Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ക്രൈസ്തവികതയും സുവിശേഷസന്തോഷവും ആഗോളവൽക്കരണകാലത്ത് (Christianity and Happiness of Good News in the Era of Globalisation)

ഡോ. ബാബു ചെറിയാൻ

ഡോ. സ്‌കറിയാ സക്കറിയയുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ സമാഹാരമായ 'മലയാളവഴികളി'ലെ അഞ്ചാം ഭാഗത്തിനു ശീർഷകം 'മതം' എന്നാണ്. 'മതം' എന്നു സാമാന്യവൽക്കരിച്ചാണു തലക്കെട്ടു നൽകിയിരിക്കുന്നതെങ്കിലും ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങൾ ക്രിസ്തുമതത്തിന്റെ / ക്രൈസ്തവസഭകളുടെ വ്യവഹാരങ്ങൾ പ്രമേയമായി വരുന്നവയാണ്. വേറിട്ടു നിൽക്കുന്ന ഒരു ലേഖനമുണ്ട്: 'മാനവികതയും ജൂതമതവും' പഠന സൗകര്യത്തിനുവേണ്ടി ലേഖനങ്ങൾ നാലു വിഭാഗങ്ങളായി തിരിക്കാം. വിമർശനപരമായവ സംസ്‌കാരപഠനസംബന്ധമായവ, ഉദയംപേരൂർ സൂനഹദോസുമായി ബന്ധപ്പെട്ടവ, 'ക്രിസ്തുവഴി' അന്വേഷിക്കുന്നവ എന്നിങ്ങനെ. ഇങ്ങനെ ഒരു വിഭജനം നടത്തിയതുകൊണ്ട്, മറ്റു വിഭാഗത്തിൽപ്പെട്ട വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ, പ്രത്യേകം പ്രത്യേകം അറകളിൽത്തന്നെ ഒതുങ്ങുന്നവയാണ് ഈ ലേഖനങ്ങൾ എന്ന് ഉദ്ദേശിക്കുന്നില്ല. ലേഖനങ്ങളെ പൊതുവിൽ ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ടുതാനും-ക്രൈസ്തവികത. യേശുക്രിസ്തുവിന്റെ ജീവിതം, ദർശനം, ക്രൈസ്തവസിദ്ധാന്തങ്ങൾ, സഭാചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം എന്നിവ മുൻനിർത്തി ക്രൈസ്തവികതയുടെ കേരളസന്ദർഭത്തെ വിശദമാക്കാനുള്ള ഉദ്യമമാണ് ആ ചരട്. തുടക്കത്തിൽ കർമമാർഗ്ഗമായിരുന്ന ക്രിസ്തുമാർഗ്ഗത്തിന് 1 എപ്പോഴെപ്പോൾ പഥഭ്രംശം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ജ്ഞാനസിദ്ധരാണ് തിരുത്തൽ ശക്തിയായിത്തീർന്നിട്ടുള്ളത്. എന്നാൽ അത്തരം ജ്ഞാനസിദ്ധർ മലങ്കര മാർത്തോമ്മാ നസ്രാണി സഭയിലോ അതിന്റെ പൈതൃകാവകാശികളും ബഹുശാഖികളുമായ വിഭിന്ന ക്രിസ്ത്യൻ സമുദായങ്ങളിലോ അധികമുണ്ടായിട്ടില്ല. അത്തരമൊരു വഴി അനിവാര്യവും ഏറെ പ്രസക്തവുമാണെന്നു ബോധ്യപ്പെടുത്തുന്നവകൂടിയാണ് ഈ ലേഖനങ്ങൾ.
കക
ക്രിസ്തു കേന്ദ്രീകൃതമായ സഭകൾ ദൈവശാസ്ത്രപരമോ പ്രായോഗികമോ ആയ പ്രതിസന്ധികളെ നേരിടുമ്പോൾ സുവിശേഷങ്ങൾ, മറ്റ് 'പുതിയനിയമ' പുസ്തകങ്ങൾ, ക്രൈസ്തവ സിദ്ധാന്തങ്ങൾ എന്നിവയിലേക്ക് തിരിയുകമാത്രമാണ് കരണീയം. മാർട്ടിൻ ലൂഥറിന്റെ നവീകരണ പ്രസ്ഥാനത്തിന്റെയും 1960 - കളിൽ തെക്കേ അമേരിക്കയിൽ ആരംഭിച്ച് ലോകമെങ്ങും വ്യാപിച്ച വിമോചന ദൈവശാസ്ത്രത്തിന്റെയും ആവിർഭാവത്തിനു പിന്നിൽ സംഭവിച്ചത് അതായിരുന്നു. ഈ വിഭാഗത്തിലെ ലേഖനങ്ങളിലേക്കു പ്രവേശിക്കും മുമ്പ്, ക്രിസ്തു മതപാരമ്പര്യത്തിൽ ഇത്തരം 'തിരുത്തലുകൾ' എക്കാലത്തും പ്രാധാന്യമുള്ളതാക്കിത്തീർക്കുംവിധം ക്രൈസ്തവികതയ്ക്കുണ്ടാകാറുള്ള വ്യതിചലനങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയും സാമൂഹിക ബോധത്തോടെയും തിരിച്ചറിയേണ്ടതുണ്ട്. ഏതിനെയും എന്തിനെയും കാലംകൊണ്ടു ബാധിക്കുന്ന 'സ്ഥാപനവൽക്കരണം' സഭാജീവിതത്തെയും ബാധിക്കുക സ്വാഭാവികമാണ്. 'സ്ഥാപന'ത്തിന് അതിന്റെ ഘടനയുണ്ട്; ഘടനയ്ക്ക് തനതായ 'രാഷ്ട്രീയ'വുമുണ്ടാകും. ഏതും എത്രയധികം സ്ഥാപനവൽക്കരിക്കപ്പെടുന്നുവോ അത്രയ്ക്ക് അത് സുസംഘടിതമായിത്തീരും. അതേസമയംതന്നെ ആദർശത്തിൽനിന്ന് അത്രയ്ക്കത്രയ്ക്ക് അകന്നകന്നു പോകുകയും ചെയ്യും. ആത്മീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലാകുമ്പോൾ ആദ്ധ്യാത്മികത നഷ്ടമായി വരുകയും മതാത്മകത വർദ്ധിച്ചുവരുകയും ചെയ്യും. ഒടുവിൽ ആദ്ധ്യാത്മികതയും മതാത്മകതയും പരസ്പരം വിഘടിച്ചുപോകുകയോ ചിലപ്പോഴെങ്കിലും ഇതേതര വിരുദ്ധമാകുന്ന ദുരവസ്ഥയിേെലത്തുകയോ ചെയ്യും. ഇനി, യേശുക്രിസ്തുവിൽ പ്രകടിതമായ ആദ്ധ്യാത്മിക ആദർശത്തെയും സമകാലീന ക്രൈസ്തവസഭകളുടെ 'ഉള്ളടക്ക'ത്തെയും താരതമ്യപ്പെടുത്തി നോക്കാം.
യേശുക്രിസ്തു ജീവിതത്തിലും പ്രവൃത്തിയിലും-
രോഗികൾ, പാപികൾ, ഭിന്നശേഷിയുള്ളവർ, വിഭിന്ന ജനവർഗ്ഗങ്ങൾ, വിവിധ ദേശക്കാർ / ദേശീയതക്കാർ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ വിവിധതരം മനുഷ്യരെ ഒന്നായിക്കണ്ട് കൂടെ കൂട്ടി; യെരുശലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടവാറിന് അടിച്ചോടിച്ചു; കപടഭക്തിക്കാരായ ശാസ്ത്രിമാരെയും പരീശന്മാരെയും 'വെള്ളതേച്ച ശവക്കല്ലറകളേ' എന്ന് സംബോധന ചെയ്തു 2; കഴുതപ്പുറത്തു സഞ്ചരിച്ചു; സൗമ്യതയും താഴ്മയും ഉള്ളവനായിരുന്നു; വെറുമയാക്കപ്പെട്ടവനായിരുന്നു; ദാസനെപ്പോലെയായിരുന്നു; 'അത്രയ്ക്കു ലോകത്തെ സ്‌നേഹിക്കുകമൂലം' രക്ഷാകരദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി ക്രൂശിൽ സ്വയം ബലിയായി.
യേശുക്രിസ്തു ഉയർത്തിക്കാട്ടിയ പ്രധാന രൂപകം 'ഇടയനും ആടുകളും' എന്നതായിരുന്നു.
പൗലൊസ് അപ്പസ്‌തൊലൻ അത് ക്രിസ്തുവാകുന്ന തലയും സഭയാകുന്ന ശരീരവും എന്നൊരു പുതിയ പരികല്പനയായി വികസിപ്പിച്ചു.
