Research Articles

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ബെഞ്ചമിൻ ബെയിലി മറവിക്കു പുറത്തേക്ക് Benjamin Bailey and Kerala Society

ഡോ. ബാബു ചെറിയാൻ, ഡോ. റോയി സാം ഡാനിയൽ
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് അപൂർവവും അസാധാരണവും മറ്റൊന്നുകൊണ്ടും പകരംവെക്കാനാകാത്തത്ര മൂല്യവത്തുമായ പല സംഭാവനകൾ നൽകിയ ബെഞ്ചമിൻ ബെയിലിയെ പിൽക്കാല 'മലയാളനാട്' എന്തുകൊണ്ടു വിസ്മരിച്ചു? അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളുടെ സദ്ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അവയുടെ കർത്തൃത്വത്തിൽനിന്ന് ബെയിലി എന്തുകൊണ്ട് മറക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്തു?
ഇരുന്നൂറുവർഷത്തെ 'മലയാളനാടി'നെക്കുറിച്ച് നമുക്ക് എന്താണ് അറിയാവുന്നത് എന്ന് ആലോചിച്ചാൽ, എന്തുകൊണ്ട് ബെഞ്ചമിൻ ബെയിലി വിസ്മരിക്കപ്പെട്ടു എന്നതിന്റെ മറുപടി ഭാഗികമായെങ്കിലും ലഭിക്കും.
ഇന്നു നാം കേരളം എന്നു വിളിക്കുന്ന ഭൂപ്രദേശത്തിന്റെ രണ്ടു നൂറ്റാണ്ടുമുമ്പത്തെ അവസ്ഥകളെക്കുറിച്ചുള്ള അറിവുകൾ വളരെ സാധാരണമായ മൂന്നുനാല് ആശയങ്ങളിൽ അവസാനിക്കും: തിരുവിതാംകൂർ, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ ഏതാനും രാഷ്ട്രദേശങ്ങളായി, ഭിന്നദേശീയതകളായി നിലനിന്നിരുന്നു; പത്തുപന്ത്രണ്ടു നൂറ്റാണ്ടുകൾകൊണ്ട് രൂഡമൂലമായിത്തീർന്ന പ്രാചീന സാമൂഹികവ്യവസ്ഥ സാമൂഹിക ജീവിതത്തെ നിശ്ചലമാക്കി, ജഡാവസ്ഥയിലാക്കിത്തീർത്തിരുന്നു; അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരക്ഷരതയും സാമൂഹിക ജീവിതത്തെ അടക്കിവാണു; ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിതത്തിന്റെ ഒരു ഘടകംപോലും സാമൂഹികജീവിതത്തിൽ ഇടപെട്ടുതുടങ്ങുകയോ സാമൂഹികജീവിതത്തെ അതിന്റെ പ്രാചീന അവസ്ഥയിൽനിന്ന് നവീകരിക്കാനാരംഭിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
ഇത്രയൊക്കെ ഉപരിപ്ലവമായ അറിവുകളേ ഉള്ളൂ; വിശദാംശങ്ങൾ തിട്ടമില്ല. കാരണം കാലത്തെ സംബന്ധിച്ചിടത്തോളം രണ്ടു നൂറ്റാണ്ടുകൾ ഹ്രസ്വമാണെങ്കിലും മനുഷ്യരുടെ സാമൂഹിക ജീവിതത്തെ സംബന്ധിച്ചിടത്തോളം അത് വിപുലമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. ഇത്രപിന്നിലുള്ള കാലത്തെക്കുറിച്ചും ചരിത്രരേഖകൾ എന്നല്ല, കേട്ടുകേഴ്‌വികൾ'പോലും അപ്രാപ്യമായിത്തീരുന്നു.
ചുരുക്കത്തിൽ, സമൂഹമാണെങ്കിലും വ്യക്തിയാണെങ്കിലും കാലം ചെല്ലുന്തോറും കാര്യങ്ങൾ മറന്നുപോകുന്നു. ലിഖിതചരിത്രം ദുർബലമാകുകയും കാലാകാലങ്ങളിൽ കാര്യങ്ങൾ ഓർമിപ്പിക്കുന്ന അനുസ്മരണങ്ങളും സ്മാരകങ്ങളും ഇല്ലാതാകുകയും ചെയ്താൽ മറവിയുടെ വേഗത കൂടും1.
ഇങ്ങനെ മറന്നുപോയ കാര്യങ്ങളിൽ പെട്ടുപോയി ബെഞ്ചമിൻ ബെയിലിയും അദ്ദേഹത്തിന്റെ സംഭാവനകളും. ചില കാര്യങ്ങൾ മറന്നുപോകുന്നതു സ്വാഭാവികമാണ്; മറ്റുചില കാര്യങ്ങൾ അതിന്റെ 'ഉപജ്ഞാതാവി'നെ മറവിയിലേക്ക് ആഴ്ത്തിയിട്ട്, ദേശത്തെയും കാലത്തെയും സ്വാധീനിച്ചുകൊണ്ട്, വളർന്നെന്നും വരാം.
ബെഞ്ചമിൻ ബെയിലി, അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്ന കോട്ടയത്ത് എത്തിയതിനുശേഷം ആദ്യം നിർവഹിച്ച ദൗത്യം മേൽപ്പറഞ്ഞതിന് മികച്ച ഉദാഹരണമാണ്-'കോട്ടയം കോളജി'ലെ ഇംഗ്ലീഷ്ഭാഷാധ്യാപനം.
ഇംഗ്ലീഷ്ഭാഷാധ്യാപനം2 കേരളത്തിൽ
കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ്ഭാഷ പഠിപ്പിച്ചുതുടങ്ങിയത് ബെഞ്ചമിൻ ബെയിലിയാണ്.
