Research Articles

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

അച്ചടിയും ആധുനിക വിദ്യാഭ്യാസവും കേരളത്തിന്റെ ആധുനികതയും നവോത്ഥാനവും (Printing and Modern Education Modernity and Renaissance of Kerala)

ഡോ. ബാബു ചെറിയാന്‍
ദേശത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ഘട്ടങ്ങളായോ പതിറ്റാണ്ടുകളായോ നൂറ്റാണ്ടുകളായോ വിഭജിച്ച് സംഭവിച്ചവയെയും സംഭവിക്കാത്തവയെയും, നിര്‍ദ്ദിഷ്ട കാലത്തിനുള്ളില്‍ അടയാളപ്പെടുത്തിയിട്ട്, ആ കാലത്തിന്റെ ചരിത്രം അതാണെന്ന് പറയാം. പക്ഷേ മനുഷ്യസമൂഹം കാലാകാലങ്ങളിലൂടെ വിധേയമായ സാമൂഹിക പരിവര്‍ത്തനത്തെ പൂര്‍വ്വ പരബന്ധമോ സാമൂഹിക പശ്ചാത്തലമോ ഒഴിവാക്കിക്കൊണ്ട് വിശദീകരിക്കാനാകുകയില്ല. മാറി മാറി വരുന്ന സാമൂഹിക വ്യവസ്ഥകളുടെ സവിശേഷമായ സാമൂഹിക ഘടനയും സാമൂഹികബന്ധങ്ങളും പരിഗണിക്കാതെ  ഒരു ദേശത്തെ സംഭവിച്ച സാമൂഹിക പരിവര്‍ത്തനത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.
കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തെ കൃത്യമായും വ്യക്തമായും പഠിക്കുന്നതിനുള്ള മാര്‍ഗ്ഗം ആധുനികതയ്ക്കു ശേഷവുമുള്ള കേരളസമൂഹത്തെ വേര്‍തിരിച്ചുകണ്ടു താരതമ്യപ്പെടുത്തിയുമുള്ള രീതി തന്നെയാണ്. മറ്റെല്ലാ സമൂഹത്തിലുമെന്ന പോലെ കേരളത്തിന്റെ സാമൂഹിക ഘടനയിലും, സവിശേഷതകളിലും മറ്റെല്ലാ സമൂഹങ്ങളിലുമെന്നപോലെ, ആധുനികത (ങീറലൃിശ്യേ)  അത്ര കാതലായ മാറ്റങ്ങളാണു വരുത്തിയത്. ആധുനികത എന്ന സാമൂഹിക പ്രക്രിയ പുത്തനാക്കിയ കേരളത്തിന്റെ സാമൂഹികജീവിതവും അതിനുമുമ്പ് ഏകദേശം പത്തുനൂറ്റാണ്ടുകാലം കേരളത്തില്‍ നിലനിന്നുപോന്ന പഴയ സാമൂഹികജീവിതവും തമ്മില്‍ അത്ര കാതലായ വ്യത്യാസങ്ങളാണുള്ളത്.
ഏതാനും നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച തമിഴകത്തിന്റെ സംഘകാല സാമൂഹിക ജീവിതം ചേരനാടിനു പൊതുവില്‍ ക്ഷേമകരമായിരുന്നു. തൊട്ടു പുറകേ കേരളത്തെയാകെ സ്വാധീനിച്ച ബൗദ്ധകാല സാമൂഹിക ജീവിതവും പുരോഗമനാത്മകമായിരുന്നു. പിന്നാലെ വന്നത് ജാതിവ്യവസ്ഥയിലും അടിമത്തത്തിലും അധിഷ്ഠിതമായ നാടുവാഴിത്തത്തിന്റെ സുദീര്‍ഘ സാമൂഹിക വ്യവസ്ഥയാണത്. ഏകദേശം പത്തു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അക്കാലഘട്ടം കേരളസമൂഹത്തെ നിശ്ചലാവസ്ഥയിലെത്തിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യാവകാശ നിഷേധങ്ങളും ഭൂഷണമായി കരുതിയ സാമൂഹിക ജീവിതത്തിന്റെ കാലമായിരുന്നു അത്.
