Research Articles

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ആധുനികതയും നവോത്ഥാനവും കേരളീയ സന്ദര്‍ഭത്തില്‍ (Modernity and Renaissance in the Context of Kerala)

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും സാമൂഹിക ജീവിതവും മുന്‍നിര്‍ത്തി 'ആധുനികത', 'നവോത്ഥാനം' എന്നീ പരികല്‍പ്പനകള്‍ ചര്‍ച്ചചെയ്യുവാനും പഠിക്കുവാനും തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല; ഈ വിഷയത്തില്‍ അധികം വിശകലനങ്ങള്‍ ഉണ്ടായിട്ടുമില്ല. അതുതന്നെയുമല്ല, ഉണ്ടായിട്ടുള്ള ആധുനികതാ-നവോത്ഥാന ചര്‍ച്ചകളില്‍തന്നെ ആശയക്കുഴപ്പങ്ങള്‍ ധാരാളമുണ്ടുതാനും.
യൂറോപ്പില്‍ രൂപപ്പെട്ട്, കോളനിവല്‍ക്കരണത്തിനും മുതലാളിത്തത്തിനുമൊപ്പം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച സാമൂഹിക പ്രക്രിയകളാണ് ആധുനികതയും നവോത്ഥാനവും. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ഫലമായി ഒരു സമൂഹത്തിന്റെ പൊതുജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ആ സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ പിന്‍ബലത്തില്‍മാത്രമേ പഠിക്കുവാനും വിലയിരുത്താനും കഴിയൂ. കേരളീയ സന്ദര്‍ഭത്തില്‍, മേല്‍പ്പറഞ്ഞ പരികല്‍പ്പനകള്‍ പഠനവിധേയമാക്കുമ്പോള്‍ നാടിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിന്, മറ്റെല്ലായിടത്തുമെന്നതുപോലെ വലിയ പ്രാധാന്യമുണ്ട്.
താത്ത്വികമായാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഭാഗമായിരിക്കുന്നതും വികസന സൂചകങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്രനിലയില്‍ എത്തുകയും വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്നതുമായ കേരളം, പക്ഷേ, കേവലം രണ്ടുനൂറ്റാണ്ട് മുന്‍പ്, വളരെ വ്യത്യസ്തമോ ഇതിനെല്ലാം വിരുദ്ധമോ ആയ അവസ്ഥയിലായിരുന്നു എന്ന് അറിയണം; നമ്മള്‍ ജനിച്ചുവീഴുകയും വളര്‍ന്നു വലുതാകുകയും ചെയ്ത സാമൂഹിക സാഹചര്യങ്ങളുമായി യാതൊരു സാദൃശ്യവും അടുപ്പവുമില്ലാത്ത ഒരു പ്രതിലോമ സാമൂഹിക വ്യവസ്ഥയുടെ ഇരകളായിരുന്നു എട്ടു തലമുറ മുന്‍പുള്ള (ഒരു തലമുറ ഇരുപത്തിയഞ്ചു വര്‍ഷം എന്നു പരിഗണിച്ചാല്‍) നമ്മുടെ പൂര്‍വ്വികര്‍ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. പ്രാക്ചരിത്രകാലവും സംഘകാലവും ബൗദ്ധപ്രഭാവകാലവും പിന്നിട്ട 'മലയാളനാട്' (കേരളം എന്നൊരു രാജ്യമോ സംസ്ഥാനമോ ഉണ്ടായിരുന്നില്ലല്ലോ), പിന്നീട് കടന്നുവന്നത് 'ബ്രാഹ്മണഹിന്ദുമത'ത്തിന്റെ അധിനിവേശത്തിലൂടെയും അതു സൃഷ്ടിച്ച രാഷ്ട്രീയ/ സാമൂഹിക ഘടനയിലൂടെയുമാണ്. ഏകദേശം പന്ത്രണ്ടു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആ കാലഘട്ടത്തിലെ സാമൂഹിക ബന്ധങ്ങള്‍ ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹിക വ്യവസ്ഥയില്‍ അധിഷ്ഠിതമായിരുന്നു. ചരിത്രത്തിലെ മൂന്നു 'തിന്മകള്‍' എന്ന് നിസ്സന്ദേഹം രേഖപ്പെടുത്താന്‍ കഴിയുന്ന ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രം മതിയാകും, ഒരു സമൂഹത്തെ പ്രാചീനാവസ്ഥയില്‍ തളച്ചിടുന്നതിന്; മൂന്നും കൂടി വിളയാട്ടം നടത്തിയ-അതും ദീര്‍ഘനൂറ്റാണ്ടുകള്‍-മലയാള നാടിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണപോലും ഇന്ന് പലര്‍ക്കുമില്ല. എന്നല്ല, വെറും രണ്ടുനൂറ്റാണ്ടിനപ്പുറം അങ്ങനെ പ്രാചീനവും ക്രൂരവുമായ ഒരു കാലവും ജീവിതവുമുണ്ടായിരുന്നുവെന്നുള്ള ചിന്തപോലുമില്ല. അവരെ സംബന്ധിച്ചിടത്തോളം ചരിത്രം എന്നത് അവരുടെ പ്രായംമാത്രമുള്ള കാലത്തിന്റെ കഥകളാണ്. പക്ഷേ, കേരളം ആധുനികമായതും നവോത്ഥാനത്തിലേക്ക് പുരോഗമിച്ചതും മേല്‍പപ്പറഞ്ഞ ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹിക വ്യവസ്ഥയില്‍നിന്ന് ആയിരുന്നു എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍നിന്നുകൊണ്ടുമാത്രമേ കേരളത്തിന്റെ ആധുനികതയെയും നവോത്ഥാനത്തേയുംകുറിച്ചുള്ള ചരിത്രപാഠങ്ങള്‍ രൂപപ്പെടുത്താനാകൂ.
'ആധുനികത', 'നവോത്ഥാനം' എന്നീ പരികല്‍പ്പനകള്‍ മുന്‍നിര്‍ത്തി കേരളത്തിന്റെ സാമൂഹിക ജീവിതത്തെ പഠിച്ചുതുടങ്ങുമ്പോഴും കേരളീയ സന്ദര്‍ഭത്തില്‍ ഈ പരികല്‍പപ്പനകളെ എങ്ങനെ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്യണമെന്ന കാര്യത്തിലോ അവ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചോ ഗൗരവമുള്ള ആലോചനകള്‍ ഉണ്ടായില്ല. തന്മൂലം പല പരികല്‍പ്പനകളുടെയും കാര്യത്തിലെന്നപോലെ കൃത്യതയും വ്യക്തതയുമില്ലാത്ത വിശദീകരണങ്ങളാണ് കേരളീയ ആധുനികതയെയും നവോത്ഥാനത്തെയും സംബന്ധിച്ചുണ്ടായത്. കൃത്യതയും വ്യക്തതയുമില്ലാത്ത സമീപനം, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഒട്ടുവളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതാവട്ടെ പി. ഗോവിന്ദപ്പിള്ളയുടെ കേരള നവോത്ഥാനം (നാലു സഞ്ചികകള്‍) എന്ന ഗ്രന്ഥപരമ്പരയാണ്. ചിന്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പി. ഗോവിന്ദപ്പിള്ള നല്‍കിയ വിലപ്പെട്ട സംഭാവനകളെക്കുറിച്ചുള്ള മുഴുവന്‍ ആദരവും മനസ്സില്‍ വെച്ചുകൊണ്ടുതന്നെ, കേരള നവോത്ഥാനത്തെക്കുറിച്ച് അദ്ദേഹം എഴുതിയ കാര്യങ്ങളില്‍ ആശയപ്പിശകുകളുണ്ടെന്നും അടിസ്ഥാന പരികല്‍പ്പനകളില്‍തന്നെ സംഭവിച്ച പിശകാണ് അതിനു കാരണം എന്നും പറയേണ്ടിവരുന്നു. കേരളത്തില്‍ കാലാകാലങ്ങളില്‍ നടന്ന സാമുദായിക പരിഷ്‌കരണ സംരംഭങ്ങളിലാണ് കേരള നവോത്ഥാനത്തിന്റെ തുടക്കമെന്നും കേരള നവോത്ഥാനമെന്നാല്‍ അവയാണെന്നുമുള്ള തെറ്റിദ്ധാരണയാണ് ആ ഗ്രന്ഥസമുച്ചയം സൃഷ്ടിക്കുന്നത്. 'പൊതുമണ്ഡലം', 'മാനവികത' തുടങ്ങിയ സാമൂഹിക തത്ത്വങ്ങളില്‍നിന്ന് വളരെ അകലെയായിപ്പോയതും 'സമുദായംപ്രതി സമുദായം' സംഭവിച്ചതുമായ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരാണ് കേരളനവോത്ഥാനസ്രഷ്ടാക്കള്‍ എന്ന സമീപനം സ്വീകരിച്ചതില്‍ പിഴവും ആശയക്കുഴപ്പവും ഉണ്ട്. കേരളീയ സന്ദര്‍ഭത്തില്‍ സാമുദായിക പരിഷ്‌കരണ ശ്രമങ്ങള്‍, അതാതു സമുദായങ്ങളെ പുരോഗമിപ്പിക്കുന്നതില്‍ പ്രത്യക്ഷമായും, നവോത്ഥാനത്തെ പുരോഗമിപ്പിക്കുന്നതില്‍ പരോക്ഷമായും, നല്ല പങ്കുവഹിച്ചിട്ടുണ്ട്; പക്ഷേ അവയല്ല കേരളത്തിന്റെ ആധുനികതയെയും നവോത്ഥാനത്തെയും  നിര്‍ണ്ണയിച്ചത്. ആധുനികതയും നവോത്ഥാനവും  സാമുദായിക പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുകയാണുണ്ടായത്.