ക്രൈസ്തവ സഭകൾ ഇന്ന് അധികാര ശ്രേണീവൽക്കരണത്തിലൂടെയും 'ഭരണഘടന'കളിലൂടെയും സുഘടിതമായ ഘടനയിലൂടെയും 'സ്ഥാപന'വൽക്കരിക്കപ്പെട്ടിരിക്കുന്നു. സ്ഥാപനങ്ങളിൽ മാനേജമെന്റിനും പബ്ലിക് റിലേഷൻസിനുമാണ് ഊന്നൽ.
ഇക്കാലത്തിന്റെ ബ്രഹ്മാണ്ഡരൂപമായ കോർപ്പറേറ്റുകളും ഊന്നൽ നൽകുന്നത് മാനേജ് മെന്റിനും പബ്ലിക് റിലേഷൻസിനുമാണ്. കോർപ്പറേറ്റുകൾ - മാനേജ്‌മെന്റ്-പബ്ലിക് റിലേഷൻസ് എന്ന നേർരേഖ എത്തിച്ചേരുക, ഉല്പനം (ജൃീറൗര)േ - ചന്ത (ങമൃസല)േ  ലാഭം (ജൃീളശേ) എന്ന 'ത്രിത്വ'ത്തിലായിരിക്കും 3
ലാഭം 'പരമ മുക്തിപദ'മായി കണക്കാക്കുന്ന കോർപ്പറേറ്റ് സംസ്‌കൃതിയുടെ അച്ചുതണ്ട് സി.ഇ.ഒ. (ഇവശലള ഋഃലരൗശേ്‌ല ീളളശരലൃ) ആണ്.
യേശുക്രിസ്തുവിൽ ഒരു സി.ഇ.ഒ. യെ കാണുന്ന രീതി അഥവാ യേശുക്രിസ്തുവിനെ ഒരു സി.ഇ.ഒ. ആയികാണുന്ന രീതി ഇന്ന് ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.
കോർപ്പറേറ്റ് ലോകത്ത് ഏറെ പ്രീതിനേടുകയും പ്രചരിക്കുകയും ചെയ്ത പുസ്തകമായിരുന്നു ലോറി ബെത്ത് ജോൺസിന്റെ 'ജീസസ്, സി.ഇ.ഒ.: യൂസിങ് എയ്ൻഷന്റ് വിസ്ഡം ഫോർ വിഷനറി ലീഡർഷിപ്പ്' (ഖലൗെ,െ ഇ.ഋ.ഛ. : ഡശെിഴ അിരശലി േണശറെീാ ളീൃ ഢശശെീിമൃ്യ ഘലമറലൃ ടവശു). കോർപ്പറേറ്റ് കച്ചവടരംഗത്ത് വലിയ വിജയം നേടുന്നതിന് ഒരു കൈപ്പുസ്തകമെന്നു വിശേഷിപ്പിക്കപ്പെട്ട ഈ കൃതിയിൽ, ശൂന്യതയിൽനിന്ന് ലോകവ്യാപകമായ ഒരു വലിയ 'സ്ഥാപനം' വിജയകരമായി പണിതെടുക്കാൻ 'ക്രിസ്തു' എന്ന നായകനെ / നേതാവിനെ സഹായിച്ച 'ക്രൈസ്തവ നേതൃത്വഗുണങ്ങൾ' കണ്ടെത്തുകയും വിശദീകരിക്കുകയും അത് കോർപ്പറേറ്റ് നായകന്മാരായ സി.ഇ.ഒ. മാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അസംഘടിതരായ പന്ത്രണ്ടുപേരുടെ 'കീഴുദ്യോഗസ്ഥവൃന്ദ'ത്തെ ഉപയോഗപ്പെടുത്തി, നിരന്തരം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സംരഭകത്വത്തിന് ക്രിസ്തുവിനെ സഹായിച്ച നേതൃഗുണങ്ങൾ ഏതു ബിസിനസ്സിലും ഉപയോഗിക്കാൻ കഴിയുന്നതാണ്. മറ്റുള്ളവരെ ബിസിനസ്സിലേക്ക് പ്രചോദിപ്പിക്കുവാനും അവരെ നല്ല രീതിയിൽ മാനേജ് ചെയ്യുവാനും പ്രസ്തുത നേതൃഗുണങ്ങൾ സഹായകമാണെന്നും ലോറി ബെത്ത് കണ്ടെത്തുന്നു. നവീനവും ഗംഭീരവുമായ സമീപനങ്ങളാണ് ഈ നേതൃത്വ ക്രിയാപദ്ധതിയിലുള്ളതെന്നും കൃതി അവകാശപ്പെടുന്നു 4. ഈ പരിപ്രേക്ഷ്യ പ്രകാരം ക്രിസ്തു നേതൃത്വസ്ഥാനിയും (ഹലമറലൃ) ഭരണനിർവ്വാഹകനും (ഋഃലരശേ്‌ല) സംരംഭകനും (ഋിൃേലുൃലിലൗൃ) ആണ്.
ഇന്ന് തലവൻ (തല-തലവൻ) സി.ഇ.ഒ. ആണ്. യേശുക്രിസ്തു തന്റെ ആടുകളെ മേയ്ക്കാനും പരിപാലിക്കാനുമുള്ള ചുമതല യോഹന്നാന്റെ മകനായ ശിമോൻ പത്രോസിനെ മൂന്നുതവണ ഏൽപ്പിച്ചു 5. പത്രോസും മറ്റു ശിഷ്യന്മാരും ആടുകളെ പരിപാലിച്ചെങ്കിലും സ്വയം ഇടയനോ തലവനോ ആയില്ല, അവർ ആടുകളുടെ ഭാഗമായി സ്വയം കരുതി, തലവൻ യേശുതന്നെയായിരുന്നു. അതുകൊണ്ട് പൗലോസ് 'ഇടയനും ആടുകളും' എന്ന പരികല്പനയെ 'തലയും ശരീരവും' എന്ന് അർത്ഥപൂർണ്ണമായി വികസിപ്പിച്ചു. പക്ഷേ ഇന്ന് പുൽപ്പിറ്റ്/കരിസ്മാറ്റിക് പ്രബോധനങ്ങളിൽമാത്രം ക്രിസ്തു സഭയുടെ തലവനാകും; 'ബൈബിൾജീവിതം' പേർത്തും പേർത്തും അനുസ്മരിക്കപ്പെടും. സ്ഥാപനവൽക്കരിക്കപ്പെട്ട സഭയുടെ സംഘടനാരൂപത്തിൽ തലവൻ (വലമറ ീള വേല ശിേെശൗേശേീി) പരമാധ്യക്ഷനാണ്. ഉടവാൾ ശ്രീപത്മനാഭന്റെ പാദത്തിൽ സമർപ്പിച്ച്, ശ്രീപദ്മനാഭദാസനായി നാടുവാഴാൻ കോർപ്പറേറ്റുകളുടെ സാമ്രാജ്യത്വകാലത്ത് ആർക്കും താൽപ്പര്യമില്ല. അധികാരത്തിന്റെ 'ഉടവാളും' 'കൊടിവെച്ച കാറും' അത്രയ്ക്കു പ്രലോഭനീയമാണ്.
കാഴ്ചയിലുണ്ടാകുന്ന മാറ്റം കാഴ്ചപ്പാടുകളിലുണ്ടാകുന്ന മാറ്റമാണ്. അഥവാ കാഴ്ചപ്പാടിലുണ്ടാകുന്ന മാറ്റത്തിന് ആനുപാതികമായി കാഴ്ചയിൽ മാറ്റമുണ്ടാകാം. സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങൾ മഹാത്മാഗാന്ധിയെ കണ്ടിരുന്നതുപോലെ അല്ല, ഇന്നത്തെ തലമുറ ഗാന്ധിജിയെ കാണുന്നത്. അന്നത്തെ ജനങ്ങളുടെ ഗാന്ധിജി മാംസവും രക്തവുമുള്ള, ആദർശങ്ങൾക്കുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത ഗാന്ധിജിയായിരുന്നു. ഇന്നത്തെ തലമുറയ്ക്ക്, പക്ഷേ, റിസർവ് ബാങ്കിന്റെ കറൻസികളിലെ 'മുനുഷ്യമുഖ'മാണു ഗാന്ധിജി. അതുകൊണ്ട്, ലോകത്തിന് ഗാന്ധിജിയെ നഷ്ടമായോ?