നിശ്ചലമായ എന്തിനെയും ചലനാത്മകമാക്കാന്‍ ബാഹ്യമായ ഇടപെടലോ സ്വാധീനമോ ഉണ്ടാകണം. നിശ്ചലാവസ്ഥയിലായ ജാതി-അടിമ-നാടുവാഴിത്ത കേരളീയ സാമൂഹിക ജീവിതത്തില്‍ വ്യത്യസ്തമായ ആശയങ്ങളും ജീവിതശൈലികളും പരിചയപ്പെടുത്തി, അതിനെ ചലനാത്മകമാക്കിയത് വൈദേശിക സാന്നിദ്ധ്യമാണ്. വ്യത്യസ്തമായ ചിന്തകളുള്ള മനുഷ്യരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അവരുടെ വേറിട്ട ജീവിതശൈലികളെയും ആശങ്ങളെയും യോജിപ്പോടെയും വിയോജിപ്പോടെയും അടുത്തറിഞ്ഞു. നമ്മുടെ നാടിനപ്പുറം പല പല നാടുകളും അവിടെയൊക്കെ വേറിട്ട ജനജീവിതവുമുണ്ടെന്നുള്ള അരിവ് മാറ്റങ്ങളുടെ നാന്ദിയായി. യൂറോപ്യന്‍ ആധുനികതയുടെ (ഋൗൃീുലമി ാീറലൃിശ്യേ) പങ്കാളികളും ഗുണഭോക്താക്കളുമായ വിദേശികളുടെ സാന്നിധ്യം പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് കേരളം അറിയുന്നത്. പിന്നാലെ ഡച്ചുകാര്‍ ഒടുവില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം. ഗ്രേറ്റ് ബ്രിട്ടന്‍, രണ്ടു നൂറ്റാണ്ടുകാലം ദീര്‍ഘിച്ചു കേരളത്തിലെ, ഇന്ത്യയിലെ, അവരുടെ സാന്നിദ്ധ്യം കോളനി ഭരണങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ ദുരിതങ്ങള്‍ എല്ലാവര്‍ക്കും നന്നായി അറിവുള്ളതാണ്. എന്നാല്‍ അവരിലൂടെ പകര്‍ന്നെത്തിയ ആധുകതയുള്‍പ്പെടെയുള്ള പലവിധ സാംസ്‌ക്കാരിക ധാരകള്‍ കേരളീയ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്, വിശിഷ്യ നവോത്ഥാനത്തിന് കാരണമായിത്തീര്‍ന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ ആരംഭിച്ച കേരളീയ ആധുനികത ശക്തമാകുന്നതും സാമൂഹിക പരിവര്‍ത്തനത്തിനു നിമിത്തമായിത്തീര്‍ന്നതും പത്തൊമ്പതാം നൂറ്റാണ്ടിലാണ്.
അതോടെ പഴയ ജാതി-അടിമത്ത നാടുവാഴിത്ത സാമൂഹിക വ്യവസ്ഥയ്ക്കു മാറ്റമുണ്ടായി. ആധുനികത ഒരു സാമൂഹിക പ്രക്രിയയും നവോത്ഥാനം അതിന്റെ ഫലവുമാണെന്നു പറയാം.