1817 മാർച്ച് 25-ന് ബെഞ്ചമിൻ ബെയിലി (ഭാര്യ എലിസബേത്ത് എല്ലയും ഒപ്പമുണ്ടായിരുന്നു) 'കോട്ടയം കോളജി'ലെത്തി, കോളജിന്റെ ചുമതലയേറ്റെടുത്തു. രണ്ടുമാസത്തിനുള്ളിൽ, അതായത് 1817 മെയ് മാസത്തിൽ, അദ്ദേഹം അവിടെ വിദ്യാർഥികളെ ഇംഗ്ലീഷ്ഭാഷ പഠിപ്പിച്ചുതുടങ്ങി. 1817 മെയ് 13-ന് ബെയിലി തിരുവിതാംകൂർ ദിവാനും ബ്രിട്ടീഷ് റസിഡന്റും 'കോട്ടയം കോളജി'ന്റെ സ്ഥാപകനും3 പിൽക്കാലത്ത് അതിന്റെ രക്ഷാകർത്താവുമായിരുന്ന ജോൺ മൺറോയ്ക്ക് അയച്ച കത്തിൽ, താൻ കത്തനാരന്മാരെയും മറ്റു വിദ്യാർഥികളെയും ഇംഗ്ലീഷ്ഭാഷ പഠിപ്പിച്ചു തുടങ്ങിയതായി എഴുതിയിട്ടുണ്ട്. 1817 മെയ് 29-ന് മൺറോ ബെയിലിക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അധ്യാപനത്തെ, 'I approve very much indeed your commencing a course of  instruction in the English language, and I request earnestly that you will continue it with vigour' 4 എന്ന് ആവേശപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പഠനത്തിന് സ്വീകരിച്ചിരുന്നത് വായന, എഴുത്ത്, കാണാപ്പാഠം, സംഭാഷണം, പരിഭാഷ എന്നിവയുൾപ്പെട്ട രീതിശാസ്ത്രമായിരുന്നു. ബെഞ്ചമിൻബെയിലി 'കോട്ടയം കോളജിൽ' ആരംഭംകുറിച്ച ഇംഗ്ലീഷ് ഭാഷാധ്യാപനം പിന്നീട് കേരളത്തിലാകെ വേരുകളാഴ്ത്തി, പടർന്നു. കോളനിഭരണം അവസാനിപ്പിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യവിട്ട് പോയിട്ടും ഇംഗ്ലീഷ്ഭാഷ വലിയൊരു സാംസ്‌കാരിക സ്വാധീനമായി ഇന്നും നിലനിൽക്കുന്നു.
ഇംഗ്ലീഷ്ഭാഷയുടെ സദ്ഫലങ്ങൾ അനുഭവിച്ച് ലോകത്തിന്റെ അതിരുകളോളം വളരുകയും അത്യുന്നതങ്ങളിലേക്ക് ഉയരുകയും ചെയ്ത എത്രയെത്ര കോടി മലയാളികൾ ഉണ്ടായി, പിന്നീട്?
ബെഞ്ചമിൻ ബെയിലിയായിരുന്നു ഈ മഹായത്‌നത്തിന് തുടക്കമിട്ടതെന്ന് അവരിൽ ഒരാളെങ്കിലും അറിഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണ്, ''ചില കാര്യങ്ങൾ അതിന്റെ ഉപജ്ഞാതാവിനെ മറവിയിലേക്ക് ആഴ്ത്തിയിട്ട്, ദേശകാലങ്ങളെ സ്വാധീനിച്ചുകൊണ്ട് വളരും'' എന്ന് മുമ്പേ എഴുതിയത്.
ഇംഗ്ലീഷ് ഭാഷാപഠനത്തിന്5 'കോട്ടയം കോളജിൽ'6 തുടക്കംകുറിച്ച 7 ബെഞ്ചമിൻ ബെയിലിയെ 'കേരളസമൂഹം' തമസ്‌കരിച്ചെങ്കിലും അതു സംബന്ധിച്ച് ഒരു പരമാബദ്ധം പ്രചരിപ്പിക്കാൻ ചിലർ പിന്നീട് സ്ഥലവും സമയവും ധാരാളമായി കണ്ടെത്തി. സ്വാതിതിരുനാൾ രാമവർമയും (1829-1847) അദ്ദേഹം നാഗർകോവിൽ എൽ.എം.എസ്. സ്‌കൂളിൽ പരിചയപ്പെട്ട റോബർട്‌സും ആണ് തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷാധ്യാപനം ആരംഭിച്ചത് എന്നുള്ളതാണ്, അത്.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്; അന്വേഷണവും: 'ആരാണ് ഈ റോബർട്‌സ്? 8'
ബെഞ്ചമിൻ ബെയിലി 'കോട്ടയം കോളജി'ൽ ഇംഗ്ലീഷ്ഭാഷ പഠിപ്പിച്ചുതുടങ്ങി, പതിനേഴുവർഷം കഴിഞ്ഞുമാത്രമായിരുന്നു റോബർട്‌സ് തിരുവനന്തപുരത്ത് ഒരു ഇംഗ്ലീഷ് സ്‌കൂൾ ആരംഭിച്ചത്.  ഇതിനുമുമ്പ് എൽ.എം.എസ്സിന്റെ നാഗർകോവിൽ സ്‌കൂളിൽ പഠിപ്പിക്കുകയായിരുന്നു, റോബർട്‌സ്. 1834-ൽ നാഗർകോവിലിൽ സ്‌കൂൾ സന്ദർശിച്ച സ്വാതിതിരുനാൾ അതുപോലെ ഒരു സ്‌കൂൾ തിരുവനന്തപുരത്ത് സ്ഥാപിക്കാൻ താൽപ്പര്യപ്പെടുകയും റോബർട്‌സിനെ അങ്ങോട്ടു ക്ഷണിക്കുകയും സ്‌കൂൾ തുടങ്ങുന്നതിനുള്ള ചുമതല അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ 1834-ൽ റോബർട്‌സ് എട്ട് വിദ്യാർഥികളോടുകൂടി, 'ഹിസ് ഹൈനസ് ദി രാജാസ് ഫ്രീ' സ്‌കൂൾ ആരംഭിച്ചു.
റോബർട്‌സ് നാഗർകോവിലിൽ എത്തുംമുമ്പ് 'കോട്ടയം കോളജി'ൽ അധ്യാപകനായിരുന്നു.