ആഗോളവൽക്കരണത്തിന്റെയും കോർപ്പറേറ്റ് സംസ്‌കാരത്തിന്റെയും പിടിയിൽ കൂടുതൽ കൂടുതൽ അമർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ 6. അംബാനിമാരും അദാനിമാരും ചന്തകളും ലാഭങ്ങളും ആഡംബരങ്ങളും പൊങ്ങച്ചങ്ങളും ഈ ദരിദ്രരാഷ്ട്രത്തിന്റെ മുഖമുദ്രയായിത്തീരുമ്പോൾ ഭൗതികതയുടെ കുത്തൊഴുക്കിൽ നിലപാടുതറ മറന്നുപോകുന്ന ക്രൈസ്തവസഭകൾ 'ശിരസ്സ്' 7 നഷ്ടപ്പെട്ട് കബന്ധങ്ങളായിത്തീരുന്നു. യേശുക്രിസ്തുവിന്റെ കൂട്ടുവേലക്കാരായിരുന്ന (എലഹഹീം ംീൃസലൃ)െ ശിഷ്യന്മാരും മറ്റ് അപ്പൊസ്തലന്മാരും ചേർന്ന് രൂപപ്പെടുത്തിയ സഭയും ഇന്നത്തെ സ്ഥാപനവൽക്കരിക്കപ്പെട്ട സഭകളുംതമ്മിൽ രൂപത്തിൽമാത്രമല്ല പൊരുളിലും ഒരുപാട് അകലം വന്നുകഴിഞ്ഞിരിക്കുന്നു. ധനവും ഭൗതിക സുഖസൗകര്യങ്ങളും 'ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും' അളവില്ലാതെ ആർജിക്കുന്നതാണ് ഈശ്വരനാനുഗ്രഹമെന്നു പഠിപ്പിക്കുന്ന 'ന്യൂ ജനറേഷൻ സഭ'കളുടെയും അവയുടെ സി.ഇ.ഒ.മാരുടെയും കാലംകൂടിയാണ് ആഗോളീകരണകാലം. ആഗോളീകരണകാലത്ത് യേശുക്രിസ്തുവിനെ അന്വേഷിക്കുകയും കണ്ടെത്തുകയും 'യഥാസ്ഥാനപ്പെടുത്തുക'യും ചെയ്യുക; ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള മതം എന്ന നിലയിൽ ക്രിസ്തുമതത്തെ നിരീക്ഷിക്കുക; കേരളത്തിൽ സുദീർഘവും വ്യാപകവുമായ സ്വാധീനം ചെലുത്തിയിട്ടുള്ള മതം എന്ന നിലയിൽ, കൊള്ളക്കൊടുക്കകളിലൂടെ ക്രൈസ്തവസഭകൾ നേടുകയും ചെലുത്തുകയും ചെയ്ത സാംസ്‌കാരിക വിനിമയങ്ങളെ പരിശോധിക്കുക. ഇപ്പറഞ്ഞ സമീപനങ്ങൾ പുലർത്തുന്നതും ജനസംസ്‌കാരപഠനം / ചരിത്രപഠനത്തിന്റെ രീതിശാസ്ത്രപ്രകാരം രചിച്ചതുമായ പതിനഞ്ചു പ്രൗഢലേഖനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. കുറച്ചുകൂടി സൂഷ്മമായി പറഞ്ഞാൽ രാഷ്ട്രീയചരിത്രം, സാമൂഹികചരിത്രം, സംസ്‌കാരം, അന്വേഷണ-വിമർശനങ്ങൾ എന്നിവ ഇഴചേർന്നിട്ടുള്ള പഠനങ്ങളാണ് ഇവ.
മേല്പറഞ്ഞ ഇഴകളിലോരോന്നിനും അതാതിന്റേതായ സവിശേഷതകളുണ്ട്. ആ സവിശേഷതകൾ തിരിച്ചറിഞ്ഞും പാലിച്ചും ഗവേഷണപഠനങ്ങൾക്കു തയ്യാറാകുമ്പോൾമാത്രമേ ഒരു പഠിതാവിന് ശരിയായ ദിശയിൽ സഞ്ചരിക്കാൻ കഴിയൂ. ഉദാഹരണത്തിന്, ചരിത്രത്തിന്റെ കാര്യമെടുക്കാം. മലയാളത്തിൽ സഭാചരിത്രങ്ങൾക്ക് പഞ്ഞമില്ല. ഓരോരോ ക്രൈസ്തവസഭയ്ക്കും അവരുടെ സ്വന്തം 'ചരിത്രകഥാകാരന്മാർ' രചിച്ച ചരിത്രവും ചരിത്രവ്യാഖ്യാനങ്ങളും ധാരാളമുണ്ട്. ഈ 'ചരിത്രപക്ഷപാതക്കാർ' ഓരോ ചരിത്രഘട്ടത്തെയുംകുറിച്ച് എഴുതുന്ന കൃതികൾതന്നെ വ്യത്യസ്തവും പരസ്പരബന്ധമില്ലാത്തതുമായ ചരിത്രവ്യാഖ്യാനങ്ങളായി ഒരു സാധാരണവായനക്കാരന് അനുഭവപ്പെടും. അവരവരുടെ പക്ഷപാതങ്ങളാണ് അവരെ സംബന്ധിച്ചിടത്തോളം ചരിത്രം. അവർക്ക് ആവശ്യമുള്ള 'കഥാപാത്രങ്ങളെ'യും 'കഥകളെ'യുമാണ് അവർ ഗ്രന്ഥരചനയ്ക്കായി ചരിത്രത്തിൽനിന്നു പെറുക്കിയെടുക്കുന്നത്. ചരിത്രരചനയിൽ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷമായിപറയാവുന്ന കാര്യങ്ങളേ ചരിത്രമായി പറയാവൂ എന്നൊരു ധാരണ അത്തരക്കാർക്കില്ല. പ്രമാണപിന്തുണയും നിഷ്പക്ഷതയുമില്ലാത്ത സംഭവങ്ങൾ കഥയും ഐതിഹ്യവുമൊക്കെയാണ്. കഥ ചരിത്രമല്ല; ആകുമായിരുന്നെങ്കിൽ പി. ശങ്കുണ്ണിമേനോന്റെ 'തിരുവിതാംകൂർ ചരിത്ര'ത്തിന്റെയും എ. ശ്രീധരമേനോന്റെ 'കേരളചരിത്ര'ത്തിന്റെയും സ്ഥാനത്ത് സി.വി. രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ്മ'യും 'രാജാകേശവദാസനും' 'രാമരാജാ ബഹദൂറു'മൊക്കെ ചരിത്രപാഠപുസ്തകങ്ങളാകുമായിരുന്നു. ക്രൈസ്തവസഭാ ചരിത്രകാരന്മാരുടെ രചനകളിൽ വസ്തുനിഷ്ഠതയെയും നിഷ്പക്ഷതയെയുംകാൾ മുൻതൂക്കം പൊതുവേ കഥകൾക്കും ഐതിഹ്യങ്ങൾക്കുമാണ് (അല്ലാത്തത്, വളരെ ചുരുക്കം. ഡോ. കെ.എം. ജോർജിനെപ്പോലെ ചുരുക്കം ചിലരെ ചൂണ്ടിക്കാട്ടാം). സഭാചരിത്രരചനകളുടെ ഇത്തരം ദുരവസ്ഥയിൽനിന്ന് മാറി, ഈ ലേഖനങ്ങൾ പുലർത്തിക്കാണുന്ന ചില സവിശേഷതകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു:
(ശ) ചരിത്രത്തിന്റെ വിശകലനത്തിൽ പുലർത്തുന്ന സൂക്ഷ്മമായ സാമൂഹിക ബോധവും നിരീക്ഷണവും.
(ശശ) മുൻവിധികളും പക്ഷപാതങ്ങളും വൈകാരിക സമീപനങ്ങളും നിറഞ്ഞ, പ്രമാണപിന്തുണയില്ലാത്ത, കേവലം കഥാകഥനങ്ങൾ മാത്രമായ സഭാചരിത്രരചനകളുടേതിൽനിന്ന് വ്യത്യസ്തമായ ചരിത്രസമീപനം. ഈ ലേഖനങ്ങൾ സഭാചരിത്രപഠനങ്ങളല്ല; പക്ഷേ, ഈ പഠനങ്ങളിൽ ആമൂലാഗ്രം കലർന്നിരിക്കുന്ന ചരിത്രദർശനവും ചരിത്രസമീപനവും എല്ലാവരും മനസ്സിലാക്കേണ്ടതും ഉൾക്കൊള്ളേണ്ടതുമാണ്.
(ശശശ) സർവ്വോപരി ഒരു നല്ല ഗവേഷകന്റെയും അതോടൊപ്പം ഗവേഷണമാർഗദർശിയുടെയും സാന്നിധ്യം ഈ ലേഖനങ്ങളിൽ തെളിഞ്ഞുനിൽക്കുന്നു. നല്ല ഗവേഷകൻ അന്വേഷണ-പഠന-അപഗ്രഥന-നിഗമനങ്ങളിലൂടെ ചെറുതോ വലുതോ ആയ ജ്ഞാനം ഉൽപ്പാദിപ്പിക്കണം അതേസമയം, കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യപ്പെടുന്ന മേഖലകൾ / വിഷയങ്ങൾ ചൂണ്ടിക്കാണിക്കുകയും തുറന്നിടുകയും ചെയ്യുന്നയാളാണ് നല്ല ഗവേഷണമാർഗദർശി. സ്‌കറിയാമാഷിന്റെ ഓരോ കൃതിയിലും ഇത്തരത്തിലുള്ള ധാരാളം ചൂണ്ടിക്കാണിക്കലുകളും തുറന്നിടലുകളുമുണ്ട്.
സ്ഥാലീപുലാകന്യായേന ചില ഉദാഹരണങ്ങൾമാത്രം ചൂണ്ടിക്കാട്ടാം.