ഒരു സമൂഹം ആധുനികതമാതൃക എന്നു പറഞ്ഞാല്‍ എന്താണ്? ഇതിന് വളരെ സങ്കീര്‍ണവും ദാര്‍ശനികവുമായ ഉത്തരങ്ങള്‍ അന്വേഷിച്ചുപോകേണ്ട കാര്യമില്ല. മനുഷ്യന്റെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളും പുതുക്കപ്പെടുക, നവീകരിക്കപ്പെടുക എന്നുതന്നെയാണ്. സാമൂഹികബന്ധങ്ങള്‍, നവീകരിക്കപ്പെടണം-ജാതി, അടിമ, നാടുവാഴിത്ത സാമൂഹികവ്യവസ്ഥയില്‍ അടിമ-ഉടമ ബന്ധമാണുള്ളതെങ്കില്‍ ആധുനിക സമൂഹത്തില്‍ അത് തൊഴിലാളി-മുതലാളി ബന്ധമായി മാറുന്നു. അടിമകള്‍ ആദ്യം കൂലിക്കാരായും പിന്നീട് തൊഴിലാളികളായും മാറി. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബംമുതല്‍ ഏറ്റവും വിപുലമായ സാമൂഹിക ഘടകങ്ങളില്‍വരെ മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുകയും  സാമൂഹികനീതി സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ സാമൂഹിക ബന്ധങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെടണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാമൂഹികബന്ധങ്ങിള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും, ജാതി-മത-തൊഴില്‍ അധികാര-സാമ്പത്തിക വിഭാഗീയതകള്‍ക്കതീതമായി എല്ലാ മനുഷ്യരും തുല്യതയോടെ പരിഗണിക്കപ്പെടുകയും ചെയ്യണം. സാമൂഹികബന്ധങ്ങളിലെന്നപോലെ വിദ്യാഭ്യാസം, ചികിത്സ, യാത്രാമാര്‍ഗങ്ങള്‍, കൃഷി, കച്ചവടം, വിജ്ഞാനശാഖകള്‍, സാങ്കേതിക വിദ്യകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജീവിതശൈലികള്‍, കുടുംബം, ഭാഷ, സാഹിത്യം തുടങ്ങി സാമൂഹികജീവിതത്തിന്റെ എല്ലാ വ്യവസഹാരങ്ങളെയും ആധുനികത നവീകരിക്കുന്നു. ഇപ്പറഞ്ഞ വിവിധ ജീവിത വ്യാപാരങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിനുമുമ്പ് എങ്ങനെയായിരുന്നുവെന്നും അതിനുശേഷം എങങനെ മാറിയെന്നും താരതമ്യപ്പെടുത്തി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ശാസ്ത്രസാങ്കേതിക പുരോഗതിയും തുല്യപൗരത്വം (ലൂൗമഹ രശശ്വേലിവെശു) എന്ന ദര്‍ശനവുമാണ് സമൂഹത്തെ ആധുനികമാകാന്‍ സഹായിക്കുന്നത്. സമൂഹം ആധുനികമാകുമ്പോള്‍ അതിനനുസരിച്ച് മനുഷ്യരുടെ ചിന്താഗതികള്‍ സമീപനങ്ങളും ആധുനികമാകുകയും പുരോഗമിക്കുകയും ചെയ്യുന്നു. തല്‍ഫലമായി സാമൂഹിക ജീവിതത്തിന്റെ നാനാ മണ്ഡലങ്ങളിലും പുരോഗതി ഉണ്ടാകുന്നു. ഈ പുരോഗതിയാണ് സമൂഹത്തിന്റെ ഒരു 'പുതിയ ഉയിര്‍പ്പ്' (നവമായ ഉത്ഥാനം 'നവോത്ഥാനം') ഉണ്ടാകുന്നത്.
കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്കു നയിച്ചത് യുറോപ്യന്‍ ആധുനികതയുടെ ഇന്‍ഡ്യ പതിപ്പായ കോളനി ആധുനികതയാണ്. (രീഹീിശമഹ ാീറലൃിശ്യേ)
ആധുനികീകരണത്തിന്റെ പ്രവര്‍ത്തനം കേരള സമൂഹത്തില്‍ എങ്ങനെയായിരുന്നു?
കേരളത്തില്‍ ഏകദേശം പത്തുനൂറ്റാണ്ടുകളായി നിലനില്‍ക്കുകയും ഉറച്ചുപോകുകയും ചെയ്ത ജാതി-അടിമത്ത-നാടുവാഴിത്ത സാമൂഹികഘടനയെ തകര്‍ത്തുകൊണ്ടാണ്. കേരളസമൂഹത്തെ ആധുനീകരിച്ചത്. അങ്ങനെയേ ആധുനീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പഴയ സാമൂഹിക സംഘടനയ്‌ക്കൊപ്പം അതിനെ പരിപാലിച്ചുപോന്ന മൂല്യബോധത്തെയും സാമൂഹിക നിയമങ്ങളെയും ആചാരങ്ങളെയും നിഷേധിച്ച്,മ മാനവികതയില്‍ അധിഷ്ഠിതമായ ഒരു മൂല്യ വ്യവസ്ഥയ്ക്കു പ്രചാരണം നല്‍കി.