റോബർട്‌സ് 'കോട്ടയം കോളജി'ലും അവിടെനിന്ന് നാഗർകോവിൽ എൽ.എം.എസ്. സ്‌കൂളിലും എത്തിയതെങ്ങനെയെന്നു വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് 'മലയാളമിത്ര'ത്തിലുണ്ട്്. അതുകൂടി ഉദ്ധരിക്കാം: ''പഴയ സിമ്മനാരിയിൽ 9 പഠിപ്പിക്കാൻ മദ്രാസിൽനിന്നും ജെയിംസ് റോബർട്‌സ് എന്നും ജോൺ റയാൻ എന്നും പേരായ രണ്ടു സായിപ്പൻമാരെ വരുത്തിയതായി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇവരിൽ റോബർട്ട് എന്നയാൾ മൂന്നോനാലോ വർഷം അവിടെ പഠിപ്പിച്ചിട്ടു പിന്നെ ആലപ്പുഴയ്ക്കുപോയി. അവിടെ ആദ്യം നോർട്ടൻ സായ്പ്പിന്റെ പള്ളിക്കൂടത്തിലും പിന്നീട് സ്വന്തമായി ഒരു പള്ളിക്കൂടത്തിലും പഠിപ്പിച്ചു. അതിന്റെശേഷം നാഗരുകോവിൽപോയി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു പഠിത്വം നടത്തിവന്നു. അവിടെനിന്നു തിരുവനന്തപുരത്തു വന്നു പഠിപ്പിപ്പാൻ മഹാരാജാവിന്റെ ക്ഷണനപ്രകാരം വന്നു. ആദ്യം സർക്കാരിൽനിന്നും ഗ്രാന്റ് കിട്ടി. പിന്നീട് സ്‌കൂൾ സർക്കാർവകയാക്കി. തിരുവനന്തപുരം കോളജിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു. ദേവസഹായം അയ്യർ കണ്ട റോബർട്‌സ് പഴയസിമ്മനാരിയിൽ പഠിപ്പിച്ച റോബർട്ട്തന്നെ ആയിരുന്നു. എന്നിട്ടും ഇംഗ്ലീഷ് പഠിത്വം ആദ്യം തിരുവിതാംകോട്ടുതുടങ്ങിയതു തിരുവനന്തപുരത്തു ആകുന്നു എന്നുചിലർ എഴുതുകയും പറയുകയും ചെയ്തുവരുന്നു''.
ആധുനിക വിദ്യാഭ്യാസത്തിന്റെ സൂര്യോദയം
ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ കേരളത്തിൽ, എന്നല്ല ഇൻഡ്യയിലാകെ നിലനിന്നിരുന്നത് പ്രാചീനവും സാമ്പ്രദായികവുമായ കളരി/സംസ്‌കൃത വിദ്യാഭ്യാസരീതി ആയിരുന്നു10. ബെഞ്ചമിൻ ബെയിലി ഇതിൽനിന്ന് തികച്ചും ഭിന്നവും ആധുനികവുമായ പാശ്ചാത്യ വിദ്യാഭ്യാസസമ്പ്രദായം 'കോട്ടയം കോളജി'ൽ നടപ്പിലാക്കി. അഥവാ, ബെഞ്ചമിൻ ബെയിലിയായിരുന്നു,കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രോൽഘാടകൻ. അദ്ദേഹം ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, ഹീബ്രു, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ആധുനികശാസ്ത്രം എന്നീ വിഷയങ്ങൾകൂടി ഉൾപ്പെടുത്തി കോളജിൽ നിലവിലിരുന്ന സുറിയാനി അധിഷ്ഠിത പാഠ്യക്രമം 1817-ൽ പുന:സംഘടിപ്പിച്ചു.
കോളജിന്റെ സ്ഥാപകനും രക്ഷാകർത്താവുമായിരുന്ന ജോൺ മൺറോയുടെ നിർദേശപ്രകാരമായിരുന്നു ബെഞ്ചമിൻ ബെയിലി കോളജിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്നത്. മൺറോയ്ക്ക് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നടപ്പിലാക്കേണ്ട വിദ്യാഭ്യാസ സമ്പ്രദായത്തെയും അതിന്റെ ഘടനയെയുംകുറിച്ച് വ്യക്തമായ ആശയങ്ങളുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിൽതന്നെ തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും ആധുനിക വിദ്യാഭ്യാസം സംഘടിപ്പിക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതനുസരിച്ച് ത്രിതല വിദ്യാഭ്യാസഘടനയായിരുന്നു രൂപപ്പെടുത്തേണ്ടിയിരുന്നത്. ഏറ്റവും മുകൾത്തട്ടിൽ കോളജ്, അതിനുതാഴെ ഗ്രാമർസ്‌കൂൾ (ഹൈസ്‌കൂൾ/സെക്കണ്ടറിസ്‌കൂൾ), ഏറ്റവും താഴെ പ്രാഥമിക വിദ്യാലയങ്ങൾ (പ്രൈമറി സ്‌കൂൾ). രണ്ട് നാട്ടുരാജ്യങ്ങളിലുമായി അന്നു നിലവിലുണ്ടായിരുന്ന അൻപത്തി രണ്ടു നസ്രാണി പള്ളികളോടുംചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി മൺറോയ്ക്കുണ്ടായിരുന്നു. ഈ പ്രാഥമിക വിദ്യാലയങ്ങളിൽനിന്ന് പാസ്സാകുന്നവർ (തിരുവിതാംകൂർരാജ്യത്ത് രണ്ടും കൊച്ചി രാജ്യത്ത് ഒന്നും എന്ന കണക്കിൽ സ്ഥാപിക്കാനുദ്ദേശിച്ച) ഗ്രാമർസ്‌കൂളുകളിൽ ചേർന്നു പഠിക്കണം. ഗ്രാമർസ്‌കൂളുകളിൽനിന്ന് പാസ്സാകുന്നവരിൽ കുറെപ്പേരെ പള്ളിക്കൂടങ്ങളിൽ (പള്ളിയോടുചേർന്നുള്ള 'കൂടം';കൂടം-ശാല) അധ്യാപകരായി നിയമിക്കുകയും11 ഉപരിവിദ്യാഭ്യാസത്തിനു യോഗ്യരായവരെ കോളജിൽചേർത്തുപഠിപ്പിക്കുകയും ചെയ്യുക-ഇതായിരുന്നു മൺറോ വിഭാവനം ചെയ്ത ത്രിതലവിദ്യാഭ്യാസ പദ്ധതി.
1817-ൽ ബെഞ്ചമിൻ ബെയിലി കേരളത്തിലെ ആദ്യത്തെ ഹൈസ്‌കൂൾ/ഗ്രാമർസ്‌കൂൾ12 സ്വഭവനത്തിൽ ആരംഭിച്ചു. 'മംകളാവും ധർമ്മപള്ളിക്കൂടവും'വെക്കുന്നതിനാണ് തിരുവിതാംകൂർ രാജകീയ സർക്കാർ ബെയിലിക്കു കരമൊഴിവായി13 സ്ഥലം നൽകിയത്. പിന്നീട് സി.എം.
