Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ കഥാസാഹിത്യം Study on C.V. Balakrishnan's 'Visuddha Chumbanam'

ഡോ. ബാബു ചെറിയാന്‍

''ഗായകസംഘത്തിലെ സ്ത്രീ ചുമലില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്ന് കുറെ പുസ്തകങ്ങളെടുത്ത് സൗജന്യമായി കൂടി നിന്നവര്‍ക്ക് വിതരണം ചെയ്യാനാരംഭിച്ചു. ഞാനും കൈനീട്ടി. ചെറിയൊരു പുസ്തകമായിരുന്നു. കറുത്ത അക്ഷരങ്ങളില്‍ പേര് അച്ചടിച്ചിട്ടുണ്ട്'' - യോഹന്നാന്റെ സുവിശേഷം (പരല്‍മീന്‍ നീന്തുന്ന പാടം)
****

''പ്രശസ്തമായ സെന്റ് പോള്‍സ് കത്തീഡ്രലില്‍ ചെന്നത് അടുത്തൊരു ദിവസമാണ്. പകല്‍. മുറ്റത്ത് ആരെയും കണ്ടില്ല. ഹാള്‍ തുറന്നു കിടക്കുന്നു. ഞാന്‍ നേരേ അതിനുള്ളില്‍ക്കടന്നു. അവിടെയും ആരുമില്ല. അള്‍ത്താരയ്ക്കു നേരേ കുറെ ഇരിപ്പിടങ്ങളും അവയ്ക്കു മുന്നിലുള്ള ഡസ്‌കുകളില്‍ വിശദ്ധ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലുള്ള പഴയ പ്രതികളുംമാത്രം.
തികഞ്ഞ നിശബ്ദത. ഞാന്‍ ഒരു ഇരിപ്പിടത്തില്‍ ചെന്നിരുന്നു.
എത്രയോ പേരുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ താളുകള്‍
ഞാന്‍ വായിക്കാന്‍ തുടങ്ങി
എന്താണു വായിച്ചതെന്നു മറന്നു.
വളരെക്കുറച്ചേ വായിക്കുകയുണ്ടായുള്ളു. പിന്നെ അനേകം ഓര്‍മ്മകളില്‍ നഷ്ടപ്പെടുകയായിരുന്നു. സ്ഥലകാലങ്ങള്‍ മാറി. നേര്‍ത്തൊരു മഞ്ഞിന്‍ മറയ്ക്കപ്പുറത്ത് ഒരു കൂട്ടം ഗ്രാമങ്ങള്‍. ഇഞ്ചിയും മഞ്ഞളും മരച്ചീനിയും ഏലവും റബ്ബറുമൊക്കെയുള്ള ചരിവുകള്‍. നാലു തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊച്ചു കൊച്ചു കാവല്‍മാടങ്ങള്‍. ഇടകലരുകയും ഇഴപിരിയുകയും ചെയ്യുന്ന നാട്ടുപാതകള്‍. കാടുകള്‍ താണ്ടിയെത്തുന്ന പുഴകള്‍. മഞ്ഞിലും മഴയിലും പാടേ മറയുകയും വെയില്‍ പതുക്കെപ്പതുക്കെ തെളിയുകയും ചെയ്യുന്ന കടുംപച്ചയായ കുന്നുകള്‍. വെള്ള മുയലുകള്‍ പതുങ്ങിയിരിക്കുന്ന പടര്‍പ്പുകള്‍ മേഞ്ഞു നടന്ന വളര്‍ത്തു പന്നികള്‍. പള്ളികളില്‍ നിന്നുള്ള മണിനാദങ്ങള്‍. സ്‌കാര്‍ഫ് കെട്ടി പ്രാര്‍ത്ഥനയ്ക്കു പോകുന്ന പ്രസരിപ്പാര്‍ന്ന പെണ്‍കുട്ടികള്‍.
ഓര്‍മ്മകള്‍ തിടംവെക്കുകയായിരുന്നു. ഞാനും വൃദ്ധനായ ഒരു വികാരിയച്ചനും ചെസ്‌ബോര്‍ഡില്‍ കണ്ണുംനട്ട് ഏകാഗ്രചിത്തരായി ഇരിക്കുന്നു. അടുത്ത മുറിയില്‍ നിന്നു ഗിറ്റാറിന്റെയും ഫിഡിലിന്റെയും ശബ്ദം. ഞായറാഴ്ചയാണ്. ഉച്ചയ്ക്കു ശേഷമുള്ള കുര്‍ബാനയ്ക്ക് അച്ചന്റെ കൂടെ ഞാനും പോകുന്നു. പള്ളിയില്‍ ഞാനും മുട്ടുകുത്തുന്നു.
അക്കാലത്തു ഞാന്‍ കഴുത്തില്‍ വെന്തിഞ്ഞ അണിഞ്ഞിരുന്നു. എന്നും ബൈബിള്‍ വായിക്കുകയും ചെയ്തിരുന്നു. ഏതാണ്ടൊരു ക്രിസ്ത്യാനിയായിത്തന്നെ ജീവിച്ച നാളുകള്‍. സെന്റ് പോള്‍സ് കത്തീഡ്രല്‍ ഹാളില്‍ അന്ന് ഒറ്റയ്ക്കിരുന്ന് അതൊക്കെ ഓര്‍ത്തുപോയി.'' ('നമ്മള്‍, ഏകാകികള്‍'; ആയുസ്സിന്റെ പുസ്തകം)
'ആദിമുതലേ ഉണ്ടായിരുന്ന വചനം' സി.വി. ബാലകൃഷ്ണന്റെ ജീവിത ചക്രവാളത്തിലേക്ക് ഒരു സിന്ദൂരത്തുടിപ്പായി കടന്നു വന്നത് അങ്ങനെയായിരുന്നു.

കക

സി.വി. ബാലകൃഷ്ണന്റെ കഥാസാഹിത്യത്തില്‍, സ്വയം ഒരു ആവരണമായി ലോകത്തെ പൊതിയുന്ന മഴയെപ്പലെ ലോകത്തെ പ്രകാശിപ്പിക്കുന്ന വെയിലിനെപ്പോലെ, നിര്‍വചങ്ങള്‍ക്കതീതമായ ഒരു സാന്നിധ്യമായി ദൈവസ്പര്‍ശം നിറഞ്ഞു നില്‍ക്കുന്നു. ദൈവികതയിലേക്ക് ഉയരുന്ന മനുഷ്യരും ദൈവത്തില്‍നിന്ന് അകലുന്ന മനുഷ്യരും സി.വി. ബാലകൃഷ്ണന്റെ കഥാപ്രപഞ്ചത്തെ സജീവമാക്കുന്നു.
സി.വി. ബാലകൃഷ്ണന്റെ കഥാസാഹിത്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന (അതോ, കഥാസാഹിത്യം നിമഗ്നമായിരിക്കുന്നതോ?) ക്രൈസ്തവികതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടിവരുന്നത് ഒരു നോവലും ഒരു കഥാസമാഹാരവുമാണ്. നോവല്‍ ആയുസ്സിന്റെ പുസ്തകം; കഥാസമാഹാരം-വിശുദ്ധ ചുംബനം (ഈ രണ്ട് കൃതികളുടെ കാര്യം സവിശേഷമായി പരാമര്‍ശിച്ചതുകൊണ്ട് ആഖ്യാനം, ഭാഷ, ശീര്‍ഷകം, പ്രമേയം തുടങ്ങി സര്‍വതലങ്ങളിലും ക്രൈസ്തവികതയുടെ അടയാളങ്ങള്‍ പതിഞ്ഞിട്ടുള്ള മറ്റു നോവലുകളും ചെറുകഥകളും പരാമര്‍ശത്തിന് പുറത്തു നില്‍ക്കേണ്ടവയല്ല. ഇത്തരത്തിലുള്ള ഒരു ലഘുപഠനത്തിന്റെ പരിമിതി എല്ലാ കൃതികളെയും ഉള്‍ക്കൊള്ളുവാന്‍ അനുവദിക്കുന്നില്ല എന്നുമാത്രമേയുള്ളു.