പി. ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം എന്ന കൃതിയില്‍ (ഒന്നാം സഞ്ചിക), സര്‍വ്വകലാശാല ഗവേഷണപ്രബന്ധങ്ങളുടെ ആദ്യഅദ്ധ്യായത്തില്‍ കാണുന്ന സിദ്ധാന്തഭാഗത്തിലെന്നപോലെ നവോത്ഥാനത്തെക്കുറിച്ച് ഒരു സൈദ്ധാന്തിക ചര്‍ച്ച നടത്തുന്നുണ്ട്. അതുപക്ഷേ, പൂര്‍വ്വമത സമാകലനമായി ചുരുങ്ങിപ്പോയിരിക്കുന്നു. ആധുനികതയും നവോത്ഥാനവുംതമ്മിലുള്ള വസ്തുനിഷ്ഠബന്ധത്തെ കേരളത്തിന്റെ സാമൂഹികചരിത്രം മുന്‍നിര്‍ത്തി നിര്‍ണ്ണയിക്കുന്നതിലേക്കോ കേരളീയ സന്ദര്‍ഭം മുന്‍നിര്‍ത്തി നവോത്ഥാനത്തെ വിശദമാക്കുന്നതിലേക്കോ ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ കേരള സമൂഹത്തില്‍ നടന്ന സാമൂഹികമാറ്റങ്ങളെക്കുറിച്ചുള്ള അറിവ് എന്ന ഫലസിദ്ധിയിലേക്കോ ആ ചര്‍ച്ച എത്തുന്നില്ല. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, കൃത്യതയില്ലായ്മയും വ്യക്തതയില്ലായ്മയും സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളുമുണ്ട്.
പുതുക്കപ്പെടുന്ന/നവീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍മാത്രമേ നവീനമായ/ആധുനികമായ സാമൂഹിക ഉത്ഥാനം/ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയുള്ളൂ. സമൂഹം സഞ്ചരിക്കുന്നത് ആധുനികതയില്‍നിന്ന് നവോത്ഥാനത്തിലേക്കാണ്. ആധുനികതമുഖേന സമൂഹത്തിനുണ്ടാകുന്ന പുത്തന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാമൂഹിക മാറ്റങ്ങള്‍ക്കും നവോത്ഥാന മൂല്യങ്ങളുടെ/ ആശയങ്ങളുടെ പ്രതിഷ്ഠാപനത്തിനും ദൃഢീകരണത്തിനും കാരണമായിത്തീരുകയും ചെയ്യുന്നു.
ആധുനികതയ്ക്ക് (ങീറലൃിശ്യേ) പ്രകടിത പ്രവര്‍ത്തനങ്ങളിലൂടെ ദൃശ്യമാകുന്ന ഒരു ബാഹ്യതലവും ദാര്‍ശനികമായ ഒരു ആന്തരിക തലവും ഉണ്ട്. സാമൂഹിക ജീവിതത്തിന്റെ സകല വ്യവഹാര മേഖലകളും പുതുക്കപ്പെടുക, നവീകരിക്കപ്പെടുക, എന്നുള്ളതാണ് ആധുനികതയുടെ പ്രത്യക്ഷഫലം. സാമൂഹിക ബന്ധങ്ങള്‍, കുടുംബം, തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, യാത്ര, വസ്ത്രധാരണം,ആചാരങ്ങള്‍, ഭാഷ, സാഹിത്യം, കല തുടങ്ങി പൊതുജീവിതത്തിന്റെ സകല മണ്ഡലങ്ങളും പുതിയ വ്യവഹാരങ്ങള്‍കൊണ്ട് പഴയതില്‍നിന്ന് വ്യത്യസ്തമാകും. ആധുനികതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനമാകട്ടെ 'തുല്യ പൗരത്വം' (ഋൂൗമഹ രശശ്വേലിവെശു) ആണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയും തുല്യപൗരത്വമാണെന്ന് ഓര്‍ക്കാം. പൗരന്മാര്‍ക്കിടയിലും പൗരന്മാരുടെ മനസ്സിലും ജനാധിപത്യമൂല്യങ്ങള്‍ പുലരുന്ന സമൂഹമാണ് ആധുനികസമൂഹം.
ദീപാങ്കര്‍ ഗുപ്ത ആധുനികതയുടെ നാലു സവിശേഷതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നാലു സവിശേഷതകളെങ്കിലുമുള്ള സമൂഹമാണ് ആധുനിക സമൂഹം എന്ന് അദ്ദേഹം എഴുതുന്നു:
'വ്യക്തിയുടെ അന്തസ്സിനെ മാനിക്കുന്ന സമൂഹം;
സാമാന്യമായ ആദര്‍ശങ്ങളെ വിടാതെ, പിന്തുടരുന്ന സമൂഹം;
കുലവും ജാതിയും നോക്കി വ്യക്തികള്‍ക്ക് മഹത്വമോ നീചത്വമോ കല്‍പ്പിക്കാതെ, അവരുടെ നേട്ടങ്ങള്‍ക്കനുസരിച്ച്, അന്തസ്സ് നല്‍കുന്ന സമൂഹം;
ഉത്തരവാദിത്വത്തോടുകൂടിയ പൊതുജീവിതം നയിക്കുന്ന സമൂഹം '(2001:2).
ആധുനികത തുല്യപൗരത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന ദര്‍ശനമാണ്. ഈ ദര്‍ശനം സംജാതമാകുന്നിടത്ത് അതിന്റെ പ്രത്യക്ഷ ഫലങ്ങള്‍ ഉണ്ടായിക്കൊള്ളുമെന്നും ദീപാങ്കര്‍ ഗുപ്ത തുടര്‍ന്ന് എഴുതുന്നു:
'ഒരിക്കല്‍ ഈ ധര്‍മ്മങ്ങള്‍ സമൂഹത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഉന്നത സാങ്കേതിക വിദ്യയോ അതിവേഗ ഗതാഗത സംവിധാനങ്ങളോ ഉപഭോക്തൃ സംസ്‌കാരമോ അവിടെയുണ്ടോ എന്നുള്ളത് യഥാര്‍ത്ഥത്തില്‍ ഒരു കാര്യമേ അല്ല. പൊതുവേ പറഞ്ഞാല്‍, ആധുനികീകരണത്തിന്റേതായി മുകളില്‍ ചൂണ്ടിക്കാണിച്ച നാലു സവിശേഷതകളുടെ പരിണിത ഫലങ്ങളാണ് സാങ്കേതിക വിദ്യയും ഉപഭോക്തൃസംസ്‌കാരവും .... മറ്റുള്ളവര്‍ തനിക്ക് തുല്യരാണെന്നും മറ്റുള്ളവരെ ബഹുമാനിക്കേണ്ടതാണെന്നുമുള്ള മനോഭാവമാണ് വികസിതമായ ആധുനികതയുടെ സവിശേഷത' (അവിടെത്തന്നെ, പു. 5). ഈ മനോഭാവം ഉല്‍ക്കൃഷ്ടമായ പൗരത്വവും പൗരധര്‍മ്മവും പരിപോഷിപ്പിക്കും. പഴയസമൂഹം ആധുനികമല്ലാതിരുന്നത്, അത് കാലഗണനയില്‍ പുറകിലായിരുന്നതുകൊണ്ടുമാത്രമല്ല; അവിടെ ഭരണാധികാരികളും (Rulers) പ്രജകളും (Subjects) ഉണ്ടായിരുന്നു; പക്ഷേ പൗരന്മാര്‍ (Citizesn) ഇല്ലായിരുന്നു എന്നതിനാലാണ്. ആധുനിക സമൂഹത്തിലാകട്ടെ രാജാവും പ്രജകളുമില്ല; പൗരന്മാരാണുള്ളത്. അടിമ-ഉടമ ബന്ധം നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥ ക്രൂരമായിരുന്നതുമാത്രമല്ല, പ്രാചീനവുമായിരുന്നു. കുലത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യനു മഹത്വം ചാര്‍ത്തിക്കൊടുക്കുകയോ അല്ലെങ്കില്‍ അധമമായി കരുതുകയോ ചെയ്തിരുന്ന സാമൂഹികവ്യവസ്ഥ പ്രാചീനം മാത്രമല്ല, നികൃഷ്ടവുമായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പ്രേരകമായിത്തീര്‍ന്നത് കോളനി ആധുനികതയാണ്-അതായത്, യൂറോപ്യന്‍ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും കോളനിപ്പതിപ്പ്. സാമ്പ്രദായികമായ ഒരു സാമൂഹിക ക്രമത്തില്‍-അതും കേരളത്തിലേതുപോലെ അനവധി നൂറ്റാണ്ടുകള്‍ക്കൊണ്ട് ഉറച്ചുപോയതും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടമതിലുകളാല്‍ സംരക്ഷിക്കപ്പെട്ടുപോന്നിരുന്നതുമായ ഒരു സാമൂഹിക വ്യവസ്ഥയില്‍-മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ ബാഹ്യപ്രേരണയോ ബാഹ്യ ഇടപെടലോ ഉണ്ടാകണം. കേരളസമൂഹം പഴയ ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹിക ക്രമത്തില്‍നിന്ന് നവീനമായൊരു സാമൂഹിക വ്യവസ്ഥയിലേക്ക് മാറുന്നതിന് നിമിത്തമായത് കോളനി ആധുനികതയുടെ വ്യാപനമാണ്; അതിന്റെ ഭാഗമായി കേരള സമൂഹത്തില്‍ പ്രചരിച്ച ആധുനിക വിദ്യാഭ്യാസവും അച്ചടിവിദ്യയും അവയിലൂടെയുണ്ടായ വിജ്ഞാനവിസ്‌ഫോടനവുമാണ്, കേരളസമൂഹത്തെ ആധുനികീകരിച്ചത്.
ആധുനിക വിദ്യാഭ്യാസത്തിലൂടെയും അച്ചടിയിലൂടെയും കേരള സമൂഹത്തില്‍ പ്രസരിച്ച പുതിയ അറിവുകളും ആശയങ്ങളും കാലഹരണപ്പെട്ട പഴയ സാമൂഹികബോധത്തോടു സംഘര്‍ഷത്തിലാകുകയും  അതില്‍ പുതിയ സാമൂഹിക അവബോധം സൃഷ്ടിക്കുകയും ചെയ്തു. ഈ പുതിയ അവബോധം സമൂഹത്തെ ചലനാത്മകമാക്കുകയും പുരോഗമിപ്പിക്കുകയും ചെയ്തു.