എസ്. പ്രസ്സിനു തെക്കുഭാഗത്തായി കെട്ടിടം പണിത്, ബെയിലി
സ്‌കൂൾ അങ്ങോട്ടു മാറ്റി14. 1818-ൽ മിസ്സിസ് ബെയിലി (എലിസബേത്ത് എല്ല) അതേവീട്ടിൽത്തന്നെ ആരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ കാര്യവും ഇതോടു ചേർത്തു പറയേണ്ടതാണ്. കേരളത്തിൽ ആദ്യത്തേതായിരുന്ന ആ പെൺപള്ളിക്കൂടത്തിൽ ആദ്യവർഷം നാലുപെൺകുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചു. പിറ്റേവർഷം കുട്ടികളുടെ എണ്ണം പന്ത്രണ്ടായി.
മലങ്കര മാർത്തോമ്മാ നസ്രാണികളുടെ പള്ളികൾ സന്ദർശിക്കുമ്പോൾ ഓരോ പള്ളിയോടും ചേർന്നു സ്‌കൂൾ ആരംഭിക്കുന്നതിനുള്ള പ്രേരണയും മാർഗനിർദേശവും ബെയിലി നൽകിയിരുന്നു. അങ്ങനെ ബെയിലിയുടെ താൽപ്പര്യത്തിൽ ചെങ്ങന്നൂർ പള്ളിയോടു ചേർന്നു സ്‌കൂൾ ആരംഭിക്കുകയുണ്ടായി. പിന്നീട് ഈ പ്രവർത്തനം വലിയ ഹെൻറി ബേക്കർ15 ഏറ്റെടുത്തു നടത്തി.
ബൈബിൾ പരിഭാഷയും ഭാഷയുടെ ആധുനീകരണവും
മലയാളത്തിലേക്ക് ബൈബിൾ സമ്പൂർണമായി പരിഭാഷപ്പെടുത്തുകയും അത് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക എന്നുള്ളതും ജോൺ മൺറോയുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ഈ പ്രവർത്തനം, കോട്ടയം കോളജ് കേന്ദ്രമായി, മുമ്പേതന്നെ  ആരംഭിക്കുകയും ചെയ്തിരുന്നു. ഏതാനും സുറിയാനി കത്തനാരന്മാരായിരുന്നു പരിഭാഷകർ. 1811-ൽ ബോംബെ കുറിയർ പ്രസിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ നാലുസുവിശേഷങ്ങളുടെ16 മാതൃകയിൽ, അവ ഒഴിച്ചുള്ള ബൈബിൾഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തുന്ന പ്രവർത്തനത്തിലായിരുന്നു സുറിയാനി കത്തനാരന്മാർ ഏർപ്പെട്ടിരുന്നത്. ബെഞ്ചമിൻ ബെയിലി കോട്ടയത്ത് എത്തിയതോടെ കോളജിന്റെ ചുമതലയ്‌ക്കൊപ്പം ബൈബിൾ പരിഭാഷയുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. ബൈബിൾ പരിഭാഷയാകട്ടെ ഇതിനകം വളരെ പുരോഗമിച്ചിരുന്നു. ജോസഫ് ഫെൻ കോളജിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ബെയിലി കോളജിൽ 'ട്രാൻസ്‌ലേഷൻ, പ്രിന്റിങ് ഡിപ്പാർട്ട്‌മെന്റി'ന്റെ ചുമതലയിലായി. ബൈബിൾനിർമിതിപോലെതന്നെ പ്രധാനമായിരുന്നു, തർജമയിലൂടെ മലയാളത്തിൽ കോളജ്-സ്‌കൂൾ പാഠപുസ്തകങ്ങൾ രചിക്കുക എന്നുള്ളത്17. ഈ ഘട്ടത്തിൽ ഗ്രന്ഥരചന, മലയാളഗദ്യം, മലയാളം അച്ചടി ഇവയുമായി ബന്ധപ്പെട്ട ചില നിർണായക പ്രശ്‌നങ്ങൾ ബെയിലിക്കു നേരിടേണ്ടിവരുന്നുണ്ട്18. അവ ഒന്നൊന്നായി മറികടന്നാണ് അദ്ദേഹം മലയാള അച്ചടിക്കും ഗ്രന്ഥപരിഭാഷയ്ക്കും ആധുനികഗദ്യത്തിനും ഗദ്യപുസ്തകങ്ങളുടെ പ്രസാധനത്തിനും ആധുനിക മലയാളഗദ്യത്തിന്റ മാനകീകരണത്തിനും വഴിയൊരുക്കിയത്.
ജോൺ മൺറോയുടെ താൽപ്പര്യപ്രകാരം 'കോട്ടയംകോളജി'ൽ സുറിയാനികത്തനാരന്മാർ നിർവഹിച്ചുപോന്ന ബൈബിൾ പരിഭാഷ ഉപേക്ഷിച്ച് ശൈലീശുദ്ധമായ മലയാളത്തിൽ ബൈബിൾ പരിഭാഷപ്പെടുത്തുവാൻ ബെയിലി നിശ്ചയിച്ചു. കത്തനാരന്മാരുടെ രണ്ടേകാൽ വർഷത്തെയും തന്റെ ഒന്നര വർഷത്തെയും അധ്വാനം, അതിനുവേണ്ടിവന്ന ഭാരിച്ച പണച്ചെലവ്-ഇതൊന്നും സ്വന്തതീരുമാനത്തിൽനിന്ന് ബെയിലിയെ വ്യതിചലിപ്പിച്ചില്ല. 'നല്ലപരിഭാഷ' എന്ന ആദർശം അത്രയ്ക്കു വിലപ്പെട്ടതായി അദ്ദേഹം കരുതി. അങ്ങനെ, സുറിയാനി കത്തനാരന്മാർ മൂലഗ്രന്ഥമായി സ്വീകരിച്ച 'പ്ശീത്താ ബൈബിളി'നു19 പകരം കിങ് ജെയിംസ് വേർഷൻ മൂലഗ്രന്ഥമായി സ്വീകരിച്ച്, മധ്യമാർഗ ഗദ്യരീതിയിൽ പുതിയൊരു പരിഭാഷ തയ്യാറാക്കി. ഈ പരിഭാഷയും അതിന്റെ ഭാഷാരീതിയുംമാത്രമല്ല ശയ്യയും ചിഹ്നനവുംപോലും, ഇംഗ്ലീഷ് ഭാഷയിലെന്നപോലെ20 ആധുനിക മലയാളഗദ്യത്തിന്റെയും സ്വഭാവത്തെ നിർണയിച്ചു.