കകക

ആദ്യപാപം അഥവാ ആദാമ്യപാപത്തിലൂടെ, പാപത്തില്‍ മുഴുകിപ്പോയ മുഴുവന്‍ മനുഷ്യരും അവരുടെ പാപത്തെ കഴുകി, ശുഭ്രവസ്ത്രം കണക്കെ വെളുപ്പിക്കാന്‍ പര്യാപ്തമാകുംവിധം, ക്രിസ്തു ക്രൂശുമരണത്തിലൂടെ ചൊരിഞ്ഞ രക്തം; അതിലൂടെയുള്ള നരകുലത്തിന്റെ രക്ഷ-തത്വചിന്താപരമായ ഈ ഉപാധികളുടെ സഹായത്തോടെ പാപാസക്തിയെയും പാപബോധത്തെയും പാപമോചനത്തെയും സംബന്ധിച്ചു ക്രൈസ്തവദര്‍ശനം വിശദമാക്കാന്‍ കഴിയും. ആദാമ്യപാപത്തില്‍പ്പെട്ടുപോയ മനുഷ്യര്‍ക്ക് പാപബോധത്തിലൂടെയും പശ്ചാത്താപത്തിലൂടെയും മാത്രമേ പാപമോചനത്തിലേക്കും രക്ഷയിലേക്കും എത്തിച്ചേരാന്‍ കഴിയുവെന്ന് ക്രിസ്തുദര്‍ശനം പഠിപ്പിക്കുന്നു.
യഹോവയായ ദൈവം ഏദന്‍തോട്ടത്തിന്റെ നടുവില്‍ മുളപ്പിച്ച നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ ജീവവൃക്ഷത്തിലെ ഫലം തിന്നു-അതായിരുന്നു ആദം ചെയ്ത പാപം.
ആദാമ്യപാപത്തിനു മുന്‍പ് ദൈവവും പ്രകൃതിയുമായി തികഞ്ഞ പൊരുത്തത്തില്‍ പുലര്‍ന്നു പോന്ന മനുഷ്യന്‍, അവന്റെ പരമ്പര, ഏദനില്‍ സംഭവിച്ച പതനത്തോടുകൂടി പാപികളായിത്തീര്‍ന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു (റോമര്‍ 3:23). പാപികളായിത്തീര്‍ന്ന മുഷ്യര്‍ ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും പ്രകൃതിയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു. അന്യവല്‍ക്കരണത്തിലൂടെ അവന്‍ എത്തിപ്പെട്ടത് തിന്മകളുടെ, പാപങ്ങളുടെ, സഖിത്വത്തിലേക്കാണ്. ഫലമോ? മറ്റു മനുഷ്യരില്‍ നിന്നുള്ള അന്യവതകരണം, സ്വാര്‍ഥതയ്ക്ക് അമിത പ്രാധാന്യം നല്കല്‍, ധനാര്‍ത്തി, അധികാരത്തോടുള്ള അത്യാസക്തി, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും നഷ്ടപ്പെട്ട അവസ്ഥ, സാഹചര്യങ്ങളുടെ തിന്മനിറഞ്ഞ സമ്മര്‍ദങ്ങളെ പ്രതിരോധിച്ചു തോല്‍പ്പിക്കാനുള്ള ശേഷിക്കുറവ്, ആത്മാഭിമാനമില്ലായ്മ, പൊങ്ങച്ചം, ആഡംബരം, അസഹിഷ്ണുത. ഈ പാപങ്ങള്‍ സൗമ്യനും വെറുമയാക്കപ്പെട്ടവനുമായ യേശുവിന്റെ ഭാവത്തെ മനുഷ്യരുടെ ആത്മസത്തയില്‍ നിന്ന് ആട്ടിപ്പുറത്താക്കി. തോമസ് അക്വിനാസിന്റെ ചിന്തകള്‍ ഇവിടെ പ്രസക്തമാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത് ആത്മാവത്രേ. അതുതന്നെയാണവന്റെ സത്താരൂപവും. മനുഷ്യനില്‍ സസ്യജീവനും മൃഗജീവനും ബൗദ്ധികജീവനും ഒന്നിച്ചുചേരുന്നു. ഈ ത്രിവിധ ജീവന്‍ അവനില്‍ സാധ്യമാക്കുന്നത് പ്രത്യേക കഴിവുകളോടുകൂടിയ അവന്റെ ആത്മാവാണ്. ശരീരത്തിനും ആത്മാവിനും തമ്മില്‍ അഭേദ്യവും ഗാഢവുമായ ബന്ധമുണ്ട്. ശരീരത്തില്‍ എങ്ങനെയോ ബന്ധപ്പെട്ട ഒരു വസ്തുവായല്ല ആത്മാവ് സ്ഥിതിചെയ്യുന്നത്. മനുഷ്യന് എന്തെങ്കിലും ചെയ്യാന്‍കഴിയുന്നത് ആത്മാവിന്റെ സഹായത്താലാണ്. അതുപോലെതന്നെ മനുഷ്യാത്മാവ് അതിന്റെ പ്രവര്‍ത്തനത്തിന് അഭേദ്യമാംവിധം ശരീരത്തോടും ബന്ധപ്പെട്ടിരിക്കുന്നു (ജെ മാണിക്കത്ത്, മധ്യകാലയൂറോപ്യന്‍ തത്വചിന്ത) അതേ, ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങളേ ശരീരം ചെയ്യൂ!
പാപ/പുണ്യങ്ങളെ അഥവാ നന്മ/തിന്മകളെ സംബന്ധിച്ച് തോമസ് അക്വിനാസ് മുന്‍പോട്ടു വെച്ചിട്ടുള്ള അഭിപ്രായങ്ങളും ശ്രദ്ധേയമാണ്: മനുഷ്യാത്മാവിന് ഇച്ഛാശക്തി എന്നൊരു കഴിവുണ്ട്. നന്മയാണ് അതിന്റെ സ്വാഭാവിക വിഷയം. ഇതിന്റെ പ്രകൃതി നന്മ ആഗ്രഹിക്കുകയാണ്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ തിന്മയാണ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുകയെന്നിരുന്നാലും  പ്രസ്തുത വ്യക്തികളെ സംബന്ധിച്ചിടത്തോളം അതു നന്മയായിത്തന്നെ ആയിരിക്കും പ്രത്യക്ഷപ്പെടുക. അതായത് എല്ലാം നന്മയാണ്; എല്ലാം നന്മയ്ക്കുവേണ്ടിയാണ്. തിന്മ എന്നൊന്നില്ല. അനുഭവിക്കുന്നവന്റെ ഇച്ഛാശക്തിയില്‍ എല്ലാം നന്മയാണ്. പക്ഷേ, സ്രഷ്ടാവാണ് നന്മ-തിന്മകളെ ഭേദിപ്പിക്കുന്നത്. (അവിടെത്തന്നെ).
ആദാമ്യ പാപത്തിലൂടെ അന്യവത്ക്കരിക്കപ്പെട്ട മനുഷ്യന്റെ നിയോഗമാണ് പാപങ്ങളുടെ പുളപ്പില്‍പ്പെട്ട് നരകിക്കുക എന്നുള്ളത്. ഈ നിയോഗം പേറുന്നവരാണ് സി.വി.യുടെ കഥാപാത്രങ്ങള്‍. പക്ഷക്ഷേ അവരെ പാപത്തില്‍ നിന്ന് പാപബോധത്തിലേക്കും പാപമോചനത്തിലേക്കും വളര്‍ത്തിക്കൊണ്ടുപോകുന്നതില്‍ മിക്കപ്പോഴും ഈ കഥാകൃത്ത് ശ്രദ്ധാലുവാണ്. മറ്റു ചിലപ്പോള്‍ ഒരു പടികൂടി കടന്ന് ദൈവം പോകുന്ന പാതയിലെ ജയില്‍മോചതിനായ കുറ്റവാളിയെയും നിഷ്‌കളങ്കനായ ബാലനെയുംപോലെ, അനുവാചകരെ പ്രത്യാശയിലേക്കു നയിക്കുകയും ചെയ്യുന്നു.

കഢ

1984 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ ആയുസ്സിന്റെ പുസ്‌കതത്തില്‍ ചേര്‍ത്തിട്ടുള്ള ആമുഖ ഉദ്ധരണി ഇങ്ങനെയാണ് ആീീസ െവമ്‌ല മ റലേെശി്യ, വേീൗഴവ റലേെശി്യ വമ െിീ യീീസ (അൗഴൗേെീ ഞീമ ആമേെീ)െ ഈ പുസ്തകത്തിന്റെ 'ഫലശ്രുതി'യായിത്തീര്‍ന്നത് യാദൃശ്ചികതയാകാം. 2013 ല്‍ ഒരു പ്രത്യേകപതിപ്പായി പന്ത്രണ്ടാമത് എഡിഷന്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ 2017 ലും ധാരാളം വായനക്കാര്‍ ഈ കൃതി അന്വേഷിച്ചെത്തുന്ന നില തുടരുമ്പോള്‍ പറയാതെവയ്യ: ആീീസ െവമ്‌ല മ റലേെശി്യ... എന്‍. ശശിധരന്‍ ഈ വ്യസനംപോലെ ഒരു വ്യസനമില്ല എന്ന ആമുഖപഠനം അവസാനിപ്പിക്കുന്ന ഭാഗംകൂടി ഇതോട് ചേര്‍ത്തു വായിക്കാം. ആയുസ്സിന്റെ പുസ്തകം എന്ന കൃതിയുടെ സൂചകപദം 'വ്യസന'മാണെന്ന് എനിക്കു തോന്നാറുണ്ട്. മനുഷ്യവ്യസനങ്ങളുടെ ഒരു മഹാപുസ്തകം. എന്റെ വ്യസനം പോലെ ഒരു വ്യസനമില്ല എന്നു സാറ. പക്ഷേ, ഈ പുസ്തകത്തിലേതുപോലെ ഒരു വ്യസനം ഞാന്‍ വേറെങ്ങും കണ്ടിട്ടില്ല. അതില്‍ സ്‌നാനപ്പെട്ട് വിശുദ്ധരാവാന്‍, അനേകം തലമുറയില്‍പെട്ട വായനക്കാര്‍, ആയുസ്സുള്ള ഈ പുസ്തകത്തെ തേടി ഇനിയും വരും. എന്‍. ശശിധരന്‍ മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ആയുസ്സിന്റെ പുസ്തകത്തെ അടയാളപ്പെടുത്തുന്നതുകൂടി ശ്രദ്ധിക്കുക. ആധുനികതയ്ക്കു ശേഷം മലയാളനോവലില്‍ ആശാസ്യമായ .... ലബ്ധികള്‍ ഒന്നുമുണ്ടായില്ല എന്ന ആക്ഷേപം പോയതലമുറയിലെ എഴുത്തുകാരില്‍ നിന്ന് പലപ്പോഴായി ഉയര്‍ന്നു കേട്ടിട്ടുണ്ട്. 'ഖസാക്കിന്റെ ഇതിഹാസത്തിനും' 'ആള്‍ക്കൂട്ട'ത്തിനും, 'സ്മാരകശിലകള്‍'ക്കും ശേഷം എന്ത് എന്ന ചോദ്യത്തിന്, ഒട്ടു പരുങ്ങലില്ലാതെ ഉയര്‍ത്തിപ്പിടിച്ച് മറുപടി പറയാവുന്ന ചുരുക്കം കൃതികളിലൊന്നാണ് 'ആയുസ്സിന്റെ പുസ്തകം' ('ഈ വ്യസനം പോലെ ഒരു വ്യസനമില്ല')സി.വി.യുടെ 'ആയുസ്സിന്റെ പുസ്‌കതത്തിന്റെ പ്രമേയം, ആഖ്യാനം, ഭാഷ, ദര്‍ശനം, സംഭാഷണം, പശ്ചാത്തലം, അന്തരീക്ഷം തുടങ്ങിയ സകല ഘടകങ്ങളിലും ക്രൈസ്തവികതയുടെ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാല്‍, 'ബൈബിളിന്റ' സ്പര്‍ശമുണ്ട്. ഇതില്‍ ഏതേതു ഘടകങ്ങളാണ് മറ്റു ഘടകങ്ങളിലേക്കുകൂടി 'ബൈബിള്‍'സാന്നിദ്ധ്യം നിറയ്ക്കുന്നത് എന്നു പറയാന്‍ കഴിയാത്തവിധം അത് പരസ്പരാശ്രിതവും പരസ്പര പ്രചോദിതവുമായി നിലനില്‍ക്കുന്നു. 'ബൈബിള്‍ സാന്നിദ്ധ്യം' നോവല്‍ ഘടകങ്ങളില്‍ പരിമിതപ്പെടുന്നതാണോ, അതോ, എഴുത്തുകാര വ്യക്തിത്വത്തിന്റെ (ണൃശശേിഴ ലെഹള) ഘടനയില്‍ത്തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണോ എന്നു വിവേചിക്കുന്നതിനും ചിലപ്പോള്‍ ക്ലേശമുണ്ടാകുന്നു.
'ബൈബിള്‍ സാന്നിദ്ധ്യം നിറഞ്ഞ' 'എഴുത്തുകാരവ്യക്തിത്വ'മായും അതിലൂടെ ഉരുവംകൊള്ളുന്ന സര്‍ഗ്ഗാത്മക വ്യവഹാരമായും സി.വി. ബാലകൃഷ്ണന്റെ ആഖ്യാനകലയെ തിരിച്ചറിയുമ്പോള്‍, അതിനു സമാനമായി മലയാളസാഹിത്യത്തില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നത് കെ.പി. അപ്പന്റെ നിരൂപണകലയെയാണ്. സി.വി.യുടെ ആഖ്യാനകലയിലും അപ്പന്റെ നിരൂപണകലയിലും നിറഞ്ഞുനില്‍ക്കുന്ന ക്രൈസ്തവ ആദ്ധ്യാത്മികതയെ ഭാഷയുടെ പ്രതലത്തില്‍ മാത്രം നിറുത്തി പഠിക്കാന്‍ കഴിയുന്നതല്ല പ്രമേയത്തോളം അതിനെ അന്വേഷിച്ചതുകൊണ്ടും ആകുകയില്ല. അതിനൊക്കെയപ്പുറം, എഴുത്തുകാര്യവ്യക്തിത്വത്തോളം നീളുന്നതാണ് അത്.