പഴയ സാമൂഹിക വ്യവസ്ഥിതിയും സാമൂഹികബോധവും അട്ടിമറിക്കത്തക്കവിധം പുതിയ അറിവുകളും ആശയങ്ങളും കേരള സമൂഹത്തിലേക്ക് പ്രചണ്ഡവാതം കണക്കെ പ്രവഹിച്ചതും അതുവഴി വിജ്ഞാനവിസ്‌ഫോടനത്തിന് വഴിതുറന്നതും ആധുനിക വിദ്യാഭ്യാസവും അച്ചടിയുമാണ്.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും; സമൂഹിക നിതിനിഷേധമാണ് 'നീതിയും നിയമവും' എന്നു കരുതിപ്പോന്ന പ്രതിലോമ സാമൂഹികവ്യവസ്ഥയുടെയും, ഇരുട്ടും മാറാലയും നിറഞ്ഞ അടഞ്ഞ വീടായിരുന്നു കേരളം. നവീനാശങ്ങളുടെയും പുതിയ അറിവുകളുടെയും ആ പ്രചണ്ഡവാതം മാറാലകളെ പറിച്ചെറിഞ്ഞു; ജനാലകളും വാതിലുകളും തുറന്നിട്ട് പ്രകാശത്തിന്റെ സുഗമ പ്രവേശനത്തിന് സഹായിച്ചു (ആയുര്‍വേദം, വാസ്തുശില്‍പ്പം, കൃഷിശാസ്ത്രംപോലെയുള്ള പല ജ്ഞാനശാഖകളുണ്ടായിരുന്നെങ്കിലും അതൊന്നും പൊതുസമൂഹത്തിന് പ്രാപ്യമായിരുന്നില്ല. അറിവ് വിശേഷാധികാരജാതികളുടെമാത്രം അവകാശമായിരുന്നു).
കടലുകടക്കുന്നത് പാപമാണെന്ന് കരുതിയതുകൊണ്ട് വിലപ്പെട്ട ഏലക്കായും കുരുമുളകും ഗ്രാമ്പുവും ചുക്കും പോലുള്ള സുഗന്ധവ്യജ്ഞനങ്ങളും മറ്റ് വനവിഭവങ്ങളും ആവശ്യക്കാരുള്ള ചന്തകളില്‍ കൊണ്ടുപോയി. മികച്ച വിലയ്ക്ക് വില്‍ക്കാന്‍ കഴിയാതെപോയ ഒരു സമൂഹം; ആവശ്യക്കാര്‍ ഇങ്ങോട്ടെത്തി അവരുടെ ഇച്ഛപ്രകാരം കച്ചവടം നടത്താന്‍ അനുവദിച്ചതുവഴി, രാഷ്ട്രീയ അധിനിവേശംവരെ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ച ഒരു സമൂഹം-ആ കേരളത്തില്‍ നിന്ന് ലോകത്തിന്റെ എല്ലാഭാഗത്തേക്കും കടലും മലയും കടന്ന് പിന്‍തലമുറക്കാര്‍ സഞ്ചരിച്ചത് ആധുനിക വിദ്യാഭ്യാസത്തിന്റെ ശക്തിയിലാണ്. കോളനി ആധുനികയുടെ ഭാഗമായി വര്‍ഗ്ഗാധിഷ്ഠിത വിദ്യാഭ്യാസം (ഇഹമ ൈഋറൗരമശേീി) തകരുകയും അതിന്റെ സ്ഥാനത്ത് സാര്‍വ്വത്രിക വിദ്യാഭ്യാസം (ങമ ൈലറൗരമശേീി) പ്രചരിക്കുകയും ചെയ്തത് കേരളത്തിന്റെ പ്രാചീന സമൂഹിക ഘടനയെത്തന്നെ മാറ്റിമറിച്ചു: പൊതുസമൂഹത്തെ പ്രബുദ്ധതയിലേക്ക് നയിച്ചത് അതാണ്; നവീകരിച്ച്, പുതുബോധത്തിലേക്കും നവോത്ഥാനത്തിലേക്കും എത്തിച്ചതും ആധുനിക വിദ്യാഭ്യാസമാണ്.
പി. ഗോവിന്ദപ്പിള്ള ഗ്രന്ഥാരംഭത്തില്‍ യൂറോപ്യന്‍ ആധുനികതയെയും നവോത്ഥാനത്തെപ്പറ്റിയും വിശദമാക്കുമ്പോള്‍ ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുവാന്‍ ബാഹ്യ ഇടപെടല്‍ കൂടിയേ തീരൂ എന്ന കാര്യം അസന്ദിഗ്ധമായി രേഖപ്പെടുത്തുന്നുണ്ട്: 'ലോകത്തില്‍ ഒരു പ്രദേശത്തും അങ്ങനെ ബാഹ്യശക്തികളില്‍നിന്നും ഇതര പാരമ്പര്യങ്ങളില്‍നിന്നും ഉയിര്‍കൊള്ളാതെ പുരോഗതിയോ പുത്തനുണര്‍വ്വോ സംഭവിച്ചിട്ടില്ല. തീര്‍ച്ചയായും പുറമേനിന്നുള്ള സ്വാധീനവും പുറംലോകവുമായിട്ടുള്ള ബന്ധവും ഏതു രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ രാസത്വരകംപോലെ പ്രവര്‍ത്തിക്കാറുണ്ട്. ഈ രാസത്വരക പ്രവര്‍ത്തനത്തിന് ആഭ്യന്തരരംഗം അനുയോജ്യമാണെങ്കില്‍മാത്രമേ അത് ഫലമുളവാക്കൂ. യൂറോപ്പിന്റെ നവോത്ഥാന പ്രക്രിയയിലും ഈ ആഭ്യന്തരഘടകങ്ങള്‍ വര്‍ത്തിച്ചിട്ടുണ്ട് എന്നത് അനിവാര്യം. എന്നാല്‍ പുറമേ നിന്ന് സ്വാധീനമൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രാചീന യൂറോപ്പിന്റെ മൂല്യങ്ങളുടെ-അതായത് ഗ്രീക്ക്, റോമന്‍ മൂല്യങ്ങളുടെ-പുനര്‍ജന്മംമാത്രമായിരുന്നു അതെന്നുമുള്ള വാദത്തിന് ചരിത്ര സാധുതയില്ല' (2013:15,16).
കോളനി ആധുനികത കേരള സമൂഹത്തില്‍ ഉണ്ടാക്കിയ വലിയ മാറ്റത്തെക്കുറിച്ച്, ആധുനികീകരണത്തെക്കുറിച്ച്, സൂഷ്മമായും വസ്തുനിഷ്ഠമായും ഇ.എം.എസ്. എഴുതിയിട്ടുണ്ട് : 'പഴയ സാമൂഹിക വ്യവസ്ഥയ്ക്ക് കീഴിലുണ്ടായിരുന്ന പ്രവൃത്തി വിഭജനവും സ്വത്തുവിഭജനവും അടിപുഴകിയിരിക്കുന്നു. ഇന്നിന്ന ജാതിക്കാര്‍ ഇന്നജോലിചെയ്യുക, അതിനു പകരം ഇന്ന സംഖ്യ (വിളവിന്റെ ഇന്ന ഓഹരി, അല്ലെങ്കില്‍ ആണ്ടറുതികള്‍ക്കും അടിയന്തിരങ്ങള്‍ക്കും ഇന്നിന്ന അവകാശം) വാങ്ങുക എന്ന അവകാശം നശിച്ചിരിക്കുന്നു; ഇന്നജാതിയില്‍ ജനിച്ചതുകൊണ്ട് ഇന്ന ജോലി ചെയ്യുകയെന്നും ഇന്നിന്ന കുടുംബങ്ങളില്‍നിന്ന് ഇന്നിന്ന അവകാശങ്ങള്‍ വാങ്ങുകയെന്നുമുള്ള നിയമം ഇല്ലാതായിരിക്കുന്നു. ഇതിനു പകരം പുതിയൊരു സാമൂഹിക വ്യവസ്ഥ, പുതിയ തരത്തിലുള്ള ഒരു പ്രവൃത്തി വിഭജനം, പുതിയ തരത്തിലുള്ള ഒരു സ്വത്തു വിഭജനം നിലവില്‍ വന്നിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യമാണ് ഈ പുതിയ വ്യവസ്ഥയുടെ അടിസ്ഥാനമെന്നാണ് വച്ചിട്ടുള്ളത് എന്നുവച്ചാല്‍, ഓരോ ആള്‍ക്കും, താന്‍ ജനിച്ച ജാതിയോ കുടുംബമോ നോക്കാതെ, ഇഷ്ടമുള്ള ജോലി പഠിക്കാം; പഠിച്ച ജോലി ചെയ്തുജീവിക്കാം; ചെയ്ത ജോലിക്കനുസരിച്ച് പ്രതിഫലം കിട്ടും; പണിയില്‍ സാമര്‍ത്ഥ്യവും പരിചയവും ധാരാളം നേടിയ ഒന്നാംകിടക്കാരനാണെങ്കില്‍ മേലേക്കിടയിലുള്ള നിരക്കു കിട്ടും; മോശക്കാരനാണെങ്കില്‍ മോശമായ നിരക്കും. ഇങ്ങനെ സ്വന്തം പ്രാപ്തിയും പരിശീലനവും  അദ്ധ്വാനവും അനുസരിച്ച് ഇഷ്ടമുള്ള ജോലി ചെയ്തു ജീവിക്കാന്‍ പഴയ ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയിന്‍കീഴില്‍ ഇല്ലാതിരുന്ന സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും നല്‍കിയതാണ് ബ്രിട്ടീഷ്ഭരണം നമ്മുടെ നാട്ടില്‍ വരുത്തിയ വമ്പിച്ച സാമൂഹിക വിപ്ലവം' (2000:215,216). കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വമ്പിച്ച മാറ്റം വരുത്തിയ കോളനി ആധുനികതയെക്കുറിച്ച് ഇ.എം.എസ്. വീണ്ടും എഴുതുന്നു: 'ബഹുഭൂരിപക്ഷം മലയാളികളെ അടിമപ്പെടുത്തിവച്ചിരുന്ന ജാതീ-ജന്മി-നാടുവാഴി മേധാവിത്വത്തിന്റെ സംസ്‌കാരവും ജീവിതരീതിയുമാണ് നശിച്ചത്; യൂറോപ്പിലാകെ ജനാധിപത്യ പ്രസ്ഥാനം വളരുന്നതിന് വഴികാണിച്ച ഇംഗ്ലീഷ് വിപ്ലവത്തിന്റെയും-ആ വിപ്ലവത്തിനിടയ്ക്ക് ചാള്‍സ് രാജാവിന്റെ തലതന്നെ തെറിക്കുകയുണ്ടായി-രണ്ടു നൂറ്റാണ്ടിലധികം നീണ്ടുനി്ന്ന പാര്‍ലമെന്ററി സമരങ്ങളുടെയും, ലോകജീവിതമാകെ കീഴ്‌മേല്‍ മറിച്ച വ്യാവസായിക വിപ്ലവത്തിന്റെയും ഫലമായി ഉയര്‍ന്നു വന്ന പുതിയ സംസ്‌കാരമാണ്-അന്ധവിശ്വാസത്തിനു പകരം സയന്‍സ്; ഏകാധിപത്യത്തിനു പകരം ജനാധിപത്യം; നാടുവാഴീ മേധാവിത്വത്തിനു പകരം ദേശീയ ഐക്യം ഇവയുടെ സംസ്‌കാരമാണ്-ഇവിടെ  ഉയര്‍ന്നു വന്നത്. പ്രാപ്തിയുള്ളവനെല്ലാം പഠിച്ച്, പാസ്സായി, ഉദ്യോഗവും സ്ഥാനമാനങ്ങളും വാങ്ങി ഉയരാമെന്ന പുതിയ നിയമം പഴയ ജാതി കുത്തകയെ പൊളിച്ചു; അച്ചടിയന്ത്രത്തിന്റെ ഉത്ഭവം നാട്ടിലെ വിജ്ഞാന ഭണ്ഡാരം ഒരാളുടെയും സ്വകാര്യസ്വത്തല്ല, നാട്ടുകാരുടെ പൊതുസ്വത്താണെന്ന നില വരുത്തി' (അവിടെത്തന്നെ, പു. 263, 264).
