Essay

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

പത്രപ്രവര്‍ത്തകനായ മുട്ടത്തുവര്‍ക്കി Muttathu Varkey as Journalist

ഡോ. ബാബു ചെറിയാന്‍

ജീവിതംകൊണ്ട് സര്‍ഗ്ഗാത്മക സാഹിത്യകാരനായിരുന്ന മുട്ടത്തുവര്‍ക്കി തൊഴിലുകൊണ്ട് ഒരു പത്രപ്രവര്‍ത്തകനായിരുന്നു; പത്രാധിപരായിരുന്നു. ദിനവൃത്താന്തപത്രങ്ങളായി രൂപപ്പെട്ട മലയാളവര്‍ത്തമാനപത്രങ്ങളില്‍ ആദ്യത്തേതായ 'ദീപിക' പത്രത്തില്‍ കാല്‍നൂറ്റാണ്ടുകാലം അദ്ദേഹം പത്രാധിപരായി സേവനമനുഷ്ഠിച്ചു. (26 വര്‍ഷത്തെ സേവനത്തിനുശേഷം സഹപത്രാധിപരായി വിരമിച്ചു.)
കവിതയും ചെറുകഥയും മുട്ടത്തുവര്‍ക്കിയുടെ ഇഷ്ടസാഹിത്യ ശാഖകള്‍ തന്നെ ആയിരുന്നുവെങ്കിലും പില്‍ക്കാല കേരളം അദ്ദേഹത്തെ ആദരിക്കുന്നതും അനുസ്മരിക്കുന്നതും നോവല്‍ സാഹിത്യത്തിലെ സംഭാവനകളുടെ പേരിലാണ്. നോവല്‍ രംഗത്തേക്ക് അദ്ദേഹത്തെ ആനയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിനും 'ദീപിക'യ്ക്കും വലിയ പങ്കുണ്ട്. പത്രപ്രവര്‍ത്തകനായി ദീപികയിലെത്തുന്നില്ലായിരുന്നുവെങ്കില്‍ കവിതയുടെയും ചെറുകഥയുടെയും തട്ടകങ്ങളില്‍ മാത്രമായി അദ്ദേഹം തന്റെ സാഹിത്യപ്രവര്‍ത്തനം പരിമിതപ്പെടുത്തുമായിരുന്നില്ല എന്നും സംശയിക്കാവുന്നതാണ്.
പ്രവര്‍ത്തിക്കുന്ന പരിതോവസ്ഥ മുട്ടത്തുവര്‍ക്കിയുടെ സാഹിത്യപ്രവര്‍ത്തനത്തെ തുടക്കം മുതല്‍ സ്വാധീനിച്ചിട്ടുണ്ട്. ബി.എ. പാസ്സായശേഷം അദ്ദേഹം കോട്ടയം എ.പി. പോള്‍ ട്യൂട്ടോറിയല്‍ കോളജില്‍ അദ്ധ്യാപകനായിച്ചേര്‍ന്നു. കവിതാരചനയില്‍ വ്യാപരിച്ചിരുന്ന മുട്ടത്തുവര്‍ക്കിയുടെ ആദ്യകവിത 'ആത്മാഞ്ജലി'ക്ക് അവതാരിക എഴുതിയത് എം.പി. പോള്‍ ആയിരുന്നു. പക്ഷേ ഗദ്യോശനായ എം.പി. പോള്‍ പിന്നീട് മുട്ടത്തുവര്‍ക്കിയെ കവിതയില്‍നിന്ന് ഗദ്യത്തിലേക്ക്, പ്രത്യേകിച്ച് ചെറുകഥയിലേക്ക്, വഴിതിരിച്ചു വിട്ടു. (പക്ഷേ, കവിത അദ്ദേഹത്തെ അവസാനം വരെ വിട്ടു പോയതുമില്ല.) 'ചെറുകഥാമാസിക' അതിനു വളംവെച്ചു കൊടുക്കുകയും ചെയ്തു.
എം.പി. പോള്‍ ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപനവും കഥയെഴുത്തുമായി കഴിഞ്ഞിരുന്ന മുട്ടത്തുവര്‍ക്കിയുടെ തട്ടകം പിന്നെയും മാറി. 1948-ല്‍ അദ്ദേഹം ദീപിക പത്രാധിപ സമിതിയില്‍ ചേര്‍ന്നു. ''1950കളുടെ തുടക്കത്തില്‍ അദ്ദേഹം നോവലുകള്‍ എഴുതിത്തുടങ്ങി.'' ('ദീപിക സണ്‍ഡേ', ഏപ്രില്‍ 25, 2013; 'ജനപ്രിയന്‍' ജോണ്‍ ആന്റണി) ഈ മാറ്റത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മുട്ടത്തുവര്‍ക്കി ഇങ്ങനെ പറഞ്ഞു: ''ദീപികയിലെ ഫാബോറച്ചനാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നതും നോവലെഴുതാന്‍ പ്രോത്സാഹനം നല്‍കിയതും.'' (സത്യനാദം മാഗസിന്‍ കേരള ടൈംസിന്റെ ഞായറാഴ്ചപ്പതിപ്പ് 'പ്രണയകഥാനായകനുമായി ഒരു സായാഹ്നം', ജോഷി ജോര്‍ജ്, 1988 ഒക്‌ടോബര്‍ 2) 1953-ല്‍ മുട്ടത്തുവര്‍ക്കി അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'ഇണപ്രാവുകള്‍' എഴുതി.