ജാതിവ്യവസ്ഥയ്ക്കും അടിമത്തത്തിനും നാടുവാഴിത്തത്തിനുമെതിരേ നാനാ പ്രകാരേണ നടന്ന നവോത്ഥാനത്തിന്റെ പ്രധാന സവിശേഷത. മാനവികതയ്ക്ക് സര്‍വ്വ പ്രാധാന്യമുള്ള എല്ല വിധ വിഭാഗീയതകള്‍ക്കും അതീതമായ, തുല്യപൗരത്വം അടിസ്ഥാന സ്വഭാവമായുള്ള ഒരു പൊതു മണ്ഡലത്തിന്റെ (എീൃാമശേീി ീള ജൗയഹശര ടുമരല) രൂപീകരണത്തിലേക്കായിരുന്നു ഇത് എത്തിച്ചേരേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ആധുനീകാനന്തര, കേരളീയ നവോത്ഥാനത്തിന്റെ  ഒരു ഘട്ടത്തില്‍ സാമുദായിക നേതാക്കന്മാരും സാമുദായിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുമാണ്. ജാതി-അടിമത്ത-നാടുവാഴിത്ത വ്യവസ്ഥയ്‌ക്കെതിരായുള്ള പോരാട്ടങ്ങള്‍ ഏറ്റെടുത്തത്. ഇത് ആധുനികതയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നതിനും തുല്യപൗരത്വം എന്ന സങ്കല്പത്തില്‍ അധിഷ്ഠിതവുമായ ഒരു പൊതുമണ്ഡല രൂപീകരണത്തെ, ഫലത്തില്‍ തടയുകയാണുണ്ടായത്.
തുല്യപൗരത്വ സങ്കല്പത്തിന്റെയും മാനവിക മൂല്യങ്ങളുടെയും അതിരുകളെ ചുരുക്കിക്കൊണ്ട്, അതായത് സമുദായങ്ങളിലേക്കു ചുരുങ്ങിപ്പോയ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തെ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും പുരോഗമനദിശയില്‍ നിന്ന് വ്യതിചലിപ്പിക്കുകയാണുണ്ടായത്. ഈ വ്യതിചലനം രാഷ്ട്രീയ രൂപമെടുക്കുന്നതിന്റെ സൂചന സമുദായാടിസ്ഥാനത്തിലെന്ന വാദം, സാമുദായിക പിന്നാക്കാവസ്ഥയുടെ പരിഗണനയുടെ പ്രശ്‌നം ഒഴിവാക്കിയാല്‍ ആരോഗ്യകരമല്ല. 1957-ലെ 'വിമോചനസമരം' ഒടുവില്‍' സാമുദായിക ശക്തികളുടെ രാഷ്ട്രീയ ധ്രുവീകരണത്തില്‍ കേരളത്തെ എത്തിച്ചു. പിന്നീടിങ്ങോട്ട് കേരളം കൂടുതല്‍ കൂടുതല്‍ സാമുദായികവല്‍ക്കരിക്കപ്പെടുകയും വര്‍ഗീയ വല്‍ക്കരിക്കപ്പെടുകയുമായിരുന്നു. മതേതരപക്ഷത്തേക്ക് കേരളത്തെ അടുപ്പിക്കുന്നതിന് സാമുദായികവല്‍ക്കരണം എന്നും എതിരായി പ്രവര്‍ത്തിച്ചു.
നവോത്ഥാനത്തില്‍ നിന്ന്, കേരളത്തിന്റെ ആധുനീകരണത്തിലേക്കു തന്നെ മടങ്ങാം.
കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് 'നവോത്ഥാനം' പക്ഷേ, നവോത്ഥാനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചോ അതിന്റെ പിന്നിലെ നിയമാശക്തിയായിരുന്ന ആധുനികതയെക്കുറിച്ചോ അതിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് നവോത്ഥാനത്തെക്കുറിച്ചും നവോത്ഥാന നായകന്മാരെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത്.