ചലനാത്മക സ്വഭാവമുള്ള ഒരു സമൂഹത്തില്‍ ആന്തരിക ഘടകങ്ങള്‍തമ്മിലുള്ള സംഘര്‍ഷം, ചില സന്ദര്‍ഭങ്ങളില്‍, സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമാകാം. ആന്തരിക ഘടകങ്ങള്‍ എന്നത് വിരുദ്ധാശയങ്ങളാണ്. സാമ്പ്രദായിക ആശയങ്ങളും അതില്‍നിന്ന് വ്യത്യസ്തമോ വിരുദ്ധമോ ആയ ആശയങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാമ്പ്രദായിക ആശയങ്ങള്‍ ദുര്‍ബലമാകുകയും പുരോഗമനാശയങ്ങള്‍ ശക്തിപ്പെടുകയും, അത് പിന്നീട് സാമൂഹിക സ്വഭാവത്തെയും പെരുമാറ്റങ്ങളെയും നിര്‍ണ്ണയിക്കുകയും ചെയ്യും. സ്ത്രീപക്ഷപാതപരമായ നിലപാടുകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ ലഭിക്കുന്ന മുന്നേറ്റവും ദളിത്പക്ഷ നിലപാടുകള്‍ക്ക് ലഭിച്ചുവരുന്ന അംഗീകാരവും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. പക്ഷേ, ഇതൊക്കെ സംഭവിച്ചത് ഇന്ത്യ ജനാധിപത്യ സംവിധാനത്തിലേക്ക് പ്രവേശിക്കുകയും ഇന്ത്യന്‍ സമൂഹങ്ങള്‍ ചലനാത്മകമാവുകയും ചെയ്തതിനുശേഷംമാത്രമാണ്. എങ്കില്‍കൂടിയും ഈ വിഷയങ്ങളില്‍ അന്തര്‍ദേശീയ രംഗത്തുണ്ടാകുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും ബാഹ്യഘടകങ്ങള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സമൂഹങ്ങളിലെ സ്ത്രീപക്ഷ-ദളിത്പക്ഷ പോരാട്ടങ്ങളെ ശക്തമായി സ്വാധീനിക്കുന്നുമുണ്ട്. ഏകദേശം എ.ഡി. 6-ാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍, ബ്രാഹ്മണിക്കല്‍ ഹിന്ദുവിസം രൂപപ്പെടുത്തിയ ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹിക വ്യവസ്ഥകൊണ്ട് നിശ്ചലാവസ്ഥയിലായിപ്പോയ അഥവാ ജഡാവസ്ഥയിലായ (ഇനേര്‍ഷ്യ ബാധിച്ച) ഒരു സമൂഹിക വ്യവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത്. പൗരോഹിത്യ-ജന്മിത്വങ്ങളുമായി, മേലാളന്മാര്‍ അവര്‍ക്കുവേണ്ടി സൃഷ്ടിച്ചുനടപ്പിലാക്കിയ 'വിശ്വാസാചാരങ്ങളും' 'സ്മൃതി'കളും നടത്തിയ കൂട്ടുപ്രവര്‍ത്തനംകൊണ്ട് 'അപ്രമാദിത്വം' ബാധിച്ച ഒരു സാമൂഹിക വ്യവസ്ഥയായിത്തീര്‍ന്ന അതിനെതിരേ എന്ത് ആഭ്യന്തരസംഘര്‍ഷമാണ് കേരളത്തില്‍ ഉടലെടുത്തിട്ടുള്ളത്? കേരളീയ സന്ദര്‍ഭത്തില്‍, കോളനി ആധുനികതയുടെ പ്രഥമ പ്രതിസ്ഫുരണമായിരുന്ന ആധുനിക വിദ്യാഭ്യാസം പ്രചരിക്കുകയും അതുവഴി പുതിയ സാമൂഹിക അവബോധം ഉണ്ടാകുകയും ചെയ്യുന്നതുവരെ, ജാതിവ്യവസ്ഥയ്‌ക്കെതിരേ/അടിമത്തത്തിനെതിരേ/നാടുവാഴിത്തത്തിനെതിരേ ഒരാള്‍പോലും ചിന്തിക്കുമായിരുന്നില്ല; ചിന്തിച്ചിട്ടുമില്ല. ജാതി-അടിമത്ത-നാടുവാഴിത്ത സമൂഹിക വ്യവസ്ഥയില്‍, ഏകാധിപത്യത്തിലും ഫാസിസത്തിലുമെന്നതുപോലെ, പീഡനവും അടിച്ചമര്‍ത്തലും അത്രയ്ക്ക് ഊനമില്ലാത്തതും പിഴവുകളില്ലാത്തതുമായിരുന്നു. എല്ലാ അവകാശങ്ങളുമുള്ള യജമാനന്‍, ഒരു അവകാശവുമില്ലാത്ത അടിമ; എല്ലാ അവകാശങ്ങളുമുള്ള ഉയര്‍ന്ന ജാതിക്കാര്‍ ഒരു അവകാശവുമില്ലാത്ത താഴ്ന്ന ജാതിക്കാര്‍; എല്ലാ അധികാരങ്ങളുമുള്ള നാടുവാഴി, യാതൊരു അധികാരവുമില്ലാത്ത പ്രജകള്‍-ഇത്തരത്തില്‍ നൂറ്റാണ്ടുകള്‍കൊണ്ട് ജഡാവസ്ഥ പ്രാപിച്ച ഒരു സമൂഹത്തില്‍, വ്യത്യസ്തമായ ഒരു ആശയത്തിന്റെ ശബ്ദമോ പ്രവൃത്തിയുടെ പ്രകാശരേഖയോ ഉണ്ടാകുകയില്ല. ഇത്തരം ജഡീഭൂത സമൂഹത്തില്‍ ബാഹ്യ ഇടപെടലുകളില്‍കൂടിമാത്രമേ ചലനങ്ങള്‍ ഉണ്ടാവുകയുള്ളൂ; വസ്തുപോലെതന്നെ സമൂഹവും, ബാഹ്യശക്തിയുടെ (ഋഃലേൃിമഹ ളീൃരല) പ്രേരണയാല്‍/ ഇടപെടലിനാല്‍ ഒരിക്കല്‍ അതിന്റെ ജഡാവസ്ഥ നഷ്ടപ്പെട്ട്, ചലനാത്മകമായിത്തീര്‍ന്നാല്‍, പിന്നെ മുമ്പോട്ടു സഞ്ചരിക്കും. കേരളീയ സന്ദര്‍ഭത്തില്‍ കോളനി ആധുനികതയായിരുന്നു ബാഹ്യ ഇടപെടല്‍.