(ക) 'മലങ്കര മാർത്തോമാ നസ്രാണി സഭ' 8 പാശ്ചാത്യസമ്പർക്കത്തിന്, വിശിഷ്യ പോർച്ചുകീസ് ഇടപെടലിന്, മുമ്പും പിമ്പും എന്നൊരു ചരിത്രഘട്ടവിഭജനം ഡോ. സ്‌കറിയാ സക്കറിയ നടത്തുന്നുണ്ട്. ഈ വ്യത്യസ്ത ചരിത്രഘട്ടങ്ങളിലെ ക്രിസ്തുസങ്കല്പം, മതജീവിതം, ക്രൈസ്തവ സാമൂഹിക ജീവിതം തുടങ്ങിയവയ്ക്കുതമ്മിൽ വലിയ അന്തരം സംഭവിച്ചിട്ടുണ്ട്. അവയെക്കുറിച്ച്, നസ്രാണി രേഖാപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ, ആഴത്തിലും പരപ്പിലുമുള്ള പഠനങ്ങൾ ഉണ്ടാകണം (അഡ്വ. ഡോ. പി.സി. മാത്യു, പുലിക്കോട്ടിലിന്റെ ഈ വഴിക്കുള്ള കഠിനാദ്ധ്വാനം അഭിമാനാർഹവും അഭിനന്ദനീയവുമാണ്)
 (ഖ) ആധുനീകരണം മുഖ്യ ഉള്ളടക്കമായിരുന്ന പാശ്ചാത്യവൽക്കരണം കേരള ക്രൈസ്തവ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ. 9
(ഗ) ക്രൈസ്തവികതയെ കേരള സമൂഹത്തിൽ അനുഭവവേദ്യമാക്കിയ മിഷനറിമാരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ 10
(ങ) പോർച്ചുഗീസ് / കത്തോലിക്കാ മിഷൻ പ്രവർത്തനവും പ്രൊട്ടസ്റ്റന്റ് / ആംഗ്ലിക്കൻ മിഷൻ പ്രവർത്തനവുംതമ്മിൽ ഉള്ളടക്കത്തിലും സ്വാധീനത്തിലുമുണ്ടായിരുന്ന വ്യത്യാസങ്ങൾ 11.

(ച) ''കൊച്ചിയിലും മറ്റും നടന്ന സാംസ്‌കാരികോദ്ഗ്രഥനം - പുതുതായി ക്രിസ്തുമതം സ്വീകരിച്ച വിവിധ ജാതിക്കാരെല്ലാം ഒത്തുചേർന്ന് ഉരുക്കുമൂശയിലെന്നപോലെ ഒരൊറ്റസമുദായമായി രൂപാന്തരപ്പെട്ട വൃത്താന്തം-മറന്നുകൂടാതാനും. കൊച്ചിയിലെ സാംസ്‌കാരിക സങ്കലനത്തിന്റെ കഥ പ്രത്യേക പഠനത്തിനു വകയുള്ളതാണ്''12 (ക്രിസ്തു കേരളത്തിലെ സാംസ്‌കാരിക പരിണാമത്തിൽ')
(ഛ) 'ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' 'ഘാതകവധം' തുടങ്ങിയ കൃതികൾ മലയാളനാട്ടിൽ ചെലുത്തിയ നാനാതരത്തിലുള്ള സ്വാധീനങ്ങൾ 13.
(ജ) അച്ചടി എന്ന സാങ്കേതികവിദ്യ മലയാളഭാഷയുടെ ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചു? 14
(ഝ) ശക്തമായ പോർച്ചുഗീസ് സ്വാധീനം മതത്തിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നിട്ടും മതവിചാരണക്കോടതി (ഇൻക്വിസിഷൻ) മലങ്കരസഭയിന്മേൽ എന്തുകൊണ്ടു പാഞ്ഞുകയറിയില്ല?
(ഞ) ഭാഷയിലും പെരുമാറ്റത്തിലുമുണ്ടായ കുടിയേറ്റക്കാരുടെ മാറ്റം സാമ്പത്തിക വികാസവുമായി ഇണങ്ങിയപ്പോൾ ക്രൈസ്തവ സമൂഹത്തിൽത്തന്നെ അതു വീക്ഷണ വ്യതിയാനങ്ങളുണ്ടാക്കി. ലോകബോധം, ജീവിതാദർശം എന്നിവയിൽ കേരള സമൂഹത്തിലാകെ കുടിയേറ്റമുണ്ടാക്കിയ വ്യതിയാനങ്ങൾ ചിട്ടയായി പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.
(ട) കേരള ക്രൈസ്തവരുടെ ചരിത്രത്തെ കേരള ക്രൈസ്തവ സഭകളുടെ ചരിത്രമാക്കി വായിക്കുകയും പഠിക്കുകയും വിധിക്കുകയും ചെയ്യുന്ന ശീലം മാറേണ്ടതാണ്.
സമർപ്പിത ചേതസ്സുകളായ ഗവേഷകരുണ്ടെങ്കിൽ പഠിക്കാൻ വിഷയങ്ങൾ ധാരാളമുണ്ടെന്ന് സ്‌കറിയാമാഷിന്റെ ലേഖനങ്ങൾ ഓരോന്നും ഉദ്‌ഘോഷിക്കുന്നു.

കകക
ആമുഖത്തിൽ പഠനസൗകര്യമുദ്ദേശിച്ചു നിർദ്ദേശിച്ച വർഗീകരണത്തിൽ ആദ്യവിഭാഗമായ 'വിമർശ'നപരമായ ലേഖനങ്ങളുടെ കൂട്ടത്തിൽ അഞ്ചെണ്ണമാണ് ഉൾപ്പെടുത്തുന്നത്: 'ഉദയംപേരൂർ സൂനഹദോസിന്റെ പശ്ചാത്തലത്തിൽ മാർ ഏബ്രഹാമിനെ ഓർക്കുമ്പോൾ', 'മതസ്വാതന്ത്ര്യവും ആഗോളവൽക്കരണവും കേരളത്തിൽ', 'ചിന്തിക്കുന്നവർ സഭാവേദികളിൽ നിന്നകന്നുപോകുന്നുവോ'?, 'അൽമായർ സഭയിലും പൊതുമണ്ഡലത്തിലും', 'മതേതരത്വം', 'മതം, രാഷ്ട്രീയം' എന്നിവ. ഇവയിൽ ആദ്യത്തെ ലേഖനത്തെ 'ക്രിസ്തുവഴി' അന്വേഷിക്കുന്ന ലേഖനങ്ങളുടെ കൂട്ടത്തിലും ഉൾപ്പെടുത്താവുന്നതാണ്. ചുരുക്കത്തിൽ വിഭജനം ഒരു സൗകര്യംമാത്രമാണ്. ചരിത്രവും സംസ്‌കാരവും അന്വേഷണവും വിമർശനവും ഈ സമാഹാരത്തിലെ ലേഖനങ്ങൾക്ക്  മൗലികത പ്രദാനം ചെയ്യുന്നതിൽ പൊതുവേ സഹായിക്കുന്ന ഘടകങ്ങളാണ്.
'ചരിത്രരചന' എന്ന വിഷയത്തെ പ്രശ്‌നവൽക്കരിക്കുന്ന ലേഖനമാണ്, 'ഉദയംപേരൂർ സൂനഹദോസി'ന്റെ പശ്ചാത്തലത്തിൽ മാർ എബ്രഹാമിനെ ഓർക്കുമ്പോൾ'. ''ചരിത്രം എന്തിന്?'' എന്നുള്ള ചോദ്യത്തിലാരംഭിക്കുന്ന ലേഖനം, ചരിത്രത്തിന്റെ രീതിശാസ്ത്രം ലക്ഷ്യാധിഷ്ഠിതമാണെന്നു ചൂണ്ടിക്കാട്ടുകയും 'കോട്ടപ്പുറം രൂപതയുടെ പൈതൃകവഴികൾ' എന്ന കൃതി മുൻ നിർത്തി ഒരേ ചരിത്രസന്ദർഭത്തെ / ഘട്ടത്തെക്കുറിച്ചുതന്നെ വ്യത്യസ്തങ്ങളായ വ്യവഹാരങ്ങൾ ഉണ്ടാകുന്നത് ലക്ഷ്യാധിഷ്ഠിത രീതിശാസ്ത്രത്തെ തെളിച്ചുകാട്ടുന്നതാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. 'ചരിത്രരചന' എന്ന പ്രശ്‌നത്തിൽനിന്ന് ഒരുപടികൂടി കടന്ന് മാർ എബ്രഹാമിന്റെ ജീവിതം മുൻനിർത്തി, മലങ്കര മാർത്തോമ്മാ നസ്രാണി സഭാചരിത്രത്തിലെ പ്രതിസന്ധിഘട്ടത്തെ നിർദ്ദാരണം ചെയ്യാൻ ശ്രമിക്കുന്നു. ചരിത്രത്തിന്റെ ചാക്രികസ്വഭാവത്തെ സാധൂകരിച്ചുകൊണ്ട്, ഈ സഭാചരിത്രപ്രതിസന്ധി കാലത്തിലൂടെ പുറകോട്ടു സഞ്ചരിച്ചാൽ ഗീവർഗീസ് അർക്കദിയാക്കോനിലും മുമ്പോട്ടു സഞ്ചരിക്കുമ്പോൾ ചാവറ പുണ്യവാളനിലും കണ്ടെത്താമെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
പതിനാറാം നൂറ്റാണ്ടിലെ മർത്തോമ്മാ നസ്രാണികളെയും അതിന്റെ ആത്മീയാചാര്യന്മാരെയും ഭയചകിതരാക്കിയ ഒരു ഘടകം നാടുവാഴികളും പോർച്ചുഗീസുകാരും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടുകളാണെന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന സ്‌കറിയാമാഷ് അതോടു ചേർത്തു പറയുന്ന കാര്യംകൂടി ശ്രദ്ധിക്കുക: 'രാഷ്ട്രീയവും മതവും സംഗമിക്കുമ്പോഴാണ് ഭീകര രൂപത്തിലുള്ള അധികാരപ്രയോഗം കടന്നുവരുന്നത്. ഏകാത്മകത അത്തരം വാദങ്ങളുടെ മൂർച്ച കൂട്ടും... പേർഷ്യൻ മെത്രാന്മാർ മതവൈവിദ്ധ്യത്തിന്റെ കാര്യത്തിൽ മൗനംപാലിച്ച് ജനങ്ങൾക്ക് പ്രിയങ്കരരായിത്തീർന്നു. മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാര്യത്തിലാകട്ടെ, നരവംശങ്ങളുടെയും സംസ്‌കാരങ്ങളുടെയും കാര്യത്തിലാകട്ടെ, ബഹുസ്വരതയാർന്നൊരു സമൂഹത്തിൽ വിവേകിതയുടെ മൗനം പാലിക്കുന്നതാണ് മനുഷ്യത്വം.