കഢ
മുമ്പു സൂചിപ്പിച്ചതുപോലെ നിശ്ചലമായ/ജഡീഭവിച്ച ഒരു സാമൂഹിക വ്യവസ്ഥയെ ബാഹ്യമായ ഇടപെടലുകളോ സ്വാധീനങ്ങളോ ആണ് ചലനാത്മകമാക്കുന്നത്. പുറത്തു നിന്നെത്തുന്ന ആശയങ്ങളോടുള്ള ആരോഗ്യകരമായ പ്രതികരണവും ആശയസംഘര്‍ഷവും സമൂഹത്തെ ചലനാത്മകമാക്കുന്നു. ആശയം അറിവാണ് പലതരം അറിവുകള്‍.
സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പുതിയതും വ്യത്യസ്തവുമായ അറിവുകള്‍ പരിചയപ്പെടുത്തിക്കൊണ്ട്, കേരളത്തെ ആധുനികതയിലേക്കു നയിച്ചത്, രണ്ടു കാര്യങ്ങളാണ്. ഒന്ന്, ആധുനിക വിദ്യാഭ്യാസം എന്ന സാമൂഹിക പ്രക്രി., രണ്ട്, അച്ചടി എന്ന സാങ്കേതിക വിദ്യ.
കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച 'ആശയസ്‌ഫോടനം' കേരളത്തില്‍ സംഭവിച്ചത് മേല്‍പ്പറഞ്ഞ കാര്യങ്ങളിലൂടെയാണ്. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നുപോന്ന സംസ്‌കൃത വിദ്യാഭ്യാസ പാരമ്പര്യം അഥവാ കളരി വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ആധുനിക വിദ്യാഭ്യാസം. വിവിധ വൈജ്്ഞാനിക വിഷയങ്ങളില്‍ അധിഷ്ഠിതമായ പാഠ്യക്രമമാണ് അതിന്റെ ഒരു സവിശേഷത. ആധുനിക ശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമി ശാസ്ത്രം, ചരിത്രം, ഭാഷകളുടെ ശാസ്ത്രീയ പഠനം തുടങ്ങി അതുവരെ കേരളീയര്‍ക്കു പരിചയമില്ലാതിരുന്ന ഘടകങ്ങളായിരുന്നു, ആധുനിക വിദ്യാഭ്യാസത്തിന്റെ പാഠ്യക്രമത്തിന്റെ ഉള്ളടക്കം. അറിവുനില അനുസരിച്ച് ചില ഗ്രേഡുകള്‍, അറിവുനില ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള പരീക്ഷകള്‍, ഓരോ വിഷയവും പഠിപ്പിക്കുന്നതിന് അതാതു വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള അധ്യാപകര്‍ പാഠപുസ്തകങ്ങള്‍ മറ്റ് ആധുനിക പഠന സാമഗ്രികള്‍, ലൈബ്രറി, ലബോറട്ടറി, നിരീക്ഷണ പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനരീതി ശാസ്ത്രം, പഠനത്തിന് കോളജ് സ്‌കൂള്‍ എന്ന സങ്കല്പം, ക്ലാസ് മുറികള്‍ - എല്ലാം പഴയ വിദ്യാഭ്യാസരീതിയില്‍ നിന്ന് ഭിന്നമായിരുന്നു.
ആധുനിക വിദ്യാഭ്യാസം കേരള സമൂഹത്തിലേക്കു പ്രസരിപ്പിച്ച അറിവ് നിസ്സീമമായിരുന്നു. അത് വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാക്കിയ പ്രബുദ്ധത അപൂര്‍വവും അളക്കാന്‍ കഴിയാത്തത്ര വിപുലമായിരുന്നു.
തിരുവിതാംകൂറിലെ ദിവാനും ബ്രിട്ടീഷ് റസിഡന്റുമായിരുന്ന കേണല്‍ ജോണ്‍ മണ്‍റോ 1815-ല്‍ സ്ഥാപിച്ച കോട്ടയം (സി.എം.എസ്.) കോളജ് ഇന്ത്യയിലെ ആദ്യത്തെ കോളജാണെന്നും കേരളത്തില്‍ (ഇന്ത്യയിലും) ആധുനിക വിദ്യാഭ്യാസത്തിനു പ്രാരംഭംകുറിച്ചത് ഈ കോളജിലായിരുന്നു. എന്നുമുള്ള വസ്തുതകള്‍, കുറെ ചരിത്രപ്രാധാന്യമായുള്ളതായിത്തീരുന്നത്, ഈ സന്ദര്‍ഭത്തിലാണ്. 1817 മാര്‍ച്ചില്‍ കോട്ടയം കോളജിന്റെ സൂപ്രണ്ടായി (പ്രിന്‍സിപ്പല്‍) ചാര്‍ജെടുത്ത ബെഞ്ചമിന്‍ ബെയിലി, രണ്ടു മാസത്തിനുള്ളില്‍ കോട്ടയം കോളജില്‍ രണ്ടുകാര്യങ്ങള്‍ നടപ്പിലാക്കി-ഒന്ന്, ഇംഗ്ലീഷ് ഭാഷാപഠനം; രണ്ട്, ആധുനികവിദ്യാഭ്യാസം.