ആധുനികതയുടെയും നവോത്ഥാനത്തിന്റെയും യൂറോപ്യന്‍ സാഹചര്യത്തെക്കുറിച്ച് വിശദമാക്കുമ്പോള്‍ ബാഹ്യ പ്രേരണ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുന്ന പി. ഗോവിന്ദപ്പിള്ള കേരളത്തിന്റെ സാമൂഹികമാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കോളനി ആധുനികതയായിരുന്നുവെന്നുള്ള ഇ.എം.എസ്സിന്റെ അഭിപ്രായം ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റൊരിടത്ത് ഈ അഭിപ്രായത്തിനു വിരുദ്ധമായി അന്തര്‍സംഘര്‍ഷംമാത്രമാണ് കേരളത്തിന്റെ നവോത്ഥാനത്തിനും ആധുനികതയ്ക്കും കാരണമായതെന്നുള്ള അബദ്ധധാരണ പ്രകടിപ്പിക്കുന്നു: 'ഇന്ത്യയിലെ നവോത്ഥാനം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്തി നിലയുറപ്പിച്ച ഇംഗ്ലീഷുകാരുടെ സംസ്‌കാരവുമായുള്ള സംഘാതത്തില്‍നിന്നാണ് ഉയിരെടുത്തതെന്ന വലിയ തെറ്റിദ്ധാരണ പണ്ഡിതന്മാര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഉണ്ട്' (2013: 20). പി. ഗോവിന്ദപ്പിള്ള 'വലിയ തെറ്റിദ്ധാരണ'യായി ചൂണ്ടിക്കാട്ടുന്ന അബദ്ധധാരണ വലിയ അന്ധതകൊണ്ട് സംഭവിക്കുന്നതാണ്. കഷ്ടിച്ച് ഒന്നരനൂറ്റാണ്ട്മാത്രം പ്രായമുള്ള 'ഇന്ത്യന്‍ ദേശീയത' എന്ന പരികല്‍പപ്പനയില്‍ നിന്നുകൊണ്ട് ചരിത്രത്തെ വിശദമാക്കാനും 'പ്രോക്രസ്റ്റസിന്റെ കട്ടില്‍'പോലെ എല്ലാത്തിനെയും അതില്‍ ഒതുക്കി വ്യാഖ്യാനിക്കാനും ശ്രമിക്കുന്നതുകൊണ്ട്, കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ സാമൂഹികമാറ്റത്തെയും അതിനു മുന്‍പ് ഏകദേശം പന്ത്രണ്ട് നൂറ്റാണ്ട് നിലനിന്ന സാമൂഹിക ജഡാവസ്ഥയെയും കാണാനുള്ള കണ്ണ് ഇല്ലാതെ പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലര്‍ സ്വയം ദേശസ്‌നേഹികളായി തീര്‍ന്നാല്‍ അവരില്‍നിന്ന ്‌വ്യത്യസ്തമായ അഭിപ്രായമുള്ളവരെയെല്ലാം സാമ്രാജ്യവാദികളായി മുദ്രകുത്തുന്നതായിരുന്നു ഇന്നലത്തെ രീതി; രാജ്യദ്രോഹികളായി മുദ്രകുത്തുന്നതായിരിക്കുന്നു ഇന്നത്തെ ശൈലി. അങ്ങനെയാണെങ്കില്‍ ഇ.എം.എസ്.നെയും നാരായണഗുരുവിനെയുമൊക്കെ സാമ്രാജ്യവാദികളും ദേശദ്രോഹികളുമായി കരുതേണ്ടിവരും!
പുതിയ ദേശീയവാദികളും ദേശസ്‌നേഹികളും വാദിക്കുന്നത് ആധുനികത, നവോത്ഥാനം എന്നിവ ഇവിടെത്തന്നെ നൂറ്റാണ്ടുകള്‍ക്ക് മുന്‍്പ് ഉണ്ടായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് പതിനെട്ടാം നൂറ്റാണ്ടിലെ ആധുനികതയും നവോത്ഥാനവും  എന്നുമാണ് (ഈ രണ്ട് വാക്കുകള്‍ രൂപപ്പെട്ടതും പ്രചരിച്ചതും ഉറച്ചതും യൂറോപ്യന്‍ ആധുനികതയും നവോത്ഥാനവുുമായി ബന്ധപ്പെട്ടാണെന്നുള്ള കാര്യംപോലും മറക്കുന്നു-സാമൂഹിക പരിവര്‍ത്തന പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ നവീനമായ രണ്ടു പരികല്‍പ്പനകളാണിവ എന്നുള്ളതും ആവേശത്തില്‍ മറന്നുപോകുന്നു). ഇന്ത്യയിലെ മതപാരമ്പര്യത്തില്‍ നിന്നും അതില്‍നിന്നുള്ള വിച്ഛേദമായ ഭക്തിപ്രസ്ഥാനംപോലുള്ള കാര്യങ്ങളില്‍നിന്നുമാണേ്രത ഇന്ത്യന്‍/കേരളീയ (!) ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ജനനം; അതിന്റെ തുടര്‍ച്ചയാണേ്രത ഈ പുതിയ പരികല്‍പ്പനകള്‍ (മതപാരമ്പര്യത്തിന്റെ ഗുണദോഷ വിചിന്തനമോ ഭക്തിപ്രസ്ഥാനത്തിന്റെ നന്മകളോ വിശദീകരിക്കുന്നത്, ഈ സന്ദര്‍ഭത്തില്‍, ഉദ്ദേശിക്കപ്പെട്ടിട്ടില്ല). ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റൊന്ന് എന്നു പറയണമെങ്കില്‍, അതുരണ്ടിനെയും കാലത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു നൈരന്തര്യം ഉണ്ടാകണം. ഭക്തിപ്രസ്ഥാനത്തിനോ കൂനന്‍കുരിശ് സത്യത്തിനോ അത്തരത്തിലുള്ള ഒരു തുടര്‍പ്രവര്‍ത്തനമോ അതിലൂടെ സംഭവിക്കേണ്ട ഫലപ്രാപ്തിയോ ഉണ്ടായിട്ടില്ല. എന്നുതന്നെയുമല്ല, സ്വയംപ്രഖ്യാപിത ദേശീയവാദികള്‍ ചൂണ്ടിക്കാട്ടുന്ന പൂര്‍വ്വരൂപങ്ങളുടെ/ മാതൃകകളുൂടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ ഉള്ളടക്കമല്ല, പതിനെട്ടാം നൂറ്റാണ്ടിലെ ആധുനികതയ്ക്കും നവോത്ഥാനത്തിനുമുള്ളത് (ഇവ ഓരോന്നിന്റെയും രാഷ്ട്രീയ-ചരിത്ര-സാംസ്‌കാരിക ബന്ധങ്ങള്‍ വേറേ വേറേയാണ്). അത്തരം പൂര്‍വ്വരൂപങ്ങളുടെ/മാതൃകകളുടെ പ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രം ആയിരുന്നില്ല, ഈ നവീന പരികല്‍പപ്പനകളുടെ പ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രം.
എന്തു പുതിയ കണ്ടെത്തലുണ്ടായാലും, അത് മുന്‍പേതന്നെ ഇവിടെ ഉണ്ടായിരുന്നതാണെന്ന് പറയുന്ന ശീലം പുനരുജ്ജീവനവാദത്തിന്റെ (ഞല്ശ്മഹശാെ) പ്രേരണകൊണ്ട് സംഭവിക്കുന്നതാണ്. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍, 'മനുഷ്യന്‍ നക്ഷത്രങ്ങളില്‍ കൂടുകൂട്ടു'മെന്നുള്ള ബൈബി'ള്‍തിരു'വചനത്തിന്റെ നിവൃത്തിയാകലാണെന്നും ആധുനിക വിമാനങ്ങള്‍ 'പുഷ്പകം' എന്ന കാല്‍പ്പനിക യാനപാത്രത്തിന്റെ വികസിത രൂപമാണെന്നും പ്രഘോഷിക്കുന്നത് പുനരുജ്ജീവനവാദമല്ലാതെ മറ്റൊന്നുമല്ല.
കേരളത്തിന്റെ നവോത്ഥാന പ്രക്രിയക്ക് മൂന്നു ഘട്ടങ്ങള്‍ ഉള്ളതായി മനസ്സിലാക്കാം: ഒന്നാമത്തേത് കേരളീയ ആധുനികതയുടെയും അതിലേക്കു നയിച്ച ഘടകങ്ങളുടെയും അവ സമൂഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളുടേതുമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി-അടിമത്ത-നാടുവാഴിത്ത സമൂഹത്തിന് പരിചിതമല്ലാതിരുന്നതും എന്നാല്‍ ആധുനികതയുടെ പ്രതിസ്ഫുരണങ്ങളുമായിരുന്ന വിവിധ ഘടകങ്ങള്‍ ഇവിടെ പ്രചാരത്തിലായിത്തുടങ്ങിയ സന്ദര്‍ഭമാണ് ഒന്നാം ഘട്ടം. ആധുനിക വിദ്യാഭ്യാസവും ആധുനിക അച്ചടിയും ആധുനിക പുസ്തക പ്രസാധനവും ആനുകാലിക പ്രസിദ്ധീകരണവുമാണ് ഇതില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവ. എല്‍.എം.എസ്. ന്റെ ആഭിമുഖ്യത്തില്‍ വില്യം തോബിയാസ് റിങ്കിള്‍ടോബ് തെക്കന്‍ തിരുവിതാംകൂറിലെ മൈലടിയില്‍ 1809-ല്‍ സ്ഥാപിച്ച സ്‌കൂളും അതേ തുടര്‍ന്ന് എല്‍.എം.എസ്. കൊല്ലംവരെയുള്ള തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ സ്ഥാപിച്ച അനേകം ആധുനിക പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും; തിരുവിതാംകൂറിന്റെ ദിവാനും ബ്രിട്ടീഷ് റസിഡന്റുമായിരുന്ന ജോണ്‍ മണ്‍റോ 1815-ല്‍ കോട്ടയത്ത് സ്ഥാപിച്ച 'കോട്ടയം (സി.എം.എസ്.) കോളജ്'; 1817 മുതല്‍ ബെഞ്ചമിന്‍ ബെയിലിയും വലിയ ഹെന്റി ബേക്കറും വടക്ക് കൊച്ചി രാജ്യത്തിലെ കുന്നംകുളംമുതല്‍ തെക്ക് തിരുവിതാംകൂര്‍ രാജ്യത്തെ കൊല്ലംവരെയുള്ള പ്രദേശത്ത്, വിവിധയിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സ്‌കൂളുകള്‍; 1818-ല്‍ എലിസബത്ത് എല്ലാ ബെയിലി വനിതകള്‍ക്കായി സ്വഗൃഹത്തില്‍ ആരംഭിച്ച സ്‌കൂള്‍; 1819-ല്‍ തോമസ് നോര്‍ട്ടന്റെ ഭാര്യ ആന്‍ സ്ഥാപിച്ച ഗേള്‍സ് സ്‌കൂള്‍; ഇതേകാലത്തുതന്നെ സാറാ ഫിഞ്ചും മിസിസ് ഹെന്റിബേക്കര്‍ സീനിയറും ചേര്‍ന്ന് കോട്ടയത്ത് വനിതകള്‍ക്കായി ആരംഭിച്ച സ്‌കൂള്‍ (ഇത് പില്‍ക്കാലത്ത് ബേക്കര്‍ സ്‌കൂള്‍ എന്നറിയപ്പെട്ടു); ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയിലെ നെട്ടൂരിലെത്തിച്ചേര്‍ന്ന 1839 മുതല്‍, ബാസല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ വടക്കന്‍ കേരളത്തില്‍ സ്ഥാപിച്ചു തുടങ്ങിയ സ്‌കൂളുകള്‍-ഇവയെല്ലാം ചേര്‍ന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ആധുനിക വിദ്യാഭ്യാസം നടപ്പിലാക്കി. ആധുനിക ശാസ്ത്ര വിഷയങ്ങള്‍, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പാഠ്യക്രമം (കരിക്കുലം), പാഠ-പാഠ്യപുസ്തകങ്ങള്‍, ക്ലാസ്സ്, പരീക്ഷ, ഗ്രേഡിങ്, പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആവശ്യമായ ഭൗതികസൗകര്യങ്ങള്‍, ഓരോവിഷയവും പഠിപ്പിക്കാന്‍ അതാതു വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകന്‍ തുടങ്ങി ആധുനിക പാശ്ചാത്യവിദ്യാഭ്യാസ സംവിധാനങ്ങള്‍ അതോടെ പ്രചാരത്തിലായി. 