മലങ്കരമാർത്തോമാ നസ്രാണിസഭയുടെ ചരിത്രരചനക്കു മുതിരുന്നവർക്ക് ലേഖകൻ ശക്തമായ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. 'പള്ളിയോഗം, മഹായോഗം, പടിയോല തുടങ്ങിയ സമാന്തരങ്ങളില്ലാത്ത രക്ഷാകവചങ്ങളെക്കുറിച്ചു സംസാരിക്കാൻ ചരിത്രകാരന്മാർ കാട്ടുന്ന മടി അപലപനീയമാണ്. 'ഈ രക്ഷാകവചങ്ങളാണ് 'ഇൻക്വിസിഷനെ' അകറ്റിനിർത്തിയത്. ഈ രക്ഷാകവചങ്ങൾ ഒഴിവാക്കി നടത്തുന്ന 'നസ്രാണി ചരിത്രരചന' നിർമ്മിതികൾകൊണ്ടു നിർഭരമാകുകയില്ല; പ്രത്യുത, ശൂന്യസ്ഥലങ്ങൾകൊണ്ട് തരിശാകുകയേ ഉള്ളൂ. ക്രിസ്ത്യൻ തിയോളജിയെക്കുറിച്ചും തിയോളജിയുടെ ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്ന പണ്ഡിതന്മാർ ക്രിസ്ത്യൻ സോഷ്യോളജിയെക്കുറിച്ചും സോഷ്യൽ ഹിസ്റ്ററിയെക്കുറിച്ചുംകൂടി സംസാരിക്കുമ്പോഴേ ചരിത്രം ചരിത്രമാകൂ.
സമകാലീനമായ ചില പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളും സംവാദങ്ങളും; ഈ പ്രതികരണ - സംവാദങ്ങളിലൂടെ യഥാർത്ഥത്തിൽ ക്രൈസ്തവികത എന്താണെന്നും ക്രൈസ്തവികമല്ലാത്തത് എന്തൊക്കെയാണെന്നും അടയാളപ്പെടുത്തുകയാണ് ഡോ. സ്‌കറിയാ സക്കറിയ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു ലേഖനങ്ങളിൽ.
കുറെ കാലമായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന 'സ്വാശ്രയകോളജ്' പ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു മതസ്വാത്ര്രന്ത്യപ്രശ്‌നമാണ്, 'മതസ്വാതന്ത്ര്യവും ആഗോളവൽക്കരണവും കേരളത്തിൽ - ഒരു സാംസ്‌കാരിക വിശകലനം' എന്ന ലേഖനത്തിന്റെ പ്രമേയം. ഡോ. സ്‌കറിയാ സക്കറിയ ഈ ലേഖനത്തിൽ സ്വീകരിച്ച നിലപാടുകളും എഴുതിയ അഭിപ്രായങ്ങളും ക്രാന്തദർശിത്വം പുലർത്തുന്നവയായിരുന്നു എന്നുള്ളതിന് ഏറ്റവും നല്ല തെളിവ്, സ്വാശ്രയകോളജുകൾ പിൽക്കാലത്ത് നേരിടേണ്ടിവന്ന പരിഹാസ്യതയും പൊതുസമൂഹം അവയോട് കാട്ടിയ വെറുപ്പുമാണ്.
കത്തോലിക്കാ സഭയുടെ ചില നായകന്മാരാണ് കേരളത്തിൽ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നു പരാതിപ്പെട്ടത്.
മതസ്വാതന്ത്ര്യം അപകടത്തിൽപ്പെട്ടതായി 'ചിലർക്ക്' തോന്നിയത് എപ്പോഴാണ്?
ആരാധനാസ്വാതന്ത്ര്യം നിഷേധിക്കലോ അതുപോലെയുള്ള മറ്റു വിധ്വംസക പ്രവർത്തനങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായപ്പോഴോ അല്ല.
'സേവനം' എന്ന പേരിൽ കച്ചവടം പൊടിപൊടിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ കൊള്ളയും വിദ്യാർത്ഥി പീഡനവും പാടില്ലെന്നു പറഞ്ഞപ്പോഴായിരുന്നു, ചില മതനേതാക്കൾക്ക് മതസ്വാതന്ത്ര്യം അപകടത്തിലായെന്ന വിചാരം ഉണ്ടായത്. ജുഗുപ്‌സാവഹമായ ഈ നിലപാടിനെക്കുറിച്ച്, അർത്ഥശങ്കയ്ക്കിടയില്ലാതെ ലേഖകൻ പറയുന്നു: ''കേരളത്തിലെ മതാത്മകതയുടെ ചിഹ്നമായി സ്വാശ്രയകോളജുകളെ പരിഗണിക്കാൻ നിർബന്ധിക്കുന്നിടത്ത് മതാത്മകത ചുരുങ്ങിപ്പോയി. ഇവിടെ പാരമ്പര്യ നിരാസവും തത്ത്വനിരാസവും സംഭവിക്കുന്നു. ആധുനിക കേരളത്തിന്റെ രൂപീകരണത്തിൽ മതചൈതന്യത്തോടെ ഊർജ്ജസ്വലമായി പ്രവർത്തിച്ച ആയിരക്കണക്കിനു വിദ്യാലയങ്ങളെയും അവയുടെ പിന്നിലെ നിസ്വാർത്ഥതയെയും ജനസേവകരായ മതദൂതരെയും ഒറ്റയടിക്ക് മതനേതാക്കൾ മറന്നുകളഞ്ഞു. മിഷണറിമാർ എന്നു കേൾക്കുന്നതുതന്നെ ഇവർക്കു ഭയമാണെന്നു തോന്നുന്നു.'
ദേവാലയത്തെ ചന്തസ്ഥലമാക്കിയവർക്കുനേരേ ക്രിസ്തു ചാട്ടവാറെടുക്കുകയാണുണ്ടായത്. ചാട്ടവാറുകൊണ്ടല്ല, ചാട്ടുളിപോലുള്ള വാക്ശരങ്ങൾകൊണ്ടാണ്, ഈ സന്ദർഭത്തെ ലേഖകൻ നേരിടുന്നത്: ''ഉദാരവൽക്കരണകാലത്ത് കേരളത്തിലെ മതസ്ഥാപനങ്ങളിൽ, വിശിഷ്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുവിഭാഗം ചന്തസംസ്‌കാരത്തിലായിരിക്കുന്നു. വാണിജ്യ സാഥാപനങ്ങളായി വിദ്യാലയങ്ങളും ആശുപത്രികളും മാറിയതോടെ അവയുടെ പേരിൽനിന്ന് മിഷൻ കൊഴിഞ്ഞുപോയി. അവയുടെ മാർഗ്ഗദർശികൾ സി.ഇ.ഒ.മാരായി മാറി. ഈ മാറ്റം കത്തോലിക്കാ സ്ഥാപനങ്ങളിൽ പലതരത്തിലും തോതിലും കാണാം. ചിലർ പേരിലും ഘടനയിലും പ്രവർത്തന ശൈലിയിലും  തികച്ചും ചന്തമാതൃകയിലായി''.