ഢക


ആയുസ്സിന്റെ പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്:
'റാഹേല്‍ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലുവീണ തട്ടുകള്‍ കയറി അതിരില്‍ എത്തിയപ്പോള്‍, എതിരെ നിന്ന് ആനിയും യോഹന്നാനും വരുന്നതുകണ്ടു. റാഹേല്‍ പെട്ടെന്ന് കരച്ചില്‍ അടക്കി കണ്ണുതുടച്ച് ഒന്നും ഏതും സംഭവിക്കാത്തതുപോലെ നടന്നു. പക്ഷേ, നെഞ്ച് നിലവിളിക്കുകതന്നെയായിരുന്നു.
ആനി അടുത്തെത്തി അവളോട്, 'റാഹേല്‍, റാഹേല്‍ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നത് എന്തുകൊണ്ട്? എന്നു ചോദിച്ചു.
എന്നാറെ അവള്‍ അത്യന്തം ഭ്രമിച്ചു, നടുങ്ങി. പുറത്തേക്കുവഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണുനീരോടും കൂടി അവള്‍ ഓടിപ്പോയി.
ആനിയും യോഹന്നാനും ഭയപ്പെട്ടു നിന്നു. അനന്തരം അവള്‍ റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഓടി തട്ടുകള്‍ ഇറങ്ങി.'

അവസാനിക്കുന്നത് ഇങ്ങനെയും:
'വീട്. മേല്‍ക്കൂരയില്‍ പ്രാവുകള്‍ കുറുകിക്കൊണ്ടിരുന്നു. യോഹന്നാന്‍ വാതിലുകളോടെ അവയുടെ തലകളെ ഉയര്‍ത്തുവാനും പണ്ടേയുള്ള കതകുകളോട് ഉയര്‍ന്നിരിപ്പാനും പറഞ്ഞു.
ഇടറി നടന്ന് ഉമ്മറത്തെത്തി.
തൂണിലെ പഴകിയ തുകല്‍ചെരുപ്പുകള്‍ക്ക് കീഴെയായിരുന്ന് വല്യപ്പന്‍ വ്യസനത്തോടെ വിശുദ്ധഗ്രന്ഥം വായിക്കുന്നു.
'മനുഷ്യന്റെ ആയുസ് പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ അവന്‍ പൂക്കുന്നു. കാറ്റ് അതിന്മേല്‍ അടിക്കുമ്പോള്‍ അതില്ലാതെ പോകുന്നു. അതിന്റെ സ്ഥാനം പിന്നെ അതിനെ അറിയുകയുമില്ല.'
വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് നരച്ച ഈറന്‍ കണ്ണുകള്‍ ഉയരുന്നു. വെളിയില്‍ കാറ്റിന്റെ മുഴക്കം.
യോഹന്നാന്‍ തന്റെ മുറിയിലേക്കു നടന്നു. അത് ഏറെക്കുറെ ഇരുണ്ടിരുന്നു.
മേല്‍പ്പുരയില്‍ പ്രാവുകളുടെ കുറുകല്‍, യോഹന്നാന്‍ ഉടുപ്പുകളില്‍ നിന്ന് തന്റെ ഉടലിനെ വേര്‍പെടുത്തിയശേഷം ചുവരുചാരി തറയിലെ പൊടിയില്‍ ഇരുന്നു. അവന്‍, അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ, എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ എന്നുപറഞ്ഞു.''

ഇവയ്ക്കിടയിലുള്ള 113 ചെറുഖണ്ഡങ്ങളില്‍ യോഹന്നാന്‍, റാഹേല്‍, യാക്കോബ്, മാത്യു, ആനി, സാറാ, സ്‌കറിയാ,...,... തുടങ്ങിയ ഒരുകൂട്ടം മനുഷ്യരിലൂടെ, അവരുടെ ജീവിതത്തിലൂടെ, ഭാഷയിലൂടെ, പാപങ്ങളിലും പാപബോധത്തിലുംകൂടെ, അവര്‍ ചലിക്കുന്ന ഇടങ്ങളിലൂടെ ആയുസ്സിന്റെ പുസ്തകം 'ആയുസ്സുള്ള പുസ്തകമായി' പരിണമിക്കുന്നു.

ഢകക

ക്രിസ്തീയ പശ്ചാത്തലത്തിലുള്ള നാല്പതു കഥകളാണ് വിശുദ്ധചുംബനത്തിലുള്ളത്. കേവലമായ ക്രിസ്തീയ പശ്ചാത്തലമല്ല ഈ കഥകളെ ക്രൈസ്തവമാക്കുന്നത്. പാപം (ശരീരപാപങ്ങള്‍, ആത്മീയ പാപങ്ങള്‍) പാപമോചനം, ആദിപാപം, അതിന്റെ ഫലമായി സദാകാലത്തേക്കും പാപം പേറുന്നതായിത്തീര്‍ന്ന നരവംശം, രക്ഷ തുടങ്ങിയ ക്രൈസ്തവ ദര്‍ശനങ്ങള്‍ ഇക്കഥകളുടെ ദാര്‍ശനിക പശ്ചാത്തലമായിത്തീരുന്നുവെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൂര്‍ണേന്ദു സൂര്യവെളിച്ചത്തെയെന്നപോലെ, ബൈബിളിനെയും ക്രൈസ്തവ ദര്‍ശനത്തെയും സ്വാംശീകരിച്ച്, പ്രതിഫലിപ്പിക്കുന്ന സി.വി. ഭാഷകൊണ്ടും പ്രമേയംകൊണ്ടും പശ്ചാത്തലംകൊണ്ടും മാത്രമല്ല, ദര്‍ശനംകൊണ്ടും സംസ്‌കൃതികൊണ്ടും ജീവിതചോതനകളുടെ ആസ്പദം കൊണ്ടും ക്രൈസ്തവമായ ഒരുകൂട്ടം കഥകള്‍ വിശുദ്ധചുംബനത്തിലൂടെ വായനക്കാര്ക്കുല്‍കുന്നു.
സി.വി. ബാലകൃഷ്ണന്‍ വിശുദ്ധചുംബനം എന്ന ഈ കഥാസമാഹാരത്തിന്റെ 'താക്കോല്‍വാക്യ'മായി സ്വീകരിച്ചിരിക്കുന്നത് ബൈബിളിലെ കൊരിന്ത്യലേഖനത്തില്‍ നിന്നുള്ള വാക്യമാണ്.
അത് ഇങ്ങനെ:
സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‌വിന്‍ (1 കൊരിന്ത്യര്‍ 16:20)
അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്കു നല്‍കിയ സന്ദേശത്തില്‍ ചുംബനം നിര്‍മലസാഹോദര്യത്തിന്റെയും ക്രൈസ്തവ കൂട്ടായ്മയുടെയും പ്രതീകമാണ്. അതുകൊണ്ടുതന്നെ അത് അലൗകികമാണ്, വിശുദ്ധമാണ്, ദിവ്യമാണ്.
യേശുവിനെ യൂദാ ഒറ്റിക്കൊടുത്തതും ഒരു ചുംബനത്തിലൂടെയായിരുന്നു. അവന്‍ തന്നെ ആകുന്നു അവനെ പിടിച്ചുകൊള്‍വിന്‍ എന്ന് അവര്‍ക്ക് ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്റെ അടുക്കല്‍ വന്നു. റബ്ബീ വന്ദനം എന്ന് പറഞ്ഞ് അവനെ ചുംബിച്ചു (മത്തായി. 26:48,49)
വ്യാഖ്യാനത്തിന്റെ പല വഴികള്‍ തുറന്നേക്കാവുന്ന മറ്റു ചില സന്ദര്‍ഭങ്ങള്‍ ഉത്തമഗീതത്തിലുമുണ്ട്.
അവന്‍ തന്റെ അധരങ്ങളാല്‍ എന്നെ ചുംബിക്കട്ടെ;
നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു (1:2)
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍
ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു
ആരും എന്നെ നന്ദിക്കുകയില്ലായിരുന്നു (8:1)