1821-ല്‍ ബെഞ്ചമിന്‍ ബെയിലി കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ച്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ചു. ഇത് വന്‍തോതിലുള്ള പുസ്തകപ്രസാധനത്തിനും പരിമിതമെങ്കിലും ഫലപ്രദമായുള്ള ആനുകാലിക പ്രസിദ്ധീകരണത്തിനും തുടക്കമായി. ഓലയില്‍ പകര്‍ത്തിയെഴുതി നിര്‍വ്വഹിച്ചിരുന്ന പഴയ ഗ്രന്ഥനിര്‍മ്മാണം കടലാസും അച്ചടിയും ഉപയോഗിച്ചുള്ള പുതിയ പുസ്തകനിര്‍മ്മാണത്തിന് വഴിമാറി. 'പശ്ചിമോദയ'വും 'ജ്ഞാനനിക്ഷേപ'വുംപോലുള്ള ആനുകാലികങ്ങളും ആധുനിക വിദ്യാഭ്യാസവും ആധുനിക ശാസ്ത്രജ്ഞാനം സമൂഹത്തില്‍ പ്രചരിപ്പിച്ചു. ആധുനിക ചികിത്സ, ആധുനിക യാത്രാമാര്‍ഗ്ഗങ്ങള്‍ (റോഡ്, റെയില്‍), ആധുനിക വാര്‍ത്താവിനിമയ ഉപാധികള്‍, ആധുനിക ഉല്‍പ്പന്ന നിര്‍മ്മാണോപകരണങ്ങള്‍, (ഗദ്യ)ഭാഷയുടെ ആധുനികീകരണവും മാനകീകരണവും, ആധുനിക ഗദ്യസാഹിത്യ ശാഖകള്‍ എന്നുതുടങ്ങി ആധുനികതയുടെ വിഭിന്നങ്ങളും വിവിധങ്ങളുമായ രൂപങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു. ചുരുക്കത്തില്‍ മുന്‍പു സൂചിപ്പിച്ചതുപോലെ സാമൂഹിക ജീവിതത്തിന്റെ സകല മേഖലകളെയും ആധുനികത സ്വാധീനിച്ചു. അതു സൃഷ്ടിച്ച പുതിയ സാമൂഹികബോധം ജിവിതത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാടും സാമൂഹികമാറ്റത്തിനുള്ള ഉത്തേജനവും നല്‍കി.
മാനവിക മൂല്യങ്ങള്‍ക്കും സാമൂഹിക നീതിക്കും പ്രാമുഖ്യം നല്‍കുന്ന (അതുവഴി ആധുനികതയുടെ മുഖ്യാദര്‍ശമായ തുല്യപൗരത്വത്തെ ശക്തിപ്പെടുത്തുന്ന) പല പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും, ഈ ഘട്ടത്തില്‍തന്നെ, പരിമിതമായാണെങ്കിലും തുടക്കം കുറിക്കപ്പെട്ടു. 1812 ഡിസംബര്‍ 6-ന് തിരുവിതാംകൂര്‍ ദിവാനും റസിഡന്റുമായിരുന്ന ജോണ്‍ മണ്‍റോയുടെ ശുപാര്‍ശപ്രകാരം അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജ്ഞി റാണി ഗൗരി ലക്ഷ്മീഭായി രാജകീയ വിളംബരം പുറപ്പെടുവിച്ചത്; 1815 ഡിസംബര്‍ 12-ന് മണ്‍റോയുടെ ശുപാര്‍ശപ്രകാരംതന്നെ തിരുവിതാംകൂര്‍ രാജ്ഞി ഊഴിയംവേല നിരോധിച്ചത്; സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി, എല്‍.എം.  എസ്സിന്റെ നേതൃത്വത്തില്‍, തെക്കന്‍ തിരുവിതാംകൂറിലെ സ്ത്രീകള്‍ 1822-ല്‍ ആരംഭിച്ച ചേലക്കലാപവും അതിന്റെ അനന്തര ഫലങ്ങളും; 'കോട്ടയം (സി.എം.എസ്.) കോളജി'ന്റെ ട്രസ്റ്റികളായിരുന്ന ബെഞ്ചമിന്‍ ബെയിലിയും ജോസഫ് പീറ്റും ചേര്‍ന്ന് കോളജിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മണ്‍റോ തുരുത്തിലെ അടിമകളെയും അവരുടെ അനന്തര തലമുറകളെയും അടിമവിമോചന പ്രമാണം രേഖാമൂലം നല്‍കി 1835-ല്‍ വിമോചിപ്പിച്ചത് (പിന്നെയും ഇരുപതു വര്‍ഷം കഴിഞ്ഞാണ്, തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്!); വിശിഷ്ടാവകാശ സമുദായങ്ങളില്‍നിന്നല്ലാത്തവരെക്കൂടി ജഡ്ജിയുടെയും മറ്റുമുള്ള ഗവര്‍മെന്റ് പദവികളില്‍ നിയമിച്ചത്; വിശിഷ്ടാവകാശരഹിത സമുദായങ്ങള്‍ രാജകീയ സര്‍ക്കാരിനു നല്‍കാന്‍ നിശ്ചയിക്കപ്പെട്ടിരുന്നതും സാമൂഹിക നീതിക്കു നിരക്കാത്തതുമായ തലയറ, വലയറ, മുലക്കരം തുടങ്ങിയവ നിര്‍ത്തലാക്കിയത്; അവര്‍ക്ക് പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി ജോസഫ് പീറ്റ് മാവേലിക്കരയില്‍ നടത്തിയ പോരാട്ടങ്ങള്‍-ഇതെല്ലാം, ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹികവ്യവസ്ഥയുടെ അടിത്തറ ഇളക്കിയ പ്രവര്‍ത്തനങ്ങളായിരുന്നു.
ചുരുക്കത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളം സാക്ഷ്യം വഹിച്ച മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് കേരള സമൂഹത്തെയും സാമൂഹിക പൊതുബോധത്തെയും നവീകരിച്ച്, സമൂഹത്തെ പുതിയ ഉയിര്‍പ്പിലേക്ക് (നവോത്ഥാനത്തിലേക്ക്) നയിച്ചത്. പ്രത്യേകിച്ച് ആധുനിക വിദ്യാഭ്യാസം. അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ, നീതി നിഷേധിക്കപ്പെട്ടവന്റെ, വിമോചനത്തെ സഹായിക്കുന്ന 'അദ്ധ്യാപനശാസ്ത്ര'മാണെന്ന്, കണ്ടറിഞ്ഞ സമുദായ പരിഷ്‌കര്‍ത്താക്കളാണ് കേരള നവോത്ഥാനത്തിന്റെ രണ്ടാംഘട്ടം ഏറ്റെടുത്തത്: നവോത്ഥാനത്തിലെ സാമുദായിക ഇടപെടല്‍ കേരളസമൂഹത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടാക്കി.
കേരള നവോത്ഥാനത്തിന്റെ രണ്ടാംഘട്ടമെന്ന് സാമാന്യമായി വേര്‍തിരിക്കാവുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയെയുമാണ് (ഏകദേശമായിമാത്രം). ഒന്നാംഘട്ടത്തിലെ ആധുനികീകരണത്തിന്റെയും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെയും ഫലമായി തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ (പുതിയ കേരളത്തില്‍) ഉരുത്തിരിയേണ്ടിയിരുന്നത്, തുല്യപൗരത്വ ദര്‍ശനത്തിലൂന്നിയ ഒരു 'പൊതുമണ്ഡല'മായിരുന്നു-കുലം, ജാതി, മതം, സാമൂഹിക പദവി, അധികാരം തുടങ്ങിയ വിഭജന ചിന്തകള്‍ക്കതീതമായ ഒരു പുതിയ സാമൂഹിക ക്രമം. പക്ഷേ, കേരളം സാക്ഷ്യം വഹിച്ചത്, ജാതീയത പുതിയ രൂപങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന പ്രതിലോമ പ്രവര്‍ത്തനത്തിനാണ്. ജാതി-അടിമത്ത വ്യവസ്ഥയുടെ ക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായ പോരാട്ടത്തിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു; പക്ഷേ, പെട്ടെന്ന് സംഘടിതരൂപം കൈക്കൊള്ളാന്‍ സഹായിക്കുന്ന ജാതീയതതന്നെയായി അതിന്റെ അടിസ്ഥാനം-ഒരു വ്യത്യാസംമാത്രം: ജാതി എന്നത് സമുദായം എന്ന പുതിയ രൂപത്തിലായി. എന്നാല്‍ പോരാട്ടവും ആശയങ്ങളും ജാതി-അടിമത്ത വ്യവസ്ഥിതിക്കെതിരായിരുന്നു എന്നിടത്തോളം അത്, കേരളീയ നവോത്ഥാനത്തിന്റെ മുമ്പോട്ടുള്ള പോക്കിനെ സഹായിച്ചു. ആധുനികീകരണ ഘട്ടത്തില്‍ ഊന്നല്‍ നല്‍കാന്‍ അവസരമില്ലാതിരുന്ന നാടുവാഴിത്തത്തിനെതിരായ പോരാട്ടംകൂടി ഉള്‍ച്ചേര്‍ക്കാനും, അതിനെ 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നൊരു 'ചെറു ദേശീയതാ'ബോധത്തോടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തിന്റെ ഭാഗമായി 'ചെറുദേശീയത'കളുടെ സംഘാതമായി രൂപപ്പെട്ട പുതിയ 'ഇന്ത്യന്‍ ദേശീയ ബോധ'ത്തോടും ഇണക്കിച്ചേര്‍ക്കാന്‍ രണ്ടാംഘട്ടത്തില്‍ സാധിച്ചു. അങ്ങനെ ജാതി-അടിമത്തങ്ങള്‍ക്കെതിരായും നാടുവാഴിത്തമൂല്യങ്ങള്‍ക്കെതിരായുമുള്ള പോരാട്ടങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍കൂടിയായി പരിണമിച്ചു.