മുട്ടത്തുവര്‍ക്കി പത്രപ്രവര്‍ത്തകനാകുന്ന കാലത്ത് പത്രപ്രവര്‍ത്തനമോ പത്രം ഓഫീസുകളോ ഇന്നത്തെ പോലെ ആയിരുന്നില്ല. മുട്ടത്തുവര്‍ക്കി ദീപിക പത്രാധിപസമിതിയില്‍ ചേരുമ്പോള്‍, അവിടെ ആകെയുണ്ടായിരുന്ന പത്രാധിപന്മാര്‍, മാനേജിംഗ് പത്രാധിപന്മാരുള്‍പ്പെടെ, രണ്ടുകൈകളിലെ വിരലുകളില്‍ എണ്ണാനും മാത്രമുണ്ടായിരുന്നില്ല. അവരില്‍ത്തന്നെ ഒരാള്‍ ഫോട്ടോഗ്രാഫറുടെയും മറ്റൊരാള്‍ ഗ്രൂപ്പ് റീഡറുടെയും ചുമതലകൂടി വഹിച്ചു. 1955-ല്‍ ദീപിക പത്രാധിപസമിതിയില്‍ ചേര്‍ന്ന ജോസഫ് മറ്റം അന്നത്തെ അവസ്ഥയെക്കുറിച്ച് എഴുതുന്നു: ''വെറും നാലു പേജുള്ള പത്രത്തിന്റെ ന്യൂസ് ഡെസ്‌കില്‍ രണ്ടേ രണ്ടു പത്രാധിപന്മാരേ ഉണ്ടായിരുന്നുള്ളൂ. തോമസ് പാട്ടശ്ശേരിയും, മുട്ടത്തുവര്‍ക്കിയും'' (പത്രപ്രവര്‍ത്തകനായ മുട്ടത്തുവര്‍ക്കി', 'ദീപിക വാര്‍ഷികപ്പതിപ്പ് 1989' പു.213) ഇവരില്‍ തോമസ് പാട്ടശ്ശേരി നാടന്‍ വാര്‍ത്തകള്‍ എഡിറ്റു ചെയ്തു. മുട്ടത്തുവര്‍ക്കി ദേശീയ-അന്തര്‍ദ്ദേശീയ ഇംഗ്ലീഷ് വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തി, എഡിറ്റുചെയ്ത്, വാര്‍ത്തയാക്കി.
മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കംമുതലേ രണ്ടുതരം വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു; പ്രാദേശിക വാര്‍ത്തകളും ദേശീയ-അന്തര്‍ദേശീയ വാര്‍ത്തകളും. പ്രാദേശിക വാര്‍ത്തകള്‍ പത്രമോഫീസില്‍ എഴുതിക്കിട്ടും. പ്രധാനപ്പെട്ട സംഭവങ്ങളോ സമ്മേളനങ്ങളോ കേസ് വിസ്താരങ്ങളോ ഒക്കെ ഉണ്ടാകുമ്പോള്‍ പത്രാധിപന്മാരില്‍ ആരെങ്കിലും പോയി അതു റിപ്പോര്‍ട്ടു ചെയ്യും. ദേശീയ-അന്തര്‍ദ്ദേശീയ വാര്‍ത്തകളുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ഒരു ഒരേയൊരു ആശ്രയം ഓഫീസിലിരിക്കുന്ന ടെലിപ്രിന്ററും അതിലൂടെ ഒഴുകിയെത്തുന്ന പി.ടി.ഐ. - റോയിട്ടര്‍ വാര്‍ത്തകളായിരുന്നു. (പിന്നെ സ്വന്തക്കാരോ വേണ്ടപ്പെട്ടവരോ തിരുവനന്തപുരത്തോ ഡല്‍ഹിയിലോ വത്തിക്കാനിലോ ഉണ്ടെങ്കില്‍,  അവര്‍ 'സ്വലേ'മാരും (സ്വന്തം ലേഖകന്മാരും) അവര്‍ എത്തിക്കുന്ന വാര്‍ത്തകള്‍ പുത്തന്‍ വാര്‍ത്തകളും) യഥാര്‍ത്ഥത്തില്‍, പത്രങ്ങള്‍ കാലത്തിനും സമൂഹത്തിനുമൊപ്പം സഞ്ചരിച്ചിരുന്നത് വാര്‍ത്താ ഏജന്‍സികള്‍ എത്തിച്ചുകൊടുക്കുന്ന വാര്‍ത്തകള്‍ കൊണ്ടായിരുന്നു. ഇംഗ്ലീഷില്‍ എത്തിയിരുന്ന ഏജന്‍സിവാര്‍ത്തകള്‍ കര്‍ക്കശമായ തിരഞ്ഞെടുപ്പിനു വിധേയമാക്കുകയും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും വീണ്ടുമത് എഡിറ്റു ചെയ്യുകയുമെന്നതായിരുന്നു, അക്കാലത്തെ പ്രധാന പത്രപ്രവര്‍ത്തനം. അതുകൊണ്ടുതന്നെ അക്കാലത്ത് വര്‍ത്തമാനപത്രമോഫീസിലെ 'ജനറേറ്റിംഗ് റൂം' ആയി പ്രവര്‍ത്തിച്ചത്, ഏജന്‍സി വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തി, എഡിറ്റുചെയ്തിരുന്ന പത്രപ്രവര്‍ത്തകരായിരുന്നു. മുട്ടത്തുവര്‍ക്കി എന്ന പത്രപ്രവര്‍ത്തകന്റെ ദൗത്യം ദീപിക പത്രത്തില്‍ സുപ്രധാനമായിത്തീര്‍ന്നത് ഈ സാഹചര്യത്തിലാണ്.