മലയാളത്തിൽ ഉണ്ടായ ആദ്യസമ്പൂർണ ബൈബിൾ പരിഭാഷ ബെഞ്ചമിൻ ബെയിലിയുടേത് ആണെന്നുള്ളതിന് ഏറെ പ്രാധാന്യമുണ്ട്. പക്ഷേ അതിലുമെത്രയോ മടങ്ങ് ഗരിമയും മഹത്വവുമുള്ള കാര്യങ്ങളായിരുന്നു ബെയിലി തുടങ്ങിവെക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്ത പരിഭാഷാദൗത്യം, പരിഭാഷയ്ക്കുവേണ്ടി രൂപപ്പെടുത്തിയ ഗദ്യഭാഷ (മധ്യമാർഗ ഗദ്യരീതി), ബൈബിൾപരിഭാഷയിലൂടെ മലയാള ഭാഷയിൽസംഭവിച്ച ആധുനീകരണം എന്നിവ.
ബെഞ്ചമിൻ ബെയിലി ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് ഒട്ടേറെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽനിന്ന് ചെറുതും വലുതുമായ അനവധി കൃതികൾ പരിഭാഷപ്പെടുത്തിയ ബെയിലിയാണ്, മലയാളത്തിൽ ഇംഗ്ലീഷ്-മലയാളം പരിഭാഷയ്ക്ക് അടിസ്ഥാനം ഉറപ്പിച്ചത്. 'തർജമപഠനങ്ങളി'ൽപ്പെടുത്തി ഇക്കാര്യം വിശദമായി പഠിക്കേണ്ടതാണ്. ബെയിലിയുടെ തർജമ മലയാളത്തിലെ ഗ്രന്ഥരചനയ്ക്കും മലയാളഭാഷയുടെ ആധുനീകരണത്തിനും നൽകിയ സംഭാവനകൾ അതോടൊപ്പം വിപുലപഠനത്തിനു വിഷയമാക്കേണ്ട മറ്റു രണ്ടുപ്രധാന കാര്യങ്ങളാണ്.
ആധുനിക മലയാളഗദ്യം: വാക്യഘടനയും ചിഹ്നനവും
പ്രാചീന മലയാളഗദ്യത്തിന്റെ എഴുത്തുരീതിയിൽനിന്ന് ആധുനിക മലയാളഗദ്യത്തെ വ്യതിരിക്തമാക്കുകയും ഗദ്യത്തെ ആധുനീകരിക്കുകയും ചെയ്ത ചില ഘടകങ്ങളുണ്ട്: വൈവിധ്യമാർന്നതും ലളിതവുമായ വാക്യഘടനയും ചിഹ്നനവുമാണ്, അവയിൽ പ്രധാനം. ലഘുവാക്യങ്ങൾ, മഹാവാക്യങ്ങൾ, യൗഗികവാക്യങ്ങൾ എന്നിവയും 'ഡീമാർക്കേഷൻ'വഴി അതിർത്തി നിർണയിക്കുന്നതുപോലെ അർഥവും ആശയവും സുവ്യക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നനവും21 വാക്കുകൾക്കും വാക്യങ്ങൾക്കുമിടയിൽ സ്ഥലം ഇട്ട്, അവയെ വേർതിരിച്ചു കാണിക്കുന്ന രീതിയും ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് ബെഞ്ചമിൻ ബെയിലിയാണ്. മലയാളഗദ്യത്തെ ആധുനീകരിക്കുന്നതിൽ ബെയിലി വഹിച്ച വലിയ പങ്കിനെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ട്, ചില വലിയ പണ്ഡിതന്മാർപോലും ഈ പരിഷ്‌കാരങ്ങൾ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റേതാണെന്ന് ആവർത്തിക്കുകയും ഗതാനുഗതികത്വമല്ലാതെ മറ്റുവഴികളില്ലാത്തവർ അത് അനുകരിച്ചുറപ്പിക്കുകയും ചെയ്തു; ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ചെറുപൈതങ്ങൾക്കുപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ (1824), ബൈബിൾ പുതിയനിയമം (1829) തുടങ്ങിയ കൃതികളിലൂടെ ബെയിലി നടപ്പിലാക്കിയ മേൽപ്പറഞ്ഞ ഭാഷാപരിഷ്‌കരണങ്ങൾമാത്രം മതിയാകും അദ്ദേഹത്തെ ഭാഷയിലെ നവീകരണപ്രക്രിയയുടെ, സൂത്രധാരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്.
അച്ചടിയും ആധുനികഗദ്യത്തിന്റെ മാനകീകരണവും
കേരളത്തിൽ ആദ്യത്തെ മലയാളം അച്ചടിശാല സ്ഥാപിച്ചതും കേരളത്തിലെ ആദ്യ ബഹുഭാഷാമുദ്രണാലയമായി അതിനെ വികസിപ്പിച്ചതും കേരളത്തിൽ ആദ്യത്തെ പുസ്തക പ്രസാധനശാല തുടങ്ങിയതും ബെഞ്ചമിൻ ബെയിലിയാണ്. മലയാളത്തിന് അപൂർവവും അസാധാരണവുമായ സാംസ്‌കാരിക സംഭാവനകൾ നൽകിയ മഹാവ്യക്തിത്വമായി, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ബെയിലിയെ അടയാളപ്പെടുത്തുന്നതിന്, പൊതുസമൂഹത്തിന് ഇപ്പോൾ ചിരപരിചിതമായ ഇക്കാര്യങ്ങൾമാത്രം മതിയാകും.