ഢകകക

ആദാമ്യപാപത്തിലൂടെ അന്യവത്ക്കരിക്കപ്പെട്ട മനുഷ്യവംശം വ്യാപരിക്കുന്ന പാപമേഖലകള്‍, പിന്നീടുണ്ടാകുന്ന പാപബോധം, തത്ഫലമായ പ്രായശ്ചിത്തം, എല്ലാം നന്മയ്ക്കുവേണ്ടിയെന്ന ചിന്ത, പ്രത്യാശ അഭയമായിത്തീരുന്ന ജീവിതങ്ങള്‍, ക്രിസ്തുവിന്റെ ഭാവങ്ങളായ ശാന്തതയും നിസ്വതയും തുടങ്ങിയ കാര്യങ്ങളുടെ ദാര്‍ശനിക പശ്ചാത്തലമാണ് സി.വി. ബാലകൃഷ്ണന്‍ ആവിഷ്‌ക്കരിക്കുന്ന ജീവിതങ്ങളുടെ നിലപാടുതറ. പക്ഷേ, ദര്‍ശനത്തിന്റെ നിലപാടുതറയില്‍ നില്‌ക്കെത്തന്നെ, ഈ കഥകളിലാവിഷ്‌കൃതമാകുന്ന ജീവിതങ്ങളുടെ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തിന്റെ എത്രയെത്ര മുഖങ്ങള്‍, എന്തെന്തുതരം മനുഷ്യര്‍ എന്തെന്നു വിചിത്ര സാഹചര്യങ്ങള്‍ ഒക്കെയാണ്ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നത്. ഹെയ്‌സല്‍ (ആരോഗ്യവതിയായ ഹെയ്‌സല്‍), കാസ്പര്‍ തോമസ് (നിദ്രതുടരാതെ കിനാവില്ല), ശശികല (ചിത്രശാല), ഒറോമ്മ (ക്രിസ്മസ്സിനു മുന്‍പുള്ള ഒരു രാത്രിയില്‍), ഫാ. ആല്‍ബര്‍ട്ട് (കൊച്ചു കൊച്ചു കുരിശുരൂപങ്ങള്‍), ഡോ. നക്കോളാസ് (മഴയുടെ മൂടുപടം), ഐസക്ക് വര്‍ഗീസ്, വില്യംസ് അച്ചന്‍ (മാലാഖമാര്‍ ചിറകുവിശുമ്പോള്‍), സ്റ്റാന്‍ലി (ഒരു ഇടതുപക്ഷ നാടോടിക്കഥ) തുടങ്ങിയ കഥാപാത്രങ്ങള്‍ ജീവിതത്തിന്റെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും കഥകളിലേക്ക് ആവാഹിക്കുന്നവരാണ്.
ഇത്രയ്ക്ക് പ്രതിജനഭിന്നവിചിത്രമാണോ ജീവിതം/മനുഷ്യര്‍ എന്നു സന്ദേഹിക്കുന്നവരോട് കഥാകൃത്തുതന്നെ പറയുന്നു. സിദ്ധാന്തങ്ങള്‍ക്കെല്ലാം അതീതമായ ജീവിതത്തിന്റെ പ്രൗഢസത്യങ്ങള്‍ പണ്ടെന്നപോലെ ഇന്നും കഥകളിലൂടെ സമര്‍ത്ഥമായി ആവിഷ്‌കൃതമാകുന്നുണ്ട്. ദിനം പ്രതി പുതിയ കഥകള്‍ ഉണ്ടാവുകയും ചെയ്യുന്നു. അവ പ്രതിഫലിപ്പിക്കുന്നത് ജീവതത്തില്‍ നിന്നുള്ള നേര്‍കാഴ്ചകള്‍ തന്നെയാണ്. ഞാനവയില്‍ വിശ്വസിക്കുന്നു. എന്റെ ലോകം കഥകളുടേതാണ് (സി.വി. ബാലകൃണന്‍ മറവിയുടെ ചുവരിലെ അടയാളങ്ങള്‍ കഥകള്‍)
ഈ സമാഹാരത്തിലെ കഥകളില്‍ മനസ്സിനെ വല്ലാത ഭാരപ്പെടുത്തിയ രണ്ടുകുട്ടികളുണ്ട് അവരില്‍ ഒന്നാമന്‍ നിശ്ശബ്ദരാത്രി വിശുദ്ധ രാത്രി എന്നകഥയിലെ കുട്ടി, രണ്ടാമന്‍, ജ്ഞാനസ്‌നാനം എന്ന കഥയിലെ സാംകുട്ടിയും.
ഒരു ഹൈക്കു കവിതപോലെ ഒരു നിമിഷാര്‍ധത്തില്‍നിന്ന് ഒരുപാട് ആശയങ്ങളെയും അനുഭൂതികളെയും ജനിപ്പിക്കുന്ന അതീവഹൃദ്യമായ കഥയാണ്. നിശബ്ദരാത്രി വിശുദ്ധരാത്രി പകലെമ്പാടും നടന്ന് ശേഖരിച്ച ആക്രിസാധനങ്ങളുടെ അമിത ഭാരവും മുതുകില്‍ പേറി, ദുരിതപ്പെട്ടു പോകുന്ന അതിദരിദ്രനായ കുട്ടി. നക്ഷത്രവിളക്കുകളുടെയും ക്രിസ്മസ്മരങ്ങളുടെയും രാത്രി.
മുതുകിലെ ഭാരം കടയില്‍ വിറ്റിട്ടുവേണം അവന് അന്നത്തെ അപ്പം സമ്പാദിക്കുവാന്‍. ഇത്രയുമൊക്കെ ശേഖരിച്ചുവന്നപ്പോഴേക്കും സമയം വളരെയായി. കടയടച്ചു പോയാല്‍ അന്നം മുട്ടിയതുതന്നെ.
ക്രിസ്മസ് രാത്രിയുടെ ആഡംബബരങ്ങളും പൊങ്ങച്ചങ്ങളും കണ്ടുകണ്ടാണവന്‍ വഴിനടക്കുന്നത്.
തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. അവന്‍ തിടുക്കപ്പെട്ട് നടന്നു. അവസാനം ആ കടയുടെ മുന്നിലെത്തിയപ്പോള്‍....
പെട്ടെന്ന് തണുപ്പേറുകയും ഇരുട്ടിനു കനംവെക്കുകയും ചെയ്തു.
അവന്‍ എങ്ങോട്ടെന്നില്ലാതെ പതുക്കെ നടന്നു. വഴിനീളേ ഇരുട്ടായിരുന്നു. ഏറിയ തണുപ്പിലും കനംവെച്ച ഇരുട്ടിലും ദശ്യനായി നില്‍ക്കുന്ന അതിദരിദ്രനായ ഈ കുട്ടി സൗമ്യനും നിസ്വനുമായ കര്‍ത്താവിലേക്കുള്ള ചൂണ്ടുപലകയാണെന്നു ഞാന്‍ കരുതുന്നു.
ആ കുട്ടി മനസ്സാക്ഷിയുള്ളവര്‍ക്കു മുന്‍പില്‍ മാത്രം ഉയര്‍ത്തുന്ന കുറെ ചോദ്യങ്ങളുണ്ട്. സ്ഥാപനവത്ക്കരണത്തിന്റെയും മാനേജിമെന്റ് ധാര്‍ഷ്ട്യത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കുന്ന മുഖ്യധാരാ ക്രൈസ്തവികതയ്ക്ക് ബഹുസ്വരിതവും ബഹുസംസ്‌കാരസഹജവുമായ സമൂഹത്തിനു മുന്‍പില്‍ ഇന്ന് എന്തു മൂല്യവും സാക്ഷ്യവുമാണ് ഉയര്‍ത്തിക്കാട്ടാനുള്ളത്? കീറ്റുശീലേപ്പൊതിഞ്ഞൊരുണ്ണിയുമായി താദാത്മ്യം പ്രാപിക്കുന്നത്, അന്നത്തെ അപ്പത്തിനായി വൈകിയും അധ്വാനിക്കുന്ന ബാലനോ കൈയിലൊരു പാവയുമായി ക്രിസ്മസ് മരത്തിനരികേയിരിക്കുന്ന കുട്ടിയോ? ഇരുന്നൂറ്റിയന്‍പതു ലക്ഷം കുട്ടികള്‍ ദൈനംദിനം പട്ടിണികിടക്കുന്ന ഒരു രാജ്യത്ത് നിസ്വരിലേക്കും നിസ്വനായ ഒരു ഉണ്ണിയുടെ പിറവി ചിന്തയുടെ പൊങ്ങച്ചമായി മാറിയതെങ്ങനെ? മാറ്റിയതാര്?
ഇതേപോലെ ഒട്ടനവധി ചോദ്യങ്ങളുടെ കുത്തുകള്‍ ഈ കഥ നമ്മുടെ വിലാപ്പുറത്തു വീഴ്ത്തുന്നു.
ബുദ്ധനായിത്തന്നെ പരിണമിക്കുന്ന ബുദ്ധാനുയായിയെപ്പോലെ, ക്രിസ്തുവായിത്തന്നെ പരിണമിക്കുന്ന ഒരു യഥാര്‍ഥ ക്രൈസ്തവന്റെ നെഞ്ചു തകര്‍ക്കുന്ന കദനമുണ്ട്, ഈ കഥനത്തിനു പിന്നില്‍; ഒപ്പം വ്യാസന്റേതിനു സദൃശമായ ഒരു ചിരിയുമുണ്ടോ?
യഹോവ നിന്റെ പരിപാലകന്‍
യിസ്രായേലിന്റെ പരിപാലകന്‍
മയങ്ങുകയില്ല, ഉറങ്ങുകയില്ല (സങ്കീര്‍ത്തനം 121 : 4-5)
എന്നു സങ്കീര്‍ത്തനക്കാരനെപ്പോലെ നാം പ്രത്യാശിക്കുന്നുവെങ്കിലും, ബാലന്‍ എങ്ങോട്ടെന്നില്ലാതെ പതുക്കെ ഇരുട്ടിലും മഞ്ഞിലും മുഴുകിനടക്കുമ്പോഴേക്കും ദൈവം ഉറങ്ങിക്കഴിഞ്ഞിരുന്നു.