ഏജന്‍സികളുടെ ഇംഗ്ലീഷ് വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തി എഡിറ്റുചെയ്യുന്ന പത്രാധിപര്‍ക്കുമേല്‍ കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടാകുക സ്വാഭാവികമായിരുന്നു. അതിന്റെ മുഖ്യകാരണങ്ങള്‍ സമയപരിമിതിയും പത്രത്തിന്റെ സ്ഥലപരിമിതിയുമായിരുന്നു. പത്രത്തിന് അക്കാലത്ത് ആകെ നാലു പേജാണുള്ളത്. ഒരു പേജില്‍ ഏഴുകോളങ്ങള്‍. നാലു പേജിലും കൂടി, ദേശീയ-അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍ക്കു ലഭിക്കുക പരമാവധി മൂന്നു കോളങ്ങള്‍. ടെലിപ്രിന്ററില്‍ നിന്ന് ഒഴുകിയെത്തി മുറിനിറഞ്ഞു കിടക്കുന്നത് നൂറുകണക്കിനു വാര്‍ത്തകളാണ്. ഇതില്‍ ഏതു സ്വീകരിക്കണം, ഏതു നിരാകരിക്കണമെന്നുള്ളത് പത്രാധിപരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. വളരെ അസാധാരണമായി ഏറെ പ്രാധാന്യമുള്ള ദേശീയ വാര്‍ത്തകളോ മറ്റ് വാര്‍ത്താ അപഗ്രഥനങ്ങളോ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അതു മുഴുവന്‍ പരിഭാഷപ്പെടുത്തി നല്‍കണം. പത്രം അച്ചടിച്ചു തുടങ്ങേണ്ട സമയം ഉണ്ട്. ആ സമയത്തുതന്നെ പത്രത്തിന്റെ അച്ചടി ആരംഭിച്ചേ പറ്റൂ. ഒരു പത്രപാവര്‍ത്തകന്‍ ഒട്ടു തമാശയായും അതിലധികം കാര്യമാത്രപ്രസക്തമായും പറയുന്നു: ''ആകാശം ഇടിഞ്ഞുവീണാലും പത്രത്തിന്റെ അച്ചടി സമയത്തു തുടങ്ങണം. ആകാശം ഇടിഞ്ഞുവീണാല്‍ ആ വാര്‍ത്ത 'സ്റ്റോപ്പ് പ്രസ്' ആയി പിന്നീടു കൊടുത്താല്‍ മതി.''
മഞ്ഞ നിറമുള്ള ജൂബ്ബയിട്ട് സ്വര്‍ണ്ണഫ്രയിമുള്ള കൂളിംഗ് ഗ്ലാസ്സ് വെച്ച്, കൈയില്‍ കാലന്‍കുടയും കറുത്ത ബാഗുമായി, മുട്ടത്തുവീടിന്റെ പടിക്കല്‍നിന്ന്, 'ബേബി ഗോമതി'  ബസ്സിന് നിത്യേന കോട്ടയത്തെത്തുന്ന മുട്ടത്തുവര്‍ക്കി രണ്ടുമണിക്ക് ഓഫീസിലെത്തും. കസേരയിലിരുന്നാല്‍ ആദ്യത്തെ പ്രവൃത്തി മുറുക്കാണ്. സമൃദ്ധമായി മുറുക്കി, തൊട്ടരികത്തുള്ള ജനലിലൂടെ താഴേക്കു തുപ്പി സംതൃപ്തനാകും. പിന്നെ 'മുറി നിറഞ്ഞു നില്‍ക്കുന്ന' ഏജന്‍സി വാര്‍ത്തകളുടെ കടലാസ്സ് ചുരുള്‍ ഒന്നൊന്നായി മേശപ്പുറത്തുവച്ച്, ഓടിച്ചുനോക്കിയും വായിച്ചുറപ്പിച്ചും ഓരോന്നോരോന്നായി ഒരു പിച്ചളസ്‌കെയിലുകൊണ്ട് കീറിയെടുക്കും. വേണ്ടത് അടുക്കി വെക്കും; വേണ്ടാത്തതു ചവറ്റുകൊട്ടയില്‍ കളയും.
'തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും' ചെയ്യുന്ന (യീഹറ ാശശൈീി മിറ ഷൗറശരശീൗ)െ ഈ പത്രാധിപധര്‍മ്മത്തില്‍ മുട്ടത്തുവര്‍ക്കി എന്നും കൃത്യത പുലര്‍ത്തി. വര്‍ക്കിയുടെ ന്യൂസ് എഡിറ്ററന്മാര്‍, അദ്ദേഹം എഡിറ്റുചെയ്ത് പരിഭാഷപ്പെടുത്തിക്കൊടുക്കുന്ന വാര്‍ത്തകളില്‍ ഒരിക്കലും കത്രികവെച്ചിട്ടില്ല.
1950കളില്‍ പത്രമോഫീസുകളുടെ വാര്‍ത്താശേഖരണത്തിലെ മുഖ്യഇനമായിരുന്ന പി.ടി.ഐ. റോയിട്ടല്‍ വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തുന്നതില്‍ മുട്ടത്തുവര്‍ക്കിക്ക് തന്റേതായ ശൈലി ഉണ്ടായിരുന്നു. ഓരോ വാര്‍ത്തയും എങ്ങനെ ആയിരിക്കണമോ അതുപോലെ മൗലികമായി അദ്ദേഹം അത് പരിഭാഷപ്പെടുത്തി; പത്രത്തിന്റെയും വായനക്കാരുടെയും താല്പര്യങ്ങള്‍ മനസ്സില്‍ക്കണ്ട് വാര്‍ത്തകളില്‍ ഭാവം കലര്‍ത്തി. സാഹിത്യരചനയിലുണ്ടായിരുന്ന പ്രാഗത്ഭ്യം, വാര്‍ത്താരചനയില്‍ മൗലികമായ വഴി രൂപപ്പെടുത്തുന്നതിന് മുട്ടത്തുവര്‍ക്കിക്ക് സഹായകമായി. വാര്‍ത്താപരിഭാഷ അദ്ദേഹത്തിന് യാന്ത്രികമായ 'മൊഴിമാറ്റം' ആയിരുന്നില്ല; ഭാവനാത്മകമായ പുന:സൃഷ്ടി (ശാമഴശിമശേ്‌ല ൃലരീിേെൃൗരശേീി) ആയിരുന്നു. 'കര്‍ജീവി', 'നിക്കി' എന്ന കാര്‍ട്ടൂണ്‍ പംക്തികളുടെയും പുസ്തകങ്ങളുടെയും പരിഭാഷയില്‍, അദ്ദേഹത്തിന്റെ ഈ പരിഭാഷാ മികവ്, പിന്നീടു നമുക്കു കാണാം.
വാര്‍ത്ത തിരഞ്ഞെടുക്കുക, പരിഭാഷപ്പെടുത്തുക, എഡിറ്റുചെയ്യുക എന്നിവയ്ക്കു പുറമേ മറ്റൊരു പ്രധാന കര്‍ത്തവ്യംകൂടി മുട്ടത്തുവര്‍ക്കിക്ക് ഉണ്ടായിരുന്നു - വാര്‍ത്തകള്‍ക്ക് മികച്ച തലക്കെട്ടുകള്‍ നല്‍കുക. ''ഭംഗിയുള്ള തലക്കെട്ടുകള്‍ക്കുവേണ്ടി തല പുകച്ചു'' എന്ന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ജോസഫ് മറ്റം ചൂണ്ടിക്കാട്ടുന്നു. നൂറ്റിയറുപതില്‍പ്പരം ചെറുകഥകളും എണ്‍പത്തിയൊമ്പതു നോവലും ഒരു കൂട്ടം കവിതകളുമെഴുതി, അതിനൊക്കെ ഉചിതവും ഹൃദയഹാരിയുമായ തലക്കെട്ടുകള്‍ നല്‍കിയ മുട്ടത്തുവര്‍ക്കിക്ക് 'ഭംഗിയുള്ള തലക്കെട്ടു'കള്‍ക്കുണ്ടോ പ്രയാസം!