ഒന്നാംഘട്ടത്തിലെ ആധുനിക വിദ്യാഭ്യാസം, അച്ചടി, പുസ്തകപ്രസാധനം, ആനുകാലികപ്രസിദ്ധീകരണം, ജാതി-അടിമത്ത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ രണ്ടാംഘട്ടത്തില്‍ കൂടുതല്‍ ശക്തമായി. എങ്കിലും വ്യക്തിയുടെ വളര്‍ച്ചയ്ക്കും  അതുവഴി സമൂഹത്തിന്റെ (സമുദായത്തിന്റെയും!) വളര്‍ച്ചയ്ക്ക് ആധുനിക വിദ്യാഭ്യാസമാണ് പ്രധാനവഴി എന്ന പൊതുബോധം രണ്ടാംഘട്ടത്തില്‍ ഉണ്ടായി. അതുകൊണ്ടാണ് പ്രമുഖ സമുദായങ്ങള്‍ 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ആദര്‍ശവാക്യം സ്വീകരിക്കുന്നതിനും 'പിടിയരി പിരിച്ചി'ട്ടാണെങ്കിലും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനും സന്നദ്ധമായത്. സമുദായം/ ആധുനിക വിദ്യാഭ്യാസം എന്ന ദ്വന്ദ്വത്തിലൂന്നിയ സമീപനമായിരുന്നു പൊതുവായിരുന്നതെങ്കിലും ചിലരുടെ നിലപാടുകള്‍ പൊതുസമൂഹത്തിന്റെ താല്‍പപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സമുദായ താല്പ്പര്യങ്ങള്‍ക്കതീതമായിട്ടുള്ളതുമായിരുന്നു എന്നുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. പക്ഷേ, മനുഷ്യനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുള്ള ആധുനികതയുടെ പ്രവര്‍ത്തനങ്ങളെ സമുദായത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുള്ള സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളായി വഴിമാറ്റിയെടുത്ത സംഘടനാബഹളത്തില്‍പ്പെട്ട്, അത്തരം വ്യക്തികളും പ്രവര്‍ത്തനങ്ങളും നിഷ്പ്രഭമായിത്തീര്‍ന്നു. 1956-ലെ സംസ്ഥാനരൂപീകരണത്തിനു തൊട്ടുപിന്നാലെ, നവോത്ഥാനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉരുത്തിരിഞ്ഞ് സംഘടിതരൂപം കൈവരിച്ച സാമുദായിക സമീപനങ്ങളുടെ പ്രതിലോമകരമായ പ്രവര്‍ത്തനത്തിന് കേരളം സാക്ഷ്യംവഹിച്ചു-വിമോചനസമരം. 'രാഷ്ട്രീയാധികാരത്തിന്റെ തെറ്റായ പ്രയോഗത്തിനെതിരേ' എന്ന് സമരക്കാര്‍ വിശേഷിപ്പിച്ച വിമോചനസമരം ഉള്ളടക്കത്തില്‍, പക്ഷേ, രാഷട്രീയമായിരുന്നില്ല, സാമുദായികമായിരുന്നു. സാമുദായിക വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കും അതുവഴി മതേതരമൂല്യങ്ങളുടെ തകര്‍ച്ചയ്കുമാണ്, തുടര്‍ന്ന് കേരളം സാക്ഷ്യംവഹിച്ചത്. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച്, സംസ്ഥാന ഭരണം നിര്‍വ്വഹിക്കാന്‍ ചുമതലപ്പെട്ട കക്ഷിരാഷ്ട്രീയ പാര്‍ട്ടികളെപ്പോലും സമുദായ താല്‍പ്പര്യങ്ങള്‍ പിന്നീട് സ്വാധീനിച്ചുതുടങ്ങി; സമുദായങ്ങള്‍ കക്ഷിരാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നിടത്തോളം അതു വഷളായി!  
ആധുനികതയുടെ മൂല്യങ്ങളില്‍ ആകൃഷ്ടമായും സാമുദായിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ജാതി-അടിമത്ത വ്യവസ്ഥയ്‌ക്കെതിരേ പ്രചാരണവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച അനവധി സാമുദായിക/ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജനനവും പ്രവര്‍ത്തനങ്ങളുംകൊണ്ട് ധന്യമായ കാലംകൂടിയാണ്, നവോത്ഥാനത്തിന്റെ രണ്ടാംഘട്ടം. ചാവറ കുറിയാക്കോസ് ഏലിയാസ് (1805-1871), അയ്യാ വൈകുണ്ഠസ്വാമികള്‍ (1809-1851), സ്വാമി തൈക്കാട്ട് അയ്യാവ് (1813-1909), ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (1825-1874), ചട്ടമ്പിസ്വാമികള്‍ (1853-1924), ശ്രീനാരായണഗുരു (1856-1928), ഡോ. അയ്യത്താന്‍ ഗോപാലന്‍ (1861-1948) തുടങ്ങിയവരും അവരുടെ വിവിധ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. കാലഗണനയില്‍ ഇവര്‍ക്കുശേഷം വരുന്ന അയ്യങ്കാളി (1863-1941), ഡോ. ടി. പല്‍പ്പു (1863-1950), കുറുമ്പന്‍ ദൈവത്താന്‍ (1880-1927), വാക്ഭടാനന്ദന്‍ (1885-1939), ഡോ. വേലുക്കുട്ടി അരയന്‍ (1894-1969) തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും വലുതാക്കാം. ആധുനികത അത്രയ്ക്ക് വിപുലമായ സ്വാധീനമാണ്, കേരളീയ സമൂഹത്തില്‍ ചെലുത്തിയത്. പക്ഷേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ ഓരംപറ്റിയുള്ള പ്രവര്‍ത്തനങ്ങളുടെ പരിധി കടന്നില്ലെന്നുമാത്രം; അഥവാ സമുദായത്തിന്റെ പരിധിക്കുള്ളിലേക്ക് ചുരുങ്ങിപ്പോയി. തുല്യപൗരത്വം, പൊതുമണ്ഡലം, മാനവികത, ജനാധിപത്യം തുടങ്ങിയ പരികല്‍പ്പനകളുടെ അര്‍ത്ഥവും പ്രയോഗവും, തന്മൂലം കേരളസമൂഹത്തിന് ഭാഗികമായെങ്കിലും നഷ്ടപ്പെട്ടു. പൊതുവേ പരിശോധിക്കുമ്പോള്‍ കാണുന്ന ചിത്രം, പ്രൊഫ. ടി.കെ. ഗംഗാധരന്‍ ഇങ്ങനെ അവതരിപ്പിക്കുന്നു: 'ചട്ടമ്പി സ്വാമികളുടെയും മറ്റും പ്രവര്‍ത്തന ഫലമായി ആരംഭിക്കപ്പെട്ട നായര്‍സമുദായത്തിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഒടുവില്‍ 1914-ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രൂപവല്‍ക്കരണത്തിന് വഴിയൊരുക്കുകയാണ് ചെയ്തത്. കേരളത്തിലെ നായന്മാരുടെ സാമുദായിക സംഘടനയായി മാറാന്‍ എന്‍.എസ്.എസിനു സാധിച്ചിട്ടുണ്ട്. 1907-ല്‍ അയ്യങ്കാളി ആരംഭിച്ച സാധുജന പരിപാലന സംഘം 1938-ല്‍ പുലയ മഹാസഭയായി തീരുകയാണുണ്ടായത്. 1907-ല്‍ ആരംഭിച്ച നമ്പൂതിരിമാരുടെ യോഗക്ഷേമ സഭയും വക്കം അബ്ദുള്‍ഖാദര്‍ മൗലവി ആരംഭിച്ച ഇസ്ലാം ധര്‍മ്മ പരിപാലന സംഘവും അതാത് സമുദായങ്ങളില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി' (കേരളചരിത്രം, പു. 404).
ഇരുപതാം നൂറ്റാണ്ടിന്റെ കാലപരിധിയില്‍ നവോത്ഥാനത്തിന്റെ രണ്ടാംഘട്ടവും മൂന്നാംഘട്ടവുംതമ്മില്‍ കൃത്യമായ ഒരു രേഖകൊണ്ട് വേര്‍തിരിക്കുവാന്‍ പ്രയാസമുണ്ട്. ലോകബോധവുമായി കേരളത്തിന്റെ അറിവും ചിന്തകളും ഏറെ പൊരുത്തപ്പെട്ടു തുടങ്ങിയ കാലവും; ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച നവോത്ഥാനമൂല്യങ്ങളെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും സഹായകമായ അനവധി പൊതുപ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ച്, ശക്തിപ്പെട്ട കാലവുമാണ് കേരളീയ നവോത്ഥാനത്തിന്റെ മൂന്നാം ഘട്ടം. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനം; കാള്‍ മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദവും (മാര്‍ക്‌സിസം) ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തവുംപോലെ ലോകത്തെ പിടിച്ചു കുലുക്കിയ ദര്‍ശനങ്ങളുടെ സ്വാധീനം; കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ അവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സമരങ്ങളും അതിന്റെ പരിണിതഫലങ്ങളും; ഗ്രന്ഥശാലാപ്രസ്ഥാനം, ശാസ്ത്രസാഹിത്യ പരിഷത്ത്, യുക്തിവാദി സംഘടന തുടങ്ങിയ പുരോഗമന പൊതുപ്രസ്ഥാനങ്ങള്‍ ; ജനാധിപത്യ ഭരണത്തിന്റെ നേട്ടങ്ങളായ പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ (പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍), മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായം, കുടികിടപ്പവകാശം നല്‍കല്‍, സാങ്കേതികവിദ്യ-തൊഴില്‍ പരിശീലന സ്ഥാപനങ്ങളുടെ വ്യാപനം തുടങ്ങിയവ നവോത്ഥാനത്തിന്റെ മൂന്നാംഘട്ടത്തെ അടയാളപ്പെടുത്തുന്നു.