'ജ്ഞാനസ്‌നാനം' എന്ന കഥയിലെ സാം എന്ന ബാലന്‍ ഉയര്‍ത്തുന്ന പൊട്ടിക്കരച്ചില്‍, മുഴുവന്‍ മുതിര്‍ന്നവരുടെയും രഹസ്യവും പരസ്യവുമായ അധാര്‍മ്മിക പ്രവൃത്തികളുടെ മുഖത്തേറ്റ അടിയാണ്.
നഗ്നനര്‍ത്തകിയായ ഹെലന്റെ ശരീരം മറച്ച അവസാനത്തെ ശീലക്കഷണവും കവര്‍ച്ചക്കാരന്റെ വേഷമിട്ടെത്തിയ നര്‍ത്തകന്‍ അപഹരിച്ചപ്പോള്‍ സാം എന്ന കുട്ടി രിപ്പിടത്തില്‍ നിന്നു പിടഞ്ഞെണീറ്റ്, അരങ്ങിലേക്കോടിക്കയറി. അവന്‍ ഹെലനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ കരഞ്ഞു.
'ആ തൂവാല, ആ തൂവാല' എന്ന കവര്‍ച്ചക്കാരന്റെ വേഷം ധരിച്ച നര്‍ത്തകനോട്, ആക്രോശിക്കുന്ന കാണികള്‍.
നന്മതിന്മകളുടെ അതിര്‍ത്തികള്‍ കൃത്യമായി തിരിച്ചറിയുന്ന നിഷകളങ്കതയുടെ കാലത്തിന് ശരിയോ തെറ്റോ എന്ന വിവേചന ബുദ്ധിയും ദൃഷ്ടിയും മാത്രമേയുള്ളു. ആ ദൃഷ്ടി നഷ്ടപ്പെട്ടവരെ അവന്‍ ജ്ഞാനനദിയില്‍ സ്‌നാനം ചെയ്യിച്ച്, മാമോദീസാ മുക്കി, ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.
ഓരോരോ വ്യസനങ്ങളില്‍ കഴിഞ്ഞുകൂടുന്ന ഒരുപാട് മനുഷ്യരുണ്ട് സി.വി.യുടെ കഥാപ്രപഞ്ചത്തില്‍. സാറയുടെ വ്യസനം സമാന്തരതകളില്ലാത്ത വ്യസനമാണ് (ആയുസിന്റെ പുസ്തകം); ടോമിയുടേത് പാപത്തിന്റെ അനിവാര്യമായ വ്യസനമാണ് (കുര്‍ബാന തീരുംമുമ്പ്); അന്നയുടെയും ക്ലാരയുടെയും വിവാഹവസ്ത്രങ്ങള്‍ ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ക്രിസിന്റേത് ആഴമുള്ള വ്യസനമാണ് (നീണ്ടുപോകുന്ന രേഖകള്‍); റബേക്കയുടെ ദുഃഖം മറ്റൊന്ന് (ചെന്നായ്ക്കളുടെയിടയില്‍ ചെമ്മരിയാടുകളെന്നപോലെ); ട്രീസയുടെയും ജെയിംസിന്റെയും ദുഖങ്ങള്‍ മറ്റോരോരോ വിധത്തിലുള്ളവയാണ് (കള്ളനെപ്പോലെ വന്ന ഒരു ദിവസം); ത്രേസ്യായുടെ വ്യസനം (മാലാഖമാര്‍ ചിറകുവീശുമ്പോള്‍); എന്തെന്നുപോലും ആര്‍ക്കും മനസ്സിലാകുന്നില്ല. എല്ലാവരും വ്യസനിക്കുന്നു- അവരവരുടേതായ കാരണങ്ങളാല്‍, തികച്ചും സ്വകാര്യമായ രീതിയില്‍, ദുഃഖം അനുഭവിക്കുന്നു. ഈഡിപ്പസ് രാജാവിനെ പിന്‍തുടര്‍ന്ന അജ്ഞാത ദുര്‍വിധി കണക്കെ, മനുഷ്യവംശത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്ന 'ആദിപാപ'ത്തിന്റെ ഒഴിയാബാധയാണോ ആളുകളെ വ്യസനത്തില്‍ ആഴ്ത്തുന്നത്? അവരില്‍ അസംതൃപ്ത മനസ്സുകള്‍ സൃഷ്ടിച്ച്, അവയെ അഴിയാ ദുഃഖങ്ങളിലേക്കെത്തിക്കുന്നത്? ഓരോരുത്തരെയും ദുഃഖിപ്പിക്കുന്നത് അവരവരുടേതായ വ്യസനങ്ങളാണെങ്കിലും റബേക്കയുടെ വ്യസനംപോലെ ചിലതിന് പൊതുസ്വഭാവവുമുണ്ട്. ആനിയമ്മയുടെ ദുഖത്തെയും (നമ്മുടെ ദുഖം എത്രയധികമായിരിക്കുന്നു) ഇതുപോലെ ക്രൈസ്തവ കുടുംബജീവിതത്തിന്റെ പൊതു കാഴ്ചപ്പാടിനോട് ചേര്‍ത്തുനിര്‍ത്താവുന്നതാണ്.
'എന്റെ വ്യസനംപോലെ ഒരു വ്യസനം ഉണ്ടാകില്ല' എന്നു പറയുന്ന സാറായുടെ ദുഖംപോലെ (ആയുസിന്റെ പുസ്തകം) ആഴമേറിയ ഒന്നാണ് ആനിയമ്മയുടെ ദുഖവും. ക്രൈസ്തവ കുടുംബങ്ങള്‍ പൊതുവേ വച്ചുപുലര്‍ത്തുന്ന ഒരു സ്വപ്നമാണ് (സ്വപ്നങ്ങളുടെ കാതലെന്നും വിശേഷിപ്പിക്കാം) രക്ഷ-ഭൗതികവും ആത്മീയവുമായ രക്ഷ. രക്ഷയുടെ സന്ദേശം കുഞ്ഞുന്നാളുമുതലേ കേള്‍ക്കുന്നതുകൊണ്ടാവാം രക്ഷപ്പെടല്‍ അവരുടെ സ്വപ്നമാകുന്നത്. പക്ഷേ രക്ഷപെട്ടവരും രക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെടേണ്ടവരെ ഓര്‍ക്കാറില്ല (യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജാതിയെന്നു പാടുമ്പോഴും ഇതുപോലൊരു ജാതിയുണ്ടോ എന്നു പാട്ടുകാരന്‍ ചോദിക്കുന്നതില്‍ അല്‍പം വിമര്‍ശനവും പരിഹാസവും ഖേദവുമില്ലേയെന്ന് സന്ദേഹിക്കുന്നു!). ഉന്നം തെറ്റാത്ത അമേരിക്കന്‍ റിവോള്‍വറും ജര്‍മ്മന്‍ ജീവിതത്തിന്റെ ധന്യതയുമുള്ള ഡൊമനിക്കച്ചന് രക്ഷിക്കപ്പെടണമെന്നേയുള്ളു. ആനിയമ്മയെ രക്ഷിക്കല്‍ അച്ചന്റെ പണിയല്ല. അത് വേണമെങ്കില്‍ അരുമനാഥന്‍ നിര്‍വ്വഹിച്ചുകൊള്ളും! അതിന് കാലവും യോഗവും വേണം. പക്ഷേ, ആത്മീയവൃത്തത്തിലെ രക്ഷപ്രാപിക്കലിനോളം തന്നെ, ചിലപ്പോള്‍ അതിലധികവും പ്രധാനമാണ്, ഓരോ ക്രൈസ്തവ കുടുംബവും സ്വപ്നം കാണുന്ന ഭൗതിക ജീവിതത്തിലെ രക്ഷപ്രാപിക്കല്‍. ആനിയമ്മയെപ്പോലെ പലര്‍ക്കുത് സ്വപ്നം മാത്രമായിരിക്കും. അവര്‍ക്ക് പരിതപിക്കാനേ കഴിയൂ: ഇത്രയും കാലത്തിനകം നമ്മുടെ ദുഖം എത്രയധികമായിരിക്കുന്നു, അല്ലേ?
സാറായുടെ സമാനതകളില്ലാത്ത വ്യസനത്തിന്റെ മുഴക്കമല്ലേ, ചക്രവാളങ്ങള്‍ ഭേദിച്ചെത്തി, ആനിമ്മയുടെ അധികമായിതീര്‍ന്നിരിക്കുന്ന ദുഖം? ഇനി പരീക്ഷയ്‌ക്കെഴുതാന്‍ എന്നെക്കൊണ്ടുമേലാ എന്ന് അച്ചനോടു പറഞ്ഞ യോഹന്നാന്റെ നെറ്റിയിലേക്ക്, സ്‌കറിയായുടെ വിധവ സാറാ, ഒരു വിശുദ്ധ മുദ്രയും തന്റെ ചുണ്ടുകളടുപ്പിച്ചു.
കത്രീനാ സാറായോട്  'നിന്റെ വ്യസനം പോലെ ഒരു വ്യസനം ഉണ്ടാകില്ല' എന്നുപറഞ്ഞു. അത്യന്തം വേദന നിറഞ്ഞ ഒരു ചിരിയോടെ, അതേ, എന്റെ വ്യസനം പോലെ ഒരു വ്യസനം ഉണ്ടാവില്ല എന്ന് സാറാ തന്നെത്താന്‍ പറഞ്ഞു (ആയുസ്സിന്റെ പുസ്തകം).