മുട്ടത്തുവര്‍ക്കിക്ക് ഇന്റര്‍നാഷണല്‍ വാര്‍ത്തകളോട് പ്രത്യേകിച്ച് ഒരു പക്ഷപാതമുണ്ടായിരുന്നതായി കുറച്ചുകാലം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോസഫ് കട്ടക്കയം പറയുകയുണ്ടായി. അദ്ദേഹത്തിന് സ്‌പോര്‍ട്‌സ് വാര്‍ത്തകളോട് തീരെ ആഭിമുഖ്യമുണ്ടായിരുന്നില്ലത്രേ; പ്രത്യേകിച്ച് ക്രിക്കറ്റ് കളിയോട് ക്രിക്കറ്റ് വാര്‍ത്തകള്‍ കണ്ടാലുടനെ അതു കീറിയെടുത്ത് ചവറ്റുകുട്ടയിലിടും. എന്നിട്ട്, പരിഹാസപൂര്‍വ്വം പറയും: ''ഉഗാണ്ടയിലെ ഇന്നിങ്‌സ് ആണ്ടു കിടക്കുന്നു.'' ''സായ്പിന്റെ കുട്ടീം കോലും കളി എന്നാണ് അദ്ദേഹം ക്രിക്കറ്റിനെ വിളിച്ചിരുന്നത്. ക്രിക്കറ്റ് വാര്‍ത്തകള്‍ കണ്ടാലുടന്‍ കീറി ചവറ്റുകുട്ടയിലിടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ആഹ്ലാദകരമായ സ്‌പോര്‍ട്‌സ്'' (ജോസഫ് മറ്റം, പത്രപ്രവര്‍ത്തകനായ മുട്ടത്തുവര്‍ക്കി', 'ദീപിക വാര്‍ഷികപ്പതിപ്പ് 1989 പു. 216)'
വാര്‍ത്താധിഷ്ഠിത പത്രപംക്തികള്‍ക്ക് മലയാളത്തില്‍ തുടക്കമിട്ടത് മുട്ടത്തുവര്‍ക്കിയായിരിക്കണം. അദ്ദേഹം 'ജിന്‍' എന്ന തൂലികാനാമത്തില്‍ (എന്തുകൊണ്ടോ 'ഷിവാസ് റീഗല്‍' എന്ന് അദ്ദേഹം പേരിട്ടില്ല; അതിലും ഒരു 'കുട്ടിപ്പിശാചി'ന്റെ കുസൃതി മനസ്സ് കാണും.) എഴുതിയിരുന്ന 'നേരും നേരമ്പോക്കും' എന്ന പംക്തി മുപ്പതുവര്‍ഷത്തോളം തുടര്‍ന്നു. 'ദീപിക' ആഴ്ചപ്പതിപ്പിലായിരുന്നു ആ പംക്തിയുടെ തുടക്കം. പിന്നീടത് ദീപിക വാരാന്തപ്പതിപ്പിലായി. മലയാളത്തില്‍ ഏറ്റവുമധികം കാലം നിലനിന്ന വാര്‍ത്താധിഷ്ഠിത പംക്തിയായിരുന്നു അത്. വാര്‍ത്തകളോട് വിനോദഭാവനയോടുകൂടി പ്രതികരിക്കുന്ന 'നേരും നേരമ്പോക്കും' ചിരിയില്‍ പൊതിഞ്ഞ ചിന്തകളായിരുന്നു. 'ജിന്‍' എന്ന കുട്ടിപ്പിശാചിന്റെ മറവില്‍ അദ്ദേഹം പൊട്ടിച്ചിരുന്ന രസഗുണ്ടുകള്‍ വിനോദവും രാഷ്ട്രീയവും വിമര്‍ശനവുമെല്ലാം കലര്‍ന്നതായിരുന്നു. അവയില്‍ പലതും ഒന്നാന്തരം രാഷ്ട്രീയ വിമര്‍ശനങ്ങളുമായിരുന്നു. അവയൊക്കെ ഉദ്ദിഷ്ടമര്‍മ്മങ്ങളില്‍ത്തന്നെ ചെന്നുകൊണ്ടാണ് പൊട്ടിയിരുന്നത്. എന്ന് ജോസഫ് മറ്റം എഴുതുന്നു. (ടി ലേഖനം) അതിലുപരി 'ജിന്നി'നുവേണ്ടി കാത്തിരിക്കുന്ന വായനക്കാരുടെ വലിയൊരു കൂട്ടത്തെ അതു സൃഷ്ടിച്ചു.
'നേരും നേരമ്പോക്കും' പംക്തിയിലെ ചില ഇനങ്ങള്‍ നോക്കുക:
1. മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് ധനസഹായത്തിന് മെയ് 30 വരെ അപേക്ഷിക്കാം. (വാര്‍ത്ത) ശരിയായ വിവാഹം കഴിക്കുന്നവരോട് ഗവണ്‍മെന്റിനു പിണക്കമായിരിക്കാം.