പില്‍ക്കാലത്ത് കേരളം കണ്ട എല്ലാ സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും സാമുദായിക പരിഷ്‌കരണ നായകന്മാരും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്തു.
1817 മാര്‍ച്ചില്‍ ബെഞ്ചമിന്‍ ബെയിലി കോട്ടയം കോളജിന്റെ ചുമതല ഏറ്റു.
1853: വലിയൊരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ചട്ടമ്പി സ്വാമികള്‍ ജനിച്ചു.
1856: 'വിദ്യകൊണ്ടു പ്രബുദ്ധരാകുക' എന്ന്, മനുഷ്യരെ ആഹ്വാനം ചെയ്ത ശ്രീ. നാരായണഗുരു ജനിച്ചു.
1863: 'ഞങ്ങളുടെ മക്കളെ നിങ്ങളുടെ സ്‌ക്കൂളില്‍ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകള്‍ ഞങ്ങള്‍ കൊയ്യുകയില്ല' എന്നു പ്രഖ്യാപിച്ച് കാര്‍ഷിക സമരം പ്രഖ്യാപിച്ച ശ്രീ.അയ്യന്‍കാളി ജനിച്ചു.
1878: കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പരിപോഷണത്തിനായി ധാരാളം സ്‌കൂളുകളും കോളജുകളും സ്ഥാപിച്ച നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്.) നേതാവ് മന്നത്തു പത്മനാഭന്‍ ജനിച്ചു.
ബെഞ്ചമിന്‍ ബെയിലി ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട്, ഏകദേശം നാല് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്, കേരളം ഇന്ന് ആദരിക്കുന്ന നവോത്ഥാന നായകന്മാരില്‍, കാലംകൊണ്ട് ആദ്യസ്ഥാനക്കാരനായ, ചട്ടമ്പിസ്വാമി ജനിച്ചത്. നാരായണഗുരുവും അയ്യന്‍കാളിയും, മന്നത്തുപത്മനാഭനുമൊക്കെ കേരളത്തില്‍ ആധുനികവിദ്യാഭ്യാസത്തിന്റെ പ്രചാരകരാകാന്‍ പിന്നെയും ദശാബ്ദങ്ങള്‍ വേണ്ടിവന്നു.
കേരളത്തെ ആധുനികതയിലേക്കു നയിച്ച ആധുനിക വിദ്യാഭ്യാസത്തിന്റെ ചരിത്രം ഇതാണ്.
കേരള സമൂഹത്തില്‍ 'ആശയവിസ്‌ഫോടനം' സൃഷ്ടിച്ച രണ്ടാമതു കാര്യം അച്ചടി എന്ന സാങ്കേതിക വിദ്യയാണ്, പുസ്തക പ്രസിദ്ധീകരണം, പത്രമാസികാ പ്രവര്‍ത്തനം എന്നിവയിലൂടെ അച്ചടി സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനമാണു നിര്‍വഹിച്ചത്. കേരളത്തില്‍ ആധുനിക വിദ്യാഭ്യാസം ഉണ്ടാക്കിയ വിജ്ഞാന വിസ്‌ഫോടനത്തിന് ഒപ്പമോ അതിലധികമോ ആയിരുന്നു പുസ്തകങ്ങള്‍, പത്രമാസികകള്‍ എന്നിവയിലൂടെ അച്ചടി സൃഷ്ടിച്ച വിജ്ഞാനസവിസ്‌ഫോടനം.