റബേക്കയുടെയും സാറായുടെയും വ്യസനത്തിന്റെ മുഴക്കംതന്നെയാണ് മോനിക്കയുടെ (പ്രണയകാലം)ദുഖത്തിലും കേള്‍ക്കാന്‍ കഴിയുന്നത്. പക്ഷേ, കഥാകാരന്‍ റോയി തോമസിന്റെ മരണത്തിനുമേല്‍ ഉയിര്‍പ്പിന്റെ പ്രത്യാശ സ്ഥാപിച്ചുകൊണ്ട്, മോനിക്കയെ മരണത്തിന്റെ ഇരുണ്ട താഴ്‌വരയില്‍ നിന്ന് വീണ്ടെടുക്കുന്നു. നാം പ്രിയംവച്ച നമ്മുടെ കര്‍ത്താവ് വാനവിരവില്‍ ഇറങ്ങി വരുമ്പോള്‍ മരിച്ചവര്‍ ഉയിര്‍ക്കുന്ന കൂട്ടത്തില്‍ മോനിക്കയുടെ പ്രിയപ്പെട്ടവനായ റോയി തോമസ്  അവന്റെ മണ്‍കൂടാരത്തില്‍ നിന്ന് കര്‍ത്താവിനെ എതിരേല്‍പ്പാന്‍ തേജശ്ശരീരിയായി ഉയിര്‍ക്കുമ്പോള്‍ അന്നു നിങ്ങള്‍ക്കു വീണ്ടും കാണാം, എന്ന്, ഗിരിശിഖരങ്ങള്‍പോലുള്ള വെള്ളിമേഖങ്ങളുടെ പാളികളെ പ്രകാശമാനവും പ്രസാദമധുരവുമാക്കിയ വെയില്‍പോലെ, പ്രത്യാശകൊണ്ട് അവളെ നിറക്കുന്നു.
കുടുംബവ്യവസ്ഥയെ കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് പരിവര്‍ത്തിച്ചതിലെന്നപോലെ അതിനെ ഇളക്കപ്പെടാനാവാത്ത ഒന്നായി, ആദ്ധ്യാത്മികതയുടെ അഷ്ടബന്ധമിട്ട് ഉറപ്പിച്ചതിലും ക്രൈസ്തവികതയ്ക്ക് വലിയ പങ്കുണ്ട്. തലയും ഉടലും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെ ഉപമയാക്കിമാറ്റി, ക്രിസ്തുവിനെയും സഭയെയും തമ്മില്‍ ബന്ധിപ്പിക്കുകയും അതേ ഉപമയെതന്നെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ഇളക്കപ്പെടാനാവാത്ത ധാര്‍ഠ്യത്തെ നിര്‍വ്വചിക്കാനുപയോഗിക്കുകയും ചെയ്ത ദര്‍ശനം കുടുംബത്തെ ദിവ്യമായ ഒരു സങ്കല്പനമാക്കിത്തീര്‍ത്തു (എഫെസ്യര്‍ 5:22-23). പരിശുദ്ധ കൂദാശകളിലൊന്നിനാല്‍ സ്ത്രീയെയും പുരുഷനെയും ഭാര്യാഭര്‍ത്താക്കന്മായി കൂട്ടിച്ചേര്‍ക്കുന്നത് ദൈവമാണ്; ദൈവം കൂട്ടിച്ചേര്‍ത്തതിനെ മനുഷ്യര്‍ വേര്‍തിരിക്കാന്‍ പാടില്ല--കുടുംബത്തിന്റെ ദൃഢത, മോനിക്കയെപ്പോലെ മരണാനന്തരവും കാത്തുസൂക്ഷിക്കുവാന്‍ മനുഷ്യര്‍ കടപ്പെട്ടിരിക്കുന്നു-ഉയിര്‍പ്പില്‍ കണ്ടുമുട്ടുംവരേക്കും. മറുപുറത്ത്, ദാമ്പത്യത്തിലുണ്ടാകുന്ന ഇടര്‍ച്ചകള്‍ അപരിഹാര്യമായ പാപവും പ്രതിസന്ധിയും സൃഷ്ടിക്കുന്നു-ട്രീസയുടെ ജീവിതതത്തിലെന്നപോലെ (കള്ളനെപ്പോലെ വന്ന ഒരുദിവസം).
പാപവും പാപബോധവും പശ്ചാത്തപവും പ്രമേയമായുള്ള ഒരുകൂട്ടം കഥകള്‍ ഈ സമാഹാരത്തിലുണ്ട്. നസറെത്ത് ബെര്‍ണാഡിന്റെ ശവകുടീരം തേടിയെത്തുന്ന അജ്ഞാത സന്തര്‍ശനം (ഇപ്പോള്‍ മണ്‍മറയിലൂടെ കാണുന്നു) ഒരു പ്രായശ്ചിത്തമാണ്. കരോലിനിയുടെ ആഴമേറിയ സ്വരത്തില്‍ വികാരാധീനനായിപോയ ഫാദര്‍ ആല്‍ബര്‍ട്ട് (കൊച്ചുകൊച്ചു കുരിശുരൂപങ്ങള്‍) മോണ്‍. പോള്‍ റൊസാരിയോ ഫെര്‍ണാണ്ടസിന്റെ മുന്‍പില്‍ കുമ്പസാരത്തിനായി മുട്ടുകുത്തി, തന്നെ ഞെരുക്കുന്ന പാപബോധത്തിന്റെ കെട്ടഴിച്ചുവിട്ടു; എന്റെ ഹൃദയം ഒരു പരിവര്‍ത്തനത്തിനു വിധേയമാകുന്നതായി തോന്നുന്നു. ഞാന്‍ ആത്മശക്തികൊണ്ട് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. എന്റെ ശ്രമമത്രയും വൃഥാവിലായതേയുള്ളു. ഞാനിപ്പോള്‍ നിസ്സഹായനാണ്.
'കുര്‍ബാന തീരുംമുമ്പ്' കയ്യില്‍-ഹാബെല്‍മിത്തിന്റെ പുനസൃഷ്ടിയാണ്. കാറ്റും പിശറും കോരിച്ചൊരിയുന്ന മഴയുള്ള ഒരു ഞായറാഴ്ച റ്റോമിയും ജോണിയും അടുക്കളമുറ്റത്തെ വാഴകള്‍ക്കിടയിലായി ഒരു കുഴിയെടുക്കുകയായിരുന്നു. അങ്ങനെ ജോലിചെയ്യുന്നതിനിടയില്‍ റ്റോമിക്ക് എന്തോ കേട്ടതുപോലെ തോന്നി-അനുജന്‍ വിളിച്ചതുപോലെ. പക്ഷേ, അനുജന്‍ ജോണിപറഞ്ഞു: 'ഞാന്‍ വിളിച്ചില്ലല്ലോ, ചേട്ടനെ?'
യഹോവ കയിനോട്: 'നിന്റെഅനുജനായ ഹാബെല്‍ എവിടെ?'
കയിന്‍: 'ഞാനറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ?'
യഹോവ: 'നീ എന്തു ചെയ്തു? നിന്റെ അനുജന്റെ ശബ്ദം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു....'
റ്റോമിയും ജോണിയും അനുജന്‍ കുഞ്ഞുമോനെ അതിവേഗം മണ്ണിട്ടു മറച്ചു-മഴയില്‍ നിന്ന്, ആകാശത്തില്‍ നിന്ന്, ദൈവത്തില്‍ നിന്ന്
മറ്റൊരു ഞായറാഴ്ച. റ്റോമി ആത്മഗതംപോലെ ചോദിച്ചു: നമ്മളെന്തിനാ അവനെ കൊന്നത്?
റ്റോമി പിന്നെയും ചോദിച്ചു: 'അത്രയൊക്കെ മതിയാര്‍ന്നോടാ കൊല്ലാന്‍?'
ഒടുവില്‍, കുര്‍ബാന തീരും മുന്‍പ് ലോകത്തോടു മുഴുവന്‍ സത്യം പറയാന്‍ തീരുമാനിച്ചുകൊണ്ട് പാപത്തിന്റെ അനിവാര്യമായ വ്യസനത്തോടെ ടേമി മഴയിലേക്കിറങ്ങുന്നു.
കുഞ്ചറിയയെ കൊന്നത് ഒരു ഉലഹന്നാന്‍; ആ കുറ്റം ഏറ്റെടുത്ത് ജയിലില്‍ പോയത് മറ്റൊരു ഉലഹന്നാന്‍ (ഉലഹന്നാന്റെ ഉപമ). എന്നാല്‍ പാപബോധത്തിന്റെ നിരന്തരമായ വേട്ടയാടലില്‍പെട്ട് നിദ്രയും സ്വസ്തതയും നഷ്ടപ്പെട്ട കുറ്റവാളിയായ കുഞ്ചറിയ ഒടുവില്‍ നീക്കമില്ലാത്ത ഒരു നിശ്ചയത്തിലെത്തി: എനിക്ക് എന്നെ ഈ കടത്തില്‍ നിന്ന് മോചിപ്പിക്കണം.... എനിക്കവനോട് മാപ്പ് ചോദിക്കണം. അവന് കടപ്പെട്ടുകൊണ്ടുള്ള ഈ ജീവിതം എനിക്കുവേണ്ട. ഇത്രയും കൊണ്ടുതന്നെ മതിയായി. ഇനിവയ്യ.
കരിമ്പിന്‍ പാടത്ത് കൂണ്‍പറിക്കാനെത്തിയ സൂസന്‍ എന്ന പെണ്‍കുട്ടിയെ അവിടെനിന്ന് നഗര (നരക) പാതയിലേക്കെത്തിച്ചത് ഒരുപക്ഷേ താനായിരിക്കാമെന്ന കുറ്റബോധമായിരിക്കണം ഐവാന്റെ മനസ്സിലുള്ളത് (കരമ്പിന്‍പാടത്തെ ചാറ്റല്‍മഴയില്‍). അതുകൊണ്ടായിരിക്കണം, സന്ദര്‍ഭത്തില്‍ നിന്നു വ്യത്യസ്തമായി അയാള്‍ പ്രതികരിക്കുന്നതും പെരുമാറുന്നതും.
