 'കോട്ടയം കോളജി'നെ 'കിഴക്കേ സെമിനാരി' 'പുതിയ സെമിനാരി' 'പുതിയ കോളജ്' എന്നിങ്ങനെ പല പേരുകളിലും വിളിച്ചുപോന്നു. ഇപ്പോള്‍ 'പഴയസെമിനാരി'യില്‍  പ്രസിദ്ധമായ 'ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി' പ്രവര്‍ത്തിച്ചു വരുന്നു: എങ്കിലും 'പഴയസെമിനാരി' എന്ന പേര് ആളുകളുടെ നാവില്‍ നിന്ന് മാഞ്ഞിട്ടില്ല.)
1838 നവംബറില്‍ ജോസഫ് പീറ്റ് പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞു. തുടര്‍ന്ന് ഡബ്ലിയു. റ്റി. ഹംഫ്രി (1838). ജോണ്‍ ചാപ്മാന്‍ (1840), എഡ്മണ്ട് ജോണ്‍സണ്‍ (1851) എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി. 1855 ല്‍ റിച്ചാര്‍ഡ് കോളിന്‍സ് പ്രിന്‍സിപ്പലായി. പണ്ഡിതനും എഴുത്തുകാരനുമായ പ്രിന്‍സിപ്പളായിരുന്നു കോളിന്‍സ്. മലയാളത്തിലെ ആധ്യത്തെ മലയാളം-മലയാളം നിഘണ്ടു രചിച്ചത് അദ്ദേഹമായിരുന്നു. 'മലയാള നിഘണ്ടു' (1865) 'ശബ്ദതാരാവലി' (1923) പ്രസിദ്ധീകരിക്കുംവരെ ഇതായിരുന്നു മലയാളത്തിന്റെ ഒരേയൊരു നിഘണ്ടു. മലയാളത്തിന് ഒരു വ്യാകരണഗ്രന്ഥവും അദ്ദേഹം നിര്‍മ്മിച്ചു. ആദ്യത്തെ അക്കാദമിക് ജേണല്‍/കൊളജ് മാസികയായ 'വിദ്യാസംഗ്രഹം' കോളജില്‍ നിന്ന് പ്രസിദ്ധീകരിച്ചതും കോളിന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഫ്രാന്‍സെസ്  റൈറ്റ് കോളിന്‍സ് (എൃമിരല െണൃശഴവ േഇീഹഹശിെങൃ.െ ഇീഹഹശി)െ രചിച്ച 'ഘാതകവധം' അതിപ്രശസ്തമാണല്ലോ. കോളജിനെ 1857-ല്‍ പുതുതായി സ്ഥാപിച്ച യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തത് കോളിന്‍സ് ആയിരുന്നു. ജെ.എച്ച്.ബിഷപ്പ് (1868) , തോമസ് ലെയിന്‍ (1866) സി.എ. നീവ് (1879) എ.ജെ.എഫ്. ആദംസ് (1891), എഫ്. എന്‍. ആസ്പിത്ത് (1895) എന്നിവര്‍ പിന്നീട് പ്രിന്‍സിപ്പല്‍മാരായി. ഏറ്റവുമധികകാലം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചയാളാണ് ആസ്പിത്ത്.-കാല്‍നൂറ്റാണ്ടിലധികം ആസ്തിത്വത്തിനുശേഷം ഡബ്ലിയു. ഇ.എസ്. ഹോളണ്ട് (1920), സി.ഇ. സ്‌ക്വയര്‍ (1924), സി.കെ.തോമസ് (1929) സി.ഇ.സ്‌ക്വയര്‍ (1924), സി.കെ.തോമസ് (1927 നാട്ടുകാരനായ ആദ്യ പ്രിന്‍സിപ്പല്‍) ഫിലിപ്പ് ലീ (1938), പി.സി. ജോസഫ് (1942), ഡോ. ജോര്‍ജ് എം.തോമസ് (1965), എം.സി.ജോണ്‍ (1977) പി.റ്റി. ഏബ്രഹാം (1983), സി.എം.ജേക്കബ്, സി.എ. ഏബ്രഹാം, കോരുള ഐസക്ക്, എം.എം.കോര എന്നിവര്‍ പ്രിന്‍സിപ്പള്‍മാരായി. ഇപ്പോള്‍ റോയി സാം ദാനിയേല്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നു.