ഇക്കാര്യവുമായി ബന്ധപ്പെടുത്തി വേണം, കേളത്തില്‍ അച്ചടിക്കും പുസ്തക പ്രസാധനത്തിനും ആരംഭംകുറിച്ചത് ബെഞ്ചമിന്‍ ബെയിലായിരുന്നു എന്ന സംഗതിയുടെ ചരിത്രപ്രാധാന്യം മനസ്സിലാക്കേണ്ടത്.
ഒരു കാര്യംകൂടി പറഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കാം. 'കോളനി ആധുനികത'യുടെ ഫലമായ കേരളീയ നവോത്ഥാനത്തിന്റെ മുഖ്യസ്വഭാവം അടിമത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളായിരുന്നു എന്ന് മുമ്പേ സൂചിപ്പിച്ചു.
1843-ല്‍ ബ്രിട്ടീഷ് ഇന്ത്യിയല്‍ അടിമത്തം നിരോധിച്ചു.
1855ല്‍ തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചു. എന്നാല്‍ ഇതിന്, 20 വര്‍ഷംമുമ്പ്, ബെഞ്ചമിന്‍ ബെയിലിയും ജോസഫ് പീറ്റുംകൂടി (മണ്‍റോ തുരുത്തിന്റെ ട്രസ്റ്റിമാര്‍) മണ്‍റോ തുരുത്തിലെ അടിമകളെയും അവരുടെ ഭാവി തലമുറകളെയും മോചിപ്പിച്ചുകൊണ്ടുള്ള രേഖ അവിടെയുണ്ടായിരുന്നു എല്ലാ അടിമക്കുടികളുടെയും നാഥന്മാര്‍ക്കു നല്‍കി, അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയുണ്ടായി. കേരളത്തില്‍ ചില പുരോഗമനശക്തികളും പ്രസ്ഥാനങ്ങളും കാലാകാലങ്ങലില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരേ പോരാടുകയും കേരളത്തെ മതേതര മനസ്സുള്ളതാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, പിന്നാലെ വന്ന സമുദായിക സംഘടനങ്ങള്‍ ആ പരിശ്രമങ്ങളെ പരാജയപ്പെടുത്താന്‍ പരിശ്രമിച്ചു; ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
കേരള സമൂഹം പൂര്‍ണമായും ആധുനികമാകുന്നത് അടിമ-ഉടമ സാമൂഹിക ബന്ധം പൂര്‍ണമായും ഇല്ലാതായിത്തീരുകയും ജാതി വ്യവസ്ഥയ്ക്കു പകരം മതേതരത്വം സാര്‍വ്വത്രികമാകുകയും എല്ലാ മനുഷ്യരും തുല്യപൗരന്മാരായി പരിഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമായിരിക്കും.
ഒരു വസ്തുത സുവ്യക്തമാണ്. കേരളത്തെ നവോത്ഥാനത്തിലേക്കു നയിച്ച കോളനി ആധുനികതയ്ക്കു കാരണമായ രണ്ടു ഘടകങ്ങള്‍ ആധുനിക വിദ്യാഭ്യാസവും അച്ചടിയുമായിരുന്നു - ഈ രണ്ട് ഉപാധികളിലൂടെ കേരള സമൂഹത്തിലുണ്ടായ വിജ്ഞാന സ്‌ഫോടനം കേരളസമൂഹത്തെ ദൂരവ്യാപകമായ മാറ്റത്തിനു വിധേയമാക്കി. അടിമത്തത്തിനും ജാതിവ്യവസ്ഥയ്ക്കും നാടുവാഴിത്തത്തിനുമെതിരായി സുദീര്‍ഘമായ പോരാട്ടങ്ങള്‍ക്ക് അത് സമൂഹത്തെ സജ്ജമാക്കി. നൂറ്റാണ്ടുകളായി അവയെ പരിപാലിച്ചു പോന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, സാമൂഹികനീതി നിഷേധങ്ങള്‍ എന്നിവയെ നിഷ്‌കാസനംചെയ്ത് മാനവികതയിലും മതേതരത്വത്തിലും തുല്യപൗരത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹപുനര്‍നിര്‍മിതിക്കുള്ള ഊര്‍ജം നല്‍കിയതും ആധുനിക വിദ്യാഭ്യാസം, അച്ചടി എന്നിവയിലൂടെ വിജ്ഞാന വിസ്‌ഫോടനമാണ്.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.