'ചിത്രശാല'യിലെ ശശികലയും മാര്‍ട്ടിന്‍ ഫെര്‍ണാണ്ടസും പാപബോധത്തില്‍ നിന്നു രക്ഷനേടാന്‍ ഒടുവില്‍ പ്രായശ്ചിത്തത്തിന്റെ വഴിതേടുന്നവരാണ്. മാര്‍ട്ടിന്‍ ഫെര്‍ണാണ്ടസ് പറയുന്നു: 'എനിക്കറിയാം അവനെന്നെ വെറുപ്പാണ്. പാപങ്ങളുടെ ഒരു ചുമടുതന്നെയുണ്ട്. അതെവിടെയും ഇറക്കിവയ്ക്കാനാവില്ല.'
ദീപാംഗുരന്‍ 'ക്രോധത്തിന്റെ ഒരു കനല്‍ അമ്മയുടെ ഹൃദയത്തിലേക്കെറിഞ്ഞു. വെറുപ്പാണവന് അമ്മയെ. അമ്മ ചെയ്യുന്നത് വ്യഭിചാരമല്ലെങ്കില്‍ മറ്റെന്ത്?'
കൂട്ടുകാരി സുചിത്രയുടെ ഫോണ്‍വിളിക്കു ചെവികൊടുത്ത് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മാര്‍ട്ടിന്‍ ഫെര്‍ണാണ്ടസ് എന്ന ആദ്യഭര്‍ത്താവിനെ കാണാനെത്തുന്ന ശശികലയും ദീപാംഗുരനെ ഒരുനോക്കു കാണാന്‍വേണ്ടി ശശികലക്കൊപ്പം ദീപന്റെ ഹോസ്റ്റലിനു ചാരത്തെത്തുന്ന മാര്‍ട്ടിനും സാക്ഷാത്ക്കരിക്കുന്നത് പ്രായശ്ചിത്തത്തിന്റെ വഴികള്‍തന്നെയാണ്. ശശികലയും മാര്‍ട്ടിനും ഇഷയിവര്‍ക്കൊപ്പം ദീപന്റെ ഹോസ്റ്റലിന്റെ സമീപം നില്‍ക്കുമ്പോള്‍ വള്ളത്തോളിനൊപ്പം പാടാന്‍ തോന്നും: അപ്പപ്പോള്‍പ്പാതകം ചെയ്തതിന്നൊക്കെയും/മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം (മഗ്ദലനമറിയം) ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുവെങ്കിലും കാരുണ്യവാനും നല്ലശമരിയാക്കാരനുമാണ് തോമസ് ചേട്ടന്‍ (സാന്താക്ലോസ്). അഭയനികേതനില്‍ സ്ഥിരമായി സാന്താക്ലോസിന്റെ വേഷംകെട്ടുന്ന അയാള്‍ ഒരിക്കല്‍ ഹെന്റി എന്ന മറ്റൊരു അന്തേവാസിയുടെ ആക്രമണത്തിനിരയാകുന്നു. കുറേനേരത്തിനുശേഷം പതുക്കെ തലയുയര്‍ത്തി എഴുന്നേറ്റ അയാള്‍ തോമസ് എന്നല്ലതന്റെ പേരെന്ന് തിരിച്ചറിയുന്നു. സ്വത്വബോധത്തിന്റെ വീണ്ടെടുക്കലില്‍ അഭയനികേതന്‍ പിന്നിലാക്കി അയാള്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അതിദ്രുതം അകന്നുപോകുന്നു. താന്‍ പിന്നിലാക്കിപ്പോകുന്ന സംഗതികള്‍ സ്വത്വബോധത്തെ നിഗ്രഹിക്കുകയും വ്യക്തിയെ പൊതുബോധത്തിലേക്ക് പരിമിതപ്പെടുത്തുകയുമാണെന്ന തിരിച്ചറിവിലേക്കാണ് അയാള്‍ സഞ്ചരിക്കുന്നത്.
'ചെന്നായ്ക്കളുടെയിടയില്‍ ചെമ്മരിയാടുകള്‍ എന്നപോലെ' - ഈ സമാഹാരത്തിലെ പരാമര്‍ശിക്കാതെ കടന്നുപോകാന്‍ കഴിയാത്ത ഒരു കഥയാണ്. ക്രിസ്തുവിന്റെ അടിസ്ഥാന ഭാവങ്ങളെ ആവിഷ്‌ക്കരിക്കുന്ന ഈ കഥ ക്രിസ്തുവിനെ കുടുംബ സാമൂഹിക പശ്ചാത്തലങ്ങളില്‍ വിന്യസിക്കുന്നു. യേശു അഭിമുഖീകരിക്കുന്ന കര്‍ഷകന്‍ ദുരിതത്തിലാണ്. അയാളുടെ മകള്‍ റബേക്കയിലൂടെ ഭര്‍ത്തൃഭവനത്തിലെ കീഴ് വഴക്കങ്ങളിലേക്കു നമ്മെ എത്തിക്കുന്നു. പൊന്നും പണവും പോരെന്നു പറയുന്ന അമ്മായമ്മ; വ്യക്തിത്വമില്ലാതെ പോകുന്ന ഭര്‍ത്താവ്'; ഭര്‍ത്തൃഗൃഹത്തില്‍ അന്യവത്ക്കരിക്കപ്പെടുന്ന സ്ത്രീ ഇത് ക്രൈസ്തവ കുടുംബങ്ങളിലെ പൊതു സാഹചര്യമായിരുന്നു.
പുല്ലിനെ കൈകളാല്‍ സ്പര്‍ശിക്കുകയും അവയെ മുഖത്തോടു ചേര്‍ക്കുകയും ചെയ്യുന്ന ക്രിസ്തു; പറക്കാനാകാതെ, ചാടിച്ചാടി വഴിയലൂടെ നടന്നു പോകുന്ന പക്ഷിക്കുഞ്ഞിനെ ആകാശവിതാനത്തില്‍ പറക്കാന്‍ സഹായിക്കുന്ന ക്രിസ്തു-സൗമ്യനായ ക്രിസ്തു. കര്‍ഷകനോടു സഹതപിക്കുന്ന ക്രിസ്തു; കുട്ടികളോടൊപ്പം സഞ്ചരിക്കുന്ന നിഷ്‌കളങ്കനായ ക്രിസ്തു; പക്ഷിക്കച്ചവടക്കാരനോട്, 'അതിനെന്റെ കൈയ്‌ലെവിടെ കാശ്, ഞാന്‍ ദരിദ്രനില്‍ ദരിദ്രനാണ്....' എന്നു മൊഴിയുന്ന നിസ്വനായ ക്രിസ്തു. സര്‍വരാലും നിന്ദിതയായ ലൂയിസയോട് വെള്ളം വാങ്ങിക്കുടിക്കുന്ന യേശു. സി.വി. ബാലകൃഷ്ണന്‍, ക്രിസ്തുവിന്റെ ആണിപ്പഴുതുകളെ തൊട്ടറിഞ്ഞ കഥാകാരന്‍, ചോദിക്കാതെ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: 'ക്രിസ്തു ആര്‍ക്കൊപ്പമാണ്?' ടാഗോറിന്റെ ധ്യാനലീനമായ വരികളില്‍ മറുപടി കാണാം: 'കരിനിലമുഴുമാക്കര്‍ഷകരോടും/വര്‍ഷം മുഴുവന്‍ വഴി നന്നാക്കാന്‍/പെരിയ കരിങ്കല്‍പ്പാറ നുറുക്കി/നുറുക്കിയൊരുക്കും പണിയാളരൊടും/എരിവെയിലത്തും പെരുമഴയത്തും/ചേര്‍ന്നമരുന്ന ദൈവം മണ്ണാ/ര്‍ന്നിരുകൈകളിലും; കൂടെച്ചെളിയി/ലിറങ്ങൂ, കളയു ശുഭ്രം വസ്ത്രം!' (ഗീതാഞ്ജലി).
'യേശുവിന്റെ പാദാരവിന്ദങ്ങളെ തൊട്ടുവണങ്ങാന്‍ ഭക്തന് എങ്ങനെ പറ്റും? ആ കാലുകള്‍ ചവിട്ടി നില്‍ക്കുന്നതെവിടെയാണ്?' ടാഗോറിന്റെ ഗീതംതന്നെ ഉത്തരംപറയും: 'താഴേക്കും താഴേ, പിന്‍പേക്കും പിന്‍പേ, / ദീനരുടെ ഹീനരുടെ നിഹതരുടെ മധ്യത്തില്‍ നീയെഴും നിമ്‌നതലത്തില്‍/നിന്‍ കഴലില്‍ കുമ്പിടുവാന്‍ ഞാന്‍ മുതിരും വേളയിലു/മെത്തുന്നില്ലെന്‍ നമസ്‌ക്കാരം.' (ഗീതാഞ്ജലി)
സി.വി. ബാലകൃഷ്ണന്‍ ഈ കഥ അവസാനിപ്പിക്കുന്നതിങ്ങനെ: 'യേശു തന്റെ പ്രയാണം തുടര്‍ന്നു. പന്നികളുടെയും അണലികളുടെയും പിശാചുക്കളുടെയും പാത. യേശു കരയുന്ന ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നടന്നു. യേശു അവളോട് തന്റെ മൃദുസ്വരത്തില്‍ പറഞ്ഞു: 'നിന്റെ ദുഃഖം സന്തോഷമായി മാറും, നിന്റെ ഹൃദയം സന്തോഷിക്കും'.