ഭാഷയുടെ അടിസ്ഥാന ഗ്രന്ഥങ്ങളായ വ്യാകരണവും നിഘണ്ടുക്കളും പാഠപുസ്തകങ്ങളും വൈജ്ഞാനിക കൃതികളും ഉൾപ്പെടെ നൂറുകണക്കിനു പുസ്തകങ്ങൾ (വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങളും അവയുടെ പതിന്മടങ്ങുവരുന്ന മതേതര ഗ്രന്ഥങ്ങളും) സി.എം.എസ്. പ്രസ്സിൽ അച്ചടിക്കപ്പെട്ടു; സി.എം.എസ്. ബുക്ക്ഡിപ്പോയിലൂടെ വിതരണം ചെയ്യപ്പെട്ടു. ഇതിനു പുറമേയാണ് എണ്ണിത്തീർക്കാൻ കഴിയാത്തത്ര ട്രാക്ടുകളും ലഘുലേഖകളും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്. സി.എം.എസ്. പ്രസ്സിൽനിന്ന് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ പത്രമാസികകളും അനവധിയായിരുന്നു. ജോൺ ഹോക്‌സ്‌വർത്ത് സ്ഥാപകനും സ്ഥാപകപത്രാധിപരുമായിരുന്ന 'ജ്ഞാനനിക്ഷേപ'വും റിച്ചാർഡ് കോളിൻസിന്റെ 'വിദ്യാസംഗ്രഹ'വും ഉദാഹരണങ്ങളാണ്. പിൽക്കാലത്ത് മികച്ച ഗദ്യകാരനായി വളർന്ന ജോർജ് മാത്തൻ എഴുതിത്തെളിഞ്ഞതും മലയാളത്തിലെ വലിയ വാഗേയകാരനായ കേരളവർമ വലിയകോയിത്തമ്പുരാൻ 'വായിച്ചുവളർന്നതു'തുമായ ആനുകാലികമായിരുന്നു 'ജ്ഞാനനിക്ഷേപം' എന്നതു മറക്കാവുന്നതല്ല (കൂടുതൽ വിവരങ്ങൾക്ക് ബാബു ചെറിയാനും ജേക്കബ് ഐസക്കും ചേർന്നെഴുതിയ ജ്ഞാനനിക്ഷേപം പഠനവും പാഠവും പരിശോധിക്കുക. (പ്രസാധനം: പ്രഭാത് ബുക്ക്ഹൗസ്, തിരുവനന്തപുരം). 'ജ്ഞാനനിക്ഷേപം', 'വിദ്യാസംഗ്രഹം'  എന്നിവയ്ക്കു പുറമേ 'സന്ദിഷ്ടവാദി', 'മലയാളമിത്രം' തുടങ്ങി പല ആനുകാലിക പ്രസിദ്ധീകരണങ്ങൾ വേറെയുമുണ്ടായിരുന്നു. ഇവയൊക്കെ എല്ലാവിഭാഗം വായനക്കാരിലേക്കുമെത്തുകയും അവരുടെ ഭാഷാബോധത്തെയും രചനാശൈലിയെയും സ്വാധീനിക്കുകയും ചെയ്തു. മേൽപ്പറഞ്ഞ മുദ്രണസാമഗ്രികളാണ് 'മധ്യമാർഗ ഗദ്യരീതി' പ്രചരിപ്പിക്കുകയും അതിനെ മാനകീകരിക്കുകയും ചെയ്ത്, ആധുനിക മലയാളഗദ്യവികാസത്തിനു സഹായിച്ചത്.
കേരളത്തിന്റെ ആധുനീകരണത്തിനൊപ്പം സംഭവിച്ച ഒരു പ്രക്രിയയാണ് മലയാളഭാഷയുടെ ആധുനീകരണവും. ഭാഷ ആധുനികമായപ്പോൾ മലയാളത്തിൽസംഭവിച്ചത്, പദ്യത്തിന്റെ പക്ഷത്തുനിന്ന് അത് ഗദ്യത്തിന്റെ പക്ഷത്തേക്കു മാറി എന്നതാണ്. ഭാഷാവ്യവഹാരങ്ങളാകെ ഗദ്യത്തിലായിത്തീർന്നു. എന്നുമാത്രമല്ല, ഭാഷയുടെ ആധുനീകരണപ്രക്രിയ അതിന്റെ പൂർണതയിലെത്തിയത് വിഭിന്ന ഗദ്യസാഹിത്യശാഖകളുടെ പിറവിയോടുകൂടിയാണ്. മലയാള ഗദ്യസാഹിത്യശാഖകളിലെ ആദ്യജാതന്മാരുടെയെല്ലാം ഈറ്റില്ലം, ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് ആയിരുന്നുവല്ലോ.
അടിമത്തത്തിന് എതിരേ
യൂറോപ്യൻ ആധുനികത സൃഷ്ടിച്ച പുതിയ ലോകബോധത്തിന്റെ പ്രധാന സവിശേഷത, അതു മുമ്പോട്ടുവെക്കുന്ന ജനാധിപത്യപരമായ ഉൾക്കാഴ്ചയാണ്-'തുല്യപൗരത്വ'സങ്കൽപ്പം. കേരളത്തിലെത്തിയ ആംഗ്ലിക്കൻ മിഷനറിമാരെ ഏറെ കുഴക്കിയിരുന്ന ഒന്നായിരുന്നു, ഇവിടെ നിലവിലിരുന്ന പ്രാചീന സാമൂഹികവ്യവസ്ഥ-ജാതി അടിമത്ത നാടുവാഴിത്തം; അതു സൃഷ്ടിച്ച ജഡാവസ്ഥയും ജീർണതയും.
ജാതീയമായ ഉച്ചനീചത്വങ്ങളും അടിമത്തവും, തിരുവിതാംകൂറിൽ എത്തുന്നയുടനേ, മിഷനറിമാരുടെ ശ്രദ്ധ ആകർഷിച്ചിരുന്ന കാര്യമാണ്. പക്ഷേ അതിനെതിരേ, സംഘടിതമായ ഒരു നീക്കം നടത്തുന്നതിന് പല കാരണങ്ങളാലും അവർ തുടക്കത്തിൽ അശക്തരായിരുന്നു. പിന്നീട് പല സന്ദർഭങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് അവർക്ക് കഴിഞ്ഞിട്ടുമുണ്ട്; ഇടപെടലുകൾ നടത്തേണ്ടിവന്നിട്ടുണ്ട്.
1835 മാർച്ച് 8-ന് ബെഞ്ചമിൻ ബെയിലിയും ജോസഫ് പീറ്റുംകൂടി മൺറോ തുരുത്തിലെ അടിമകളെ സ്വതന്ത്രരാക്കിയ സംഭവം കേരളചരിത്രത്തിൽ അപൂർവമായ ഒന്നാണ്. തിരുവിതാംകൂർ സർക്കാർ കോളജിനു ദാനമായി നൽകിയ സ്വത്തായിരുന്നു മൺറോതുരുത്ത്. മൺറോതുരുത്ത് ദാനംചെയ്യുമ്പോൾ അവിടെയുണ്ടായിരുന്ന നൂറിലധികം അടിമകളുടെ ഉടമസ്ഥാവകാശവുംകൂടി കോളജിനു നൽകിയിരുന്നു. കോളജിന്റെ ട്രസ്റ്റിമാർ എന്ന നിലയിൽ ബെയിലിയും പിറ്റുംകൂടി അടിമവിമോചനപ്രഖ്യാപനം21 എഴുതിയുണ്ടാക്കി ഒപ്പുവെച്ചു. അതിന്റെ പകർപ്പ് ഓരോ അടിമക്കുടുംബനാഥനും നൽകി (പിന്നെയും രണ്ടുദശാബ്ദംകൂടി കഴിഞ്ഞ്, 1855-ൽ ആയിരുന്നു, സർക്കാർ അടിമവിമോചന വിളംബരം പുറപ്പെടുവിച്ചത്).