2. ജ. സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് കല്ലുകളുണ്ടായിരുന്നോ?
3. എനിക്കാകെ നാലേക്കര്‍ വസ്തുവേയുള്ളൂ. (ഇന്ദിരാഗാന്ധി) അതു രണ്ടുമക്കള്‍ക്കായി വീതിച്ചുകഴിഞ്ഞാല്‍ പിന്നൊന്നുമില്ല - പാവം!
4. പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോല്‍വി അധ്യാപകരുടെ തോല്‍വി തന്നെയാണ്. (ഡോ. ശ്രീമാലി) ആകയാല്‍ അങ്ങനെയുള്ള അധ്യാപകര്‍ അവര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സുകളില്‍ത്തന്നെ വീണ്ടും പഠിപ്പിക്കല്ലെ.
5. ശി. ഗുരോ നക്‌സല്‍ ആക്രമണത്തെപ്പറ്റി മുന്‍മന്ത്രി എം.എനും ദൈവനാമം ഉച്ചരിക്കാത്ത അന്തോണിയും ഒന്നും ഉരിയാടാത്തതെന്താ?
ഗു. നക്‌സലൈറ്റുകളെ അറസ്റ്റുചെയ്തതില്‍ പോലീസിനോട് അവര്‍ക്ക് അമര്‍ഷമുണ്ട് മിണ്ടുന്നി ല്ലെന്നേയുള്ളൂ.
മുട്ടത്തുവര്‍ക്കി പരിഭാഷയെ 'ഭാവനാത്മക പുനസൃഷ്ടി'യാക്കി മാറ്റിയതിനു നല്ല ഉദാഹരണങ്ങളാണ് 'നിക്കി', 'കര്‍ളീവി' എന്നീ രണ്ടു കാര്‍ട്ടൂണ്‍ പംക്തികള്‍, മലയാളത്തില്‍ തനതു കാര്‍ട്ടൂണ്‍ പംക്തികളുടെ കാലമെത്തിയിരുന്നില്ല അപ്പോള്‍. പല അന്തര്‍ദ്ദേശീയ കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റുകളും  പ്രാദേശിക വര്‍ത്തമാനപത്രങ്ങള്‍ക്ക് കാര്‍ട്ടൂണുകളും ചിത്രകഥകളും നല്‍കുകയായിരുന്നു പതിവ്. (അടുത്തകാലം വരെ അതു തുടര്‍ന്നു പോന്നിരുന്നു.) ഇംഗ്ലീഷ് സംഭാഷണങ്ങളും പ്രസ്താവനകളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി കാര്‍ട്ടൂണ്‍ അതേപടി നല്‍കുകയായിരുന്നു പതിവ്. പരിഭാഷക പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ 'നിക്കി'യുടെയും 'കര്‍ജീവി'യുടെയും മലയാള പരിഭാഷ നിര്‍വ്വഹിച്ചിരുന്നതു മുട്ടത്തു വര്‍ക്കിയായിരുന്നു.
മുട്ടത്തുവര്‍ക്കി 'നിക്കി'യിലെ പ്രധാനകഥാപാത്രമായ തലപ്പന്തന്‍ ചേട്ടനെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിയത് എങ്ങനെയെന്നു നോക്കുക:
''നല്ല നല്ല ചേട്ടന്‍
തല്ലുകേല ചേട്ടന്‍
ഞുള്ളുകേല ചേട്ടന്‍
നല്ല നല്ല ചേട്ടന്‍''
ഇത് ഇംഗ്ലീഷിന്റെ പദാനുപദ തര്‍ജമയല്ല; ഭാവനാത്മകമായ പുനസൃഷ്ടിയാണെന്നുള്ളത് ഇതില്‍ നിന്നുതന്നെ വ്യക്തമാണല്ലോ.
മുട്ടത്തുവര്‍ക്കി തര്‍ജമയില്‍ പുലര്‍ത്തിയ ഭാവനാത്മകമായ പുനഃസൃഷ്ടിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന 'കര്‍ളീവി' എന്ന കാര്‍ട്ടൂണ്‍ പരമ്പര. കാര്‍ട്ടൂണില്‍ ആകെ രണ്ടു കോളങ്ങള്‍ മാത്രം. ഒരു കോളത്തില്‍ കര്‍ളീവിയുടെ ചിത്രം; മറ്റേ കോളത്തില്‍ 'നീറ്റെലി'യുടെ ചിത്രം അവരാണു കഥാപാത്രങ്ങള്‍. ഓരോ കോളത്തിലും, കഥാപാത്ര സ്വഭാവവും സാമൂഹിക വിമര്‍ശനവും ഒരേസമയം പ്രകടമാക്കുംവിധം ഒരു ലഘുസംഭാഷണമോ പ്രസ്താവനയോ കാണും ഇംഗ്ലീഷില്‍. കാര്‍ട്ടുണിന്റെ ചുവടേ ഈ സംഭാഷണം പരിഭാഷപ്പെടുത്തി ചേര്‍ത്താല്‍ മതിയാകും. എന്നാല്‍ മുട്ടത്തുവര്‍ക്കി, ഈ സംഭാഷണവും കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി ഒരു ലഘു ആഖ്യാനം തന്നെ എഴുതിച്ചേര്‍ക്കും, ഓരോ തവണയും ഉചിതമായ തലക്കെട്ടും നല്‍കും.