സാമ്പത്തിക സാമ്രാജ്യത്വംകൊണ്ട്, പുതിയൊരു ലോകക്രമം സൃഷ്ടിക്കാൻ നേതൃത്വം നൽകിയ അമേരിക്കയിലെ കോർപ്പറേറ്റ് അച്ചുതണ്ടുകളായ സി.ഇ.ഒ.മാർക്ക് ക്രിസ്തുവിനെ മുൻനിർത്തി ആവേശം പകർന്ന ലോറി ബെത്ത് ജോൺസ് തന്നെയല്ലേ, കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസസംരംഭകരുടെയും പ്രേരണ? ഏതായാലും സുവിശേഷങ്ങളിലെ ക്രിസ്തു, അപ്പൊസ്തല പ്രവൃത്തികളിലെ ക്രിസ്തു, അപ്പൊസ്തലനായ പൗലോസിന്റെ വിവിധ ലേഖനങ്ങളിലൂടെ അനുഭവവേദ്യമാകുന്ന ക്രിസ്തു അല്ല, ഈ ക്രൈസ്തവ സംരംഭകർക്കു മാതൃക.
സംഘടിതഭാവവും അധികാര കേന്ദ്രീകരണവും ചേർന്ന് സഭാനേതൃത്വങ്ങളെ ഒരു വക 'ഗൂഢസംഘങ്ങളു'ടെ സ്വഭാവത്തിലേക്കു പരിണമിപ്പിച്ചിരിക്കുന്നു. സഭകളുടെ നേതൃത്വത്തിന്റെ സ്വഭാവം പൊതുവേ ഇത്തരത്തിലാണ്. എന്തു നടക്കണം, എന്തു നടക്കരുത്, ആരു നയിക്കണം, ആരു നയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് എല്ലാ സഭകളുടെയും മുകൾത്തട്ടിൽ ദൃശ്യമായും അദൃശ്യമായും നിൽക്കുന്ന ഇത്തരം സംഘങ്ങളാണ്. ഏതാനും പുരോഹിതന്മാരും അല്മായരും ഉൾപ്പെടുന്ന ഇത്തരം സംഘങ്ങളുടെ താൽപര്യം ആത്മീയതയല്ല, മതപരവുമല്ല, സ്ഥാപനപരമാണ്. സഭകൾ ആർജ്ജിക്കുന്ന വൻതോതിലുള്ള സമ്പത്തും മറ്റ് സ്വത്തുവകകളും കൈകാര്യം ചെയ്യുന്നത്, എല്ലാ സഭകളിലും ഇങ്ങനെയുള്ള ഉപരിമണ്ഡല സംഘങ്ങളാണ്. ജനാധിപത്യം സംസാരത്തിലേ ഉള്ളു. അധികാരവും 'സഭാസ്ഥാപന'ത്തിന്റെ സമ്പത്തും സ്ഥിരമായി കൈകാര്യം ചെയ്യുന്നതിന് കക്ഷിരാഷ്ട്രീയക്കാരേക്കാൾ ഹീനവും നീചവുമായ വഴികളാണവർഅവലംബിക്കുന്നത്.
സഭകളുടെ ഈവിധത്തിലുള്ള പോക്ക് ഈശ്വരോന്മുഖമല്ല. എതിർയാത്രകളാണ് അവ. ചിന്താശീലരായ സഭാജനങ്ങൾ സഭകളിൽനിന്ന് അകലാനും പൊതുസമൂഹം പരിഹാസത്തോടെ സഭകളെ നോക്കാനും ഇതു കാരണമായിത്തീരും. നവീകരണം ഒരു തുടർപ്രക്രിയയാകുകമാത്രമാണ് അതിനുള്ള പ്രതിവിധി. 'ചിന്തിക്കുന്നവർ സഭാവേദികളിൽനിന്ന് അകന്നുപോകുന്നുവോ? എന്ന ലേഖനം സഭകളുടെ വർത്തമാനകാല സ്ഥിതിയെയും അതിൽ ഗുണപരമായുണ്ടാകേണ്ട മാറ്റങ്ങളെയുംകുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു.
'മതേതരത്വം, മതം, രാഷ്ട്രീയം' എന്ന ലേഖനം ചർച്ചചെയ്യുന്നത് കേരളത്തിലെ മതാധിഷ്ഠിതവും സമുദായാധിഷ്ഠിതവുമായ സാമൂഹിക സാഹചര്യത്തിൽ മതേതരത്വമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെയും ശരിയായ മതേതരത്വമൂല്യങ്ങൾ തിരിച്ചറിയേണ്ടതിനെക്കുറിച്ചുമാണ്. 'മതാദരത്വം' ആണ് മതേതരത്വം എന്നു വാദിക്കുന്ന മതനേതാക്കന്മാരെയും അധികാരത്തിനുവേണ്ടി ഏതു മതത്തെയും ഉപയോഗപ്പെടുത്താമെന്നുള്ള കാപട്യമാണ് മതേതരത്വം എന്നു കരുതുന്ന അധികാരഭ്രാന്തന്മാരെയും മാറ്റിനിർത്തി, മതേതരത്വത്തെക്കുറിച്ച് സന്തുലിത മനസ്സോടെ ലേഖകൻ ഇങ്ങനെ എഴുതുന്നു: ''മതേതരത്വം കപടമാകുന്നത് അതു ഗൂഡമായ രാഷ്ട്രീയപദ്ധതിയുടെ ഭാഗമായി തീരുമ്പോഴാണ്. രാഷ്ട്രീയം എന്നതുകൊണ്ട് എല്ലാവിധ അധികാര മണ്ഡലങ്ങളെയുമാണ് വിവക്ഷിക്കുന്നത്. അധികാരം പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള തന്ത്രമായി മതത്തെ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ കാപട്യം. ഭാരതത്തിലെയും കേരളത്തിലെയും ജനാധിപത്യ പ്രക്രിയയിലും സാമൂഹിക സംവിധാനങ്ങളിലും അധികാരത്തിന്റെ പടവുകൾ തീർക്കാൻ മതത്തെ ഉപയോഗിക്കുന്നുണ്ട് എന്നതു തീർച്ച. ഇതു മതേതരത്വത്തിനു ഭീഷണിയായിത്തീരുന്നു.''
'ക്രിസ്തു കേരളത്തിലെ സാംസ്‌കാരിക പരിണാമത്തിൽ', 'മാനവികതയും ജൂതമതവും', 'ഇരുപതാം നൂറ്റാണ്ടിലെ കേരള ക്രൈസ്തവസമൂഹം', 'ക്രിസ്തുമസ് ആഘോഷം നൂറ്റാണ്ടുകളിലൂടെ' എന്നീ ലേഖനങ്ങൾ ഉൾപ്പെടുന്നതാണ്, ഇനിയൊരുവിഭാഗം. സംസ്‌കാരപഠനസംബന്ധമായ ഈ ലേഖനങ്ങളിൽ പ്രധാനപ്പെട്ട ലേഖനം ആദ്യത്തേതുതന്നെയാണ്. അത്രയ്ക്ക് പ്രധാനപ്പെട്ട ഒരു വിഷയമാണ് അത് കൈകാര്യം ചെയ്യുന്നത്. മലയാളനാടിന്റെ 'സാമ്പത്തികാടിത്തറ' മുതൽ 'സാംസ്‌കാരിക മേല്പുര' വരെ സകലത്തിലും ഏറെ ശക്തമായ സ്വാധീനം ചെലുത്തിയ ഒന്നാണ് ക്രിസ്തു സങ്കല്പം അഥവാ ക്രൈസ്തവികതയും ആ സങ്കല്പത്തെ ചുറ്റിപ്പറ്റി വികസിച്ച സാമൂഹിക ജീവിതവും മനുഷ്യ ദർശനവും ('സ്വാധീനം' എന്നു പൊതുവേ പറയുമ്പോൾ കാലം നന്മയെന്നും തിന്മയെന്നും വേർതിരിക്കുന്ന എല്ലാത്തരം സ്വാധീനങ്ങളും അതിൽപ്പെടും).
ഈ ലേഖനത്തിലെ ശ്രദ്ധേയമായ ചില നിഗമനങ്ങൾ ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയില്ല:
''കേരളത്തിൽ ആദ്യമായി സജീവ പാശ്ചാത്യ സ്വാധീനത്തിനു വിധേയമായ സമൂഹം ക്രൈസ്തവരുടേതാണ്. ആ പാശ്ചാത്യീകരണം ഒരു പരിധിയോളം ആധുനികീകരണമായിരുന്നു.''
''പാശ്ചാത്യ സമ്പർക്കത്തിനു മുമ്പും പിമ്പും കേരളത്തിലുണ്ടായിരുന്ന ക്രിസ്തു സങ്കല്പങ്ങൾക്ക് സാരമായ അന്തരമുണ്ട്. പനരുത്ഥാനം ചെയ്ത ക്രിസ്തുവായിരുന്നു പ്രാചീന കേരള ക്രൈസ്തവരുടെ ആരാധനാ മൂർത്തി... പാശ്ചാത്യരുടെ ക്രിസ്തു കുരിശിൽ തൂങ്ങിമരിക്കുന്ന ക്രിസ്തുവായിരുന്നു.''