* കോട്ടയം സി.എം.കോളജ് തുടക്കം മുതല്‍ കേട്ടറിഞ്ഞ എല്ലാവരുടെയും ആകര്‍ഷക കേന്ദ്രമായിരുന്നു. എത്രയോ മഹാന്മാരുടെ പാദസ്പര്‍ശം കൊണ്ടു ധന്യമായതാണ് ആ മണ്ണ്. വിശ്വപ്രസിദ്ധ ചരിത്രകാരനായ ജെയിംസ് ഹ്യു(1820) മേജര്‍ ദിശ്ബി മക്‌വര്‍ത്ത് (1821), പ്രിന്‍സിപ്പല്‍ ഡബ്ലിയു. എച്ച് ജെയിംസ് ഹ്യൂ(1821), കേണല്‍ ജെയിംസ് വെല്‍ഷ് (1824) തുടങ്ങിയവര്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോട്ടയം കോളജ് തുടങ്ങി ഒരു ദശാബ്ദത്തിനുള്ളില്‍ അവിടം സന്ദര്‍ശിച്ചു.*
1857ല്‍ തന്നെ സി.എം.എസ്. കോളജ് മദ്രാസ് യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്‌തെങ്കിലും യൂണിവേഴ്‌സിറ്റിയുടെ മട്രിക്കുലേഷന്‍ പരീക്ഷയ്ക്ക് കോളജില്‍ നിന്ന് ആദ്യമായി പങ്കെടുത്ത വിദ്യാര്‍ത്ഥി ജേക്കബ് ചാണ്ടി (1870) ആയിരുന്നു. 1893ല്‍ എഫ്.എ. പരീക്ഷയ്ക്കുവേണ്ടി ആദ്‌ത്തെ ബാച്ചിനെ തയ്യാറാക്കി. ആ ബാച്ചില്‍ നിന്ന് പരീക്ഷയില്‍ പങ്കെടുത്തത് ഇവരായിരുന്നു. കെ.സി. മാമ്മന്‍ മാപ്പിള (മുഖ്യപത്രാധിപര്‍, മലയാള മനോരമ), കെ.എം. മാമാമ്മന്‍ മാപ്പിള, പി.ജി.രാമന്‍ (കവിയും വിദ്യാഭ്യാസപണ്ഡിതനും) പി.എം.കുര്യന്‍, ഒ.എം.ചെറിയാന്‍ (എഴുത്തുകാരന്‍) 1907-ല്‍ ആദ്യത്തെ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ കോളജ് സന്ദര്‍ശിച്ചു. അവര്‍ ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തു.''പ്രസിഡന്‍സിയിലെ ഏറ്റവും നല്ല സെക്കണ്ട് ഗ്രേഡ് കോളജുകളികളിലൊന്ന്.''
ഇന്ത്യിലെ ആദ്യത്തെ കോളജ് എന്ന നിലയില്‍ സി.എം.എസ് കോളജില്‍ നിന്ന് അറിവുനേടി, പുതിയ ആകാശങ്ങള്‍ തേടി പറുന്നുപോയവര്‍ പതിനായിരങ്ങളാണ്. 'ഇംഗ്ലീഷ്' വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിജ്ഞാനവും ആധുനിക ശാസ്ത്ര-മാനവിക വിഷയങ്ങളിലെ അറിവും ചെന്നിടത്തൊക്കെ അഗ്രഗാമികളാകുവാന്‍ അവരെ സഹായിച്ചു. 'മലയാഴ്ചയുടെ വ്യാകരണം' എന്ന പേരില്‍ മലയാളത്തിന് വ്യാകരണമെഴുതിയ ആദ്യമലയാളി ജോര്‍ജ് മാത്തന്‍, 'പുല്ലേലിക്കുഞ്ചു' എന്ന നോവല്‍ ഉള്‍പ്പെടെ ഒട്ടനവധി കൃതികളുടെ കര്‍ത്താവായ കോശി കോശി പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്, സാമൂഹിക പരിഷ്‌കര്‍ത്താവായ ഉമ്മന്‍ മാമ്മന്‍, പട്ടശ്ശേരില്‍ വറുഗീസ് മാര്‍ ദീവന്നാസ്യോസ്, കവി. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി, ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ഡോ. ഏബ്രഹാം മാര്‍ത്തോമ്മാ, ബിഷപ്പ് സി.കെ.ജേക്കബ്, ബിഷപ്പ് ടി.എംസ്. ബെഞ്ചമിന്‍, ബസേലിയോസ് പൗലൂസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ, ഏബ്രഹാം മാര്‍ ക്ലീമ്മീസ്, കെ. മാധവന്‍ നായര്‍, സാധു മത്തായിച്ചന്, കടമ്മനിട്ട രാമകൃഷ്ണന്‍, സി.ജെ. തോമസ്, പി.സി. ദേവസ്യ, എന്‍.എന്‍.പിള്ള്, അരവിന്ദല്‍, ജോണ്‍ ഏബ്രഹാം, കെ.ആര്‍. നാരായണന്‍, ഈ പട്ടിക അവസാനിപ്പിക്കുക പ്രയാസം. പത്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. ഇ.സി.ജി. സുദര്‍ശന്‍, കാവാലം നാരായണപണിക്കര്‍, ഓംചേനി, ഉമ്മന്‍ചാണ്ടി. ജയരാജ്, കുമ്മനം രാജശേഖരന്‍, സുരേഷ് കുറുപ്പ്...ഈ പട്ടികയെക്കുറിച്ച് ഒന്നേ പറയാനുള്ളൂ. അറിഞ്ഞത് അതിമധുരം, അറിയാനുള്ളത് അത്യധികം മധുരം. ബെഞ്ചമിന്‍ ബെയിലി മുതല്‍ കെ.എം. ദാനിയേല്‍, അയ്യപ്പപണിക്കര്‍, സി.ഐ.രാമന്‍നായര്‍, ടി.ആര്‍. സുബ്രഹ്മണ്യയ്യര്‍ തുടങ്ങിയവരിലൂടെ നീളുന്ന ഗുരുപരമ്പരയുടെ മഹത്വത്തെക്കുറിച്ച് നമുക്കുള്ളത് അറിവുകളെക്കാള്‍ അറിവില്ലായ്മകളാണ്.
(കോട്ടയം സി.എം.കോളജിന്റെ ദ്വിദശാബ്ദി സപ്‌ളിമെന്റിനുവേണ്ടി, 1815-ല്‍ തയ്യാറാക്കിത്.)

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.