ഉദാഹരണത്തിന്, ഒരു ദിവസം 'കര്‍ളീവി'യില്‍ കര്‍ളീവിയുടെ കോളത്തില്‍ വന്ന പ്രസ്താവന 'വീ ആസ്‌ക് ഫോര്‍ യുവര്‍ വോട്ട്' എന്നും നീറ്റെലിയുടെ കോളത്തില്‍ 'വീ ഡിമാന്‍ഡ് യുവര്‍ വോട്ട്' എന്നുമായിരുന്നു. നൂറ്-നൂറ്റമ്പതു വാക്കുകള്‍ ദൈര്‍ഘ്യമുള്ള ആഖ്യാനം ഇങ്ങനെ ആരംഭിച്ചു: ''തിരഞ്ഞെടുപ്പു സമരം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കര്‍ളീവിയും ചെമ്പന്‍ നീറ്റെലിയും വോട്ടു പിടുത്തത്തിനിറങ്ങി. ചുവരുകളായ ചുവരുകളിലെല്ലാം വാള്‍പോസ്റ്ററുകള്‍ നിരന്നു....''
ഈ ആഖ്യാനത്തില്‍ സാമൂഹിക ചുറ്റുപാടും വിമര്‍ശനവും രാഷ്ട്രീയവുമെല്ലാം ചേരേണ്ടതുപോലെ ചേര്‍ത്തിരിക്കും. 'സമരം തുടങ്ങി' എന്ന തലക്കെട്ടുകൂടി നല്‍കുന്നതോടെ, മുട്ടത്തുവര്‍ക്കി ഒരു കാര്‍ട്ടൂണിന് കേരളീയമായ വ്യാഖ്യാനവും വിശദീകരണവും നല്‍കിക്കഴിഞ്ഞതായി മനസ്സിലാക്കാം.
മുഖപ്രസംഗങ്ങള്‍ എഴുതുന്നതിന് അക്കാലത്തും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പത്രത്തിന്റെ നയം പ്രഖ്യാപിക്കുന്ന മുഖപ്രസംഗമെഴുത്തിലും മുട്ടത്തുവര്‍ക്കി ഏര്‍പ്പെട്ടിട്ടുണ്ട്. 1959-ലെ വിമോചനസമരം അരങ്ങു തകര്‍ക്കുമ്പോള്‍ അങ്കമാലിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ മരിച്ചു. മുഖപ്രസംഗമെഴുത്തുകാരനായ കെ.എം. ജോസഫ്, മുഖപ്രസംഗമെഴുതി, ഉച്ചയ്ക്ക് ജോലിസമയം കഴിഞ്ഞുപോകും. സംഭവദിവസം മുഖപ്രസംഗം മാറ്റിയെഴുതേണ്ടി വന്നു. അതും അതിപ്രധാനമായ ഒരു സന്ദര്‍ഭം. ആര് മുഖപ്രസംഗമെഴുതും? മുട്ടത്തുവര്‍ക്കിയല്ലാതെ മറ്റ് ആരെഴുതാന്‍? അദ്ദേഹം സവിശേഷമായ രീതിയില്‍, സാഹചര്യത്തില്‍, ഗൗരവം ഉള്‍ക്കൊണ്ടെഴുതിയ അന്നത്തെ മുഖപ്രസംഗം ശൈലിയിലും പ്രതിവാദനത്തിലും 'ദീപിക' മുഖപ്രസംഗങ്ങളില്‍ വേറിട്ടു നിന്നു. മറ്റു ചിലപ്പോള്‍, 'ദീപിക'യില്‍ വന്ന സാഹിത്യസംബന്ധികളായ ചില മുഖപ്രസംഗങ്ങള്‍ എഴുതുന്നതിനുള്ള നിയോഗവും മുട്ടത്തുവര്‍ക്കിക്കു തന്നെയായിരുന്നു ലഭിച്ചിരുന്നത്.