''നിരാധാരരും പീഡിതരും കീഴാളരും അവഗണിക്കപ്പെടേണ്ട. മ്ലേഛരല്ലെന്നും ആദരിക്കപ്പെടേണ്ട ദിവ്യവ്യക്തിത്വങ്ങളാണെന്നുമുള്ള തത്ത്വം ഇവിടെ പ്രചാരം നേടി... ജാതിചിന്തയും അടിമത്തവും കൊടികുത്തി വാഴുന്ന വ്യവസ്ഥയിൽ ഇത്തരമൊരു മൂല്യബോധം സ്‌ഫോടക സ്വഭാവമുള്ളതാണല്ലോ.''
''ഭാഷയിലും അച്ചടിയിലുംമാത്രമല്ല, ഭാഷയുടെ സാഹിതീയമായ ഉപയോഗത്തിലും സാഹസിക പരീക്ഷണങ്ങൾ നടത്താൻ ക്രിസ്തു നിമിത്തമായിത്തീർന്നു.''
''സഹിക്കുന്ന ക്രിസ്തുവാണ്, പൊരുതുന്ന ക്രിസ്തുവല്ല, നമ്മുടെ സാഹിത്യത്തിലുള്ളത്.... ആദർശവല്ക്കരിക്കപ്പെട്ട സഹന മൂർത്തിയാണ് മലയാള കവിതയിൽക്രിസ്തു. അദ്ദേഹത്തിന്റെ സ്‌നേഹോഷ്മളഭാവങ്ങളോ ദയാവായ്‌പോ മാനവികാഭിമുഖ്യങ്ങളോ നമ്മുടെ സാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.''
കേരള സംസ്‌ക്കാരത്തെ-സാമൂഹിക ജീവിതം ഭാഷ സാഹിത്യം എന്നു തുടങ്ങി സകല മേഖലകളെയും - ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്, ക്രൈസ്തവികത. ''കേരള ക്രൈസ്തവരുടെ ചരിത്രത്തെ കേരള ക്രൈസ്തവസഭകളുടെ ചരിത്രമാക്കി വായിക്കുകയും പഠിക്കുകയും വിധിക്കുകയും ചെയ്യുന്ന ശീലം മാറേണ്ടതാണ്'' എന്ന് സ്‌കറിയാമാഷ് മറ്റൊരിടത്തു പറഞ്ഞിട്ടുള്ളതിനെ ഇങ്ങനെ മാറ്റിപ്പറയേണ്ടിയിരിക്കുന്നു: കേരളത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ക്രൈസ്തവികതയെ ക്രൈസ്തവ സമൂഹത്തിന്റെമാത്രം സാംസ്‌കാരിക വിനിമയങ്ങളാക്കി വായിക്കുകയും പഠിക്കുകയും വിധിക്കുകയും ചെയ്യുന്ന ശീലം മാറേണ്ടതാണ്.
കേരളത്തിലെ ക്രൈസ്തവരുടെ നിലപാടുകളെയും നിശ്ചയങ്ങളെയും വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന ലേഖനമാണ്, 'ഇരുപതാം നൂറ്റാണ്ടിലെ കേരള ക്രൈസ്തവ സമൂഹം'. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും കേരള ക്രൈസ്തവരെ സംബന്ധിക്കുന്ന രണ്ടു സുപ്രധാന വസ്തുതകൾ ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു:
ഒന്ന്, ''കേരളത്തിലെ മറ്റേതു ജനവിഭാഗത്തിലുമെന്നപോലെ അനുദിന ജീവിതത്തിൽ സാധാരണക്കാരായ ക്രൈസ്തവർ തങ്ങളുടെ സാമൂഹിക സാമ്പത്തിക താൽപര്യങ്ങളും അഭിരുചികളും അനുസരിച്ച് തീരുമാനം എടുക്കുന്നു: ക്രൈസ്തവരുടെ ചില നിലപാടുകൾ മതനായകരുടെ തീട്ടൂരം അനുസരിച്ചാണെന്നുള്ള വ്യാജധാരണ തിരുത്താൻ സമകാലിക സാമൂഹിക ജീവിതത്തിൽനിന്ന് ചില നല്ല ഉദാഹരണങ്ങളും ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രണ്ട്, ''തങ്ങളുടെ സാമൂഹിക സാമ്പത്തിക താല്പര്യങ്ങൾക്ക് സഹായകമെന്ന് അവർ കരുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്ന നിലയിലാണ് ഈ ആഭിമുഖ്യം വിശദീകരിക്കേണ്ടത്. മതവിശ്വാസികൾ എന്ന നിലയിൽ, അവർ മതവിരുദ്ധരെന്നു മുദ്രകുത്തപ്പെട്ടവരെ ഭയപ്പെടുന്നതു സ്വാഭാവികം. മറിച്ച്, അവരെ ബോധ്യപ്പെടുത്താൻ, അവരുടെ വർഗതാല്പര്യങ്ങൾ തെളിച്ചുകാട്ടാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടില്ല.'' കേരള ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിദഗ്ദ്ധമായൊരു രാഷ്ട്രീയ വിശകലനംകൂടിയാണിത്.
ഉദയംപേരൂർ സൂനഹദോസുമായി ബന്ധപ്പെട്ട മൂന്നു ലേഖനങ്ങളാണുള്ളത്. 'ഉദയംപേരൂർ സൂനഹദോസ് നിഴലും വെളിച്ചവും', 'ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും', 'കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലവും പോർച്ചുഗീസുകാരും' എന്നിവ.
സ്ഥാപനങ്ങൾ (ശിേെശൗേശേീി)െ ആധുനികതയുടെ പ്രതിനിധാനങ്ങളാണ്. പാശ്ചാത്യർ കോളനി ആധുനികതയുടെ ഭാഗമായി സഭയെ  സ്ഥാപനവൽക്കരിക്കുന്ന പ്രക്രിയയായിരുന്നു ഉദയംപേരൂർ സൂനഹദോസിൽ നടന്നതെന്നു പറയാം. അത് പിൽക്കാല ക്രൈസ്തവ സഭകളിൽ ഇളക്കിവിട്ട അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. പിന്നീടു പിന്നീട് സംഘടനാരൂപം കൈക്കൊണ്ട വിവിധ ക്രൈസ്തവേതര സമുദായങ്ങളിലും അതിന്റെ അലകളും സ്വാധീനവും തുടർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം.
ചരിത്രത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും പിൻബലത്തോടെ നിർവ്വഹിച്ചിട്ടുള്ള ഉദയംപേരൂർ സൂനഹദോസ് കാനോനകളുടെ പഠനം അനവധി പുതിയ അറിവുകൾ പകർന്നു തരുന്നതാണ്. വിശേഷിച്ച്, ആധുനികതയുമായി അടുത്തു പരിചയപ്പെട്ട ഒരു സമൂഹം മലയാളനാട്ടിൽ നിലവിലിരുന്ന ജാതി അടിമത്ത നാടുവാഴിത്ത സാമൂഹികവ്യവസ്ഥയെ എങ്ങനെ നോക്കിക്കണ്ടുവെന്നും ആ ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയുടെ അടിത്തറയിളക്കി, അതിനെ നവീകരിക്കുന്നതിൽ, അവർ എത്രത്തോളം ഉത്സുകരായിരുന്നുവെന്നും ഈ ലേഖനങ്ങൾ വെളിവാക്കുന്നു. പക്ഷേ ജഡാവസ്ഥ ബാധിച്ച മലയാളിസമൂഹം വിവാഹപ്രായത്തെയും സ്ത്രീയുടെ അവകാശങ്ങളെയുമൊക്കെ സംബന്ധിച്ച് വിപ്ലവകരമെന്നോ കാലത്തിനുമുമ്പേ സഞ്ചരിച്ചതെന്നോ വിശേഷിപ്പിക്കാവുന്ന ആ ആശയങ്ങളെ, എങ്ങനെ ചുരുട്ടിക്കെട്ടി പരണത്തുവെച്ചു എന്നുള്ളതും ഇക്കൂടെ ആലോചിക്കേണ്ടതാണ്.
'ക്രിസ്തുവഴി അന്വേഷിക്കുന്നവ' എന്ന വിഭാഗത്തിലെ ലേഖനങ്ങളാണ് ഈ സമാഹാരത്തിലേക്കും ശ്രദ്ധേയമായവ. ആഗോളവൽക്കരണകാലത്തെ ക്രിസ്തുവിനെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന പഠനങ്ങൾ എന്ന നിലയിലാണ് അവ ശ്രദ്ധേയമാകുന്നത്. 'കറുത്ത അരയന്നവും സുവിശേഷ സന്തോഷവും', 'വിമോചന ദൈവശാസ്ത്രത്തിന്റെ പ്രസക്തി കേരളത്തിൽ', 'ഫ്രാൻസിസ് മാർപ്പാപ്പയ്‌ക്കെന്താ കൊമ്പുണ്ടോ' എന്നീ ലേഖനങ്ങളാണ് ഈ വിഭാഗത്തിൽ പരിഗണിച്ചിട്ടുള്ളത്. 'മതസ്വാതന്ത്ര്യവും ആഗോളവൽക്കരണവും കേരളത്തിൽ', 'ചിന്തിക്കുന്നവർ സഭാവേദികളിൽനിന്ന് അകന്നു പോകുന്നു' തുടങ്ങിയ ലേഖനങ്ങൾക്കൂടി ചേർത്തുവായിക്കാവുന്നതാണ്.