മലയാളഭാഷയിലെ ആദ്യനിഘണ്ടുകാരനും ആദ്യ ശാസ്ത്രീയനിഘണ്ടുക്കളും
മലയാളഭാഷയ്ക്കു ലഭിച്ച ആദ്യത്തെ രണ്ടു കനപ്പെട്ട നിഘണ്ടുക്കൾ രചിച്ചത് ബെഞ്ചമിൻ ബെയിലി ആയിരുന്നു.
മലയാളത്തിൽ ആദ്യമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത് ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും (1846) ഇംഗ്ലീഷ്-മലയാളം നിഘണ്ടുവുമാണ്(1849). ആധുനിക നിഘണ്ടു നിർമാണതത്ത്വങ്ങൽ അനുസരിച്ച് തയ്യാറാക്കി, പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ നിഘണ്ടുക്കൾ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടവയാണ്.
അജ്ഞതകൊണ്ടോ അൽപ്പജ്ഞതകൊണ്ടോ അധികമാരും ശ്രദ്ധിക്കാതെപോയ കാര്യമാണ് മലയാള നിഘണ്ടുനിർമാണ ചരിത്രത്തിലെ ഈ തുടക്കക്കാര്യം. ശ്രദ്ധിച്ചവരാകട്ടെ അർഹിക്കുന്ന ഗൗരവമോ പ്രാധാന്യമോ നൽകിയതുമില്ല. വളരെ പ്രധാനപ്പെട്ട നിഘണ്ടുക്കളായിരുന്നിട്ടുകൂടി, ബെയിലീനിഘണ്ടുക്കൾക്ക് പുനഃപ്രസാധനം ഉണ്ടായില്ല എന്നതാണ്, മേൽപ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങളുടെയും മുഖ്യകാരണം. ബെയിലീനിഘണ്ടുക്കൾ ദീർഘകാലം ലഭ്യമല്ലാതെ വന്നപ്പോൾ പ്രസ്തുത നിഘണ്ടുക്കൾ രണ്ടിന്റെയും സംഗൃഹീത പതിപ്പുകൾ കൂട്ടിച്ചേർത്ത് ഫോർട്ട് കൊച്ചിയിൽനിന്ന് ഒരു പുതിയ നിഘണ്ടു പ്രസിദ്ധീകരിക്കുകയുണ്ടായി. ബെയിലീനിഘണ്ടുക്കൾ നേടിയെടുത്തിരുന്നസ്വീകാര്യത ഇതിൽനിന്ന് വ്യക്തമാണ്.
1846-ൽ പ്രസിദ്ധപ്പെടുത്തിയ എ ഡിക്ഷണറി ഒഫ് ഹൈ ആൻഡ് കൊളോക്വിയൽ മലയാളിം ആൻഡ് ഇംഗ്ലീഷ് ആയിരുന്നു, ബെഞ്ചമിൻ ബെയിലിയുടെ ആദ്യനിഘണ്ടു. ഇതു പ്രസിദ്ധീകരിക്കപ്പെട്ടു കാൽനൂറ്റാണ്ടുകഴിഞ്ഞായിരുന്നു (കൃത്യമായിപറഞ്ഞാൽ ഇരുപത്തിയാറുവർഷം) രണ്ടാമതു മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിക്കപ്പെട്ടത്-ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ എ മലയാളം ആൻഡ് ഇംഗ്ലീഷ് ഡിക്ഷണറി (1872). എന്നു തന്നെയുമല്ല, നിഘണ്ടുരചനയിൽ ഗുണ്ടർട്ട്  മറ്റു പല കൃതികൾക്കുമൊപ്പം ബെയിലീനിഘണ്ടുവിനെയും ഉപജീവിച്ചിട്ടുണ്ട്. കേരളത്തിന്റെ തെക്കൻപ്രദേശത്തു പ്രചാരത്തിലുള്ള പദങ്ങൾ ഗുണ്ടർട്ട് ശേഖരിച്ചത് ബെയിലീനിഘണ്ടുവിൽനിന്നാണ്. ഇക്കാര്യം നിഘണ്ടുവിൽ അതാത് ഇടങ്ങളിൽത്തന്നെ ഗുണ്ടർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ബെഞ്ചമിൻ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു അന്നും ഇന്നും ഒരു ബ്രുഹദ് ഗ്രന്ഥമാണ്. ഡമ്മി 1/4 വലിപ്പത്തിൽ, ആകെ 864 പേജുകൾ ഉണ്ട്, ഈ നിഘണ്ടുവിന്. തുകലും കനമുള്ള ഹാർഡ്്‌ബോർഡും ഉപയോഗിച്ചു ബയണ്ട് ചെയ്തിരുന്ന നിഘണ്ടുവിന്റെ 'സ്‌പൈനി'ൽ 'ആമശഹല്യ' െങമഹ.  ഋിഴ. ഉശരശേീിമൃ്യ' എന്ന് ഗിൽറ്റ് ഉപയോഗിച്ച് അച്ചടിച്ചിരുന്നു. പദങ്ങളുടെ എണ്ണം, പദശേഖരണത്തിലെ വൈവിധ്യവും ഔചിത്യവും, ലേഖകങ്ങളുടെ വിന്യാസം, പദവ്യാഖ്യാനത്തിന്റെ സവിശേഷതകൾ, നിഘണ്ടുവിൽ ഉപയോഗിച്ചിട്ടുള്ള സംക്ഷിപ്തരൂപങ്ങളുടെ പട്ടിക, നിഘണ്ടുവിൽ മലയാള അക്ഷരമാലയ്ക്കു സമാനമായി നൽകുന്ന റോമൻ അക്ഷരങ്ങളുടെ പട്ടിക, നിഘണ്ടുവിന്റെ മൊത്തം സംവിധാനം-ഇങ്ങനെ ഏതു ഘടകം പരിശോധിച്ചാലും ആധുനികവും ശാസ്ത്രീയവുമായ നിഘണ്ടുനിർമാണതത്ത്വങ്ങൾ കൃത്യമായി പാലിച്ച്, രചിച്ചിട്ടുള്ള നിഘണ്ടുവാണ് ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു എന്നു കാണാം.