സി.വി. ബാലകൃഷ്ണന്റെ ഭാഷയെക്കുറിച്ച് കെ.ബി. പ്രസന്നകുമാര്‍ ഇങ്ങനെ എഴുതുന്നു. 'ഭാഷയുടെ സാധ്യതകളിലേക്ക് എപ്പോഴും ധ്യാനിച്ചു നില്‍ക്കുന്ന എഴുത്തുകാരനാണ് ബാലകൃഷ്ണന്‍. ആഖ്യാനത്തിന്റെ വിലോഭനീയമായ ചാരുതകള്‍കൊണ്ടുതന്നെ നിര്‍ണയിക്കപ്പെടുന്ന എഴുത്തു വ്യക്തിത്വം ബാലകൃഷ്ണനുണ്ട്. ഭാഷയിലൂടെ സ്വയം സ്ഥാപിക്കുന്ന എഴുത്തുകാരിലൊരാളാണ് ബാലകൃഷ്ണന്‍ (പാടവരമ്പത്ത് പരല്‍മീന്‍ നീന്തുന്ന പാടം) ഈ സമാഹാരത്തിലെ കഥകളുടെ ഭാഷയെ സംബന്ധിച്ചും മറ്റൊന്നു പറയാനില്ല എന്നു സൂചിപ്പിക്കുന്നതിനാണ് ഈ വാക്കുകള്‍ ഉദ്ധരിച്ചത്.
'ആഖ്യാനത്തിന്റെ കലയാണ് കഥ' എന്നു വ്യക്തമായി ബോധ്യപ്പെടുത്തുന്നു സി.വി. ബാലകൃഷ്ണന്റെ കഥകള്‍. അത്ഭുതപ്പെടുത്തുന്ന ശില്‍പതന്ത്രമാണ് സി.വി.യുടെ കഥകളെ വേറിട്ടു നിര്‍ത്തുന്നത്. നാടകീയതയുടെ സ്വര്‍ണ്ണരേണുക്കള്‍ പുരണ്ട ആഖ്യാനകലയുടെ മാസ്മരികതയെ അതിന്റെ ഉത്തുംഗതകളിലെത്തിക്കുന്ന കഥകളാണ് 'പ്രണയകാലം', 'കൊച്ചുകൊച്ചു കുരിശുരൂപങ്ങള്‍', 'വിനോദ സഞ്ചാരികള്‍', 'ജ്ഞാനസ്‌നാനം', 'കമനീയമായ ഒരു പിറന്നാള്‍ കേക്ക്', 'ആരോഗ്യവതിയായ ഹെയ്‌സല്‍', 'നിശബ്ദരാത്രി വിശുദ്ധരാത്രി', 'എന്റെ വീട്ടില്‍ എലികള്‍' തുടങ്ങിയുള്ള മിക്ക കഥകളും.
ഡോ. കെ. രാഘവന്‍പിള്ളുടെ 'കൃതി ഒരു കൃഷിഭൂമി' എന്ന പ്രയോഗത്തെ സാധൂകരിക്കുംവിധം വായനക്കാര്‍ക്ക് ഭാവനാ വ്യാപാരത്തിന്റെ 'കൃഷിയിറക്കുന്നതിനും നൂറുമേനി കൊയ്‌തെടുക്കുന്നതിനു'മുള്ള സാദ്ധ്യതകള്‍ ബാക്കിവയ്ക്കുന്ന ആഖ്യാനരീതിയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളുടെയും ഒരു പൊതു സവിശേഷത. പാഠാന്തര വായനയ്ക്കും ഓരോ വായനയിലൂടെയും പാടത്തിന്റെ പുതിയ പുതിയ അടരുകള്‍ സൃഷ്ടിച്ചെടുക്കുന്നതിനുമുള്ള ബഹുമുഖ സാധ്യതകള്‍ ബാലകൃഷ്ണന്റെ കഥകള്‍ വായനക്കാര്‍ക്കായി ബാക്കിവെക്കുന്നു. 'കള്ളനെപ്പോലെ വന്ന ഒരു ദിവസം' എന്ന കഥയില്‍ കഥാന്ത്യത്തില്‍ ട്രീസക്കുണ്ടാകുന്ന നാടകീയ മാറ്റം; മാലാഖമാര്‍ ചിറകുവീശുമ്പോള്‍' എന്ന കഥയിലെ ത്രേസ്യക്ക് സംഭവിച്ചത് 'സത്യങ്ങള്‍ക്കും മിഥ്യകള്‍ക്കുമിടയില്‍ അദ്ദേഹത്തിന്റെ ഉടല്‍ നിസ്സഹായമായി വിറയാര്‍ന്നു' എന്ന; പരാമര്‍ശം 'ക്രൂരമായി പീഡിപ്പിക്കപ്പെട്ട കള്ളന്‍' അച്ഛന്റെയുള്ളില്‍ മുഴക്കിയ 'ഇതാരുടെ മുഖമാണ്? ആരുടെ മുഖമാണ്?' (അവന്‍ ശരീരത്തില്‍ സഹിച്ചു). 'കൊച്ചുകൊച്ചു കുരിശുരൂപങ്ങളില്‍' ഇറ്റലിയിലെ പാതയുടെ മുറുപുറത്തനിന്നുയര്‍ന്ന ആശ്ചര്യം കലര്‍ന്ന ശബ്ദം കേട്ട് തൊപ്പി താഴ്ത്തി, മുഖംമറച്ച് ഫാ. ആല്‍ബര്‍ട്ട് പോകുന്ന പോക്കിന്റെ പൊരുളും കഥാവശേഷവും 'കരിമ്പിന്‍പാടത്തെ ചാറ്റല്‍മഴയില്‍' ഐവാന്‍ സൂസനെ തന്നോടു ചേര്‍ത്തു പിടിക്കുമ്പോള്‍ കൂണുകാല്‍ക്കലേക്ക് വീഴുന്നതായി സൂസനറിയുന്നതും കരിമ്പിന്‍പാടത്ത് ചാറ്റല്‍മഴ തുടര്‍ന്നു കഥാകാരന്‍ എഴുതുന്നതും തുറന്നിടുന്ന പുതിയ വായനകള്‍-ഈ കഥകളിലെല്ലാം ഒരു തുറന്ന അവസാനമാണുള്ളത്; വായനക്കാരുടെ സ്വാതന്ത്ര്യസഞ്ചാരത്തിനുള്ള വാതിലുകള്‍ തുറന്നിടുന്ന ആഖ്യാനം.
വിശുദ്ധചുംബനത്തിലെ കഥകള്‍ നെയ്യാന്‍ ഉപയോഗിച്ചിരിക്കുന്ന 'ഊട്' ക്രൈസ്തവ ദര്‍ശനവും പശ്ചാത്തലവുമാണെങ്കില്‍ അതിന്റെ 'പാവ്' പദവാകൃതലങ്ങളിലെ ക്രൈസ്തവാപബോധവും ബൈബിള്‍ കൃതികളുടെ നിറസാന്നിദ്ധ്യവുമാണ്. ബൈബിള്‍ കൃതിയിലൂടെ പലവട്ടം തീര്‍ത്ഥാടനം നടത്തിയിട്ടുള്ള ഒരാള്‍ക്കുമാത്രം വഴങ്ങുന്ന പദങ്ങളുടെ സമൃദ്ധി ഈ കഥകളിലെമ്പാടുമുണ്ട്. കേട്ടുകൊള്‍വിന്‍, അനന്തരം, ചെവിയുള്ളവന്‍ കേള്‍ക്കട്ടെ, മനസ്സുള്ളവര്‍ ഗ്രഹിക്കട്ടെ, നാര്‍ദിന്‍ സുഗന്ധം, അനന്തരം, വല്ലാതെകണ്ട്, ഉപ്പുതൂണ്, വെടിപ്പ്, വാനമേഖല എന്നിങ്ങനെ അങ്ങേപ്പറത്ത് തുടങ്ങി ക്രൈസ്തവ സമൂഹങ്ങളില്‍ മാത്രം പ്രചാരമുള്ള പദങ്ങള്‍ വേറെ. ചെന്നായ്ക്കളുടെ ഇടയില്‍ ചെമ്മരിയാടുകള്‍ എന്നപോലെ വേറൊരു വാസസ്ഥലം അവന്‍ ശരീരത്തില്‍ സഹിച്ചു, കള്ളനെപ്പോലെ വന്ന ഒരുദിവസം, മാലാഖമാര്‍ ചിറകുവീശുമ്പോള്‍, ജ്ഞാനസ്‌നാനം, സ്വര്‍ഗ്ഗത്തിലേയും ഭൂമിയിലെയും മൗനം, നിശബ്ദ രാത്രി വിശുദ്ധരാത്രി എന്നിങ്ങനെ കഥകളുടെ ശീര്‍ഷകങ്ങളിലും കാണാം ഇപ്പറഞ്ഞ സ്വാധീനം. മോശയുടെ മുന്നില്‍ സമുദ്രജലമെന്നപോലെ ടെമ്പോവാനിന് മുമ്പില്‍ നിന്ന് ഇരുട്ട് രണ്ടുവശത്തേക്കുമായി പിരിഞ്ഞു (സന്തതി) നോഹയുടെ കാലത്തെ പ്രളയ ജലം കണക്കെ പെരുകിയ സംഭ്രമത്തില്‍ റപ്പേല്‍ ഒരു പായ്ക്കപ്പലിന് തുല്യം ആടിയുലഞ്ഞു (റപ്പേല്‍ എന്ന പാറാവുകാരന്റെ രഹസ്യാനുഭവം) തുടങ്ങിയ ബൈബിള്‍ പരികല്‍പ്പനകള്‍ ക്രൈസ്തവ അന്തരീക്ഷ സൃഷ്ടിയെ ഏറെ സഹായിക്കുന്നുണ്ട്. ബൈബിള്‍ സുവിശേഷ പുസ്തകങ്ങളുടെയും സങ്കീര്‍ത്തനങ്ങള്‍, ഉത്തമഗീതം, ഈയോബ്, സദൃശ്യവാക്യങ്ങള്‍, സഭാപ്രസംഗി തുടങ്ങിയ പഴയനിയമഗ്രന്ഥങ്ങളുടെയും ധന്യസാന്നിധ്യം വാക്കിലര്‍ത്ഥമെന്നപോലെ ഈ കഥകളിലെമ്പാടും വ്യാപരിക്കുന്നു. സവിശേഷമായ ആഖ്യാനം തനതു മുദ്രയായി വായനക്കാരുടെ ഹൃദയങ്ങളിന്മേലും പ്രസാദമധുരമായ ഭാഷ ഒരു മുദ്രമോതിരമായി തന്റെ ഭുജത്തിന്മേലും വച്ചുകൊള്ളുന്ന കൃതഹസ്തനായ ഒരു കഥാകാരനു മാത്രമേ ഇവ്വണ്ണം കഥകളില്‍ 'ആയുസ്സിന്റെ'യും 'വിശുദ്ധചുംബന'ത്തിന്റെയും വാഴ്‌വ് നിറയ്ക്കാന്‍ കഴിയൂ.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.