യൂറോപ്യന്‍ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പ്രേരക ഘടകങ്ങളെ ഒരു നേര്‍രേഖയില്‍ കുറിക്കാം: ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെ പുരോഗതി-യന്ത്രവല്‍ക്കരണം- വ്യവസായ വികസനം-നഗരവല്‍ക്കരണം. അത് ജനജീവിതത്തിലേക്ക് കൊണ്ടുവന്ന മൂല്യങ്ങള്‍: തുല്യപൗരത്വം, ജനാധിപത്യം, മാനവികത, ശാസ്ത്രീയ ചിന്ത/യുക്തിചിന്ത, ബ്രാഹ്മണിക്കല്‍ ഹിന്ദുവിസവും അതിന്റെ നിര്‍മ്മിതികളായ ജാതി-അടിമത്ത-നാടുവാഴിത്തങ്ങളും രൂപപ്പെടുത്തിയ വിശ്വാസാചാരങ്ങള്‍ നിരാകരിക്കല്‍, മതനിരപേക്ഷത തുടങ്ങിയവ. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പ്രത്യക്ഷ പ്രവര്‍ത്തനം യൂറോപ്പില്‍ നിലവിലിരുന്ന ഫ്യൂഡല്‍ സാമൂഹിക വ്യവസ്ഥയ്ക്കും അതിന്റെ മൂല്യബോധത്തിനും അവയുടെ പരിപാലക ശക്തികള്‍ക്കുമെതിരായിരുന്നു. യൂറോപ്യന്‍ നവോത്ഥാന മൂല്യങ്ങള്‍ ആധുനിക വിദ്യാഭ്യാസം, അച്ചടി തുടങ്ങി പലപല ഉപാധികളിലൂടെയും ഘടകങ്ങളിലൂടെയും കേരളസമൂഹത്തില്‍ പ്രചരിച്ചു. കേരളീയ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ഇടപെടലുകള്‍ നൂറ്റാണ്ടുകളായി നിലവിലിരുന്ന ജാതി-അടിമ-നാടുവാഴിത്ത സാമൂഹിക വ്യവസ്ഥയ്കും അതിന്റെ മൂല്യങ്ങള്‍ക്കുമെതിരായിരുന്നു. കേരളീയത എന്ന 'ചെറു ദേശീയത'യുടെ രൂപപ്പെടലിനും 'ഇന്ത്യന്‍ ദേശീയത' എന്ന 'പുതു ദേശീയതാസംഘാത'ത്തോട് ഐക്യപ്പെടുന്നതിനും അതു വഴിതെളിച്ചു.ു. അങ്ങനെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും കേരള നവോത്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു.
  ഏകദേശം എ.ഡി. ആറാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ബ്രാഹ്മണകുടിയേറ്റഫലമായി രൂപപ്പെട്ട സാമൂഹികഘടനയില്‍നിന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുവിസം സൃഷ്ടിച്ച മൂല്യബോധത്തില്‍നിന്നുമുള്ള-അതായത്, നാടുവാഴിത്ത-അടിമത്ത-ജാതിസമ്പ്രദായങ്ങളും പൗരോഹിത്യവും സൃഷ്ടിച്ചു നാട്ടുനടപ്പാക്കിമാറ്റിയ ആചാര-കീഴ് വഴക്കങ്ങളില്‍നിന്നുമുള്ള, മുന്‍പോട്ടുപോക്കാണ്, കേരളസമൂഹത്തില്‍ പുത്തന്‍ ഉയിര്‍പ്പുണ്ടാക്കി, സമൂഹത്തെ പരിവര്‍ത്തിപ്പിച്ചത്. ബ്രാഹ്മണകുടിയേറ്റത്തിനുമുമ്പ്/ ബ്രാഹ്മണിക്കല്‍ ഹിന്ദുവിസം കേരളത്തില്‍ സ്വാധീനമുറപ്പിക്കുംമുമ്പ് ഇവിടെ ജീവിച്ചിരുന്ന മനുഷ്യസമൂഹങ്ങള്‍, അവരുടെ സാമൂഹികജീവിതം, സാമൂഹികബന്ധങ്ങള്‍, സാംസ്‌കാരികജീവിതം എന്നീക്കാര്യങ്ങളെക്കുറിച്ചുള്ള ധാരണയും ഇപ്പറഞ്ഞതിനെയെല്ലാം ബ്രാഹ്മണിക്കല്‍ ഹിന്ദുവിസം സ്വസ്വാധീനമുറപ്പിക്കുന്നതിനുവേണ്ടി, എങ്ങനെ മാറ്റിപ്പണിതു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്.
       സമുദായപരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം കൊടുത്ത ധാരാളം ആചാര്യന്മാരുണ്ട്, സമുദായങ്ങള്‍തോറും. അവരുടെ പരിഷ്‌കാരപരിശ്രമങ്ങള്‍ അതാതു സമുദായത്തെ സംഘടിക്കാനും ശക്തരാകാനും പുരോഗമിക്കാനും സഹായിച്ചു. എന്നാല്‍ കേരളസമൂഹത്തെ പൊതുവില്‍ പുരോഗമിപ്പിക്കുന്നതിനും സ്വസമുദായമെന്നുള്ള സങ്കുചിത കാഴ്ചപ്പാടിനുപരിയായി, കേരളസമൂഹത്ത ഒരു പൊതുമണ്ഡലമായി (ഭാഗികമായെങ്കിലും) വികസിപ്പിക്കുന്നതിനും സഹായിച്ചതു നവോത്ഥാനമാണ്. കേരളസമൂഹത്തില്‍ സംഭവിച്ച നവോത്ഥാനമെന്ന സാമൂഹികപ്രക്രിയയ്കു പിന്നില്‍, പക്ഷേ, ആചാര്യന്മാരുണ്ടായിരുന്നില്ല; ആചാര്യസ്ഥാനത്ത് ചില സാമൂഹികഘടകങ്ങളാണ് ഉണ്ടായിരുന്നത്. ലോകത്തെവിടെയും, വിശേഷിച്ച് യൂറോപ്പില്‍, സമൂഹത്തെ നവോത്ഥാനത്തിലേക്കു നയിച്ചത് ആധുനികതയാണ്. ആധുനികതയുടെ അടിസ്ഥാനഘടകങ്ങളാകട്ടെ ആധുനിക വിദ്യാഭ്യാസവും അച്ചടിയും ആയിരുന്നു. ഇവയാണ് കേരളത്തിലെ ജാതി-നാടുവാഴിത്ത-അടിമത്ത വ്യവസ്ഥയുടെ അടിത്തറ ഇളക്കിയതും ഉള്ളടക്കത്തില്‍ തികച്ചും ജനാധിപത്യവിരുദ്ധമായിരുന്ന പ്രസ്തുത വ്യവസ്ഥയുടെ മൂല്യബോധത്തില്‍ തിരുത്തലുകളുണ്ടാക്കിയതും. ചുരുക്കത്തില്‍, കേരളീയ ആധുനികതയ്കും നവോത്ഥാനത്തിനും ആചാര്യന്മാരെയും നായകന്മാരെയും കല്‍പ്പിച്ചേ മതിയാകുവെങ്കില്‍ അവ ആധുനിക വിദ്യാഭ്യാസവും അച്ചടിയുമാണ്. ഇവ രണ്ടിന്റെയും സഹായംകൊണ്ടല്ലാതെ, മറ്റെന്തെങ്കിലുംകൊണ്ട,് വളരുകയോ പരോഗമിക്കുകയോ മനഃസംസ്‌കാരം നേടുകയോ ചെയ്തിട്ടുള്ള ഒരാളും ആധുനിക കാലത്ത് കേരളത്തില്‍ (മറ്റ് എവിടെയും) ഉണ്ടായിട്ടില്ല; അങ്ങനെയല്ലാത്ത ഒരു പ്രസ്ഥാനവും കേരളത്തില്‍ ഉണ്ടായിട്ടില്ല.    

ഗ്രന്ഥസൂചി

1. പി. ഗോവിന്ദപ്പിള്ള, 2013. കേരളനവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം (ഒന്നാം സഞ്ചിക). തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ്.
2. ദീപാങ്കര്‍ ഗുപ്ത, 2001. മിസ്‌ടേക്കണ്‍ മോഡേണിറ്റി-ഇന്‍ഡ്യ ബിറ്റ്വീന്‍ വേള്‍ഡ്‌സ്. ന്യൂഡല്‍ഹി: ഹാര്‍പ്പര്‍ കോളിന്‍സ്പബ്ലിഷേഴ്‌സ് ഇന്‍ഡ്യ.
3. ഇ.എം.എസ്., 2000. ഇ.എം.എസ്. സമ്പൂര്‍ണ്ണകൃതികള്‍, സഞ്ചിക 9. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ്.
(1948-ല്‍ പ്രസിദ്ധപ്പെടുത്തിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ പുനഃപ്രസാധനം)
4. ഗംഗാധരന്‍, പ്രൊഫ. ടി.കെ.,. കേരളചരിത്രം. കോഴിക്കോട് യൂണിവേഴ്‌സിറ്റി: കോഴിക്കോട് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്‌സ്.
5. ബാബു ചെറിയാന്‍, 2014. ടുവേഴ്‌സ് മോഡേണിറ്റി: ദി സ്റ്റോറി ഒഫ് ദി ഫസ്റ്റ് കോളജ് ഇന്‍ ഇന്‍ഡ്യ. ഡല്‍ഹി: മീഡിയ ഹൗസ്.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.