വായനക്കാര്‍ ഇഷ്ടപ്പെടുവിധം പത്രത്തെ ഓരോ പ്രഭാതത്തിലും അണിയിച്ചൊരുക്കുകയാണു പത്രാധിപരുടെ ധര്‍മ്മം. (അതുകൊണ്ടാണല്ലോ, ഉപഭോക്തൃ സംസ്ഥാനമായി 'വികസിച്ച' കേരളത്തില്‍ പ്രചരിക്കുന്ന പല പത്രങ്ങളും ഒന്നാം പേജു തന്നെ 'മുഴുനീള പരസ്യപ്പേജാക്കി' മാറ്റി, 'വര്‍ത്തമാന'  പത്രത്തെയൊരുക്കി, ഇപ്പോള്‍ വായനക്കാരെ രസിപ്പിക്കുന്നത്!) ഇന്നത്തെപോലെയല്ല, അന്നു വാര്‍ത്തകള്‍ നന്നാകണമായിരുന്നു. മുട്ടത്തുവര്‍ക്കി അതില്‍ നന്നായി ശ്രദ്ധിച്ചു. വായനക്കാരെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം കാര്‍ട്ടൂണുകളും ചിത്രകഥകളുമായിരുന്നു. പുനരാഖ്യാനവും ഭാവനാത്മകവുമായ പുനസൃഷ്ടിയുപയോഗിച്ച്, 'ദീപിക'യ്ക്കായി അദ്ദേഹം മികച്ച കാര്‍ട്ടൂണുകള്‍ ഒരുക്കി. (ഇപ്പോള്‍ അന്‍പതുകളിലെത്തി നില്‍ക്കുന്ന മലയാളികള്‍ക്ക്, അന്നു 'ജിന്നു' മോന്തിയതിന്റെ ലഹരി ഇപ്പോഴുമുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.)
ദീപികയിലേക്കുതന്നെ കൂട്ടിക്കൊണ്ടുവന്ന ഷാബോര്‍ അച്ചന്റെ പ്രേരണയില്‍, മുട്ടത്തുവര്‍ക്കി എഴുതിത്തുടങ്ങിയ നോവലുകള്‍, ദീപിക പത്രത്തിന്റെ വലിയൊരു ആകര്‍ഷകഘടകമായിത്തീര്‍ന്നു, പിന്നീട് (വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ സംഭാവനകള്‍ എന്നപോലെ). അതേക്കുറിച്ച് ജോണ്‍ ആന്റണി ഇങ്ങനെ എഴുതുന്നു: ''അങ്ങനെയിരിക്കെയാണ് മുട്ടത്തുവര്‍ക്കിയുടെ 'ഇണപ്രാവുകളും' 'പാടാത്ത പൈങ്കിളിയും' വന്നത്. ഒരു നോവല്‍ വായിച്ചുതുടങ്ങിയാല്‍ അതു വായിച്ചുതീര്‍ക്കണമെന്നുള്ള കേരളത്തിലെ-പ്രത്യേകിച്ചു മധ്യകേരളത്തിലെ - സാധാരണക്കാരുടെ നിര്‍ബന്ധമായത് അതോടെയാണ്. ആ നോവലുകള്‍ ദീപികയില്‍ അധ്യായശഃ പ്രസിദ്ധീകരിച്ചപ്പോള്‍ ദീപികയുടെ വരിക്കാരല്ലാത്തവര്‍പോലും എങ്ങനെയെങ്കിലും പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പു സംഘടിപ്പിച്ചു നോവലിന്റെ അധ്യായം വായിക്കുകയും അടുത്ത അധ്യായത്തിനുവേണ്ടി പാരവശ്യത്തോടെ കാത്തിരിക്കുകയും ചെയ്തു പോന്നു'' ('ജനപ്രിയന്‍', 'ദീപിക സണ്‍ഡേ' ഏപ്രില്‍ 28, 2013)
പില്‍ക്കാലത്ത് പല പത്രങ്ങളും അവരുടെ വാരാന്തപ്പതിപ്പുകളില്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നുള്ളത്, സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായിരുന്നവര്‍ക്ക് അറിവുള്ളതാണല്ലോ?
പത്രാധിപരായ, പത്രപ്രവര്‍ത്തകനായ മുട്ടത്തുവര്‍ക്കി പത്രപ്രവര്‍ത്തനത്തിന്റെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തകജീവിതം അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മ ജീവിതത്തെയും, തിരിച്ച് സര്‍ഗ്ഗാത്മകത പത്രപ്രവര്‍ത്തനത്തെയും സ്വാധീനിച്ചു; സഹായിച്ചു, മുട്ടത്തുവര്‍ക്കി 1974-ല്‍ 'ദീപിക'യില്‍ നിന്നു പിരിയുന്നതുവരെയുള്ള 26 വര്‍ഷം, 'കൊണ്ടും കൊടുത്തും' വാര്‍ത്താനിവേദനത്തിന്റെ സാര്‍ത്ഥകസ്ഥലികളെ പരിപോഷിപ്പിക്കുകയും സര്‍ഗ്ഗാത്മകതയുടെ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും സൃഷ്ടിക്കുകയും ചെയ്തു.

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.