1849-ൽ ബെഞ്ചമിൻ ബെയിലിയുടെ എ ഡിക്ഷനറി ഇംഗ്ലീഷ് ആൻഡ് മലയാളിം (ഇംഗ്ലീഷ്-മലയാളം നിഘണ്ടു) പ്രസിദ്ധപ്പെടുത്തി. ഇതും മികച്ച നിഘണ്ടുതന്നെയാണ്.
വ്യാകരണഗ്രന്ഥങ്ങളുടെ കുറവ് പരിഹരിക്കത്തക്കവിധം ലേഖനങ്ങളുടെ വ്യാകരണാർഥംകൂടി ബെഞ്ചമിൻ ബെയിലി പദവ്യാഖ്യാനത്തിൽ ഉൾപ്പെടുത്തി (മലയാളഭാഷയിലെ ആദ്യത്തെ പ്രാമാണിക വ്യാകരണ ഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മലയാള ഭാഷാവ്യാകരണം (ഡോ. ഹെർമൻ ഗുണ്ടർട്ട്) പ്രസിദ്ധപ്പെടുത്തിയത് 1851-ൽ മാത്രമായിരുന്നു എന്നുകൂടി ചേർത്തുവായിക്കുമ്പോൾ, എത്രത്തോളം സൂക്ഷ്മദൃക്കായിരുന്നു, പദവ്യാഖ്യാനത്തിൽ ബെയിലി എന്നത് വ്യക്തമാകും.
ബെഞ്ചമിൻ ബെയിലി നിഘണ്ടു നിർമാണത്തിന് നൽകിയ പ്രാധാന്യം എത്ര അധികമെന്ന്, അദ്ദേഹത്തിന്റെ ഈ പ്രസ്താവന വ്യക്തമാക്കുന്നു: 'Very soon after his arrival in the country, upwards of twenty nine years ago, he commenced collecting materials in order to supply this desideratum at some future period, should it please God to spare his life, which He has mercifully done. From that time he continued gradually to accumulate matter...'
ആധുനിക വിദ്യാഭ്യാസത്തിലൂടെ പുതിയ ലോകവീക്ഷണവും യുക്തിബോധവും; ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കുള്ള അതിവിപുലമായ ഗദ്യപരിഭാഷയിലൂടെ ഭാഷാസാഹിത്യവ്യവഹാരങ്ങൾക്ക് പുതിയ ദിശയും മുഖങ്ങളും; അച്ചടിയിലൂടെ (പുസ്തക-ആനുകാലിക പ്രസിദ്ധീകരണത്തിലൂടെ)നവീന ആശയങ്ങളുടെ പ്രളയവും സൃഷ്ടിച്ച ബെഞ്ചമിൻ ബെയിലി പ്രാചീന സാമൂഹികവ്യവസ്ഥയിൽനിന്ന് ആധുനികതയിലേക്കുള്ള പുരോഗതിയുടെ സാധ്യതകൾ തുറന്നിടുകയായിരുന്നു. ആധുനിക വിദ്യാഭ്യാസം, അച്ചടി എന്നിവയിലൂടെ സംജാതമായ വിജ്ഞാനവിസ്‌ഫോടനം ആധുനികതയിലേക്കുള്ള സാമൂഹിക മാറ്റത്തിനു കാരണമായി; കേരളീയസമൂഹത്തെ 'പുതിയ' 'ഉയിർപ്പിന്' (നവോത്ഥാനത്തിന്) സജ്ജമാക്കിയത്, സമൂഹത്തിലുണ്ടായ ആധുനീകരണമാണ്. ജോസഫ് പീറ്റുമായി ചേർന്ന് ബെയിലി നൂറിലധികം അടിമകളെയും അവരുടെ ഭാവിതലമുറകളെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചപ്പോൾ, അടിമകൾക്ക് മോചനമുണ്ടെന്ന ആശയം ആദ്യമായി പ്രയോഗത്തിൽ വരുത്തി. പ്രാചീന സാമൂഹികവ്യവസ്ഥയുടെ മുഖത്തേറ്റ ശക്തമായൊരു പ്രഹരമായിരുന്നു, അത്. ആുനിക വിദ്യാഭ്യാസം, അച്ചടി, അവയ്‌ക്കൊപ്പം നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങൾ  എന്നിവയിലൂടെ കേരളസമൂഹം പരിവർത്തനോന്മുഖമായിത്തീർന്ന കാലമാണ് കേരളസമൂഹത്തിന്റെ ആധുനീകരണത്തിന്റെയും കേരളനവോത്ഥാനത്തിന്റെയും ഒന്നാംഘട്ടം. സമുദായപരിഷ്‌കർത്താക്കളുടെയും സാമൂഹികപരിഷ്‌കർത്താക്കളുടെയും കാലമായിരുന്നു രണ്ടാംഘട്ടം.
ഒന്നാംഘട്ടം തുറന്നിട്ട വിജ്ഞാനവിസ്‌ഫോടനവും നവീനാശയങ്ങളുമായിരുന്നു രണ്ടാംഘട്ടത്തിന് ഊർജം പ്രദാനം ചെയ്തത്. ഈ ഘട്ടത്തിൽ സാമുദായിക-സാമൂഹിക പരിഷ്‌കർത്താക്കളുടെ പ്രവർത്തനപരിപാടികളിലെ മുഖ്യ ഇനം, ആധുനീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും ആദ്യഘട്ടത്തിലെ മുഖ്യചാലകശക്തികളിലൊന്നായിരുന്ന, ആധുനിക വിദ്യാഭ്യാസമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തെയും അച്ചടിയെയും മാറ്റിനിർത്തിക്കൊണ്ട്, കേരളത്തിന്റെ ആധുനീകരണത്തെയും നവോത്ഥാനത്തെയുംകുറിച്ചു നിർവഹിക്കുന്ന ഏത് ആലോചനയും യാഥാർഥ്യം തിരിച്ചറിയാതെയുള്ള പാഴ്പണിയായേ പരിണമിക്കൂ.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.