ക്രിസ്തുവിൽനിന്ന് പലവിധേനയും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സഭയെ ക്രിസ്തുവിനോട് അടുപ്പിച്ചുനിർത്തുന്നതിനുള്ള ഉദ്യമങ്ങൾ ചരിത്രത്തിൽ എപ്പോഴെങ്കിലുമൊക്കെ വിസ്മയംപോലെ സംഭവിക്കുന്നു. ആസ്‌ട്രേലിയയിൽ കറുത്ത അരയന്നം പ്രത്യക്ഷപ്പെട്ടതുപോലെയാണ് അത്. പല സാഹിത്യകൃതികളിലും നാടോടിക്കഥകളിലും കറുത്ത അരയന്നമുണ്ടായിരുന്നു. പക്ഷേ, നൂറ്റാണ്ടുകളായി ആരും അതിനെ കണ്ടിട്ടില്ല. എന്നാൽ അനേക നൂറ്റാണ്ടുകൾക്കുശേഷം പെട്ടെന്നൊരു ദിവസം ആസ്‌ട്രേലിയയിൽ കറുത്ത അരയന്നത്തെ കണ്ടെത്തി. നൂറ്റാണ്ടുകളായി കേട്ടുകേഴ്‌വിയില്ലാത്ത സംഭവമാണ് മാർപ്പാപ്പായുടെ സ്ഥാനത്യാഗം. എന്നാൽ ബനഡിക് മാർപ്പാപ്പാ അങ്ങനെ ചെയ്തു. പുതിയതായ തിരഞ്ഞെടുക്കപ്പെട്ട മാർപ്പാപ്പാ ലത്തീനമേരിക്കയിൽ നിന്നായിരുന്നു - ഫ്രാൻസിസ് മാർപ്പാപ്പാ.
യേശുക്രിസ്തു ലോകത്തിന് വെളിപ്പെടേണ്ടത് ക്രിസ്ത്യാനികളിലൂടെയാണ്. ശാന്തനും സൗമ്യനും വെറുമയാക്കപ്പെട്ടവനുമായിരുന്ന ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തേണ്ട ക്രിസ്ത്യാനി, എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ അനുഗമിക്കുന്നവനായിരിക്കണം.
ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് സുവിശേഷം എന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഫ്രാൻസിസ് മാർപ്പാപ്പാ വിനയവും പരിഗണനയും കാരുണ്യവുമാണ് സുവിശേഷസന്തോഷമെന്ന് വ്യക്തമാക്കി. മഗ്ദലനക്കാരി മറിയെയും ചുങ്കക്കാരനെയും പാപിയെയും കൈക്കൊണ്ട യേശുവിനെപ്പോലെ, സ്വവർഗാനുഗാരികളോടും വിവാഹമോചിതരോടും മുഖം മറയ്ക്കാതെ, തിന്മയെ അംഗീകരിക്കാതെതന്നെ, തിന്മ ചെയ്തവരെ രക്ഷാകരസ്‌നേഹത്തിൽ ഉൾപ്പെടുത്തി.
യേശുവും സുവിശേഷകരും നിസ്വരെയും രോഗികളെയും പാപികളെയുമാണ് തേടിപ്പോയത്.  സ്‌കറിയാമാഷ് തുടരുന്നു: ''നിർഭാഗ്യവശാൽ പ്രലോഭനങ്ങൾക്ക് അടിമപ്പെട്ട് ആഗോളവൽക്കരണ കാലത്തു മനുഷ്യർ സംരംഭക കർത്തൃത്വം ഏറ്റെടുക്കുന്നു. അതായത്, ഏറ്റവും ലാഭകരമായതാണ് ഏറ്റവും നല്ലത്. അതാണ് തങ്ങളുടെ നിയോഗം എന്ന മട്ടിൽ ലോകത്തെ വെറും കമ്പോളമാക്കി മാറ്റുന്നു. ഇതിനെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിഗ്രഹാരാധന എന്ന് ഫ്രാൻസിസ് മാർപ്പാപ്പ വിശേഷിപ്പിച്ചത്.''
ആഗോളവൽക്കരണകാലത്ത് സഭകളെ സ്ഥാപനങ്ങളാക്കുകയും സഭാസ്ഥാപനങ്ങളെ ചന്തകളാക്കി മാറ്റുകയും പുരോഹിതന്മാർ സി.ഇ.ഒ.മാരായിത്തീരുകയും ചെയ്യുമ്പോൾ, ഫ്രാൻസിസ് മാർപ്പാപ്പ ഒരു ചോദ്യം ഉയർത്തുന്നു: ''നിങ്ങൾ വിഗ്രഹാരാധകരോ ജീവിക്കുന്ന ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നവരോ?''
വലിയൊരു ക്രൈസ്തവസാക്ഷ്യവും ആഗോളവൽക്കരണകാലത്ത് ക്രൈസ്തവർക്ക് ചൂണ്ടിക്കാണിക്കാനുള്ള മറുപടിയുമാണു ഫ്രാൻസിസ് മാർപ്പാപ്പ. ഡോ. സ്‌കറിയാ സക്കറിയയുടെ വാക്കുകളിലേക്ക്: ''കത്തോലിക്കാസഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും കർമ്മപദ്ധതികളിലും ഈ കറുത്ത അരയന്നമുണ്ടായിരുന്നു എന്നു ലളിതമായി നാം തിരിച്ചറിയുന്നു. ഇതൊരു പ്രത്യക്ഷീകരണമാണ്, എപ്പിഫനിതന്നെ.'' നൂറ്റാണ്ടുകൾ കൂടുമ്പോൾ സംഭവിക്കുന്ന ഇത്തരം പ്രത്യക്ഷീകരണങ്ങളാണ്, ദൈവരാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന കർത്താവിന്റെ പ്രാർത്ഥനയ്ക്കു ലഭിക്കുന്ന മറുപടി. ഇത്തരം പ്രത്യക്ഷീകരണങ്ങളിലൂടെയാണ് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നത്.

കഢ
ഡോ. സ്‌കറിയാ സക്കറിയ ഈ പ്രൗഢപ്രബന്ധങ്ങളിലൂടെ തിരയുന്നത് സൂര്യതേജസ്വിയായ ക്രിസ്തുവിനെയാണ്; ഭൂമിയിലെ സ്വർഗ്ഗരാജ്യ സംസ്ഥാപനത്തെയാണ്; അതിന്റെ ഉപകരണങ്ങളായ സഭയെയും സഭാജനത്തെയുമാണ്. മലങ്കര മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിലും കേരളത്തിന്റെ സാംസ്‌കാരിക പരിണാമത്തിലും ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിലും വിമോചന ദൈവശാസ്ത്രത്തിന്റെ ദർശനങ്ങളിലും സമകാലീന ക്രൈസ്തവ സഭകളുടെ / സ്ഥാപനങ്ങളുടെ സാമൂഹിക ജീവിതത്തിലും ക്രിസ്തുവിന്റെ സ്ഥാനം എവിടെയാണ് എന്ന് അദ്ദേഹം അന്വേഷിക്കുന്നു. സമകാലീന ക്രൈസ്തവ സമൂഹങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ചിന്തകളെയും പ്രവർത്തനങ്ങളെയും മുൻനിർത്തി ക്രൈസ്തവികതയുടെ സ്വത്വം തേടുന്ന ഈ പഠനങ്ങൾക്ക് ആധാരം സുവിശേഷങ്ങളും ചരിത്രബോധവും സാമൂഹിക ശാസ്ത്രചിന്തകളും സമീചീനമായ ദൈവശാസ്ത്ര ബോധ്യങ്ങളുമാണ്.
ഈ പഠനങ്ങൾ മുമ്പോട്ടുവെക്കുന്ന അപൂർവ്വമായ ആശയങ്ങൾ കേരള സമൂഹത്തിൽ വലിയ ആലോചനകൾക്കും ചർച്ചകൾക്കും വഴിവെക്കുകതന്നെ ചെയ്യും. ഈ ലേഖനങ്ങളിൽ തുടർ പഠനത്തിനും ഗവേഷണത്തിനുമായി ചൂണ്ടിക്കാട്ടിയിട്ടുള്ള അനവധിയായ വിഷയങ്ങൾ ആസ്പദമാക്കി ധാരാളം ഗൗരവമുള്ള പഠനങ്ങളും അതുവഴി ഒട്ടേറെ പുതിയ അറിവുകളും ആശയങ്ങളും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.